ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/അതിജീവനം...

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം....

അന്ന് അയാൾ ഒരു പാട് ക്ഷീണിതനായിരുന്നു. രാവിലെ മുതൽ രാത്രി വരെ രോഗികളുമായി ഇടപഴകുകയായിരുന്നു. തന്റെ ജീവൻ ബലി കൊടുക്കേണ്ടി വന്നാലും വേണ്ടില്ല , ആ രോഗത്തെ വേരോടെ പിഴുതെറിയണം എന്നയാൾ ആഗ്രഹിച്ചു. അതിനുള്ള ശ്രമത്തിലായിരുന്നു അയാൾ ഈ നിമിഷം വരേയും.
കുട്ടിക്കാലം മുതൽക്കേയുള്ള ഒരു സ്വപ്നമായിരുന്നു ഒരു ഡോക്ടർ ആവുക എന്നത്. ദുരിത പൂർണ്ണമായ ജീവിതത്തിൽ ആ സ്വപ്നം പ്രത്യാശയുടെ ദീപം തെളിയിച്ചു. പഠനത്തോടൊപ്പം ചെറിയ ചെറിയ ജോലികൾ അയാൾ ചെയ്യാൻ തുടങ്ങി. രാവെന്നോ പകലെന്നോ ഇല്ലാതെ അയാൾ പണിയെടുത്തു.ജോലിക്കിടയിലും തന്റെ പഠനത്തിനുള്ള സമയം അയാൾ കണ്ടെത്തി. ഒടുവിൽ ആ ദുരിതപർവ്വം താണ്ടി അയാൾ തന്റെ സ്വപ്നം നേടി. അയാളുടെ ചെറുപ്പത്തിൽതന്നെ അച്ഛൻ മരിച്ചു. ആകെ ഉണ്ടായിരുന്നത് അമ്മയായിരുന്നു. പിന്നീട് അമ്മയും അയാളെ വിട്ടു പോയി.മതിയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ തന്റെ അമ്മ മരിക്കില്ലായിരുന്നു എന്നത് അയാളുടെ ഉള്ളിൽ ഒരു നോവായി മാറി. അങ്ങനെ അയാൾ ഒരു തീരുമാനമെടുത്തു ; ചികിത്സ കിട്ടാതെ ഇനി ഒരാളും മരിക്കേണ്ടി വരരുത്.
അയാൾ വീട്ടിൽ എത്തിയപ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറി. അയാളെ കണ്ടതും അഞ്ച് വയസ്സുള്ള തന്റെ ഏക മകൾ ഓടിയെത്തി. എന്നാൽ അയാൾ കുഞ്ഞിനെ തടഞ്ഞു. നിറകണ്ണുകളുമായി അവൾ അച്ഛനെ നോക്കി. കരയാൻ തുടങ്ങിയ അവളെ അമ്മ സമാധാനിപ്പിച്ചു.
തന്റെ നിറഞ്ഞ കണ്ണുകൾ മറച്ചുകൊണ്ട് അയാൾ ശുചി മുറിയിലേക്ക് പോയി. ശരീരം ശുദ്ധമാക്കിയ ശേഷം തിരികെ മുറിയിലെത്തിയപ്പോൾ കൈയിൽ ചായയുമായി ഭാര്യ കാത്തു നിൽപ്പുണ്ടായിരുന്നു. അയാളുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോഴെ ആ മനസ്സ് അസ്വസ്ഥമാണെന്ന് ഭാര്യക്ക് മനസ്സിലായി. ദു:ഖം കലർന്ന ശബ്ദത്തിൽ അയാൾ ഭാര്യയോട് പറഞ്ഞു, " ഞാൻ മറ്റൊരിടത്തേക്ക് താമസം മാറുകയാണ്. ഈ രോഗത്തെ നമ്മുടെ നാട്ടിൽ നിന്നും തുടച്ച് നീക്കുംവരെയെങ്കിലും ഞാൻ നിങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നതാണ് നല്ലത്. " ഭാര്യ മറുപടി നൽകിയില്ല. അവളുടെ മനസ്സ് കനത്തു കിടക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി. മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ലേ എന്ന് അവളുടെ മിഴികൾ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ അയാൾ അതിനെ അവഗണിച്ചു.
ഏതാനും ദിവസങ്ങൾ ആയി ലോകം അശാന്തമാണ്. കൊവിഡ് എന്ന മഹാമാരി മനുഷ്യരെ ഒന്നടങ്കം വിഴുങ്ങുകയാണ്. അതിനെതിരെ ഒരു തരത്തിലുള്ള മരുന്നുകളും കണ്ടു പിടിച്ചിട്ടില്ല. വളരെ പെട്ടന്നാണ് ആ രോഗം വ്യാപിക്കുന്നത്. എങ്ങനെ അതിനെ തടയണം എന്ന ചിന്തയിൽ മുഴുകിയിരിക്കുകയാണ് ലോകം. രോഗികളുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി ഭീതിജനകമായി ഉയർന്നു കൊണ്ടിരിക്കുകയാണ്.
ഒരു സഹപ്രവർത്തകനോടൊപ്പം അയാൾ താമസ്സം തുടങ്ങി. രാവെന്നോ പകലെന്നോ ഇല്ലാതെ ഡോക്ടർമാർ ആ രോഗത്തെ പിടിച്ചുകെട്ടുവാൻ അശ്രാന്തം പ്രയത്നിച്ചു. ഭാര്യയേയും മകളേയും പിരിഞ്ഞിരിയ്ക്കുന്ന വേദന ഇടയ്ക്കിടെ അയാളെ നുള്ളി നോവിച്ചു. എന്നാൽ അവരുടെ നന്മയ്ക്കു കൂടിയാണല്ലോ എന്നോർത്തപ്പോൾ അയാൾക്ക് അശ്വാസം തോന്നി.
ഒരു ദിവസം അയാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു നല്ലതലവേദനയും, ജലദോഷവും, ചുമയും, ശരീരവേദനയും ഉണ്ടായിരുന്നു. ആദ്യമൊക്കെ അയാൾ അത് കണ്ടില്ലെന്ന് നടിച്ചു. എന്നാൽ പിന്നീട് അയാൾക്ക് മനസ്സിലായി കൊറോണയുടെ ലക്ഷണങ്ങൾ ആണെന്ന്. അയാൾ അത് മറ്റ് ഡോക്ടർമാരോട് പറഞ്ഞു. അവർ അയാളെ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനാ റിസൾട്ട് പോസിറ്റീവ് ആയിരുന്നു. അയാളുടെ സഹപ്രവർത്തകരെ ആ വാർത്ത ഞെട്ടിച്ചു.
എന്നാൽ ആ വാർത്ത അയാളിൽ ഒരു തരത്തിലുള്ള ഭാവഭേദവും ഉണ്ടാക്കിയില്ല. ആ പ്രതിസന്ധിയെ ധൈര്യപൂർവ്വം നേരിടാൻ തീരുമാനിച്ചു .വളരെ വേഗം തന്നെ ചികിത്സ ആരംഭിച്ചു. തന്റെ ഭാര്യയേയും കുഞ്ഞിനേയും ഈ വിവരം അറിയിക്കരുതെന്ന് തന്റെ സഹപ്രവർത്തകരെ ശട്ടം കെട്ടിയിരുന്നു. രണ്ടാം പരിശോധനാ ഫലവും പോസിറ്റീവ് ആയിരുന്നു.മനശക്തിയാണ് ഏറ്റവും വലിയ ആയുധമെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് രോഗത്തിനെതിരെ പോരാടാൻ അയാൾക്ക് കരുത്ത് നൽകി. ഒടുവിൽ അതിന് ഫലമുണ്ടായി. ശേഷം വന്ന രണ്ട് റിസൾട്ടുകളും നെഗറ്റീവ് ആയിരുന്നു. എല്ലാവരിലും ആ വാർത്ത സന്തോഷം ഉണർത്തി.
തിരികെ വീട്ടിലേയ്ക്ക് പോയി വിശ്രമിയ്ക്കാൻ മറ്റു ഡോക്ടർമാർ നിർബന്ധിച്ചു. എന്നാൽ അയാൾ അതിനെ നിരസിച്ചു. ആ ഡോക്ടർക്കൊപ്പം തന്നെ അയാൾ താമസിച്ചു. രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷം അയാൾ തിരികെ ജോലിയിൽ പ്രവേശിച്ചു. അയാൾ ഉൾപ്പെടുന്ന ഡോക്ടർമാരുടെ സംഘം ആ മഹാമാരിയെ ചെറുത്ത് തോൽപ്പിയ്ക്കുവാനുള്ള തീവ്രശ്രമത്തിലായിരുന്നു. ഒടുവിൽ അവരുടെ പരിശ്രമം ഫലംകണ്ടു തുടങ്ങി. ചികിത്സയിലുള്ളവർ ഓരോരുത്തരായി രോഗമുക്തരായി തുടങ്ങി. ആ ആശുപത്രിയിലെ അവസാനത്തെ കോവിഡ് രോഗിയും രോഗമുക്തനായി വീട്ടിലേയ്ക്ക് മടങ്ങും വരെ ഡോക്ടർമാർ അക്ഷീണം പ്രയത്നിച്ചു.
വളര അധികം സന്തോഷത്തോടെ ആ ഡോക്ടർ വീട്ടിലേയ്ക്ക് തിരിച്ചു. തന്റെ അടുക്കലെത്തിയ രോഗികളെ സുഖപ്പെടുത്തുവാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തോടൊപ്പം ഇനി ഒരിയ്ക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ തന്റെ കുടുംബത്തെ നേരിൽ കാണുവാൻ പോകുന്നതിന്റെ ആകാംക്ഷയും ആ മുഖത്ത് ഉണ്ടായിരുന്നു.
കാർ വീടിന്റെ ഗേറ്റ് കടന്നപ്പോഴെ അയാൾ കണ്ടു, ഉമ്മറത്ത് തന്നെ പ്രതീക്ഷിച്ച് നിൽക്കുന്ന തന്റെ ഭാര്യയേയും മകളേയും. അയാളെ കണ്ടതും മകൾ ഓടി അടുത്തു. അയാൾ മകളെ വാരി പുണർന്നു. അവൾ അച്ഛനെ ചുംബനങ്ങൾ കൊണ്ട് മൂടി. ശേഷം ഒരു കൊഞ്ചലോടെ അവൾ അച്ഛനോട് ചോദിച്ചു " അച്ഛനെന്താ മോളേയും അമ്മയേയും കാണാൻ വരാത്തത്? അച്ഛനെ കാണാതെ ഞാൻ ഒരുപാട് വിഷമിച്ചു " അയാൾ നിറമിഴികളുമായി നിൽക്കുന്ന തന്റെ ഭാര്യയെ നോക്കി. ശേഷം ഒരു നറുപുഞ്ചിരിയോടെ തന്റെ മകളുടെ നനുത്ത കവിളിൽ ചുംബിച്ചു.........

അതുല്യ എസ്
10 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ