ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തോടെ മുന്നേറാം

ആധുനിക ലോകത്തിൽ സാമൂഹിക ആരോഗ്യ വിദ്യഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നില്ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് ഒന്ന് കണ്ണു തുറന്നു നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്. പ്രാചീന കാലം മുതലേ നാം ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ മുൻപന്തിയിലായിരുന്നുവെന്ന് പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാകുന്നു. പക്ഷേ, വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും മലയാളികൾ പ്രാധാന്യം കല്പ്പിക്കുന്നില്ല. നമ്മുടെ ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹമായാലും ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ് ശുചിത്വം. ഇതെല്ലാം നമ്മുടെ ബോധനിലവാരത്തിൻറേയും കാഴ്ചപാടിൻറേയും പോരായ്മയാണ്. സ്വന്തം വീട്ടിലെ മാലിന്യം മറ്റ് ഒഴിഞ്ഞ പറമ്പുകളിലേക്കിടുന്നതും നിരത്ത് വക്കിൽ മാലിന്യകൂമ്പാരം സൃഷ്ടിക്കുന്നതുമായ മലയാളികൾ ഈ അവസ്ഥയിൽ തന്നെ തുടർന്നാൽ മാലിന്യകേരളം എന്ന ബഹുമതിക്ക് നാം വൈകാതെ അർഹരാകുക തന്നെ ചെയ്യും. എന്നാൽ മനുഷ്യരാശിക്ക് ഹാനികരമാകുന്ന ഈ അവസ്ഥയെ നാം മറികടക്കണം.ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ അശ്രദ്ധ മൂലം കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല.

വീടുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടൽ, മാർക്കറ്റ് എന്തിനു പറയുന്നു മനുഷ്യൻ എവിടെയെല്ലാം പോകുന്നു അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ സാധിക്കും.ശുചിത്വമില്ലായ്മ നാം ഒരു ഗൗരവപ്പെട്ട വിഷയമായി കണക്കാക്കാറില്ല.

റോഡ് നിരത്തിലെ ദുർഗന്ധം വമിക്കുന്ന മാലിന്യകൂമ്പാരങ്ങളും നമ്മെ പുച്ഛത്തോടെ നോക്കുകയാണ്. പൗരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ നമുക്ക് ശുചിത്വം ഉറപ്പാക്കാനാകൂ.

വൃത്തിഹീനമായ പൊതുയിടങ്ങളിൽ ജീവിക്കുന്ന കൊതുക്,എലി.കീടങ്ങള് തുടങ്ങിയവ പരത്തുന്ന രോഗങ്ങളും വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധികളും നമ്മുടെ ശുചിത്വബോധത്തിന്റെ അശ്രദ്ധയാൽ സംഭവിക്കുന്നതാണ്. നാം നമ്മുടെ ശരീരം ശുചിയാക്കുന്നതുപോലെ നാം നമ്മുടെ സമൂഹത്തേയും വൃത്തിയായി പരിപാലിക്കണം.

എന്നാൽ മാത്രമേ ഭൂമിയ്ക്ക് അതിൻറെ പച്ചപ്പും സൗന്ദര്യവും നിലനിർത്താനാകൂ.വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാദികളെ ഒരു പരിധി വരെ ഒഴിവാക്കുവാൻ സാധിക്കും. ശുചിത്വം ഒരു സംസ്കാരമായി തിരിച്ചറിഞ്ഞ്, ഓരോരുത്തരും തൻറെ കടമയായി സ്വീകരിച്ച് ശുചിത്വത്തോടു കൂടിയെ പ്രവർത്തിക്കുകയുള്ളൂ എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം

ഗോപിക കെ നായർ
7K ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം