ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/നാടോടിക്കലകളും അനുഷ്ഠാനങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
നാടോടിക്കലകളും അനുഷ്ഠാനങ്ങളും

താലപ്പൊലി

സാധാരണയായി ഭദ്രകാളി ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി നടത്തുന്ന ഒരു അനുഷ്ഠാനമാണിത്.എട്ടുവയസ്സു വരെ പ്രായമുള്ള പെൺകുട്ടികൾ വ്രതശുദ്ധിയോടെ ചമയങ്ങളിട്ട് താലത്തിൽ അവിൽ,പൊരി,മലർ,പഴം,കരിക്ക്,കമുകിൻപൂക്കുല എന്നിവയോടെ ആറാട്ടു കഴിഞ്ഞു വരുന്ന ദേവിയെ സ്വീകരിക്കുന്നതാണ് ചടങ്ങ്.

കുത്തിയോട്ടം

പന്ത്രണ്ടുവയസിനു താഴെ പ്രായമുള്ള ബാലന്മാരെ ഭദ്രകാളി ക്ഷേത്രത്തിലേയ്ക്ക് ആനയിക്കുന്ന ചടങ്ങാണിത്.കൊടിയേറ്റു മുതൽ വ്രതശുദ്ധിയോടെ ഇവർ ദേവിയ്ക്കരികിൽ വസിക്കുന്നു.വയറിന് ഇരുവശത്തും ചൂരൽ കുത്തുന്നതാണ് ചടങ്ങ്.ക്ഷേത്രത്തെ മൂന്നു പ്രാവശ്യം വലം വയ്ക്കുന്നതോടെ ചടങ്ങു കഴിയും.

പറണേറ്റ്

കാളിയും ദാരികനുമായിട്ടുള്ള ആകാശപ്പോരാണ് പറണേറ്റ്.ക്ഷേത്രവളപ്പിൽ തെങ്ങിൻതടിയിൽ കാളിയ്ക്കും കമുകിൻതടിയിൽ ദാരികനും പറണ് തയ്യാറാക്കുന്നു.ഇരുവരും പരസ്പരം പോർവിളി മുഴക്കും.തുടർന്ന് കാളി ദാരികനെ പോരിനു വിളിക്കും.അടുത്ത നാൾ നിലത്തിൽപ്പോരാണ് നടക്കുന്നത്.ഏഴാംപ്പോരിൽ വാൾ കൊണ്ട് ദേവി ദാരികന്റെ തലയറുക്കുന്നതോടെ പോര് അവസാനിക്കുന്നു.

കാക്കാരിശ്ശി

പണ്ട് കാലങ്ങളിൽ ക്ഷേത്രോത്സവങ്ങളുടെ ഒഴിച്ചുകൂട്ടാൻ സാധിക്കാത്ത ഒരു കലാരൂപമായിരുന്നു കാക്കാരിശ്ശി നാടകം.സംഗീതം,വാദ്യമേളം,നൃത്തം,അഭിനയം എന്നിവയെല്ലാം കൂടിച്ചേരുന്ന ഒരു നാടോടി നാടകമാണിത്.

നൃത്തത്തിന്റെ ചുവടുകളും കായികാഭ്യാസപ്രകടനങ്ങളും കാക്കാരിശ്ശിയ്ക്ക് കലാമേന്മ പകരുന്നു.കാക്കാനും കാക്കാത്തിയുമാണ് അവതരണം നടത്തുന്നത്.

തുമ്പിതുള്ളൽ

ഓണക്കാലത്തും തിരുവാതിരയ്ക്കും പെൺകുട്ടികൾ നടത്തിയിരുന്ന ഒരു കലയാണിത്.ഒരാളെ നടുക്കിരിത്തിയശേഷം മറ്റുള്ളവർ ചുറ്റും വട്ടം കൂടി നിന്ന് പാട്ട് പാടുമ്പോൾ താളം മുറുകുന്നതനുസരിച്ച് നടുക്കിരിക്കുന്ന പെൺകുട്ടി ഉറഞ്ഞുതുള്ളാനാരംഭിക്കും.നടുക്കിരിക്കുന്നത് തുമ്പിയെന്ന് കണക്കാക്കുന്നതിനാലാണ് ഇതിനെ തുമ്പിതുള്ളൽ എന്ന് വിശേഷിപ്പിക്കുന്നത്.

ചാറ്റുപാട്ട്.

നെയ്യാർവനത്തിലെ കാണിക്കാർക്കിടയിൽ ശുദ്ധികർമ്മവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആചാരമാണിത്.ചാറ്റുനടത്താനുള്ള വായ്പ്പാട്ടാണ് ചാറ്റുപ്പാട്ട്.എന്തിനും ശുദ്ധിവരുത്താനായി ചാറ്റുപാട്ട് നടത്തിയാൽ മതിയെന്നായിരുന്നു വിശ്വാസം,