ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്


തിരിച്ചടി


കരഞ്ഞു തളർന്ന ആ പിഞ്ചു ബാലന്റെ മനസിലെ വേദന ആർക്കും മനസിലാക്കാൻ പറ്റില്ല. സ്വന്തം അമ്മയെ അവസാനമായി ഒന്നു കാണാൻ കൂടി കഴിയാതെ പോയ മനുവിന്റെ അവസ്ഥയോർത്ത് ആളുകൾ നെടുവീർപ്പിട്ടു. ആ കുഞ്ഞിന്റെ മനസിലെ വേദന ആളിക്കത്തിയത് അവന്റെ അച്ഛനിലൂടെയായിരുന്നു. അയാൾ അലറി വിളിച്ചു: "കൊല്ലണം..... എല്ലാ ജീവികളേയും കൊല്ലണം" അയാളെ സമാധാനിപ്പിക്കാൻ നാട്ടുകാർ ഒത്തിരി പ്രയാസ പ്പെട്ടു. ദിവസങ്ങൾ കടന്നു പോയി. എങ്കിലും ആ ഗ്രാമവാസികൾ ജാഗരൂകരായി ഇരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിച്ച അവർ പേടിയോടെ ഓരോ ദിവസവും തള്ളി നീക്കി..... മനു എന്നും കരച്ചിലാണ്. അമ്മയെ കാണാൻ ആ പിഞ്ചു മനസ് നൊമ്പരപ്പെടുന്നു.അമ്മയ്ക്ക് എന്തായിരുന്നു അസുഖം എന്ന് അവനറിയില്ല. പക്ഷെ ഒന്നറിയാം തന്റെ അമ്മയെ കൊന്ന ആ ശത്രു വവ്വാലാണെന്ന്. രാത്രിയിൽ പക്ഷികളുടെ ചിറകടി ശബ്ദം കേൾക്കുമ്പോൾ അവൻ ഞെട്ടിയുണരും. അച്ഛനവനെ സമാധാനിപ്പിക്കും. വവ്വാലുകളെ കൊന്നൊടുക്കുവാനുള്ള തന്ത്രങ്ങൾ ആ ഗ്രാമീണർമെനഞ്ഞുണ്ടാക്കാൻ തുടങ്ങി. മനുവിന് അതൽപ്പം സമാധാനം പകർന്നു. അന്നു രാത്രി അവൻ അൽപ്പം ആശ്വാസത്തോടെ ഉറങ്ങാൻ കിടന്നു. എന്നും അവന്റെ സ്വപ്നത്തിലേക്ക് അവന്റെ അമ്മ കടന്നു വരും. എന്നാൽ അന്നവന്റെ സ്വപ്നത്തിലേക്ക് കടന്നു വന്നത് വവ്വാലായിരുന്നു വവ്വാൽ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നതായി അവന് തോന്നി. പക്ഷെ ആ വവ്വാൽ അവനെ പിൻതുടർന്നു. ഓടിയോടി അവൻ എത്തിപ്പെട്ടത് ഒരു കൂട്ടം വവ്വാലുകളുടെ നടുവിലാണ്. അവൻ പേടിച്ചു വിറച്ചു. "പേടിക്കേണ്ട മനു ,... ഞങ്ങൾ ശത്രുക്കളല്ല " കൂട്ടത്തിൽ പ്രായം ചെന്ന ഒരു വവ്വാൽ അവന്റെ അടുത്തുവന്നു നിന്നു. "എനിക്കു പേടിയാ പോ ....പോ.... " അവൻ കരയാൻ തുടങ്ങി. "മനൂ... "അവർ സ്നേഹത്തോടെ വിളിച്ചു. "കരയാതെ മനു നിന്നെ ഞങ്ങളൊന്നും ചെയ്യില്ല." "നിങ്ങളെന്റെ അമ്മയെ കൊന്നില്ലേ?" അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് അവർ ഒന്നടങ്കം മറുപടി പറഞ്ഞു. " ഞങ്ങൾ കൊന്നിട്ടില്ല, നിങ്ങൾ കൊല്ലിച്ചതാണ്." "ഞങ്ങളോ! എങ്ങനെ?" മനുവിന് അത്ഭുതം അടക്കിവയ്ക്കാനായില്ല "പറയാം, നീ സമാധാനമായിരിക്കൂ; " പ്രായം ചെന്ന ആ വവ്വാൽ പറയാൻ തുടങ്ങി. "മനുവിന് മഴയും വെയിലും കൊള്ളാതെ ജീവിക്കാൻ വീടുണ്ട്. എന്നാൽ ഞങ്ങൾക്കതില്ല. ഞങ്ങളുടെ പാർപ്പിടങ്ങൾ മരങ്ങളാണ്. പക്ഷെ നിങ്ങൾ മനുഷ്യർ, അത്യാഗ്രഹം മൂലം അവയെല്ലാം വെട്ടി നശിപ്പിച്ചില്ലേ? പാർപ്പിടം നഷ്ടപ്പെടുന്നതു മാത്രമല്ല, ഞങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന കാര്യവും മനുവിനറിയാമോ?" "അയ്യോ, എനിക്കിതൊന്നും അറിയില്ലായിരുന്നു." മനു നിഷ്ക്കളങ്കമായ് പറഞ്ഞു. "തീർന്നില്ല ഇനിയുമുണ്ട്. നിങ്ങൾ പ്രകൃതിയെ പലതരത്തിലും ചൂഷണം ചെയ്യുന്നതിന്റെ ഫലമായ് കാലാവസ്ഥാ വ്യതിയാനവും ഉണ്ടായിരുന്നു. നിങ്ങൾക്കിതൊന്നും പ്രശ്നമല്ലായിരിക്കാം, പക്ഷെ ഞങ്ങൾക്കിതൊന്നും താങ്ങാൻ സാധിക്കില്ല. അതിന്റെ ഫലമായാണ് ഞങ്ങളുടെ ശരീരത്തിൽ പല വൈറസുകളും പ്രവർത്തിക്കുന്നത്. മനുവിന് അമ്മയെനഷ്ടപ്പെട്ടതു പോൽ നിങ്ങളുടെ ക്രൂരതകൾ മൂലം അനാഥരായവർ ഞങ്ങൾക്കിടയിലും ഉണ്ട്. വവ്വാൽ പറഞ്ഞു നിർത്തിയതും മനു ഞെട്ടിയുണർന്നതും ഒരുമിച്ചായിരുന്നു. "അച്ഛാ... അച്ഛാ..." "എന്താ മോനേ, എന്തുപ്പറ്റി?" "അച്ഛാ വവ്വാൽ പാവമാ അച്ഛാ..." മനു തിടുക്കത്തിൽ പറഞ്ഞു. "മോനെന്തൊക്കെയാ പറയുന്നേ? സ്വപ്നം കണ്ടതായിരിക്കും " "ഞാൻ കണ്ട സ്വപ്നം സത്യമാ അച്ഛാ, അമ്മ മരിക്കാൻ കാരണം നമ്മൾ തന്നെയാ, നമ്മൾ കാരണമാ വവ്വാലുകളിൽ വൈറസുണ്ടായത്." അവനെ കൂടുതലൊന്നും പറയാൻ അനുവദിക്കാതെ അച്ഛൻ അവനെ ഉറക്കാൻ ശ്രമിച്ചു. അവൻ പിന്നെ ഒന്നും പറഞ്ഞില്ല. എങ്കിലും ഈ അറിവ് എങ്ങനെയെങ്കിലും ജനങ്ങളിലെത്തിക്കണമെന്നും പ്രകൃതിയെ സംരക്ഷിക്കണമെന്നുമുള്ള ചിന്ത അവനിൽ ഉടലെടുത്തിരുന്നു

അനശ്വര എൻ
9 ബി ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ