ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/അക്ഷരവൃക്ഷം/കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യവും

കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും

    കാലാവസ്ഥയും കൃഷിയും പരസ്‍പരം ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിൽ എല്ലായിടത്തും ഒരേ കാലാവസ്ഥ അല്ല. ഭൂമിയുടെ ചരിവും സൂര്യന്റെ സ്ഥാനവുമാണ് ഭൂമിയിലെ വ്യത്യസ്ഥമായ കാലാവസ്ഥയ്‌ക്ക് കാരണം. അതുകൊണ്ടുതന്നെ ഓരോ പ്രദേശത്തെയും കാലാവസ്ഥയ്‍ക്കനുസരിച്ചാണ് അവിടെ ചെയ്യേണ്ട വിളകളും കൃഷിരീതികളും തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽതന്നെ മണ്ണിനും ജലത്തിനും അപ്പുറത്ത് കാലാവസ്ഥ ഒരു പ്രധാന ഘടകം തന്നെയാകുന്നു.
     ഭക്ഷണം, പാർപ്പിടം, വസ്‌ത്രം, യാത്ര, വിനോദം തുടങ്ങി മനുഷ്യന്റെ ഒട്ടുമിക്ക പ്രവർത്തനങ്ങളും കാലാവസ്ഥയെയും കാലാവസ്ഥാ മാറ്റങ്ങളെയും ആശ്രയിച്ചിരിക്കുന്നു.ആഹാര കാര്യങ്ങളിൽ സ്വാശ്രയത്വം നേടാൻ ആരംഭിച്ച ഉൽപ്പാദന പ്രവർത്തനങ്ങളായ കൃഷിയും മൃഗപരിപാലനവും വെയിലിനെയും മഴയെയും മഞ്ഞിനെയും മറ്റും പറ്റി അറിവു നേടാൻ മനുഷ്യനെ നിർബന്ധിച്ചു. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച എന്നീ വിപത്തുകളെപ്പറ്റിയുള്ള അറിവുനേടലും നിലനിൽപ്പിന് അനിവാര്യമായി. എന്നാൽ പ്രകൃതിയെപ്പറ്റിയുള്ള അറിവ് വളരെയധികം നേടിയിട്ടും ഇന്നും മനുഷ്യൻ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലവും പ്രകൃതി ദുരന്തങ്ങൾ മൂലവും ബുദ്ധിമുട്ടുന്നു. 
    ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണ   മാറ്റങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് പറയുന്നത്. വ്യവസാവത്‍കരണത്തിന്റെയും വനനശീകരണത്തിന്റെയും ഫലമായി ഹരിതഗൃഹവാതകങ്ങളുടെ ഗണ്യമായ വർധനവാണ് ആഗോളതാപനത്തിന് കാരണം. തത്‍ഫലമായി ഭൗമാന്തരീക്ഷത്തിലെ ചൂട് കൂടുകയും ഇത് കാലാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. കാലം തെറ്റി പെയ്യുന്ന മഴയുടേയും കനത്ത ചൂടിന്റേയും ഫലങ്ങൾ നാം ഇപ്പാൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 

കാർ‍ഷിക ജൈവവൈവിധ്യം

    കാലം മുന്നോട്ടു പോകുംതോറും കൃഷിയിലും കൂടുതൽ വൈവിധ്യങ്ങൾ വന്നുചേർന്നിട്ടുണ്ട്.  കാലാവസ്ഥ, മണ്ണ്, ജലലഭ്യത തുടങ്ങിയ ഘടകങ്ങളാണ് ഈ വൈവിധ്യങ്ങൾക്ക് പ്രധാന കാരണങ്ങൾ. മനുഷ്യന്റെ വർഷങ്ങൾ നീണ്ട പരിശ്രമവും ഈ വൈവിധ്യങ്ങൾക്ക് പിന്നിലുണ്ട്. കാർഷിക വൈവിധ്യത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ഭൂമിയിലെ മറ്റു പ്രദേശങ്ങളിൽനിന്നും വ്യത്യസ്‍തമായ വൈവിധ്യങ്ങളായ ഭക്ഷ്യ കാർഷിക വിളകൾക്ക് കാരണമായത്. അനേകായിരം ജൈവജാതിയിലുള്ള കാർഷികവിളകൾ ഇന്ത്യയിൽ പല പ്രദേശങ്ങളിലുമായുണ്ട്; പ്രധാനമായും കേരളത്തിൽ . അതുകൊണ്ടുതന്നെയാണ് ഇന്ത്യ, പ്രത്യേകിച്ചും കേരളം വിദേശരാജ്യങ്ങളുടെ കുത്തകയായതും. 

നെല്ല്, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, നേന്ത്രവാഴ, പാവൽ, വഴുതന, തെങ്ങ്, ഏലം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്. മാവ്, വെള്ളരി, കുരുമുളക്, ഏലം മുതലായവ ഇന്ത്യയിൽ മാത്രമായി ഉത്ഭവിച്ചതെന്നു കരുതപ്പെടുന്നവയാണ്. ഒരൊറ്റ ജൈവജാതിയായ നെല്ല് അൻപതിനായിരത്തിൽപ്പരം ഇനങ്ങളായിത്തീർന്നിട്ടുണ്ട്. മാവ് എന്ന ഒറ്റ ജാതിയിൽനിന്നാണ് ആയിരത്തിൽപ്പരം ഇനങ്ങളിൽപ്പെട്ട മാവ് ഉണ്ടായിട്ടുള്ളത്.

    അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും നീണ്ടുനിൽക്കുന്ന വരൾച്ചയുംനിരന്തരമായി അനുഭവിക്കുന്ന തലത്തിലേക്ക് കാലാവസ്ഥാവ്യതിയാനം കേരളത്തെ കൊണ്ടാെത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ നമ്മുടെ കാർഷിക മേഖലയ്‍ക്ക് സാധിക്കേണ്ടിയിരിക്കുന്നു. ജീവജാലങ്ങളിലെ വൈവിധ്യവും അവ നിലനിൽക്കുന്നതിനായി ആശ്രയിക്കുന്ന അജൈവഘടകങ്ങളും ചേരുന്നതാണ് ജൈവവൈവിധ്യം. ജൈവവൈവിധ്യങ്ങളെ കേന്ദ്രീകരിച്ചു ഉൽപ്പാദനക്ഷമതയ്‍ക്ക് പ്രാധാന്യം കൊടുത്ത് നാം പിന്തുടരുന്ന ക‍ൃഷിക്ക് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുവാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുവാൻ കാർഷിക വൈവിധ്യത്തിന്റെ സുസ്ഥിരമായ ഉപയോഗത്തോടൊപ്പം പരമ്പരാഗതമായ അറിവും ആധുനിക ശാസ്‍ത്രജ്ഞാനവും സംയോജിപ്പിച്ചുള്ള ക‍ൃഷിരീതികൾ അവലംബിക്കണം. കാലാവസ്ഥാ വ്യതിയാനവും ചെറു ധാന്യങ്ങളും

    കാലാവസ്ഥാ വ്യതിയാനം ധാന്യക‌‍ൃഷിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. ഇവ സംരക്ഷിക്കുന്നതിത് ക‍ൃഷിരീതിയിലും ഇനങ്ങളിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.വെള്ളപ്പെക്കത്തെ അതിജീവിക്കുന്ന ഇനങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. ഇക്കഴിഞ്ഞ മഹാപ്രളയത്തെ അതിജീവിച്ച 15-ൽ പരം നെൽവിത്തുകളുണ്ട്. തുളാണ്ടൻ, കരിങ്ങോടൻ, വയിലാതുര, ഓർപാണ്ടി, സ്വർണ്ണപാണ്ടി, പൊക്കാളി, കുറുക, കട്ടമോടൻ, കൊടിയൻ, ആര്യൻ, കോഴിവാലൻ, കരിമാല, ഓർകഴമ, കുട്ടാടൻ, തവളക്കണ്ണൻ, കറുത്താളികണ്ണൻ, അടുക്കൻ, വെളിയൻ, തൊണ്ടി, ചെന്താടി, ചോമാല എന്നവയെ അതിജീവന ശേഷിയുള്ള നെൽവിത്തുകളായി കണക്കാക്കുന്നു.ഇതുപോലെ വെള്ളപ്പൊക്കത്തെയും, നീണ്ടുനിൽക്കുന്ന വരൾച്ചയെയും, രോഗകീടബാധയെയും എല്ലാം പ്രതിരോധിക്കുന്ന വിവിധ ധാന്യവിളകൾ നമ്മുടെ കർഷകർ സംരക്ഷിച്ചുപോരുന്നു.					

കാലാവസ്ഥാ വ്യതിയാനവ‍ും പരമ്പരാഗത ക‍ൃഷിരീതികളും

    അതിജീവനശേഷിയുള്ള വിത്തിനങ്ങൾ ഉപഗോഗിക്കുന്നതുപോലെ തന്നെ വെള്ളപ്പൊക്കം പോല‍ുള്ള കാലാവസ്ഥാ വ്യതിയാനത്തെയും അതിജീവിക്കുന്ന കൃഷിമുറകളും പാരമ്പര്യ കർഷകർ അനുവർത്തിക്കുന്നുണ്ട്.  വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ അനുവർത്തിക്കുന്ന ഒര‍ു കൃഷിസമ്പ്രദായമാണ് വാളിച്ച. ഇത്തരം ക‍ൃഷിക്കായി ഉപയോഗിക്കുന്നത് മ‍ൂപ്പ് ക‍ൂടിയ, വെള്ളപ്പൊക്കത്തെ അതിജീവിക്ക‍ുന്ന ഇനങ്ങളാണ്. അതിവർഷം പ്രവചിക്കുന്ന/പ്രതീക്ഷിക്കുന്ന വർഷങ്ങളിലാണ് ഇത്തരം ക‍ൃഷി അനുവർത്തിക്കുന്നത്. കാലവർഷം ത‍ുടങ്ങന്നതിന‍ു മ‍ുമ്പ് തന്നെ വിത്ത് വിതയ്‍ക്ക‍ുകയ‍ും കാലവർഷം ശക്തമാക‍ുന്ന ജ‍ൂലൈ-ഓഗസ്‍റ്റ് മാസങ്ങളിൽ വഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തന്നെ കാലികളെ ക‍ൃഷിയിടത്തിൽ മേയാൻ അന‍ുവദിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു. കാലികൾ അവശേഷിപ്പിക്ക‍ുന്ന ചെടികൾ 'പക്ക' എന്ന ഉപകരണം വെച്ച് ഉഴ‍ുത‍ുമറിക്ക‍ുന്ന‍ു. എന്നിട്ട് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കുന്നു. ഇത് കളകൾ പൂർണമായും ചീഞ്ഞ് മണ്ണിൽ ചേരുവാനും, അവശേഷിക്കുന്ന നെൽച്ചെടികളിൽ നിന്ന‍ു ശക്തമായ പുതുനാമ്പുകൾ ഉണ്ടാകുവാനും സഹായിക്കുന്നു. വെള്ളം ഇറങ്ങുന്ന മുറയ്‍ക്ക് വയലുകളിൽ നെൽച്ചെടികൾ

പൂർവ്വാധികം ശക്തമായി വളരുവാനും തുടങ്ങുന്നു. വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്ന സമയങ്ങളിൽ അനുവർത്തിക്കുന്ന ഇത്തരം ക‍ൃഷി രീതിക്ക് പൊതുവെ ചിലവ് കുറഞ്ഞതും സുലഭമായി കാലിത്തീറ്റ ലഭ്യമാക്കുന്നതും രോഗകീടബാധയെ പ്രതിരോധിക്കുന്നതുമാണ്.

    വെള്ളപ്പൊക്കം അതിജീവിക്കുന്ന തരത്തിൽ ജലസ്രോതസ്സ‍ുകളെ സംരക്ഷിക്കുന്നതിലും നമ്മുടെ പൂർവ്വികർ ശ്രദ്ധപതിപ്പിച്ചിരുന്നു. വയലുകളുമായി ബന്ധപ്പെട്ട തോടുകള‍ുടെ ആഴം കൂട്ടാതെ വീതി കൂട്ടി അരികുകൾ ജൈവമാർഗത്തിലൂടെ സംരക്ഷിച്ച് ജലാഗിരണശേഷി വർദ്ധിപ്പിച്ച് നെൽക‍ൃഷിയ്‍ക്ക് ഉപയുക്തമാക്കിയതോടൊപ്പം വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനും അവർ ശ്രദ്ധപതിപ്പിച്ചിരുന്നു. 
    വയലുകളോട് ചേർന്ന് കുന്നിൻചരിവുകളിൽ നിർമ്മിച്ച തലക്കുളങ്ങൾ മലംചരിവുകളിൽ നിന്നുള്ള ഉപരിതലജലത്തെ സംഭരിച്ച് നിർത്തി വെള്ളപ്പൊക്ക സാധ്യതയെ കുറയ്‍ക്കുന്നു. വേനൽക്കാലങ്ങളിൽ ജലസേചനത്തിനും ഈ തലക്കുളങ്ങൾ പ്രയോജനപ്പെടുത്തുന്നു.

കാലാവസ്ഥാ വ്യതിയാനവും കാർഷിക കീടരോഗങ്ങളും, പരമ്പരാഗത നിയന്ത്രണ മാർഗങ്ങളും

    മറ്റ‍ൂ ജീവികളെ അപേക്ഷിച്ച് ‍ഷ‍ഡ്‍പദങ്ങളുടെ വംശവർദ്ധനവ് 2, 4, 16, 64 എന്ന ക്രമത്തിലാണ്. എന്നാൽ പ്രക‍ൃതിയിൽ ഒരു ജീവിയും ക്രമാതീതമായി വർധിക്കുന്നില്ല. ജീവികളുടെ പെറ്റുപെരുകാനുള്ള പ്രവണതയ്‍ക്കെതിരെ പ്രവർത്തിക്കുന്ന ശക്തി പ്രക‍ൃതിയിൽ തന്നെയുണ്ട്. ഈ ശക്തിയുടെ ഇടപെടൽ മൂലം പ്രക‍ൃതിയിൽ ജീവജാലങ്ങൾ സന്തുലിതാവസ്ഥയിൽ കാണപ്പെടുന്നു.ഈ എതിർശക്തികളിൽ പ്രധാനപ്പെട്ടവയാണ് കാലാവസ്ഥ, ആഹാരം, പ്രക‍ൃതിയിലുള്ള ശത്രുക്കൾ എന്നിവ. ചില സന്ദർഭങ്ങളിൽ ഈ എതിർശക്തികൾ പൂർണമായോ ഭാഗികമായോ പ്രവർത്തിക്കാതെ വരുന്നു. അത് കീടബാധയ്‍ക്ക് വഴിയൊരുക്കുന്നു. കാലാവസ്ഥയിലുള്ള വ്യതിയാനങ്ങളും മനുഷ്യരുടെ അനാവശ്യമായ ഇടപെടലുകളും ഇതിനു പിന്നിലെ ഘടകങ്ങളാണ്.

കാലാവസ്ഥ അടഞ്ഞുമൂടിയ കാലാവസ്ഥ നെല്ലിൽ ഗാളീച്ചയുടെ വർധനവിന് കാരണമാകുന്നു. അതുപോലെ നല്ല ചൂടുള്ള കാലാവസ്ഥയിൽ നീരൂറ്റി കുടിക്കുന്ന കീടങ്ങളായ വെള്ളീച്ച, മീലിമൂട്ട, ശൽക്കകീടം തുടങ്ങിയവ വളരെപ്പെട്ടെന്ന് പെരുകും. പുൽച്ചാടി, ചിതൽ, ചാഴി, ത്രപ്‍സ്, വണ്ട്, ഈച്ച, ശലഭം, കടന്നൽ എന്നിവ പ്രധാന ഷഡ്‍പദകീടങ്ങളുമാണ്. കീടനിയന്ത്രണത്തിന് പരമ്പരാഗതമായി പല മാർഗങ്ങളുണ്ട്. 1. യാന്ത്രിക നിയന്ത്രണം കീടങ്ങള അവയുടെ ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് പല മാർഗങ്ങൾ ഉപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കുന്ന രീതിയാണിത്. 2. കാർഷിക നിയന്ത്രണം കാർഷികപ്രവർത്തനങ്ങളുടെ ക്രമീകരണം കൊണ്ട് കീടങ്ങളെ നശിപ്പിക്കുന്ന രീതി. 3. ജൈവിക നിയന്ത്രണം കീടങ്ങളെ നിയന്ത്രിക്കാൻ മറ്റു ജീവികളെ ഉപയോഗിക്കുന്ന മാർഗമാണിത്.

    കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അവയുടെ കൂട്ടിക്കിഴിക്കലിനാധാരമായാണ് നിലനിൽക്കുന്നത്. കാർഷിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മാറ്റങ്ങളുടെ ശാസ്‍ത്രീയ തിട്ടപ്പെടുത്തലും വിലയിരുത്തലും മുൻകൂട്ടി അറിയാനും മാറ്റങ്ങൾക്ക് അനുസരിച്ചുള്ള സംരക്ഷണ-മുന്നൊരുക്കങ്ങൾ ആവിഷ്‍കരിച്ച് നടപ്പിലാക്കാനും സഹായകമാണ്. അങ്ങനെ കാർഷികോൽപാദനം വർദ്ധിപ്പിക്കാനുമാകും. അത്യുൽപാദന ശേഷിയുള്ള മെച്ചപ്പെടുത്തിയ വിത്തിനങ്ങൾ, ജനിതകമാറ്റം വരുത്തുന്ന ജൈവസങ്കേതങ്ങൾ, മെച്ചപ്പട്ട ജലസേചന സൗകര്യം എന്നിങ്ങനെ എന്തുതന്നെയുണ്ടായാലും ഇന്നും ക‍ൃഷി കാലാവസ്ഥാ മാറ്റങ്ങളുമായുള്ള ഒരു ചൂതാട്ടമായി തന്നെയാണ് നിലനിൽക്കുന്നത്.
ഭാവന എസ്
10 A ഗവ എച് എസ് എസ് കുടമാളൂർ, കോട്ടയം ,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം