ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൈറസിനെ ശുചിത്വത്തിലൂടെ പ്രതിരോധിക്കാം

വൈറസിനെ ശുചിത്വത്തിലൂടെ പ്രതിരോധിക്കാം

പൊതുസ്ഥലത് തുപ്പരുത്. അത് ശിക്ഷാർഹമാണ്. കൊറോനയെ പ്രതിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ക് ഡൗൺ കാലത്തെ ഏറ്റവും പ്രധാനമായ മാർഗ്ഗനിർദ്ദേശങ്ങളിൽ ഒന്നാണിത്. പൊതുസ്ഥലങ്ങളിൽ തുപ്പരുത് എന്ന് അറിയാത്തവരില്ല. അത്തരം അറിവുകൾ നമ്മുടെ നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെ പഠിപ്പിക്കുന്നുമുണ്ട്. എന്നാൽ പാലിക്കപ്പെടുന്നില്ല. പൊതുസ്ഥലങ്ങളിൽ തുപ്പുക എന്ന രോഗവാഹിനിയായ ദുശീലത്തെ തടയാൻ നാം തയ്യാറാവാത്തത് ആണ് പ്രശ്നം. മരുന്നില്ലാത്ത കോവിഡ്‌ ഭീതിയുടെ പശ്ചാത്തലത്തിൽ ഈ ദുശീലങ്ങൾ നിർത്തിയേ തീരു.

ശുചിത്വം പുതിയ കാലത്തിന്റെ പ്രതിരോധം തന്നെയാണ്. 2014 ഗാന്ധിജയന്തി ദിനം മുതൽ വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന ലക്‌ഷ്യം മുൻനിർത്തി സ്വച്ചഭാരത് മിഷൻ എന്ന പരിപാടിയും കേന്ദ്ര സർക്കാരിന്റെ സ്വച്ചഗ്രഹ എന്ന സ്കൂൾ കുട്ടികൾക്കായുള്ള പരിപാടിയും നടത്തിവരുന്നു. ശുചിത്വത്തിനായി വർഷത്തിൽ 100 മണിക്കൂർ സ്വമേധയാ ജോലി ചെയ്യുമെന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതിജ്ഞ മാത്രമായിരുന്നോ അത് എന്ന് ചിന്തിക്കാൻ നാം വൈകിപ്പോയി. കാരണം മലിന്യമുക്തമായ ഭാരതത്തിൽ നിന്ന് നാം എത്ര അകലെയാണ് എന്ന് കണ്ടെത്താൻ പഠനറിപ്പോർ്‌ട്ടുകളുടെയൊന്നും ആവശ്യമില്ല. നമ്മുടെ നാട്ടിലേക്ക് ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മതി. പദ്ധതികൾ മാത്രം പോരാ . അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി ആയിരിക്കണം അടിസ്ഥാനം.

നമ്മൾ താമസിക്കുന്ന വീടിന്റെ അകത്തു നമ്മൾ തുപ്പാറില്ല , മലിനമാക്കാറില്ല. കാരണം അത് നമ്മുടെ വീടാണ്. തുപ്പാൻ തോന്നാത്ത വിധം പൊതുസ്ഥലങ്ങൾ പരിപാലിക്കുക എന്നത് മുകളിൽ നിന്നുള്ള ഒരു ഉത്തരവ് കൊണ്ടുമാത്രം നടപ്പാക്കില്ല. ഓരോ തവണ നാം പൊതുസ്ഥലങ്ങൾ മലിനമാക്കുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടത്തിൽ ആക്കുന്നത് എന്ന ബോധത്തിലേക്ക് ഒരു ജനത ഉണർന്നെ തീരു. അല്ലാതെ കൊറോണയെ പോലുള്ള വൈറസിനെ തുരത്താൻ നമുക്ക് കഴിയില്ല.

ഈ വേനൽ കഷ്ടിച്ചു ഒന്നരമാസം കൂടിയേ ഉള്ളു. അടിസ്ഥാന ശുചീകരണ പ്രവർത്തനം നിലച്ച ഇടുക്കിയിൽ ഡെങ്കിപ്പനി പടരുന്നതിന്റെ ആശങ്കാജനകമായ വാർത്ത പുറത്തു വന്നുകഴിഞ്ഞു. ശ്രദ്ധ മുഴുവൻ കോവിഡിനെ പിടിച്ച നിർത്താൻ തിരിഞ്ഞപ്പോൾ മറ്റ് രോഗങ്ങൾ കടന്ന് വരുന്നത് കണ്ടില്ല എന്ന് വെയ്ക്കാനാകില്ല. മഴയുടെ മുന്നൊരുക്കമായ സമയമാണിത്. പൊതു സ്ഥലങ്ങളിൽ തുപ്പുന്നവർക്കെതിരെ മാത്രം അല്ല, തെരുവിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും കർശനമായ നടപടി ഉണ്ടാവണം. രോഗങ്ങളുടെ വളർത്തു കേന്ദ്രങ്ങളാണ് ഇത്തരം മാലിന്യ നിക്ഷേപണ കേന്ദ്രങ്ങൾ. ഇപ്പോൾ ഒത്തുപിടിച്ചു പ്രവർത്തിച്ചാൽ നമുക്ക് രക്ഷപ്പെടാം. ഇല്ലെങ്കിൽ കോവിടുമായി ചേർന്നു മഴക്കാലം ദുരിതത്തിലാകും. എല്ലാ മഴക്കാലവും പനിക്കാലം കൂടിയാണ്. എന്തുതരം പനി എന്ന് തിരിച്ചറിയുന്നതും കണ്ടെത്തുന്നതും മഴക്കാലത്തു ദുഷ്‌ക്കരമാണ്. അതുകൊണ്ട് മാലിന്യമുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജമാക്കാൻ ഈ കോവിഡ്‌ കാല അടച്ചുപൂട്ടൽ വിനിയോഗിക്കേണ്ടതാണ്. ഇതിലൂടെ നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് ഇത്തരം വൈറസുകളെ പിടിച്ചുകെട്ടാൻ സാധിക്കൂ.

അനഘ സുരേഷ്
9 D ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം