ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്ക്കൂളിന്റെ വികസന സ്വപ്നങ്ങളുടെ കൂടെ നടന്നവർ

ഒരു കാലഘട്ടത്തിൽ കാട്ടു പള്ളിക്കൂടം എന്ന പേരിൽ വിഴിഞ്ഞം പ്രദേശത്തുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന ഗവൺമെൻറ് ഹാർബർ ഏരിയ എൽ പി സ്കൂൾ ഈ നിലയിൽ വളർത്തി വലുതാക്കുന്നതിൽഇന്നലെ കഴിഞ്ഞു പോയ പലരുടേയും പങ്ക് നിസ്തുലമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന പ്രിയപ്പെട്ടവരുടെ ഓർമ്മകൾ താഴെ പങ്കുവെക്കുന്നു

സങ്കല്പങ്ങൾക്കപ്പുറം

വി .രാജാമണി സാർ

കെ നാണു കുട്ടൻ നായർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് ഞാൻ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ എത്തിച്ചേരുന്നത് .1979 മുതൽ 81 വരെയുള്ള  രണ്ടുവർഷക്കാലം ഇവിടെ ജോലി ചെയ്തു .ഇവിടുത്തെ അന്നത്തെ അവസ്ഥ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തായിരുന്നു . ഓലകൾ കൊണ്ടുമേഞ്ഞ രണ്ടു കെട്ടിടങ്ങൾ ,പേരിനു പോലും ഒരു ശുചിമുറി ഇല്ല. അധ്യാപകർ പോലും മറച്ചുവെച്ച് ഒരുഭാഗത്ത് ഇരുന്നായിരുന്നു കാര്യങ്ങൾ സാധിച്ചിരുന്നത്.ഓല ഷെഡിലായിരുന്നു ഓഫീസ് റൂം ,പാതി മറച്ച കെട്ടിടമായിരുന്നു ഓലഷെഡുകൾ.


1982 - ൽ മാത്രമാണ് കെട്ടിടം വന്നത് .1982 ൽ പുതിയ ഇരുനില കെട്ടിടം വരുന്നതിലും ഈ സ്കൂളിനെ സർക്കാർ സ്കൂളായി പരിവർത്തിപ്പിക്കുന്നതിലും ഈയ്യടുത്ത കാലത്ത് മരണപ്പെട്ട തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഭാരവാഹിയായിരുന്ന റേഷൻകടക്കാരൻ ഷംഊൻ സാഹിബിനും ,അന്നത്തെ മുസ്ലിം ലീഗ് നേതാവായ കബീർ കണ്ണിനും,വലിയ പങ്കുണ്ട്. സി. എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ വകുപ്പു മന്ത്രിയും, മുഖ്യമന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ ഈ കാര്യങ്ങൾ നടന്നിട്ടുള്ളത്. വേണമെങ്കിൽ ജമാഅത്തിന് കീഴിലുള്ള ഒരു അർദ്ധസർക്കാർ സ്ഥാപനമാക്കി മാറ്റാൻ സാധിക്കുമായിരുന്നുവെങ്കിലും അത് ചെയ്യാതെ സർക്കാർ തലത്തിലേക്ക് ഈ സ്ഥാപനത്തെ വിട്ടുനൽകിയത് മത്സ്യത്തൊഴിലാളികളുടെ  വിശാല മനസ്സിനെയാണ് കുറിക്കുന്നത്.എല്ലാ വീടുകളിലെയും പെൺകുട്ടികൾ പഠനത്തിനു തയ്യാറായത് ഇവിടെ ഈ സ്കൂൾ വന്നതിനുശേഷമാണ്. കാട്ടു പള്ളിക്കൂടം എന്ന് നാട്ടുകാർ ഇതിനെ വിശേഷിപ്പിക്കാനുള്ള കാരണം, ഈ പ്രദേശം കാട് മൂടി കിടന്നതു മൂലം,ശൗച്യാലയങ്ങൾ ഇല്ലാത്ത കാലത്ത് മലമൂത്ര വിസർജന സ്ഥലമായി അവർ ഉപയോഗിച്ചിരുന്നത് കൊണ്ടാണ് .

പ്രൈമറി വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് പലപ്പോഴും ഇവർ പഠിക്കാൻ തയ്യാറാവാത്തത് കാരണം 1990 -  91 കാലയളവുകളിൽ സാക്ഷരതാ മിഷന്റെ പ്രവർത്തനവുമായി ഞാനിവിടെ എത്തിയിട്ടുണ്ട് .പലപ്പോഴും സാക്ഷരതാ മിഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായിരുന്നു ഇവിടുത്തെ ആളുകളുടെ രീതി.എന്നാൽ അധ്യാപകൻ എന്ന നിലക്ക് മുൻപരിചയം ഉള്ളതുകൊണ്ട് എല്ലാ വീടുകളിലും എന്നെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഞാൻ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ മഹാഭൂരിപക്ഷവും തയ്യാറാവുകയും ചെയ്തിട്ടുണ്ട്.പലപ്പോഴും പരസ്പരം അകൽച്ചകൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ നടത്താറുണ്ടെങ്കിലും,അധ്യാപകരോട് വളരെ മാന്യമായിട്ട് മാത്രമാണ് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾ എക്കാലവും പ്രവർത്തിച്ചിട്ടുള്ളത് എന്നുള്ളതാണ് എൻറെ അനുഭവം .

വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലുള്ള സ്ഥലങ്ങളിൽ അധ്യാപനം നടത്തിയാൽ അവരിൽ നിന്നും അധ്യാപകർക്ക് ലഭിക്കുന്ന ആദരവ് പലപ്പോഴും സിവിൽ സർവീസ് പാസായ ആളുകളിൽ നിന്നും പോലും ലഭിച്ചു കാണുന്നില്ല  എന്നത് എന്റെ ജീവിതത്തിലെ അനുഭവമാണ്. നാലുപതിറ്റാണ്ടുകൾക്ക് ശേഷവും എവിടെ വെച്ച് കണ്ടാലും ഇവിടുത്തുകാർ അധ്യാപകനെന്ന നിലയിൽ എല്ലാവിധ ആദരവും ബഹുമാനവും നൽകിയത് മനസ്സിൽ മായാതെ കിടക്കുകയാണ്.പുരുഷന്മാർ മത്സ്യബന്ധനത്തിൽ പോകുന്നതിനാൽ പുറം ലോകവുമായി അധികം ഇടപഴകലുകൾ ഒന്നും ഇല്ല.അതിനാൽ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിച്ചു ഒരാളും സ്കൂളിൽ വരാറില്ല .മറിച്ച് ചില അമ്മമാർ മാത്രമാണ് മക്കളുടെ കാര്യവുമായി ബന്ധപ്പെടുന്നതും അന്വേഷിക്കുന്നതും എന്നത് ഇവിടുത്തെ ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

ഒരു പ്രത്യേക മതവിഭാഗം മാത്രം ഈ പ്രദേശത്ത് തിങ്ങി പാർക്കാനുള്ള കാരണം , പലപ്പോഴും വ്യത്യസ്ത മത വിശ്വാസികൾക്കിടയിൽ പരസ്പരമുള്ള സംഘർഷങ്ങളും അകൽച്ചകളും ഇവിടെ ഒരു കാലഘട്ടത്തിൽ പതിവായിരുന്നു .ഇന്നീ കാണുന്ന രൂപത്തിൽ ഇവിടുത്തെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും മാറിയത് കേവലം ഒരു പത്തുവർഷത്തിനുള്ളിൽ മാത്രമാണ്. ഒരു കാലത്ത് ഒന്നിനുമേൽ ഒന്നു എന്ന നിലയിലുള്ള ചെറ്റ കുടിലുകളിൽ മാത്രമായിരുന്നു ഇവരുടെ താമസവും അനുബന്ധമായ സൗകര്യങ്ങളും ഉണ്ടായിരുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മൂന്നര പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തിൽ ഞാൻ വീണ്ടും അധ്യാപനം നടത്താൻ ആഗ്രഹിക്കുന്നഒരു വിദ്യാലയം ഇതാണ് .അത് ഇവിടുത്തുകാരുടെ അധ്യാപകരോടുള്ള പെരുമാറ്റവും,പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ വിദ്യാർത്ഥികൾ നമ്മെ ആദരിക്കുന്നത് കണ്ടത് കൊണ്ടുമാണ്.

വി രാജാമണി സാർ , മുല്ലൂർ , വിഴിഞ്ഞം .

[ 1965 മുതൽ 2001 വരെ മൂന്നര പതിറ്റാണ്ടു നീണ്ട അധ്യാപന ജീവിതം .അവസാനത്തെ അഞ്ചുവർഷം പ്രധാന അധ്യാപകനായിട്ടാണ് ജോലി ചെയ്തത്. 36 വർഷത്തെ അധ്യാപന പരിചയം ഉള്ള വിഴിഞ്ഞം ഹാർബർ സ്കൂളിലെ മുൻ അധ്യാപകൻ രാജാമണി സർ]


മൂകസാക്ഷിയായി രണ്ടു പതിറ്റാണ്ടു കാലം

അനിത പി. എസ്


അനിത പി. എസ്.

യു .കെ .ജി . ടീച്ചർ



കൂട്ടുകാരേ...

പതിനേഴുവർഷത്തെ വിദ്യാലയ ജീവിതത്തിൽ തിരക്കിട്ട ദിനങ്ങളും നിൽക്കാതെ ഓടിയ സമയങ്ങളും...

ഈ വേളയിൽ ചിന്തിക്കുമ്പോൾ മനസ് നിറയ്ക്കുന്ന ഓർമകളാണ്...

പലതരം കുട്ടികളും, രക്ഷിതാക്കളും, മാറിമാറി വന്ന അധ്യാപകരും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു...

പുതിയ തലമുറയെ വാർത്തെടുക്കുവാനുള്ള വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ ഒപ്പം കൂടിയും വിദ്യാലയത്തിന്റെ പുരോഗമനത്തിനു പങ്കാളിയായും ഉള്ള നീണ്ട പതിനേഴു വർഷങ്ങൾ.

പൊളിഞ്ഞു വീണ കെട്ടിടങ്ങൾക്കും കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്കും മൂകസാക്ഷിയായി...

പഠിക്കുവാനും പഠിപ്പിക്കുവാനും കരയുവാനും ചിരിക്കുവാനും കളിക്കുവാനും കുട്ടികളുടെ കഴിവ് മനസിലാക്കുവാനും എല്ലാമായി ഒരുപാട് സന്ദർഭങ്ങൾ വന്നുപോയി. എണ്ണിയാലും എണ്ണിയാലും തീരാത്ത ഒരുപാട് കൊച്ചു -വലിയ സന്തോഷങ്ങൾ...

പിഞ്ചുപൈതങ്ങളുടെയും വിദ്യാലയത്തിന്റെയും വളർച്ചയിൽ അഭിമാനത്തോടെ...          

അക്ഷര ഗോപുരം

ലെജി LR

ലെജി യു.കെ.ജി. ടീച്ചർ

പ്രിയപ്പെട്ടവരെ...

ഞാൻ ഈ സ്കൂളിൽ പ്രീ പ്രൈമറി അധ്യാപികയായി വന്നതിനുശേഷം 18 വർഷം പിന്നിടുന്നു.

2006 - ലാണ് ഞാൻ സ്കൂളിൽ ശ്രീ; സുഗതൻ സാർ പ്രധാനാധ്യാപകനായിരുന്ന കാലത്ത് ഇവിടെ വന്ന് ചേരുന്നത് .അന്ന് ഒരു ഡിവിഷന് മാത്രമായിരുന്നു പ്രീപ്രൈമറി ക്ലാസുകൾക്കായി ഈ സ്കൂളിൽ ഉണ്ടായിരുന്നത്. എന്റെ സഹപ്രവർത്തകയായി നിസാ ബീവിയും  കൂടെ ഉണ്ടായിരുന്നു. ഇന്ന് പ്രീ പ്രൈമറി ക്ലാസുകളുടെ ഡിവിഷനുകൾ നാലെണ്ണമായി. ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രമാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ ജീവിതരീതികൾ നേരിട്ട് മനസ്സിലാക്കാനും പല കാര്യങ്ങൾ അറിയാനും ഇവിടെ വന്നതിനു ശേഷമാണ്  കഴിഞ്ഞത്. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ കാണുന്നതു പോലെയാണ് അധ്യാപകരെ അവർ കാണുന്നത് എന്നത് ഈ അക്ഷര ഗോപുരത്തിൽ നിന്ന് അഭിമാനത്തോടു കൂടി വിളിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.