ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/അറിയാതെ പോയ ചിന്തകൾ

അറിയാതെ പോയ ചിന്തകൾ

കനത്ത മഴ . മരങ്ങൾ കാറ്റിൽ ആടിയുലയുന്നു. ഇലകളെല്ലാം കൊഴിഞ്ഞ് കാറ്റത്ത് പാറിപ്പറന്നു. കിടക്കാൻ ഒരിടം തേടി നടക്കുന്ന ആ മനുഷ്യൻ ഒടുവിൽ ഒരു കട വരാന്തയിലെത്തി . അവിടെ കുറച്ചു ഭാഗത്ത് വെള്ളം വീണിട്ടില്ലായിരുന്നു.പക്ഷെ അവിടെ ഒരു അമ്മപ്പട്ടിയും കുഞ്ഞുങ്ങളും കിടപ്പുണ്ടായിരുന്നു. "അയ്യോ ഞാനിനി എന്ത് ചെയ്യും?. ഞാൻ അവിടെച്ചെന്ന് കിടക്കുമ്പോഴെങ്ങാനും അവറ്റകൾ പുറത്തെങ്ങാനും എടുത്ത് ചാടുമോ?." അയാൾ വിചാരിച്ചു. അയാളുടെയും ആ പട്ടികളുടെയും അവസ്ഥ ഒരുപോലെ ആയതുകൊണ്ടായിരിക്കാം അവർ അയാളെ ഒന്നും ചെയ്യാതിരുന്നത് .
നേരം വെളുത്തു. പട്ടിക്കുഞ്ഞുങ്ങൾ എല്ലാം പാറിപ്പറക്കുന്ന കുരുവികളെ പോലെ തുള്ളിക്കച്ചാടി കളിക്കുന്നു. "ങ്ങ്ഹേ, നേരം വെളുത്തോ? ഹോ ..." ഇന്നലത്തെ മഴയുടെ തണുപ്പിൽ ഞാൻ അറിയാതെ കുറച്ചു നേരം കൂടുതൽ ഉറങ്ങിയെന്നാ തോന്നുന്നത്. പക്ഷെ നേരം ഇത്രയായിട്ടും എന്താ ആരെയും കാണാത്തത് ? ചീറിപ്പായുന്ന വണ്ടികളെയും കാണാനില്ല , ഒരു കടയും തുറന്നില്ലല്ലോ,ധൃതി വെച്ചോടുന്ന ആളുകളെ പോലും കാണാനില്ല, അയാൾ വിചാരിച്ചു.അപ്പോഴാണ് അയാൾ ആ കാഴ്ച കണ്ടത്. ഒരാൾ വായ മൂടി കെട്ടി വരുന്നു. അയാളുടെ അടുത്ത് കാര്യം അന്വേഷിക്കാൻ ചെന്നു ."അതേ , ഒന്ന് നിൽക്കൂ. എന്താ ഇവിടെ ആരെയും കാണാത്തത്" അയാൾ ചോദിച്ച്‌ തീരും മുൻപ് തന്നെ വായ മൂടിയ ആൾ വിളിച്ചുകൊണ്ടോടി "കൊറോണാ.... കൊറോണാ ... "ഇത് കേട്ട് അയാൾ സ്തംഭിച്ചു നിന്നു. എന്താ ഈ കൊറോണ അയാൾക്കു ഒന്നും മനസിലായില്ല.
അപ്പോഴാണ് തന്നെപ്പോലെ കുറെ കാലമായി വെയിലേറ്റും മഴ നനഞ്ഞും ഈ നഗരത്തിലൂടെ അലഞ്ഞു നടക്കുന്നവരെല്ലാരും എങ്ങോട്ടോ ഓടിപ്പോകുന്നു. എന്തിനാ എല്ലാവരുംകൂടി അവിടെ കൂട്ടം കൂടി നിൽക്കുന്നത് ? സംശയങ്ങൾ അയാളുടെ മനസ്സിൽ നിറഞ്ഞു.വിശപ്പ് കാരണം ഒരടി വെയ്ക്കാൻ വയ്യ എങ്കിലും അയാൾ അങ്ങോട്ട് നടന്നു .
കുറേ പോലീസുകാർ കയ്യിൽ കുറേ പൊതിയുമായി നിൽക്കുന്നു."എന്താ അവരുടെ കയ്യിൽ ഇരിക്കുന്നത്?." അയാൾ തൊട്ടടുത്ത് നിന്നയാളോട് ചോദിച്ചു."അറിയില്ല. നോക്കാം.." മറ്റെയാൾ പറഞ്ഞു . ഒരു പോലീസുകാരൻ കയ്യിലിരുന്ന പൊതി നേരെ നീട്ടി . തുറന്നു നോക്കിയപ്പോൾ കണ്ടത് തുമ്പപൂപോലുള്ള ചോറും പിന്നെ കുറേ കറികളും .എല്ലാവരുടെ മനം സന്തോഷം കൊണ്ട് നിറഞ്ഞു."നിങ്ങളിനിയാരും വെയിലേറ്റും മഴനനഞ്ഞും ഇവിടെ അലഞ്ഞു നടക്കേണ്ട.നിങ്ങൾക്കു വേണ്ടിയാണ് ഈ പൊതിച്ചോറ്,കഴിച്ചോളു." ഇത്രയും പറഞ്ഞ് പോലീസുകാർ അവിടെ നിന്ന് പോയി.
വൈകുന്നേരമായി. ഭക്ഷണം കഴിച്ച് ക്ഷീണം കാരണം അവർ ഒന്ന് മയങ്ങിപ്പോയി. ഉറങ്ങി എഴുനേൽക്കുമ്പോൾ അതാ ഉച്ചക്ക് വന്ന അതേ പോലീസ് ജീപ്പും കൂടെ ഒരു കാറും ബസും വരുന്നു. അതിൽ നിന്ന് കുറച്ചു ആൾകാർ ഇറങ്ങി.
കാറിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ ഇറങ്ങി വന്ന് പറഞ്ഞു " നിങ്ങളെ ഒരു സ്ഥലത്തേക്ക് കൊണ്ട് പോവുകയാണ്. കൊറോണ എന്നൊരു അസുഖം ലോകമൊട്ടാകെ പടർന്നു പിടിച്ചിരിക്കുകയാണ്. അത് കൊണ്ട് നിങ്ങക്ക് അസുഖം വരാതിരിക്കാൻ അധികാരികൾ ചില മുൻകരുതലുകൾ എടുത്തിട്ടുണ്ട്. അതിനാൽ എല്ലാവരെയും ഈ ബസിൽ കയറ്റി ഞങ്ങൾ ഒരു സ്‌ഥാപനത്തിൽ എത്തിക്കും ".
ഇത്രയും പറഞ്ഞു എല്ലാവരെയും ബസ്സിൽ കയറ്റി . അവിടെ എത്തിയപ്പോൾ എല്ലാവർക്കും അവശ്യമായ കിടക്കകളും മറ്റു സാധനങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു . കുറച്ചു പ്രവർത്തകർ വന്നിട്ട് പറഞ്ഞു ," ഇതാ നിങ്ങൾക്കുള്ള വസ്ത്രങ്ങളും, മറ്റു സാധനങ്ങളും . നിങ്ങൾ പരസ്പരം അകലം പാലിക്കണം എപ്പോഴും എല്ലാവരും ശുചിയായിരിക്കണം.ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകണം.എന്നാലേ ഈ രോഗത്തിന്റെ അണുക്കളെ തുരത്താനാകൂ."
നേരം പുലർന്നു വരുന്നതേയുള്ളു . തന്റെ ജീവിതത്തിൽ ഇത്രയും നാൾ കിട്ടാതിരുന്ന സംരക്ഷണ ചൂടിൽ അയാൾ ...... ജനാലയ്ക്കരികിൽ നിൽക്കുന്ന ചെമ്പകത്തിലെ കൂട്ടിൽ നിന്ന് കുഞ്ഞിക്കുരുവികൾ അകലേക്ക് കുഞ്ഞിച്ചിറകുകൾ വീശി പാറുന്നു .

ഗായത്രി രാജേഷ്
6B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ