ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഓർമ്മയിലെ പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയിലെ പുഞ്ചിരി

പടിഞ്ഞാറു തേ‍‍ടിപ്പോകും കതിരോൻ തലയ്ക്കുമീതെ
കരുണയില്ലാതെ വാഴുമൊരുച്ചനേരം
ദേവദൂതർ തൂവെള്ളത്തേരോടി വന്നൂ മുറ്റത്തപ്പോൾ
സ്വർഗ്ഗരാജ്യവാതിൽ കൊട്ടിയടയ്ക്കുവാനായ്.

വിജനവീഥികൾ താണ്ടിയെത്തീ ആശുപത്രിയൊന്നിൽ
ഭയാശങ്കകൾ തണുപ്പിന്മേലേറിവന്നു
സ്വപ്നജാലകത്തിലൂടെ വർത്തമാനം വീക്ഷിച്ചുകൊ-
ണ്ടർദ്ധബോധാവസ്ഥയിൽ ‍‍ഞാനെങ്ങോ പായുന്നൂ.

ഐസൊലേഷൻ വാർഡിലൊന്നിൽ കിടന്നുകൊണ്ടെൻ കണ്ണുകൾ
അർദ്ധരാത്രി ബാല്യകാലം തേടിപ്പറന്നൂ.
പനിച്ചു പൊരിയുമെന്റെ തിരുനെറ്റി തണുപ്പിക്കു-
മമ്മതൻ പു‍ഞ്ചിരി തന്റെ സുഖമറിഞ്ഞു.

ജാലകത്തിലൂടെൻ മേലേയ്ക്കലിവിൻ നൂലെറിഞ്ഞുകൊ-
ണ്ടാദിത്യൻ വരവായ്... നേരം പുലരുകയായ്...
ക്ഷീണിതനാമെന്നെ നോക്കിക്കളിയാക്കും കാറ്റിനെ ഞാ-
നൊറ്റയ്ക്കിരുന്നുള്ളിന്നുള്ളിൽ പഴിപറഞ്ഞു.

മൂടിപ്പുതച്ചെന്റെ മുറിയ്ക്കുള്ളിലെത്തും മനുഷ്യർതൻ
കണ്ണുകളിലെൻ ഭാവി ഞാൻ വായിച്ചെടുത്തു.
പേടിവേണ്ടെന്നോതുംനേരം കൂരിരുട്ടിൻ കാട്ടിൽ
വഴികാട്ടികളെ കണ്ടെത്തുന്നൊരുവനെപ്പോൽ ഞാൻ

സൂചിമുന കുത്തിമടങ്ങുമ്പോൾ മൊഴിയുന്ന കൊച്ചു-
വാക്കുകളിൽ പോലും ഞാനാശ്വാസം കണ്ടെത്തി.
സുഖം തേടിയലയുമ്പോൾ,ആഴികളിലുഴലുമ്പോൾ
കൺമുന്നിലെ സ്വർഗ്ഗം കാണാമൂഢർ നാമെല്ലാം.

രോഗശാന്തി നേടി ഞാനെൻ വീ‍‍‍‍ട്ടിലേയ്ക്കു മടങ്ങുമ്പോൾ
യാത്രയയ്ക്കാനായവർ അണിനിരന്നു.
മന്നിലെ മാലാഖമാർതൻ കനിവിൻ വദനങ്ങളിൽ
അമ്മതൻ പുഞ്ചിരി ഇന്നു വീണ്ടും കണ്ടൂ ഞാൻ.

                     -------------------------------------

വിസ്മയ.വി.എസ്
9 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത