ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരിയിൽ പൊലിഞ്ഞ പനിനീർ പ‌ുഷ്‌പങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിൽ പൊലിഞ്ഞ പനിനീർ പ‌ുഷ്‌പങ്ങൾ

ഇന്ദിരാ, താനെന്താ ഇങ്ങനെയിരിക്കുന്നത് ? ഒരു നഴ്സായ താൻ ഇങ്ങനെ തകർന്നു പോയാലോ? ദേവൂനെ ആശ്വസിപ്പിക്കേണ്ടത് താനല്ലേ ആ താനിങ്ങനെ..... ഡോ.നിമയുടെ വാക്കുകൾ മുറിഞ്ഞുപോയി. അവരുടെ ഇടയിൽ എന്തെന്നില്ലാത്തൊരു നിശ്ശബ്ദത പരന്നു. എങ്ങും മൂകത മാത്രം.ഏവർക്കും നല്ല പരിചരണം നൽകി ആ ആശുപത്രിയിൽ എല്ലാവർക്കും താങ്ങും തണലുമായി മാറിയ ഇന്ദിരയ്ക്കും കൊറോണ ബാധിച്ചിരിക്കുന്നു. തലേന്നാൾ ചെറിയൊരു ശരീരാസ്വാസ്ഥ്യം തോന്നിയതിനാൽ അവൾ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. പിറ്റേന്നാണ് ഫലം പോസിറ്റിവ് ആണെന്നറിഞ്ഞത്. കൊറോണ കാരണം ഇന്ദിരയുടെ ഭർത്താവ് കൂലിപ്പണിക്ക് പോയിട്ട് ദിവസങ്ങളായി. അതുകൊണ്ടുതന്നെ ആ കുടുംബത്തിന് താൻ മാത്രമായിരുന്നു ഏകയാശ്രയം. എന്നാൽ ഇപ്പോൾ? ഇപ്പോൾ.... ആ അത്താണിയും എരിഞ്ഞില്ലാതാകാൻ പോകുന്നു. എല്ലാം അവളുടെ തലച്ചോറിൽ വേദനയുടെ ആശങ്കയുടെ തീക്ഷ്ണതരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ആ ശോകചിന്തകൾ അവളുടെയുള്ളിൽ നെരിപ്പോടായി, അത് തിളച്ച് കണ്ണിലൂടെ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് ഡോ.നിമയുടെ ആശ്വാസവാക്കുകൾ അവരെ മൂടിയത്. എന്തുപറയണമെന്നറിയാതെ കരയാൻ മാത്രമേ ഇന്ദിരയ്ക്ക് കഴിഞ്ഞുള്ളൂ. അവൾ ചോദിച്ചു: ഡോക്ടർ, ഇനിയൊരു മടങ്ങിവരവ് കാണില്ലേ? മരണത്തെ ഭയക്കുന്നതുകൊണ്ടല്ല, എൻറെ ദേവൂട്ടിടേം, രവിയേട്ടൻറെയും ഏകാശ്രയം ഞാൻ മാത്രമാ.. എന്റെ പൊന്നുമോളെ നന്നായി പഠിപ്പിക്കണം. അവളെ വലിയൊരു ഡോക്ടറാക്കണം എന്നതാ എന്റെ ആഗ്രഹം. അത് മാത്രമാ എന്റെ ജീവിതത്തിന്റെ അർഥം അതെനിക്ക് കാണാൻ കഴിയോ? ഇല്ലാല്ലേ? വീണ്ടും നിശ്ശബ്ദത. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ഇന്ദിരാ, സമാധാനാമായിരിക്ക്. തനിക്കൊന്നും സംഭവിക്കില്ല. തന്നെപ്പോലെ ഒരാൾക്ക് ചേരുന്നതല്ലാട്ടോ ഈ കരച്ചില്. താനിത്രക്ക് ടെൻസ്ഡ് ആയാലോ? ഇന്ദിരയുടെ ചങ്ക് പറിക്കുന്ന വാചകങ്ങൾ ഒരു മിന്നൽ പിണർ പോലെ തോന്നിച്ചെങ്കിലും അതൊന്നും പ്രകടമാക്കാതെ ഇത്രയും പറഞ്ഞ് ഒപ്പിക്കാനേ ഡോക്ടറിനു കഴിഞ്ഞുള്ളൂ. കരച്ചിലിൻറെ വക്കിലെത്തിയ അവർ കൂടുതലൊന്നും പറയാതെ അവിടെനിന്ന് പോയി. ഇന്ദിര തൻറെ ചിരകാലസ്മരണകളിലേക്ക് വേരുകളുറപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ തന്നെ കാത്തിരിക്കുന്ന തന്റെ പുന്നാരമകൾ ദേവു അന്നത്തെ ദിവസം തനിക്ക് നേരിട്ട പ്രശ്നങ്ങളും പരിഭവങ്ങളും കേൾക്കാൻ കാത് കൂർപ്പിക്കുന്ന തന്റെ രവിയേട്ടൻ സന്തോഷം നിറഞ്ഞ് തുളുമ്പുന്ന കൊച്ചുകുടുംബം. ഇതാ, എല്ലാം അവസാനിക്കുവാൻ പോകുന്നു. തനിക്കിനിയൊരു തിരിച്ചുവരവുണ്ടോ? അതോ ഈ വൻ മഹാമാരിയുടെ ചുഴറ്റിൽ തൻറെ അദ്ധ്യായവും അവസാനിക്കുമോ? എല്ലാം ദൈവനിശ്ചയം. പെട്ടെന്നൊരു നിമിഷം എവിടെനിന്നോ ഒരു ആത്മധൈര്യം അവളുടെ സിരകളിലൂടെ പ്രവഹിക്കുന്നതവളറിഞ്ഞു. ഇല്ല ഞാൻ തളരില്ല. ദേവൂട്ടിയേയും രവിയേട്ടനേയും ഒന്നുകൂടി കാണണം. അവരെ ആശ്വസിപ്പിക്കണം. എല്ലാം വിധിയുടെ വിളയാട്ടമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. അല്ലാതെയൊരു വൈറസ് കാരണം എന്റെ കുടുംബം ദുഃഖത്തിന്റെ അഗാധത്തിലേക്ക് താണുപോകാൻ ഞാൻ അനുവദിക്കില്ല. എനിക്ക് പകരം ദേവൂന് അവളുടെ അച്ഛനുണ്ട്. എനിക്ക് ചെയ്യാൻ കഴിയാത്ത ആതുരപ്രവർത്തനങ്ങൾ അവൾ ചെയ്തുകൊള്ളും. അല്ലാതെ അതിനെപ്പറ്റി വ്യസനിക്കുന്നതിലർഥമില്ല. ഈ വാക്കുകൾ അവളുടെ അന്തരാത്മാവിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു. ഇതിനകം തന്നെ അവളുടെ മനസ്സ് തരളിതമായി. എത്രയോ പേർ ഈ മഹാമാരിയുടെ വലയത്തിലകപ്പെട്ടിരിക്കുന്നു. എത്രയോ പേർ അതിന്റെ കുടുക്കുകളിൽ ഞെരിഞ്ഞമർന്ന് മരിച്ചിരിക്കുന്നു. എന്നാൽ ഒരുപാടു പേരുടെ ശുശ്രൂഷകയായ താൻ മരിക്കുന്നത് ഒരഭിമാനം തന്നെയാണ്. അവൾ സ്വയം മന്ത്രിച്ചു. പതിയെ പതിയെ അവളുടെ ചിന്തകൾ മുറിഞ്ഞു. എപ്പോഴോ നിദ്ര അവളെ ബന്ധനസ്ഥയാക്കി. ഉറക്കത്തിലേക്ക് അവൾ വഴുതി വീണു. ഉറക്കത്തിന്റെ യാമങ്ങളിൽ അവൾ ഒരു സ്വപ്നവും കണ്ടു. ഹേമന്ദരാവിൽ ഒരു പൂന്തോട്ടത്തിൽ തന്റെ മകൾ തനിക്ക്കുറേ പനിനീർ പുഷ്പങ്ങൾ സമ്മാനിക്കുന്നു. ചുവന്ന് തുടുത്ത റോസാപ്പൂക്കൾ ഇരുളിലേക്ക് നീങ്ങുന്ന അമ്മയ്ക്ക് മകൾ നൽകുന്ന അവസാന സമ്മാനം............... ചുടുകണ്ണീർ തുള്ളികളാൽ തഴുകപ്പെട്ട ശാരോനിലെ പനിനീർപുഷ്പങ്ങൾ........................................

കാവ്യ
9 B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ