ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/വേരുകൾ അറ്റ് പോകും മുൻപ്‌

Schoolwiki സംരംഭത്തിൽ നിന്ന്
വേരുകൾ അറ്റ് പോകും മുൻപ്‌

അന്തിവെയിലിന്റെ ജീവനാളങ്ങൾ പൊള്ളി-
യടർത്തുന്നുണ്ട് അന്തരംഗത്തെ ...
രണ്ടു മീനുകൾ-
രണ്ടു മീനുകളെൻറെ കാഴ്ച് യെ കൊത്തിവലിക്കുന്നുണ്ടലിവ് തൊടാതെ
നിറമറ്റു പോയൊരാ ഒറ്റമരത്തിൻ
ചോട്ടിലെ ഈറനിൽ കനവറ്റ്, കരളറ്റ്
ഇതളാർന്ന പുഷ്പത്തിൻ ഗന്ധം നുകർന്ന് നിൽപ്പൂ ഞാൻ നിശ്ചലം.
എങ്ങു പോയി എങ്ങു പോയി...
ഋതുക്കളെ നിങ്ങളെങ്ങു പോയ്‌?
ഏതേത് ചില്ലകളിൽ പിടഞ്ഞു തീർന്നു
നിങ്ങൾ പൊന്നുരുക്കി വിടർത്തിയ ചിരികൾ?
കനവു നെയ്യാൻ ഒരൊറ്റ ചിലമ്പ് പോലും
ബാക്കിയില്ലെന്നൊരു പുഴ തേങ്ങി-
യതിൽ നിന്നുയരുന്നു ഭീമമാം ചിതയുടെ അഗ്നിസ്ഫുരണങ്ങൾ...
നീലിച്ച തുടുവിരലിനാൽ കാറ്റ് വന്നു വായ്‌ മൂടവേ
കരിയൂതി, പുകയൂതി തന്നെ കെടുത്തി കളഞ്ഞില്ലേയെന്ന
നൊമ്പരം കണ്ഠനാളത്തിൽ ഉറഞ്ഞു പോയ്‌ കഠിനമായ്...
എത്ര പെയ്ത്തിൽ കുളിർന്നിട്ടും,
എത്ര നനവിൽ കുതിർന്നിട്ടും,
ഒഴിയാത്ത കനലിൻറെ കടുത്ത പ്രഹരങ്ങൾ പാരിന്റെ നെഞ്ചിൽ
പടർന്നൊലിക്കുന്നു കറയായി...
നരിയിറങ്ങിയെന്നല്ല ഉണ്ണികളേ
നിങ്ങൾ നരനിറങ്ങിയെന്ന് തിരുത്തി പഠിക്കുക......
കടലൂറ്റി കുടിച്ചാർത്ത്
കൂത്താടും നരനിറങ്ങിയെന്ന്
തിരുത്തി പഠിക്കുക...
കള്ളിമുള്ളി ചെടിയുടെ നേർത്ത നിഴലും അറ്റ്പോകും
മുൻപ്
നമ്മളിന്നേ കാക്കണം അതിൻ തായ് വേരിനെ...
തണലായി മാറാം നമ്മുക്കീ പാരിന്
തനുവോടെയൊരു ചുടുചുംബനം നൽകാം...


അശ്വിനി കെ
12 ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത