ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ മനുഷ്യാ ഒന്ന് നിൽക്കൂ
മനുഷ്യാ ഒന്ന് നിൽക്കൂ
എല്ലാത്തിന്റെയും ആരംഭം പ്രകൃതിയിൽ നിന്നാണ്. മനുഷ്യജീവിതവും അങ്ങനെ തന്നെ. പക്ഷെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാം പ്രകൃതിയെ പൂർണമായി മറക്കുന്ന ഒരു സ്ഥിതിയിലേക്ക് നീങ്ങുകയായിരുന്നു. ഒന്ന് ശ്വാസം വിടാൻ പോലും സമയമില്ലാതെ സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിൽ നാം ചുറ്റുപാടിലേക്ക് ഒന്ന് നോക്കാൻ പോലും മറന്നപോയി. പണ്ടത്തെ തലമുറയുമായി താരതമ്യം ചെയ്ത് പുതിയതലമുറയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പരിപാടിയാണ്. പക്ഷെ ഇത് പുതിയ തലമുറക്കാരായ നമ്മുടെ തെറ്റാണോ എന്നു ചോദിച്ചാൽ ഒരിക്കലും അല്ല, കാരണം നാം വളർന്നുവന്ന ചുറ്റുപാടും സമൂഹവുമാണ് നമ്മെ നാമാക്കി മാറ്റിയത്. എല്ലാതിനുമുള്ള പരിഹാരം നമ്മുടെ പ്രകൃതിയിൽ തന്നെ ഉണ്ടെന്ന് പൂർവികർ പറഞ്ഞിട്ടുണ്ട്. ഒന്നിനും തടഞ്ഞു നിർത്താൻ കഴിയില്ല എന്ന് വിശ്വസിച്ച മനുഷ്യജീവിതത്തെ പ്രളയം എങ്ങനെയാണ് തടഞ്ഞു നിർത്തിയത് എന്ന് കേരളീയ സമൂഹം കണ്ടതാണ്.പക്ഷെ അത് നമ്മുടെ കൊച്ചുകേരളത്തെ മാത്രമാണ് ഉലച്ചത്. എന്നാൽ ഇപ്പോൾ എല്ലാ അതിർ വരമ്പുകളെയും പിഴുതെറിഞ്ഞു ലോകത്തെങ്ങും പടർന്ന് "മനുഷ്യാ ഒന്ന് നിൽക്കൂ " എന്ന ആജ്ഞയോടുകൂടി രംഗപ്രവേശം നടത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. നമ്മുടെ സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ കണ്ണിൽ പോലും കാണാൻ കഴിയാത്ത ഈ ചെറിയ ജീവി വലിയ വെല്ലുവിളികളാണ് ഉയർത്തിയിരിക്കുന്നത്.പക്ഷെ ഇത് മനുഷ്യന് ഒരു തിരിച്ചറിവാണ്. പ്രകൃതി മനുഷ്യനെ തന്റെ വൈവിധ്യങ്ങളിലെ ഒരു വിഭാഗമായാണ് കണ്ടിട്ടുള്ളത്. എന്നാൽ മനുഷ്യൻ ജാതിമതഭേദങ്ങൾകൊണ്ട് അതിർവരമ്പുകൾ സൃഷ്ടിച്ചു. പക്ഷെ കൊറോണ ഇതൊന്നും കണക്കിലെടുക്കുന്നില്ല കേട്ടോ. നാം ഒന്നാണ് എന്ന സത്യത്തിന് വേറെ തെളിവൊന്നും വേണ്ടല്ലോ. സാങ്കേതികവിദ്യ ഉൾപ്പെടെ എല്ലാ മേഖലകളിലും നാം നമ്മുടെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കണ്ടുപിടുത്തങ്ങൾ നല്ലതാണ് , പക്ഷെ അത് ചുറ്റുമുള്ള മറ്റ് ജീവജാലങ്ങളെ കൂടി പരിഗണിച്ചു കൊണ്ടാകണം. നമ്മുടെ സുരക്ഷക്കായി നാമിപ്പോൾ വീടുകൾക്കുള്ളിൽ കഴിയുന്നു . നമുക്ക് എപ്പോഴുമുള്ള പരാതി ആയിരുന്നു സമയം ഇല്ല എന്നുള്ളത്. എന്നാലിന്ന് ധാരാളം സമയം നമുക്ക് മുന്നിലുണ്ട്. ഇന്ന് നിരത്തുകളിൽ വാഹനങ്ങളില്ല, മരം വെട്ടലില്ല , ദൈനംദിന ആഡംഭരങ്ങളൊക്കെ കുറഞ്ഞതോടെ അത് പ്രകൃതിയിൽ വരുത്തിയിരിക്കുന്നത് വലിയ മാറ്റങ്ങളാണ്. നമ്മുടെ മത്സരബുദ്ധി കുറച്ച മനസ്സിന് ഒരല്പം നന്മ നിറക്കാനുള്ള ഒരവസരം. ഈ നിമിഷത്തെയറിഞ് ഒന്ന് നന്നായി ശ്വാസമെടുക്കാനുള്ള ഒരവസരം ആണിത്. പുലർച്ചെ ഉദിച്ചു വരുന്ന സൂര്യനെ കൺകുളിർക്കെ കാണാം , ഇലകളുടെ മർമരം കേൾക്കാം , ചുറ്റുമുള്ള കിളികളെയും മരങ്ങളെയും ഒന്ന് താലോലിക്കാം , കുടുംബത്തെ നെഞ്ചോട് ചേർക്കാം. കൂടാതെ നാം ഒരിക്കലും മറക്കാൻ പാടില്ലാത്ത കുറച്ചുപേർ ഉണ്ട്. രാപ്പകൽ ഇല്ലാതെ നമുക്കായി അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകർ അവരെ എപ്പോഴും കൃതജ്ഞതയോടെ സ്മരിക്കാം. കഴിയുന്ന സഹായം നൽകാം. പോയ താളങ്ങൾ തേടുമ്പോൾ ലോകത്തു പ്രത്യാശ നിറക്കാനുള്ള ഊർജ്ജം ശേഖരിക്കാം. മനസ്സിലെ ഭയത്തെ പിഴുതെറിഞ്ഞു കരുത്തിനെ പ്രതിഷ്‌ടിക്കാം. മനുഷ്യർ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിച്ചവരാണ്. നാമിതിനെ നേരിടും. കാരണം നമ്മൾ മനുഷ്യരാണ് , ശക്തരാണ് . ഈ നിമിഷവും കടന്ന് പോകും.
സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |