ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/കൃതജ്ഞത

Schoolwiki സംരംഭത്തിൽ നിന്ന്
കൃതജ്ഞത 

ഭ്രാന്തി ....ഭ്രാന്തി ....ഭ്രാന്തി .ചെവിയിൽ പൊടുന്നനേ ഒരടി വീണ പോലെ അവൾ ചാടിയെഴുന്നേറ്റു .കഷ്ട്ടപ്പെട്ടു ശ്വാസമെടുത്തു കണ്ണുകൾ തുറന്ന് നോക്കുമ്പോൾ ഇന്നലെ വിരിച്ച കീറിയ ചാക്കിന്റെ അറ്റം പിടിച്ചു വലിക്കുന്ന  മുസിയെയാണ് കണ്ടത്  . അവൾക്കും ഇന്നലെ ഒന്നും കിട്ടിയിരുന്നില്ലല്ലോ കൊറോണയാണത്രെ.  ഏതോ മഹാമാരി. അതെന്താണെന്നറിയില്ല  എന്തായാലും വിജനമായ ഈ നഗരത്തിൽ ഭ്രാന്തി എന്ന വിളികളെ കേൾക്കക്കേണ്ടതില്ലല്ലോ .എന്നിരുന്നാലും കുടുംബത്തിനാലും സമൂഹത്തിനാലും അവഗണിക്കപ്പെട്ട അവൾക്ക് തെരുവ്  എപ്പോഴൊക്കെയോ ഒരു കൂടപ്പിറപ്പിനെ പോലെ തോന്നിച്ചിരുന്നു .

അവൾ എഴുന്നേറ്റ് ചാക്കിനെ മടക്കി ഭാണ്ഡത്തിൽ വെച്ച് വേച്ചു വേച്ചു നടന്നു , പുറകെ എല്ലുകൾ വരച്ചെടുക്കാൻ പാകത്തിൽ പുറമേ തൊലി തേച്ചു വെച്ച പോലെ തോന്നുന്ന ആ പൂച്ചയും. തെരുവ് വിളക്കിന്റെ സമീപത്തേക്ക് നടന്നു നീങ്ങുമ്പോൾ രണ്ടു കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്ന പോലെ തോന്നിയ അവൾ പതിയെ തിരിഞ്ഞു നോക്കി .അതൊരു പോലീസ് ആയിരുന്നു .പേടിച്ചു വിറച്ച അവൾ അവിടെ കണ്ട അടച്ചിട്ട ഒരു കടയുടെ മുന്നിലേക്ക് കയറി.തൻ്റെ നേരെ നടന്നടുക്കുന്ന പോലീസിനെ നോക്കി വിറയാർന്ന കണ്ണുകളോടെ നിൽക്കുന്ന അവൾ കാണുന്നത് തൻ്റെ അടുത്തേക്ക് നടന്നു വരുന്ന പോലീസ്‌കാരനെയാണ് .അയാൾ വളരെ സൗമ്യഭാവത്തിൽ ചോദിച്ചു " നിങ്ങൾ  എന്താണ് ഇവിടെയിങ്ങനെ  ഇരിക്കുന്നത് ഇപ്പോൾ ആരും തന്നെ വീടിനു പുറത്തിറങ്ങാൻ പാടില്ല ദയവായി വീട്ടിൽ തിരികെ പോയാലും .അയാളുടെ ആ പെരുമാറ്റത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .വീട് അത് തൻ്റെ വിധിയിൽ എഴുതിയിട്ടില്ലല്ലോ .ഈ സമൂഹത്തിലെ സ്വാർത്ഥതയും ആർത്തിയും ആർഭാടവും ക്രൂരതയും തന്നെ തെരുവിലേക്ക് ഇറക്കി വിടാൻ കാരണമായി .ഇത് പോലെ എത്ര മഹാമാരികൾ പല തലമുറകളെ കൊന്നൊടുക്കിയിരിക്കുന്നു. .എത്രയെത്ര പ്രകൃതി ദുരന്തങ്ങൾ .എന്നിട്ടും മനസിലാകാത്ത മനുഷ്യന്മാർ .അപ്പോഴേക്കും തൻ്റെ നിൽപ്പ് കണ്ട് ഒന്നൂടെ അയാൾ വിളിച്ചു . ദയവായി വീട്ടിൽ പോയാലും . നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു സാറെ എനിക്ക് വീടില്ല . അയാളുടെ മുഖത്തെ ദൈന്യഭാവം .കണ്ണുകളിലെ അലിവ് .അതവളുടെ ഹൃദയത്തെ തണുപ്പിച്ചിരിക്കുന്നു .എന്നോടൊപ്പം  വന്നാലും കൊറോണ കാലത്തേക്ക് നിങ്ങൾക്കായി ഞങ്ങൾ ഒരു താൽക്കാലിക പാർപ്പിടം ഒരുക്കിയിട്ടുണ്ട്. അതെയോ കേട്ട പാതി കേൾക്കാത്ത പാതി മുസിയെയുമെടുത്തു അവൾ വണ്ടിയിൽ കയറി പതിയെ തിരിഞ്ഞു ചമ്മലോടെ ഒരു ചോദ്യവും അവിടെ ആഹാരം കിട്ടുമോ?

അതൊരു സ്കൂളായിരുന്നു .അവൾ ചെല്ലുമ്പോൾ അവിടെ ആഹാരം കൊടുക്കുകയാണ് .പെട്ടന്ന് ചെന്ന് ഒരു പൊതി വാങ്ങി ആർത്തിയോടെ തിന്നു തീർത്തു പാവം മുസിക്കും ഇച്ചിരി ആശ്വാസമായി .കുറേയാളുകൾ അവിടവിടായി നിൽക്കുന്നു .ആളുകൾ തമ്മിൽ അകലം പാലിക്കണമത്രേ .അവൾ ഒരു തൂണിൽ ചാരിയങ്ങനെ ഇരുന്നു അകലം പാലിച്ചു കൊണ്ട് തന്നെ .ലോകം നേരിടുന്ന ഈ മഹാമാരി തന്നെ ഭ്രാന്തി എന്ന് വിളിച്ചു  ആട്ടിപ്പായിക്കുന്ന മനുഷ്യർ കാരണം തന്നെയാണല്ലോ  വന്നത്.കൂടെയുള്ളവരെ മാത്രമല്ല ഭൂമിയെത്തന്നെയും കൊന്നിരിക്കുന്നു ഈ മനുഷ്യന്മാർ  അത്  പ്രകൃതിയുടെ  ധമനികളെയും നാഡികളെയും സിരകളെയും പിഴുതെറിഞ്ഞു അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കുന്നു .പണത്തിനു വേണ്ടി രാജ്യങ്ങൾ തമ്മിൽ യുദ്ധകാഹളം മുഴക്കി .സ്വന്തം മക്കളെപ്പോലും നോക്കാനാകാതെ ജോലിത്തിരക്കിൽ മുഴുകി രക്ഷിതാക്കൾ പണം വാരിക്കൂട്ടി .ഇതൊക്കെ എന്തിനായിരുന്നു . കോറോണയെന്ന മഹാമാരി നാട്ടിൽ നാശം വിതച്ച ഈ സമയം ഇതിലേതെങ്കിലും ഉപയോഗപ്പെട്ടുവോ ?

ഇപ്പോഴിതാ സമയമില്ലായ്മയുടെ കണക്കുകൾ മാനവൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു  . ശത്രുരാജ്യങ്ങൾ സൗഹൃദത്തിലാകാൻ പഠിക്കുന്നു .ഭൂമിയെ വന്ദിച്ചു തുടങ്ങുന്നു  .എല്ലാ മനുഷ്യരും ഒറ്റക്കെട്ടാണെന്നു കാലം തെളിയിച്ചു കൊടുത്തിരിക്കുന്നു  .മുമ്പെങ്ങോ ഉപേക്ഷിച്ച ശുചിത്യശീലങ്ങൾ ഇന്ന് ദിനചര്യയായി മാറി വരുന്നു .സോപ്പും സാനിറ്റൈസറും ഇന്ന് ദൈവങ്ങളെക്കാൾ വലിയവരായി . തിരിഞ്ഞു നോക്കാതെ കാർക്കിച്ചു തുപ്പുന്ന ശീലവും മാറി.മാസ്ക്കില്ലാതെ  പുറത്തിറങ്ങില്ലെന്നായി  .വീടും പരിസരവും സ്വർഗത്തേക്കാൾ മനോഹരമായി .ഫാസ്റ്റഫുഡിന്റെ രുചിയേക്കാൾ നാടൻ ഭക്ഷണത്തിന്റെ രുചിയെ സ്നേഹിച്ചു തുടങ്ങി .വായുമലിനീകരണവും ജലമലിനീകരണവും ശബ്ദമലിനീകരണവും ഇപ്പോൾ ഒരു വിപത്തായി വരുന്നില്ല .അതിജീവനം എന്ന വാക്ക് ദൈവവചനമായി അവൻ്റെ കാതിൽ മുഴങ്ങുന്നു .ചിന്തയിലാണ്ട അവളെ വിളിച്ചുണർത്തി ആ കുട്ടി പറഞ്ഞു എന്താവശ്യവും ഞങ്ങളോട് പറയണം കേട്ടോ .അത് പറഞ്ഞു പുഞ്ചിരിയോടെ അവൾ നടന്നു നീങ്ങി .അപ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചു ."കാലമേ നിനക്ക് നന്ദി .   

ഗംഗ വേലായുധൻ. പി. ആർ
9 D ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ