ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ : മനുഷ്യരാശിയുടെ പുതിയ വെല്ലുവിളി
കൊറോണ : മനുഷ്യരാശിയുടെ പുതിയ വെല്ലുവിളി
പ്രിയ കൂട്ടുകാരെ, ഇപ്പോൾ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ ഭീതി പടർത്തിക്കൊണ്ടിരിക്കുകയാണല്ലോ എന്താണ് കൊറോണ വൈറസ്, അതിന്റെ സ്വഭാവം, രൂപഘടന, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ, വിവിധ രാജ്യങ്ങളും ഏജൻസികളും കൈക്കൊണ്ടുകൊണ്ടിരിക്കുന്ന പ്രതിരോധ മാർഗങ്ങൾ എന്നിവയെപ്പറ്റി ന്യൂസ് പേപ്പറുകളിൽ നിന്നും ടെലിവിഷൻ ഇന്റർനെറ്റ് എന്നിവയിൽ നിന്നും ഞാൻ അറിഞ്ഞ കാര്യങ്ങൾ നിങ്ങളോടു പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നോവൽ കൊറോണ വൈറസ് ആണ് കൊറോണ രോഗത്തിന് കാരണമായ രോഗാണു. ഈ രോഗം ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബറിൽ ആണ്. അവിടെ നിന്നും പിന്നീട് ലോകത്തിലെ പല രാജ്യങ്ങളിലും ഈ വൈറസ് എത്തിപ്പെടുകയുണ്ടായി. തുടക്കത്തിൽ ചൈന അതേപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെക്കാതിരുന്നത് രോഗവ്യാപനം വേഗത്തിലാക്കി. ഇത് ലോക രാജ്യങ്ങൾക്കിടയിൽ വലിയ അമർഷത്തിനും വഴിവെച്ചു. കൊറോണയുടെ ഉത്ഭവം ഏതു ജീവിയിൽ നിന്നാണ് എന്നതിനെപ്പറ്റി പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്‌തത തുടരുന്നു. മുൻപ് സൂചിപ്പിച്ചപോലെ കൊറോണ രോഗാണു 2019 ഡിസംബറിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതു കൊണ്ട് ഇതിനെ കൊറോണ വൈറസ് ഡിസീസ് 19 അഥവാ കോവിഡ് 19 എന്ന് WHO നാമകരണം ചെയ്തു. ലോകത്ത് പല വൈറസ് ജന്യ രോഗങ്ങൾ ഉണ്ടെങ്കിലും ഒട്ടു മിക്ക രോഗങ്ങൾക്കും മരുന്നോ വാക്‌സിനേഷനുകളോ ആധുനിക വൈദ്യശാസ്ത്രത്തിനു കണ്ടുപിടിക്കാൻ സാധിച്ചിട്ടുണ്ട്. ഉദാഹണം മഞ്ഞപ്പിത്തം, പോളിയോ തുടങ്ങിയവ. എന്നാൽ ഇപ്പോഴും വൈദ്യശാസ്ത്രത്തിനു പിടികൊടുക്കാത്ത വൈറസുകളും ഉണ്ട്. ഉദാഹരണം HIV, Hepetitis B മുതലായവ. വൈറസുകൾ രണ്ടു വിധത്തിലുണ്ട്. DNA വൈറസും RNA വൈറസും. കൊറോണ RNA വൈറസ് വിഭാഗത്തിൽ പെടുന്നു. ഘടനയിൽ ഏറെ വ്യത്യാസമുള്ള RNA വൈറസ് അതുകൊണ്ടു തന്നെ DNA വൈറസിനേക്കാൾ അപകടകാരിയാകുന്നു. ഇപ്പോൾ നിലവിലുള്ള മരുന്നുകൾ എത്രത്തോളം ഫലപ്രദമാണെന്ന് കൃത്യമായി പറയാൻ വയ്യ. പല രാജ്യങ്ങളും ഈ മഹാമാരിക്കെതിരെയുള്ള വാക്‌സിനേഷനും മരുന്നുകളും നിർമിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. ചില പരീക്ഷണങ്ങൾ ആശാവഹമാണെന്നാണ് റിപ്പോർട്ടുകളിൽ നിന്നും അറിയാൻ കഴിയുന്നത്. പനി, തുമ്മൽ, ഓക്കാനം, ശർദ്ദിൽ, ശ്വാസതടസ്സം മുതലായവയാണ് പൊതുവെ രോഗലക്ഷണങ്ങൾ. രോഗം കൂടുമ്പോൾ രോഗിയുടെ ശ്വാസകോശത്തിന്റെ പ്രവത്തനത്തെ ഗുരുതരമായി ബാധിക്കുകയും ന്യൂമോണിയ, ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ പ്രീതികൂലമായി ബാധിക്കുക എന്നിവ വഴി രോഗി മരണത്തിലേക്ക് പോകുവാൻ സാധ്യതയുണ്ട്. എന്നാൽ ആരോഗ്യമുള്ള ശരീരത്തിന് സ്വയം രോഗത്തെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ട്. പക്ഷെ പ്രായമായവരിലും കുഞ്ഞുങ്ങളിലും മറ്റു ഗുരുതര രോഗമുള്ളവരിലും രോഗം ബാധിച്ചാൽ മരണകാരണം ആയേക്കാം. പണ്ടുതൊട്ടേ നമ്മൾ കെട്ടു ശീലിച്ച "prevention is better than cure" എന്ന പ്രയോഗം തന്നെ ശരണം. അതെ അതു മാത്രമാണ് നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ മാർഗം. നമുക്ക് ആൾക്കൂട്ടങ്ങളും പൊതു ഗതാഗത മാർഗങ്ങളും സാമൂഹികവും മതപരവുമായ ചടങ്ങുകളും താൽക്കാലികമായെങ്കിലും ഒഴിവാക്കെയേ പറ്റൂ. അതുപോലെ കൈകൾ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കൂടെക്കൂടെ ശുചിയാക്കുക. ഇപ്രകാരം നമുക്ക് രോഗത്തിന്റെ വ്യാപനവും രോഗബാധയും ഒഴിവാക്കാം. ലോകത്താകമാനം ഇതുവരെ രോഗ വ്യാപനത്തിന്റെ ഏകദേശ കണക്കുകൾ ഇപ്രകാരമാണ്:- രോഗബാധിതർ 2.06 ദശലക്ഷം, രോഗവിമുക്‌തർ 5.12 ലക്ഷം, മരണപ്പെട്ടവർ 1.37 ലക്ഷം എന്നിങ്ങനെയാണ്. ഇന്ത്യയിൽ ഇതുവരെ 12380 പേർക്ക് രോഗം സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട് 1489 പേർ രോഗവിമുക്‌തി നേടിയപ്പോൾ മരിച്ചവർ 414 പേർ മാത്രമാണ്. രോഗവ്യാപനത്തിന്റെ ആരംഭഘട്ടത്തിൽ ചില വികസിത രാജ്യങ്ങളിൽ രോഗത്തെ നിസ്സാരവൽക്കരിച്ചു കണ്ടു. അതുകൊണ്ടുതന്നെ വളരെ വേഗം രോഗം പടർന്നു പിടിക്കുകയും പ്രതിരോധപ്രവർത്തനങ്ങൾ താറുമാറാകുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷെ നമ്മുടെ രാജ്യം തുടക്കത്തിൽ തന്നെ ശക്‌തമായ നടപടികൾ സ്വീകരിച്ചു. ഇന്ത്യ കൈക്കൊണ്ട ശ്കതമായ നടപടികൾ ലോക രാജ്യങ്ങളുടെയും UNO യുടെയും WHO യും പ്രശംസക്ക് പാത്രമായി. തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ചു സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിച്ച കേന്ദ്ര സംസ്ഥാന നേതൃത്വത്തിന്റെ പിഴക്കാത്ത ചുവടുവെപ്പുകളും ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ, ശുചീകരണ ജോലിക്കാർ നിയമപാലകർ ഫയർ ഫോഴ്‌സ് അധികൃതർ സന്നദ്ധ സംഘടനകൾ എന്നിവരുടെ നിസ്വാർത്ഥ സേവനത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് രാപകൽ അക്ഷീണം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന ഈ നിസ്വാർത്ഥ സേവകർ തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നു ദിവസങ്ങളോളം അകന്നു നിന്നാണ് തങ്ങളുടെ കർത്തവ്യം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ചെയ്തു ഈ മഹാമാരിയിൽ നിന്നും നമ്മളെ കരകയറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അവരോട് നമ്മൾ എക്കാലവും കടപ്പെട്ടിരിക്കുന്നു. ഉത്തമ പൗരന്മാർ എന്ന നിലയിൽ ഗവെർന്മേന്റിന്റ നിർദേശങ്ങളെ സന്തോഷപൂർവം അനുസരിച്ചു ഈ യുദ്ധത്തിൽ അവരോടൊപ്പം നമുക്കും പങ്കാളികളാകാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം