Schoolwiki സംരംഭത്തിൽ നിന്ന്
പുഴയുടെ കണ്ണുനീർ
അപ്പു പതിവുപോലെ സ്കൂൾ വിട്ട് പുഴക്കരയിൽ എത്തി.തന്നെ കണാതെ പുഴ കരയുന്നതുപോലെ അവന് തോന്നി.പെട്ടെന്നാണതിന്റെ ഭാവം മാറിയത്.അവനെ കണ്ടതും കുണുങ്ങിച്ചിരിക്കുന്ന ഒരു കുട്ടിയെപ്പോലെ പുഴ ഒഴുകി. അപ്പു ഒരു മാമ്പഴവും കഴിച്ചുകൊണ്ട് കരയിലൂടെ പുഴയ്ക്കൊപ്പം നടന്നു.കുറെ മുന്നോട്ട് പോയപ്പോൾ പുഴ ആകെ മെലിഞ്ഞിരിക്കുന്നു.പുഴയെ നോക്കി അവനങ്ങനെ നിന്നു.എന്താ അപ്പുവിനൊരു അമ്പരപ്പ്? കൂട്ടുകാരീ നിനക്കെന്തു പറ്റി? അവന്റെ ചോദ്യം കേട്ട് പുഴ പറഞ്ഞു തുടങ്ങി. ഞാൻ ഇങ്ങനെയൊന്നും ആയിരുന്നില്ല.നിന്നെപ്പോലെ സുന്ദരമായ ഒരു കാലംഎനിക്കും ഉണ്ടായിരുന്നു.നിനക്കറിയുമോ ഞാനെത്ര കടത്തുവള്ലങ്ങളെ തഴുകിയിട്ടുണ്ടെന്ന്.എന്നിലെ തെളിനീരായിരുന്നു ഈ നാട്ടുകാരുടെ ദാഹം അകറ്റിയിരുന്നത്. എന്റെ കരയിലുള്ള മരങ്ങളിൽ നിന്നും വീഴുന്ന പഴങ്ങൾ എന്നിലെ തെളിനീരിനെ മധുരമുള്ളതാക്കി. എത്ര പക്ഷികളായിരുന്നു എന്നോട് കിന്നാരം പറയാൻ എത്തിയിരുന്നത്.ഇതെല്ലാം കഴിഞ്ഞകാലം......ഇപ്പോൾ നഗരത്തിലെ മുഴുവൻ മാലിന്യവും പേറിയാണ് എന്റെ ജീവിതം.മദ്യക്കുപ്പികളിൽ നിന്നും ഒഴുകുന്ന മദ്യത്തിന്റെ രുചിയാണെനിക്ക്.അറവുശാലകളിൽ നിന്നും തള്ളുന്ന മാലിന്യം ചേർന്ന് ചോരയുടെ നിറമാണെനിക്ക്.എന്റെ അടുത്ത് കിളികൾ വരാറേയില്ല.പിന്നെ എന്റെ അടുത്ത് എത്തുന്നത് മണൽ ഊറ്റാൻ വരുന്നകുറേ പണിക്കാരാണ്.അപ്പു അറിയാതെപുഴയിലേക്കിറങ്ങി തന്റെ രണ്ടു കൈകളും ചേർത്തുപിടിച്ചു പുഴയിൽ നിന്നുംഅൽപം വെള്ളം എടുത്ത് മുഖം കഴുകാൻ തുടങ്ങവേ പുറകിൽ നിന്നും അമ്മയുടെ വഴക്കു കേട്ട് അവൻ തിരിഞ്ഞുനോക്കി.ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഈ അഴുക്കുവെള്ളത്തിൽ ഇറങ്ങരുതെന്ന്.അവൻ പതുക്കെ കരയിലേക്ക് കയറി. ഒരു തേങ്ങലോടെ പുഴ പടിഞ്ഞാറോട്ട് ഒഴുകി.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
|