ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പ്രകൃതിയിലെ വ്യതിയാനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലെ വ്യതിയാനങ്ങൾ


പ്രകൃതി ഒരു കാര്യത്തിലും ധൃതി കൂട്ടുന്നില്ല, എങ്കിലും എല്ലാം ഭംഗിയായി നിറവേറ്റും ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്ന, താവോയിസത്തിന്റെ പ്രമുഖ വക്താവായ ലാവോസിയുടെ വാക്കുകളാണിത്. ഒരുപക്ഷെ ഈ കൊറോണക്കാലത്ത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായ ഈ വാക്കുകൾ പിറന്നുവീണ മണ്ണിൽ നിന്നു തന്നെയാണ് പ്രകൃതി തന്റെ കർമ്മങ്ങൾ നിറവേറ്റാൻ ആരംഭിച്ചതെന്നത് തികച്ചും യാദൃശ്ചികമാകാം.ലോകത്തിന്റെ പകുതിയിലധികം ഭാഗവും നിശ്ചലമായപ്പോൾ, പ്രകൃതി തന്റെ കർമ്മനിർവ്വഹണത്തിലാണ്. മനുഷ്യർ തീർത്ത മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ ഒന്നൊന്നായി ഇല്ലാതെയാക്കുകയാണ് പ്രകൃതി ഈ ലോക്ക്ഡൗൺ കാലത്ത് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാമ്പും പെരുച്ചാഴിയും മൂങ്ങയും കീരിയും എല്ലാം തങ്ങൾക്ക് കൂടി അവകാശപ്പെട്ട ഭൂമി ഇപ്പോഴാണ് ഭയം കൂടാതെ ആസ്വദിക്കുന്നതെന്നാണ് ബ്രിട്ടനിലെ ഗ്രാമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലെ വയനാട്ടിലും, കൂർഗിലുമൊക്കെ റോഡുകളിലൂടെ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടാനകളുടെ വീഡിയോകളും ഇപ്പോൾ വൈറലാണല്ലോ.കോഴിക്കോട്ടിറങ്ങിയ ഈനാംപീച്ചിയും നോയ്ഡയിലെ റോഡുകളിലൂടെ നിർഭയം നടന്നു നീങ്ങുന്ന നീൽ ഗായുമൊക്കെ സൂചിപ്പിക്കുന്നത്, മനുഷ്യർ തീർത്ത തടവറകളിൽ നിന്നും പ്രകൃതി തന്റെ മറ്റ് മക്കളെ മോചിപ്പിക്കാൻ തുടങ്ങി എന്നതാണ്.വെനീസിലെ കനാലുകളിലെ തെളിനെരിന്റെ ചിത്രങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറുനാടൻ കാണിച്ചു തന്നിരുന്നു. വിനോദസഞ്ചാരികൾ എത്താതായതോടെ കരയ്ക്കടിഞ്ഞ ബോട്ടുകൾ ഏറെ മനുഷ്യരെ കഷ്ടപ്പെടുത്തിയെങ്കിലും ഈ കനാലുകളിലെ നിരവധി വ്യത്യസ്ത സ്പീഷീസിൽ പെട്ട മത്സ്യങ്ങൾക്കത് ഉർവ്വശീ ശാപം ഉപകാരമായതായിരുന്നു. ബോട്ടുകളുടെ യാത്രയൽ കലങ്ങിയ വെള്ളവും, വെള്ളത്തിൽ കലരുന്ന ഇന്ധനത്തിന്റെ അംശവുമെല്ലാമായി ശ്വാസംമുട്ടിക്കഴിഞ്ഞിരുന്ന നിരവധി ജനജീവികൾ ഇപ്പോഴാണ് അവരുടെ ജീവിതം ശരിക്കും ആഘോഷിക്കുന്നതെന്ന് അവരുടെ തിമിർപ്പ് പറയുന്നു. വിനോദ സഞ്ചാരികൾ തിരക്കു കൂട്ടാറുള്ള, റോമിലെ ഫൗണ്ടനരികിൽ ഇളംവെയിൽ കായാനെത്തിയ താറാക്കൂട്ടങ്ങളും ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ സായാഹ്ന സവാരിക്കിറങ്ങിയ പ്യൂമയുമെല്ലാം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നൽകിയ സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു.
കൊറോണയെന്ന ഭീകരനിലൂടെ പ്രകൃതി തന്റെ കടമ ഭംഗിയായി നിർവ്വഹിക്കുകയാണോ എന്നുപോലും തോന്നിപ്പോകും മറ്റുചില റിപ്പോർട്ടുകൾ കൂടി കണ്ടാൽ. ചൈനയുടെ അന്തരീക്ഷത്തിൽ എന്നും കനത്തുനിന്നിരുന്ന വിഷലിപ്തമായ വായുവിന് കനം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണം കാര്യമായി കുറഞ്ഞു എന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. പല നഗരങ്ങളിലും രോഗങ്ങൾ വിതച്ചുകൊണ്ടിരുന്ന പുകമഞ്ഞും ഒരു ഭൂതകാല ചിത്രമായി മാറിയിരിക്കുന്നു. തെളിഞ്ഞ നീലാകാശം പലരും ഇതാദ്യമായി കാണുവാൻ തുടങ്ങിയിരിക്കുന്നു. ലോകം മുഴുവൻ മരണം വിതച്ച് കൊറോണയുടെ തേരോട്ടം തുടരുമ്പോഴും അതുമൂലം ഒഴിവായ മലിനീകരണം 5 വയസ്സിൽ താഴെയുള്ള ചുരുങ്ങിയത് 4000 കുട്ടികളുടേയും 70 വയസ്സിനു മുകളിൽ പ്രായമുള്ള 73,000 പേരുടെയും ജീവൻ രക്ഷിച്ചുകാണുമെന്നാണ് സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കണക്ക് കൂട്ടൽ.യൂറോപ്പിലും അമേരിക്കയിലും വായുമലിനീകരണം മൂന്നിൽ ഒന്നായി കുറഞ്ഞിരിക്കുന്നു. ലണ്ടൻ, ബ്രിസ്റ്റോൾ, ബ്രിമ്മിങ്ഹാം, കാർഡിഫ് തുടങ്ങിയ നഗരങ്ങളിൽ ഇത് പകുതി വരെ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞത് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കാര്യമായി കുറയ്ക്കും ഇത് മലിനീകരണത്തെയും കുറയ്ക്കുന്നു.ഫെബ്രുവരിയിൽ മാത്രം ചൈനയുടെ ആഗോള താപന വാതക വികിരണത്തിന്റെ തോത് 25% കുറഞ്ഞതായി കാണപ്പെട്ടു. വ്യോമഗതാഗതം കാര്യമായി കുറഞ്ഞതും, ഉപരിതല ഗതാഗതം ഏതാണ്ട് നിശ്ചലാവസ്ഥയിൽ ആയതും മലിനീകരണം കുറയ്ക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
വേഡ്സ്വർത്ത് കവിതകളിലെ മേഘങ്ങൾ പ്രതിബിംബിക്കുന്ന തടാകങ്ങൾ വീണ്ടും പുനർജ്ജനിക്കുകയാണ് യൂറോപ്പിൽ പലയിടത്തും ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ. വസന്തത്തിന്റെ ആദ്യനാളുകളിൽ, ഇളംവെയിലേറ്റ് ഡഫോഡിൽ പൂക്കളെപരിലാളിക്കാൻ എത്തുന്ന പൂമ്പാറ്റകൾക്കും തുമ്പികൾക്കും ഇത് ഓണക്കാലം തന്നെ. ആയിരങ്ങൾ ഈ ഭീകരവൈറസിന് കീഴടങ്ങി ലോകത്തോട് യാത്രപറഞ്ഞ വേളയിൽ, അകാലത്ത് പിരിഞ്ഞ ഉറ്റവർക്കായി ഉതിർന്ന കണ്ണുനീർപ്പുഴകൾ ഇനിയും വറ്റാതിരിക്കുമ്പോൾ, പട്ടിണിയും പരിവട്ടവും മാത്രമുള്ള ഭാവിയിലേക്ക് നോക്കി ലക്ഷങ്ങൾ നെടുവീർപ്പിടുമ്പോൾ, തകർന്നടിയുന്ന സാമ്പത്തിക സ്ഥിതിയിൽ രാഷ്ട്രങ്ങൾ പലതും ആശങ്കപ്പെടുമ്പോൾ, ഇത്തരം ദൃശ്യങ്ങൾ ആസ്വദിക്കാൻ മനുഷ്യർക്ക് ആർക്കും കഴിയില്ല. പക്ഷെ, ഒന്നു ചിന്തിക്കാൻ അവസരം നൽകും, ഇതിനാരാണ് ഉത്തരവാദിയെന്ന്.വനങ്ങൾ മരിക്കുവാൻ തുടങ്ങിയതോടെ പല വന്യജീവികളും മനുഷ്യനുമായുള്ള അകലം കുറഞ്ഞുവരികയയിരുന്നു. നിരവധി വൈറസുകളെ ഉള്ളിൽ വഹിക്കുന്ന ജീവികളിൽ നിന്നും അവ മനുഷ്യരിലേക്ക് പ്രവേശിക്കാൻ ഏറെ താമസമുണ്ടായില്ല. എബോള, സിക്ക, വെസ്റ്റ് നൈൽ... അങ്ങനെ അങ്ങനെ പലപലപേരിൽ എത്തി മനുഷ്യരെ കൊന്നൊടുക്കിയവരൊക്കെ മനുഷ്യരിലെത്താൻ ഒരു കാരണം വനനശീകരണം തന്നെയായിരുന്നു. എച്ച് ഐ വിയും നിപ്പയുമൊക്കെ ഇങ്ങനെ തന്നെ വന്നവരായിരുന്നു.കാലാവസ്ഥാ വ്യതിയാനവും പുതിയതരം വൈറസുകളുടെ ആവിർഭാവത്തിന് കാരണമായേക്കാം. ശീതീകരിച്ച്, മഞ്ഞുപാളികളിൽ അടയിരിക്കുന്ന വൈറസുകൾ, ആഗോളതാപനം ഉയരുന്നതിനാൽ ഉരുകിയൊലിക്കുന്ന മഞ്ഞിൽ നിന്നും വിമുക്തി നേടാൻ സാധ്യതയുണ്ട്. മാത്രമല്ല, ഉയരുന്ന താപനില നമ്മുടെ ഭക്ഷ്യോദ്പാദനത്തേയും വിപരീതമായി ബാധിക്കും. ഗ്രേറ്റ തുമ്പർഗിനേപ്പോലുള്ളവരുടെ നിതാന്ത പരിശ്രമഫലമായി 2050 ഓടെ സീറോ കാർബൺ എമിഷൻ എന്ന നിലയിലേക്കെത്താൻ പല രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.പക്ഷെ സൂര്യതാപത്തെ തിരിച്ചയയ്ക്കുന്ന ആർക്ടിക് സമുദ്രത്തിലെ വെളുത്ത മഞ്ഞുപാളികൾ ഉരുകാൻ തുടങ്ങിയതും അതിനു പകരമായി അ താപത്തെ ആഗിരണം ചെയ്യുന്ന ഇരുണ്ട ജലം നിറയുന്നതും 2050 വരെ കാത്തുനിൽക്കാൻ പ്രകൃതി തയ്യാറല്ലെന്നുള്ളതിന്റെ സൂചന തന്നെയാണ്.

അഖില റെന്നി
9 D ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം