ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

2009 ൽ ആണ് ഗവ എച്ച് എസ് എസ് മൈലച്ചലിൽ നിന്ന് മാരായമ‌ുട്ടം ഗവ എച്ച് എസ് എസ്സിലേക്ക് എച്ച് എസ് റ്റി (മാത്സ്) ആയി ഞാൻ ജോയിൻ ചെയ്തത്. കുട്ടികളുടെ എണ്ണം വളരെ കുറവായ മൈലച്ചൽ സ്കൂളിൽ നിന്ന് കുട്ടികൾ നിറയെ ഉള്ള മാരയമുട്ടം സ്കൂളിലേക്ക് വന്നപ്പോൾ വലിയ ആവേശം ആണ് എനിക്ക് തോന്നിയത്. വളരെ അധികം കാര്യങ്ങൾ ചെയ്യാനുള്ള അവസരം എന്ന നിലയിൽ ആണ് ഞാനതിനെ കണ്ടത്. ഗണിത ശാസ്ത്ര വിഭാഗം ശക്തമാക്കാൻ വേണ്ടിയുള്ള വിവിധ പ്രവർത്തങ്ങൾ സഹപ്രവർത്തകരുമായി ചേർന്ന് നടപ്പിലാക്കാൻ കഴിഞ്ഞു. ആദ്യം ഗണിതശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ സജീവമാക്കി, സ്കൂൾ തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.അതിലൂടെ ഉയർന്ന് വന്ന ഒരു കൂട്ടം കുട്ടികളെ നിരന്തര പരിശീലനത്തിലൂടെ, ഗണിത ശാസ്ത്രമൽസരത്തിൽ സബ്ജില്ലാ കിരീടവും ഹൈസ്കൂൾ ഹയർ സെക്കൻ്ററി കിരീടങ്ങളും ഒപ്പം ഒവറാൾ ചാമ്പ്യൻഷിപ്പും മാരായമുട്ടം സ്കൂളിന് തുടർച്ചയായി വർഷങ്ങളോളം നേടാൻ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന കാര്യമായി. അതിന് തുടർച്ചയായി, ഗണിത ശാസ്ത്ര വിഭാഗത്തിൽ സംസ്ഥാന തലത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തതിന്റെ അടിസ്ഥാനത്തിൻ എസ് എസ് എൽ സി, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ പരീക്ഷാ ഗ്രേസ് മാർക്കും കുട്ടികൾക്ക് നേടാനായി എന്നതും നേട്ടമായി. ഒപ്പം അക്കാഡമിക് പുരോഗതിക്ക് ഗണിത ശാസ്ത്രത്തിന് സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ സംഘടിപ്പിക്കാൻ സാധിച്ചു. എന്റെ സർവ്വീസ് ജീവിതത്തിനിടയിൽ, അതും കോറോണ കാലത്ത്, എച്ച് എം ഇല്ലായിരുന്ന കാലഘട്ടത്തിൽ പോലും സ്കൂളിനെ മുൻനിരയിൽ നിന്ന് കൊണ്ട്, എല്ലാ പേരേയും കൂട്ടിയോജിപ്പിച്ച്‌ പല കാര്യങ്ങളും സംഘടിപ്പിക്കാൻ കഴിഞ്ഞത് മറക്കാൻ കഴിയില്ല. പഴയ അധ്യാപകരെയുംഎച്ച് എം മാരെയും പൗരപ്രമുഖരെയും കണ്ട് പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ ഫോണ‌ുകൾ എത്തിച്ച് നൽകാനുൾപ്പെടെ ഉള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് മറക്കാൻ കഴിയില്ല. അതുപോലെ തന്നെയാണ് പുറത്തിറങ്ങാൻ കഴിയാത്ത കാലഘട്ടത്തിൽ വിക്ടേഴ്സ് ചാനലിൽ പത്താം ക്ലാസ്സിലെ ക‌ുട്ടികൾക്ക് ക്ലാസ്സ് എടുത്തത് മറക്കാൻ കഴിയില്ല. അതിൽ എന്റെ ആദ്യ ക്ലാസ്സിന് 15 ലക്ഷം കാണികൾ ഉണ്ട് എന്നത് അഭിമാനത്തോടെ ഓർക്കുന്നു. ഇതു പോലെ എന്റെ സർവ്വീസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നേട്ടങ്ങൾ കൈവരിക്കാൻ എന്നെ സഹായിച്ച സ്കൂളാണ് മാരായമുട്ടം ഗവ എച്ച് എസ് എസ്. ഈ സ്കൂളിനെ അന്താരാഷ്ട്ര സ്കൂളാക്കി മാറ്റാൻ ഉള്ള വലിയ പ്രവർത്തനത്തിലും ഞാൻ ഒരു ചെറിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. അങ്ങിനെ അങ്ങിനെ എന്റെ ഏറ്റവും നല്ല കൂട്ടുകാർ സ്കൂളിലാണ്, അവരുമായി സമയം ചിലവഴിക്കാനാണ് ,എനിക്ക് ഏറ്റവും സന്തോഷവും സംതൃപ്തിയും. അവസാനം 13 വർഷങ്ങൾക്ക് ശേഷം ഹെഡ്മാസ്റ്റർ ആയി പ്രമോഷൻ കിട്ടി മനസ്സില്ലാമനസ്സോടെ സ്കൂളിന്റെ പടിയിറങ്ങി. മറക്കാൻ കഴിയില്ല എന്റെ ഈ സ്കൂളിലെ ജീവിതം.

                                                                          ബിജു.ജെ
                                                                          ( റിട്ടയേർഡ് ഹെഡ്മാസ്റ്റർ)
                                                                          ഗവ എച്ച് എസ് എസ് പെരിങ്ങര
                                                                          തിര‌ുവല്ല