ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ആധുനികലോകത്തിൽ രോഗപ്രതിരോധത്തിന്റെ പങ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ആധുനികലോകത്തിൽ രോഗപ്രതിരോധത്തിന്റെ പങ്ക്

രോഗപ്രതിരോധം എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എന്താണ്? രോഗാണു നമ്മിൽ പ്രവർത്തിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ പ്രതികരണങ്ങളുടെ ഒരു സമന്വയമാണ് രോഗപ്രതിരോധം (Immunization). സ്വാഭാവികമായി ശരീരത്തിൽ ഉണ്ടാകുന്ന പ്രതിരോധവും വാക്സിൻ കുത്തിവെപ്പുകൾ (Vaccination) നൽകിയും രോഗപ്രതിരോധശക്തി നേടാവുന്നതാണ്. ആധുനിക യുഗത്തിൽ പലതരത്തിലുള്ള രോഗങ്ങൾ നമ്മെ മാരകമായി ബാധിക്കുന്നു. അതിനാൽ രോഗപ്രതിരോധം എന്ന വിഷയം വളരെയേറെ പ്രാധാന്യമർഹിക്കുന്നു.

മനുഷ്യനുണ്ടായ കാലം മുതൽ തന്നെ രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടും രോഗാണുക്കളുടെ പ്രവർത്തനം കൊണ്ടും രോഗങ്ങൾ നമ്മെ കീഴടക്കാറുണ്ട്. ജീവിതശൈലീരോഗങ്ങളെ ചിട്ടയായ ആഹാരക്രമത്തിലൂടെയും വ്യായാമം, ഉറക്കം എന്നിവ ക്രമപ്പെടുത്തുന്നതിലൂടെയും പരിഹരിക്കാവുന്നതാണ്. എന്നാൽ രോഗാണുക്കളുടെ ആക്രമണം തടയാൻ ഇതുമാത്രം പോരാ. രോഗാണുക്കൾ പലതരത്തിൽ ഭൂമിയിൽ കാണപ്പെടുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങി പലവിധ സൂഷ്മാണുക്കൾ നമ്മെ ദോഷകരമായി ബാധിക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ രോഗത്തെ നേരിടുന്നതിന് സ്വാഭാവികമായി ഒരു പ്രതിരോധസംവിധാനം ഉണ്ട്. രക്തത്തിലെ വിവിധയിനം കോശങ്ങളായ ലിംഫോസൈറ്റ്സ് (Lymphocytes), ഇസിനോഫിൽസ് (Eosinophils) തുടങ്ങിയവ ഇതിനു സഹായിക്കുന്നു. കൂടാതെ ഒരു രോഗാണു ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെതിരായി ആന്റിബോഡികൾ (Antibodies) ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നു. അങ്ങനെ രോഗാവസ്ഥയിൽ നിന്നും മുക്തി നേടാനും കഴിയുന്നു. ശാസ്ത്രജ്ഞരുടെ ദീർഘനാളത്തെ പ്രയത്നഫലമായി ചില രോഗങ്ങൾക്ക് വാക്സിനുകൾ (Vaccines) കണ്ടുപിടിക്കുകയും മാരകമായ പല രോഗങ്ങളെയും ഈ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. ആരോഗ്യമുള്ള ജനതയാണ് രാഷ്ട്രത്തിന്റെ ശക്തി. പ്രതിരോധമാണ് പ്രതിവിധിയെക്കാൾ ഉത്തമം എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ രോഗം തടയാം. ശുചിത്വം പാലിക്കുക, ശുദ്ധജലം ഉപയോഗിക്കുക, നല്ല പോഷകഭക്ഷണം ഉറപ്പുവരുത്തുക, വ്യായാമം ചെയ്യാൻ ശീലിക്കുക, നന്നായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കുക, കൃത്യമായി വൈദ്യപരിശോധന നടത്തുക എന്നീ മാർഗങ്ങളിലൂടെ ഒരു പരിധിവരെ രോഗങ്ങളിൽ നിന്നും അകന്നുനിൽക്കാൻ നമുക്ക് കഴിയും. ആരോഗ്യമുള്ള മനസ്സിൽ നിന്നേ ആരോഗ്യമുള്ള ശരീരം ഉണ്ടാകൂ.

രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും ഒരു പ്രതിരോധ വ്യവസ്ഥ എല്ലാ ജീവികളിലും കാണാം. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികൾക്കു പോലും രോഗത്തെ പ്രതിരോധിക്കാൻ എൻസൈമുകൾ (Enzymes) ഉണ്ട്. ഹാനികാരകങ്ങളായ വസ്തുക്കളെ വിഴുങ്ങി നിർവീര്യമാക്കാൻ പ്രാപ്തമായ കോശങ്ങൾ പ്രതിരോധ സംവിധാനത്തിൽ ഉണ്ട് (Phagocytes). മനുഷ്യനുൾപ്പടെയുള്ള ജീവികളിൽ രോഗകാരികളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും അതിനുള്ള പ്രതിപ്രവർത്തനങ്ങൾ ശരീരത്തിൽ നടത്തുന്നതിനും സഹായിക്കുന്ന ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട് (Acquired Immunity). ഇത്തരം പ്രതിരോധ വ്യവസ്ഥയുടെ തകരാറുമൂലം ഓട്ടോ ഇമ്യൂൺ (Auto Immune) അസുഖങ്ങൾ, അർബുദങ്ങൾ, ജനിതകരോഗങ്ങൾ എന്നിവ ഉണ്ടാകുകയും നമ്മുടെ ജീവനു തന്നെ ഭീഷണിയാവുകയും ചെയ്യുന്നു. ഉദാഹരണമായി HIV എന്ന രോഗം പ്രതിരോധസംവിധാനത്തെ തകർക്കുകയും ചില ഘട്ടങ്ങളിൽ രോഗപ്രതിരോധ വ്യവസ്ഥ ശരീരത്തിനെതിരെ തിരിയുന്ന ഘട്ടങ്ങളും ഉണ്ടാകാറുണ്ട്.

ശുദ്ധജലവും ശുചിത്വവും പോലെ അനേകം മനുഷ്യരുടെ ജീവൻ രക്ഷിക്കുന്ന നടപടികളിൽ ഒന്നാണ് പ്രതിരോധ കുത്തിവെപ്പുകൾ (Vaccines). പലതരത്തിലുള്ള പ്രതിരോധ മരുന്നുകൾ ഇന്നുണ്ട്. കുട്ടികൾ ജനിക്കുന്നതു മുതൽ രോഗപ്രതിരോധശേഷിക്കു വേണ്ടി ഇത്തരം മരുന്നുകൾ നൽകാറുണ്ട്. BCG, OPV, MMR, TT, HPV, ആന്റിറാബിസ് (AntiRabis) വാക്സിൻ, HepB വാക്സിൻ തുടങ്ങിയ നിരവധി വാക്സിനുകൾ ഉപയോഗിക്കുന്നു. പോളിയോ, വസൂരി, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളെയെല്ലാം തുടച്ചു നീക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഡിഫ്തീരിയ (Diphtheria) എന്ന രോഗം വീണ്ടും നമ്മുടെ സമൂഹത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ക്ഷയം, മന്ത്, കുഷ്ഠം, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങളെ നിർവീര്യമാക്കാനുള്ള ശക്തമായ നടപടിയുമായി നമ്മുടെ ആരോഗ്യമേഖല മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന മഹാവിപത്താണ് കൊവിഡ് -19 എന്ന രോഗം. 2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തു. കൊറോണ ഗ്രൂപ്പിൽപ്പെട്ട ഒരു വൈറസ് പരത്തുന്ന ഒരു രോഗമാണ് കൊവിഡ് -19. ലോകാരോഗ്യ സംഘടന (World Health Organisation) ഇതിനു കൊവിഡ്-19 എന്ന പേര് നൽകി. Corona Virus Disease 2019 എന്നതിന്റെ ചുരുക്കപ്പേരാണ് കൊവിഡ് -19. 2020ൽ ഇതിനെ മഹാമാരിയായി WHO പ്രഖ്യാപിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ഇത് പകരുന്നത്. ലോകത്തുള്ള ഏകദേശം എല്ലാ രാജ്യങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ മരണത്തിന് കീഴടങ്ങി. രോഗവാഹകരെ കണ്ടെത്തുന്നതിന് പല ടെസ്റ്റുകളും കണ്ടുപിടിച്ചിട്ടുണ്ട്. രോഗിയുടെ സ്രവങ്ങളുടെ പരിശോധന, രക്തത്തിലെ ആന്റിബോഡി (Antibody) ടെസ്റ്റ് എന്നിവയിലൂടെ രോഗം തിരിച്ചറിയാവുന്നതാണ്. എന്നാൽ രോഗത്തിന്റെ മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അനേകം ഗവേഷണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നുവരുന്നുണ്ട്. വ്യക്തിശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, സർക്കാരിന്റെ നിർദേശം പാലിക്കുക, ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറുടെ സേവനം ഉറപ്പാക്കുക എന്നീ മാർഗങ്ങളിലൂടെ ഒരു പരിധിവരെ ഈ രോഗം മാറ്റിനിർത്താൻ കഴിയും.

ആധുനിക യുഗത്തിൽ മനുഷ്യൻ എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് നാഴികക്കല്ലായ ചൊവ്വാ ദൗത്യത്തിനു വരെ തയ്യാറായി നിൽക്കുന്ന മനുഷ്യനെ കേവലം നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഈ സൂഷ്മാണു നമ്മുടെ ഭൂമിയെത്തന്നെ കീഴടക്കിയിരിക്കുന്നു. ഇതിൽ നിന്നും ആരോഗ്യമേഖലയുടെ പ്രസക്തി എത്രത്തോളമാണെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിന്റെ ഘട്ടം ഘട്ടമായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ വിലമതിക്കാനാവാത്ത മാതൃകയാണ്. "പ്രതിരോധിക്കുക, അതിജീവിക്കുക" ഇതാവട്ടെ നമ്മുടെ ലക്ഷ്യം.

ശൃംഗ.ജെ.ഗിരി
10 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം