ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
ലക്ഷ്യം
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
ആസ്ഥാനം
തിരുവനന്തപുരം ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്.
പരിശീലനം
ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.
മറ്റ് സംസ്ഥാനങ്ങളിൽ
രാജസ്‌ഥാനിൽ നിന്നുള്ള സംഘം കേരളത്തിലെത്തി, ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ നിരവധി സ്‌കൂളുകളിൽ പദ്ധതി ആരംഭിച്ചു. ഹരിയാനയിലെയും ഗുജറാത്തിലെയും ഉന്നത പോലീസ് സംഘം കേരളത്തിലെത്തി പദ്ധതിയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയും ഗോവയും പഞ്ചാബും പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
പ്രവർത്തനങ്ങൾ
റിപ്പബ്ലിക്ക് ദിനാഘോഷം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

മികച്ച പരിസ്ഥിതി ചിത്രമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം
അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച #ജനിതകം തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ജനിതകം എന്ന ഹ്രസ്വചലച്ചിത്രം നൽകുന്നത്. പരമ്പരാഗത കൃഷിരീതികളിൽ നിന്നും പുതുതലമുറ പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അവതരിപ്പിക്കുക വഴി കാഴ്ചക്കാരുടെ മനസ്സിൽ പരിസ്ഥിതിയിലേക്ക് മടങ്ങാനുള്ള ആഹ്വാനമാണ് മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ജനിതകം നൽകുന്നത് എന്ന് ജൂറി വിലയിരുത്തി. പത്തു വയസ്സുകാരനായ ഒരു കുട്ടിയുടെ കുടുംബത്തിലും സ്കൂളിലും നടക്കുന്ന സംഭവങ്ങളാണ് പ്രതിപാദ്യം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് ആണ്. സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അധ്യാപകനായ സുനിൽ കൊടുവഴന്നൂരാണ്. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ നിർമ്മിച്ച രണ്ടാമത്തെ ഹ്രസ്വചിത്രമാണ് ജനിതകം. തിരുവനന്തപുരത്ത് ഭാരത് ഭവനിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ., പ്രശസ്ത സംവിധായകരായ ബാലു കിരിയത്ത്, ശാന്തിവിള ദിനേശ്, പ്രമോദ് പയ്യന്നൂർ, ആർച്ച് ബിഷപ്പ് ഡോ.റോബിൻസൺ ഡേവിഡ് എന്നിവർ സംബന്ധിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
https://www.facebook.com/watch/?extid=CL-UNK-UNK-UNK-AN_GK0T-GK1C&v=1090214785100340
എസ് പി സി Intellectual മാരത്തോൺ -വിജയികൾ
ആബിദ് മുഹമ്മദ് ജെ എൻ അൽ അമീൻ അനുപമ .

മധുരത്തുടക്കം.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കൃഷി ചെയ്തുണ്ടാക്കിയ നെല്ലു കുത്തി അരിയാക്കിയുണ്ടാക്കിയ പാൽപ്പായസം കഴിച്ചു കൊണ്ട് സ്കൂളിൽ പുതുവർഷാഘോഷം. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇന്ന് പുതുവർഷദിനത്തിൽ ടീം എസ്.പി.സി. യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി.

ജിംഗിൽ ബെൽസ്
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ, ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് ക്യാമ്പ് സമാപിച്ചു.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കായി സ്റ്റുഡന്റ് സോളാർ അംബാസഡർ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സ്റ്റുഡന്റ് സോളാർ അംബാസഡർമാരായി മാറി. ഗാന്ധിജിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഗാന്ധി ഗ്ലോബൽ സോളാർ യാത്രയോടനുബന്ധിച്ച് ഐ.ഐ.റ്റി. മുംബൈയുടെ സാങ്കേതിക സഹായത്തോടെ രാജധാനി ഇൻസ്റ്റിട്യൂട്ട് ഒഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയുമായി സഹകരിച്ചാണ് സ്റ്റുഡൻറ് സോളാർ അംബാസഡർ വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ഗാന്ധിജയന്തി ദിനത്തിൽ 'പ്രകൃതിയോട് അക്രമരാഹിത്യം' എന്ന് പ്രതിജ്ഞയെടുത്ത് കൊണ്ട് സൗരോർജ വിളക്കുകൾ നിർമ്മിക്കുന്നതിനുള്ള വർക്ക്ഷോപ്പിൽ പങ്കെടുത്ത കുട്ടികൾ അവർക്ക് പഠനമുറിയിൽ ഉപയോഗിക്കാവുന്ന വിളക്കുകൾ തയ്യാറാക്കി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നൂറ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകകളാണ് ശിൽപ്പശാലയിൽ പങ്കെടുത്ത് സ്റ്റുഡന്റ് സോളാർ അംബാസഡർമാരായത്. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇഞ്ചിനീയറിംഗ് & ടെക്നോളജിയിലെ വിദഗ്ദ്ധർ ശിൽപ്പശാലക്ക് നേതൃത്വം നൽകി. ചെയർമാൻ ഡോ.ബിജു രമേശ് ഉദ്ഘാടനം ചെയ്തു. 'കാർബൺ ന്യൂട്രൽ കേരളം' എന്ന ആശയം മുൻനിർത്തി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ലഹരിയിൽനിന്ന് സ്വാതന്ത്ര്യം.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ എസ്.പി.സി. കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ ലഹരിയിൽ നിന്ന് സ്വാതന്ത്ര്യം എന്ന പേരിൽ ലഹരി വിരുദ്ധ ഒപ്പുശേഖരണം നടത്തി. അവനവഞ്ചേരി ജംഗ്ഷനിൽ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും യാത്രക്കാർക്കും ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തു. ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് സാക്ഷ്യപ്പെടുത്തി അവരെക്കൊണ്ട് നേരത്തേ തയ്യാറാക്കിയ വലിയ കാൻവാസിൽ ഒപ്പുവയ്പിച്ചു. ഒപ്പുശേഖരണ പരിപാടി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഒപ്പു രേഖപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്പെക്ടർ എം.ജി.ശ്യാം, ഹെഡ്മിസ്ട്രസ് അനിലാറാണി, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീജൻ ജെ.പ്രകാശ്, രേഖ ആർ.നാഥ് എന്നിവർ നേതൃത്വം നൽകി.

നിയമം പാലിക്കുന്നവർക്ക് മധുരം, ലംഘിക്കുന്നവർക്ക് മഞ്ഞക്കാർഡ്.
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ ശുഭയാത്ര എന്ന പേരിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും നാലുചക്ര വാഹന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരിക്കുക വഴി നല്ല ഒരു ട്രാഫിക് സംസ്കാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹെൽമറ്റ് ധരിച്ച് ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഇരുചക്രവാഹന യാത്രക്കാരേയും സീറ്റ് ബെൽറ്റ് ധരിച്ചു വരുന്ന കാർ യാത്രക്കാരേയും മിഠായി നൽകി അഭിനന്ദിച്ച കുട്ടികൾ അത് ലംഘിച്ചു വരുന്നവർക്ക് മുന്നറിയിപ്പായി ട്രാഫിക് നിയമങ്ങൾ രേഖപ്പെടുത്തിയ മഞ്ഞകാർഡ് നൽകുകയും ചെയ്തു. ഹെൽമറ്റ് ധരിക്കാതെ വാഹനത്തിൽ സൂക്ഷിച്ചിരുന്നവർക്ക് കേഡറ്റുകൾ തന്നെ അത് തലയിൽ ധരിപ്പിച്ച് ചിൻ സ്ട്രാപ്പ് ഇട്ടു കൊടുക്കുകയും ചെയ്തു. അവനവഞ്ചേരി ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനാ പരിപാടിയ്ക്ക് ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ എം.ജി.ശ്യാം, പോലീസ് ഉദ്യോഗസ്ഥരായ ശ്രീജൻ ജെ.പ്രകാശ്, രേഖ ആർ.നാഥ് എന്നിവർ നേതൃത്വം നൽകി.

മോക്ക് അസംബ്ലി
കേഡറ്റുകൾ പഴയ നിയമസഭാ ഹാളിൽ നടന്ന മോക്ക് അസംബ്ലിയിൽ പങ്കെടുത്തു. മുഖ്യമന്ത്രിയായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ അപർണ ബാബു മികച്ച പ്രകടനം കാഴ്ചവച്ചു.

ഷോർട്ട് ഫിലിം.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് 'നവജീവൻ 2020' പ്രവർത്തനങ്ങളുടെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വൈ.എസ്.സാനിയ നിർമ്മിച്ച ഷോർട്ട് ഫിലിം. https://www.facebook.com/sabu.neelakantannair/videos/3891208090953232
ചികിത്സ സഹായം
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് റോഡപകടത്തെത്തുടർന്ന് ചികിൽസയിൽ കഴിയുന്ന സഹപാഠിക്ക് ചികിൽസാ സഹായവും സാന്ത്വനവുമായി കേഡറ്റുകൾ. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ഷിബിൻ ഷിബുവിനെയാണ് അവന്റെ വീട്ടിലെത്തി കേഡറ്റുകൾ സഹായം കൈമാറിയത്. ഹെഡ്മിസ്ട്രസ് ശ്രീമതി അനിലാറാണി ചികിൽസാ സഹായം കൈമാറി.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷിക ദിനം
ആഗസ്റ്റ് 2 - സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷിക ദിനത്തോടനുബന്ധിച്ച് ബഹു. ഹെഡ്മിസ്ട്രസ് ശ്രീമതി അനിലാറാണി ടീച്ചർ പതാകയുയർത്തി ആശംസകൾ നേർന്നു. കേഡറ്റുകൾക്ക് ശ്രീ.പി.വിജയൻ ഐ.പി.എസ്. സന്ദേശം കൈമാറി.

ശിൽപ്പശാല
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 50-ാം വാർഷിക ദിനത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയറിംഗ് ആൻറ് ടെക്നോളജിയുടെ നേതൃത്വത്തിൽ സ്പേസ് ടെക്നോളജി എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. കേഡറ്റുകൾക്ക് ബഹിരാകാശ ഗവേഷണത്തിനെക്കുറിച്ചും ശാസ്ത്ര സാങ്കേതിക വിദ്യയെ സംബന്ധിച്ചുമുള്ള അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. വിവിധ സെഷനുകളിലായി വീഡിയോകൾ, മൾട്ടി മീഡിയ പ്രസന്റേഷൻ തുടങ്ങിയവയിലൂടെ കേഡറ്റുകൾക്ക് പുത്തൻ അനുഭവങ്ങൾ നൽകാൻ ശിൽപ്പശാലക്ക് കഴിഞ്ഞു. ഇൻസ്റ്റിട്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക് എഞ്ചിനീയറേഴ്സ് (IEEE) വോളന്റിയർമാരായ ജ്യോതിസ്, ലക്ഷ്മി മധു, അതുൽ, ശ്രീലക്ഷ്മി, അജയ് എന്നിവർ നേതൃത്വം നൽകി.


ലോക പരിസ്ഥിതി ദിനാചരണം2019 @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
നല്ലപാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ beat_Air_Pollution എന്ന വിഷയത്തെ മുൻനിർത്തി സൈക്കിൾ റാലി സംഘടിപ്പിച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന് സമീപം പാതയോരത്ത് വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു.

ജനസംഖ്യാദിനം
അന്താരാഷ്ട്ര ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ വിസ്ഫോടനത്തിന്റെ ഫലമായി ലോകത്തുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം സ്ത്രീ ശാക്തീകരണമാണെന്ന സന്ദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ഐക്യ ശൃംഖല തീർത്തു.

അന്താരാഷ്ട്ര യോഗദിനം2019
അവനവഞ്ചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും മലയാള മനോരമ നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ യോഗ പരിശീലനം.

വേനൽക്കനവുകൾ
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലേയും ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലേയും കേഡറ്റുകൾക്കായി വേനലവധി ക്യാമ്പ് - വേനൽക്കനവുകൾ ആരംഭിച്ചു.


ജില്ലാതല സമ്മർ ക്യാമ്പ് - പ്രജ്ഞാനം 2019
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് തിരുവനന്തപുരം റൂറൽ ജില്ലാതല സമ്മർ ക്യാമ്പ് - പ്രജ്ഞാനം 2019

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് സംസ്ഥാനതല സമ്മർക്യാമ്പ് 2019
തിരുവനന്തപുരം എസ്.എ.പി. ക്യാമ്പസിൽ മാർച്ച് 31ന് തുടങ്ങുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് സംസ്ഥാനതല സമ്മർ ക്യാമ്പിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എസ്.അനന്തന് അഭിനന്ദനങ്ങൾ....

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്2019..
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലേയും ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലേയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്... തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി.അശോകൻ ഐ.പി.എസ്. മുഖ്യാതിഥിയായി പങ്കെടുത്തു.



വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വിനോദ സഞ്ചാര പ്രാധാന്യമുള്ള വെളളാണിക്കൽ പാറ സന്ദർശിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ഈ പ്രദേശം സന്ദർശകരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ എൺപത് ഏക്കർ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പിന്റേയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥകൊണ്ട് വികസന പ്രവർത്തനങ്ങൾ എത്തി നോക്കാതെ നാശാവസ്ഥയിലാണ്. എൻപത് പേരടങ്ങുന്ന കേഡറ്റുകളുടെ സംഘം ആ പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് അവിടം വൃത്തിയാക്കി. ഏതാണ്ട് മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കേഡറ്റുകൾ അവിടെെ നിന്ന് ശേഖരിച്ചത്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്ത് പ്രദേശത്തെ സംരക്ഷിക്കുകയും അങ്ങിനെ ഒരു മികച്ച ടൂറിസം സ്പ്പോട്ടായി വെള്ളാണിക്കൽ പാറമുകളിനെ മാറ്റിയെടുക്കണം എന്ന് അധികാരികൾക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് കേഡറ്റുകൾ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത് സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു. സാമൂഹ്യ പ്രവർത്തകനായ ദീപു ബാബു, അധ്യാപകനായ കെ. മണികണ്ഠൻ നായർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീജൻ ജെ.പ്രകാശ്, രേഖ ആർ.നാഥ് എന്നിവർ കുട്ടികൾക്ക് നേതൃൃത്വം നൽകി. '

ഊർജ സംരക്ഷണ ദിനം
ഡിസംബർ 14 - ദേശീയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ഊർജ സംരക്ഷണ പ്രതിജ്ഞയെടുത്തു. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഇൻസ്ട്രക്ടർ ശ്രീ.ജി.സതീഷ്കുമാറിന്റെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പ്ലാസ്റ്റിക് മാലിന്യ നിർമാർജനം
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ സ്കൂളിൽ വരുന്ന പാൽ കവറുകൾ കഴുകി വൃത്തിയാക്കി ഉണക്കി റീസൈക്ലിംഗിന് നൽകുന്നു. നല്ലപാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് പ്അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ സ്കൂളിൽ വരുന്ന പാൽ കവറുകൾ കഴുകി വൃത്തിയാക്കി ഉണക്കി റീസൈക്ലിംഗിന് നൽകുന്നു. നല്ലപാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
ഉയിർപ്പ് 2018
സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ക്യാമ്പ് തുടങ്ങി
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലേയും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലേയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - ഉയിർപ്പ് 2018 ആരംഭിച്ചു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ മൂന്നുദിവസങ്ങളിലായി 176 കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർ കെ.എസ്.സന്തോഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കന്റോൺമെന്റ് ഇൻസ്പെക്ടർ എം.അനിൽകുമാർ, അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, വഞ്ചിയൂർ ഉദയകുമാർ, എം.ആർ.മായ, ആർ.എസ്.അനിൽ, എസ്.സബീല എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകൾ ആറ്റിങ്ങൽ അഗ്നി സുരക്ഷാ നിലയം സന്ദർശിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പിലെ വിവിധ സെഷനുകളിലായി ശ്രീ. ബ്രഹ്മനായകം, ശ്രീ. ലിജു മുണ്ടയ്ക്കൽ, ശ്രീ.സമ്പത്ത് എന്നിവർ കേഡറ്റുകൾക്കൊപ്പം.ഉയിർപ്പ് 2018 - സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പിലെ വിവിധ സെഷനുകളിലായി ഡോ.ജിഷാ രാജും അഡ്വ.തോന്നയ്ക്കൽ സുരേഷും ക്ലാസുകൾ നയിച്ചു.

പരിസ്ഥിതി പഠന ക്യാമ്പ്
കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ സെന്ററിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (റിട്ട.) ശ്രീ.ബാബു രാജേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.എം.കെ.ഗോപകുമാർ, ശ്രീ.ബി.സോമശേഖരപിള്ള എന്നിവർ പഠന ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.ആർ.മായ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെൻററി പ്രദർശനം എന്നിവ ഉണ്ടായിരുന്നു.

ചങ്ങാതിക്കൊരു സ്നേഹപ്പൊതി'
സംസ്ഥാന ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് 'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി' എന്ന പദ്ധതി പ്രകാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ശേഖരിച്ച പഠനസാമഗ്രികൾ പ്രളയ ദുരിതമനുഭിക്കുന്ന സ്ഥലങ്ങളിലെ സ്കൂൾ കുട്ടികൾക്ക് നൽകാനായി ശിശുക്ഷേമസമിതി പ്രവർത്തകരെ ഏൽപ്പിച്ചു. സ്കൂൾ ബാഗുകൾ, നോട്ടുബുക്കുകൾ, പേനകൾ, പെൻസിലുകൾ, ഇൻസ്ട്രുമെൻറ് ബോക്സുകൾ, ടിഫിൻബോക്സുകൾ, വാട്ടർബോട്ടിലുകൾ ഉൾപ്പെടെയുള്ള നൂറിലേറെ പാക്കറ്റുകളാണ് കുട്ടികൾ ശേഖരിച്ചു നൽകിയത്.

പൊതിച്ചോർ
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 'പൊതിച്ചോർ' വിതരണം ചെയ്തു. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന നൂറ് പൊതിച്ചോറുകൾ ആശുപത്രി പരിസരത്ത് എത്തിച്ചായിരുന്നു വിതരണം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് ശ്രീ.കെ.ജെ.രവികുമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ.ശ്രീജൻ, ശ്രീമതി രേഖ ആർ.നാഥ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മൂന്നു വർഷങ്ങളായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 'വിശപ്പിനു വിട' എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

എസ്.പി.സി. ക്യാമ്പ് സമാപിച്ചു
ആറ്റിങ്ങൽ സർക്കിൾ പരിധിയിലെ സ്കൂളുകളിലെ എസ്.പി.സി. കേഡറ്റുകളുടെ ക്രിസ്തുമസ് ക്യാമ്പ് ആറ്റിങ്ങൽ കോളേജ് ഓഡിറ്റോറിയത്തിൽ പൂർത്തിയായി. അവനവഞ്ചേരി ഗവ.ഹൈസ്കൂൾ, ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, ശാരദവിലാസം ഹയർ സെക്കന്ററി സ്കൂൾ, അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നുള്ള കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു. മൂന്നു ദിവസമായി നടന്നുവന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ കേഡറ്റുകൾക്കൊപ്പം കേക്കുമുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഷോബി തിലകൻ മുഖ്യാതിഥിയായി. ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ജി.സുനിൽകുമാർ, നെടുമങ്ങാട് ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ, പ്രഥമാധ്യാപകരായ എസ്.മുരളീധരൻ, എസ്.ജയകുമാർ, എസ്.സബീല എന്നിവർ സംസാരിച്ചു. നേരത്തേ വിവിധ സെഷനുകളിലായി എസ്.ബി.റ്റി.അസി.ജനറൽ മാനേജർ ബി.സനൽ, വിജയൻ പാലാഴി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.


കരാട്ടേ പരിശീലനം
എസ്.പി.സി. ക്യാമ്പിൽ കരാട്ടേ പരിശീലനം സെൻസായ് ശ്രീ.സമ്പത്തിന്റെ നേതൃത്വത്തിൽ

കുട്ടിക്കർഷകരുടെ കൃഷി
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നേതൃത്വം വഹിക്കുന്ന കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. മുദാക്കൽ കട്ടയിൽകോണത്ത് തരിശുകിടന്ന കൃഷി സ്ഥലം പാട്ടത്തിന് ഏറ്റെടുത്തായിരുന്നു കുട്ടിക്കർഷകരുടെ കൃഷി. പടവലം, ചീര, പയർ, വെണ്ട, പാവൽ, വെള്ളരി എന്നിവ കൂടാതെ മരിച്ചീനിയും വാഴയും കൃഷി ചെയ്തതിൽ നിന്ന് പച്ചക്കറി വിളവെടുത്ത് തുടങ്ങി. ഇതുവരെ 20 കിലോയിലധികം ചീര, 17 കിലോഗ്രാംപയർ, 10 കിലോഗ്രാം വെള്ളരി, 5 കിലോഗ്രാം വെണ്ട, 16 കിലോഗ്രാം പടവലം, 2 കിലോഗ്രാം പാവൽ എന്നിങ്ങനെ വിളവെടുത്തു കഴിഞ്ഞു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പല ദിവസങ്ങളിലും ഈ പച്ചക്കറികളാണ് ഉപയോഗിച്ചത്. അതു കൂടാതെ അധ്യാപകർക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും വിതരണം ചെയ്യാനും തക്ക വിളവെടുക്കാൻ കഴിഞ്ഞതിൽ സന്തോഷത്തിലാണ് കുട്ടികൾ. ഇപ്പോഴും വിളവെടുപ്പ് തുടരുന്ന ഈ അമ്പതു സെന്റ് സ്ഥലത്ത് തുടർച്ചയായി കൃഷിയിറക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്.

പ്രകൃതിയെ തൊട്ടറിയാൻ.....
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നെയ്യാർ വന്യജീവി സങ്കേതത്തിൽ.

ഊർജ്ജസംരക്ഷണ പ്രതിജ്ഞ


മികവ് തുടരാൻ ഞങ്ങൾ റെഡി....
തിരുവനന്തപുരം ജില്ലയിലെ മികച്ച അക്കാഡമിക നിലവാരം പുലർത്തുന്ന സ്കൂളിനുള്ള പുരസ്കാരവുമായി കേഡറ്റുകൾ.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തേടി വീണ്ടും അംഗീകാരം...
തിരുവനന്തപുരം ജില്ലയിലെ എസ്.പി.സി. പ്രോജക്ട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഏറ്റവും മികച്ച അക്കാഡമിക നിലവാരം കാഴ്ചവയ്കുന്ന സ്കൂളിനുളള പുരസ്കാരം ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു. 2016 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ Full A+ കേഡറ്റുകളെ സൃഷ്ടിച്ചതിനാണ് പുരസ്കാരം.

മികവ്SSLC - 2017
2016 മാർച്ച് SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 15 സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യുന്നു

പ്ലാസ്റ്റിക്വിമുക്ത ഗ്രാമം പദ്ധതി...
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് വലിയവിള പൗരസമിതി റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്ലാസ്റ്റിക് ശേഖരണം ഇന്നു നടന്നു. 50 ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക് ശേഖരിച്ചു. ഇനി റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് ..
