ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/സ്വയം പ്രതിരോധിക്കാം
സ്വയം പ്രതിരോധിക്കാം
ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് രോഗപ്രതിരോധം. മനുഷ്യന്റെ ഈ രോഗപ്രതിരോധശേഷി തന്നെയാണ് അവന്റെ ആയുസ്സ് നിലനിർത്തുന്നത്. നമ്മുടെ ഭക്ഷണക്രമവും വ്യായാമവും എല്ലാം ഉന്നം വയ്ക്കേണ്ടത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ആണ്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ? ഒരുവശത്ത് സാംക്രമിക രോഗങ്ങളും മറുവശത്ത് ജീവിതശൈലി രോഗങ്ങളും. ഇവ ലോകത്താകമാനം നാശം വിതയ്ക്കാൻ ശേഷിയുള്ളവ തന്നെയാണ്. രോഗങ്ങൾ വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. ജനിക്കുമ്പോൾ തന്നെ പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തു കൊണ്ട് രോഗാണുക്കൾക്ക് എതിരെ പോരാടിയവരാണ് നാം. രോഗാണുക്കളെ കീഴ്പ്പെടുത്താൻ നമുക്ക് സാധിക്കും. നമ്മുടെ ആരോഗ്യം നമ്മുടെ കരങ്ങളിലാണ്. നാം എത്രമാത്രം ശുചിത്വം ഉള്ളവരാണോ അത്രയധികം ആരോഗ്യവും നമുക്ക് ഉണ്ടാവുക തന്നെ ചെയ്യും. ശുചിത്വം എന്ന് പറയുമ്പോൾ അത് വ്യക്തിശുചിത്വം മാത്രമായി ഒതുങ്ങുന്നില്ല, സാമൂഹ്യ ശുചിത്വം പരിസര ശുചിത്വം അങ്ങനെ നീളുകയാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ ഇടപെടൽ ലോകത്തിനു തന്നെ മാതൃകയാണ്; പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. കോവിഡിന് എതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി ആയ"ബ്രേക്ക് ദി ചെയിൻ" ഏറെ ഫലപ്രദമായിരുന്നു. കോവിഡ് രോഗികൾക്കായി പ്രത്യേക ആശുപത്രി സജ്ജീകരിച്ചു. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് പുറത്തിറക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷനിൽ ആക്കുകയും, അങ്ങനെ നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ. ഒരിക്കൽ ഏറ്റവും വലിയ വിപത്തായി നാം ലോകമഹായുദ്ധങ്ങൾ കണ്ടിരുന്നു. എന്നാൽ ഇന്ന് ഒരു വൈറസ് പരത്തുന്ന രോഗം ലോകത്തെ ആകമാനം വിറപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. കോവിഡ് 19 കാരണം ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകമാനം മരണസംഖ്യ കുതിച്ചുയരുമ്പോൾ, കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ കേരളത്തിൽ രോഗം ബാധിക്കുന്നവരെക്കാൾ രോഗവിമുക്തി നേടുന്നവരാണ് കൂടുതൽ. ഈ കണക്കുകൾ നമുക്ക് ആശ്വാസം ആണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എത്രത്തോളം ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നത് ശ്രദ്ധേയമാണ്, എങ്കിലും നാം കരുതണം, ജാഗ്രത പുലർത്തണം. മനുഷ്യൻ പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടും ചെയ്തുകൂട്ടുന്ന ക്രൂരതകളും ആയി തുലനം ചെയ്യുമ്പോൾ ഇത് ഒന്നുമല്ല. ഒരിക്കൽ സ്വതന്ത്രരായി കഴിയേണ്ട ജീവികളെ നാം കൂട്ടിലാക്കി എന്നാൽ ഇന്ന് നാം സ്വയം കൂട്ടിലടയ്ക്കപ്പെട്ടു ഇരിക്കുകയാണ്. ഇങ്ങനെ എത്ര നാൾ കഴിയും എന്ന് അറിയില്ല. മനുഷ്യന്റെ അധികമായ ഇടപെടൽ കാരണം ഇന്ന് പരിസ്ഥിതിമലിനീകരണത്തിന്റെ തോത് വർധിക്കുകയാണ്. ജലവും വായുവും മണ്ണും എല്ലാം മലിനമാക്കി നഗരങ്ങൾ വളരുന്നു. വ്യവസായശാലകൾ പെരുകുന്നു. അതിനാൽ നഗരങ്ങളിലെ ജനപെരുപ്പവും കൂടുന്നു. മലിനീകരണത്തിന്റെ അളവും കൂടുന്നു. ഈ കോവിഡ് കാലത്ത് ധാരാവി തുടങ്ങിയ ചേരിപ്രദേശങ്ങളിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തത് ഏറെ ആശങ്കാജനകമാണ്.മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട സംവിധാനങ്ങൾ തീർച്ചയായും കണ്ടുപിടിക്കണം. അത് പ്രാവർത്തികമാക്കണം. അല്ലെങ്കിൽ രോഗങ്ങൾ പടർന്നു പിടിക്കും പരിസ്ഥിതി നശിക്കും. വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ വലിച്ചെറിയരുത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിങ്ങ്നായി നൽകുക. ജൈവ മാലിന്യത്തിൽ നിന്ന് ജൈവവളങ്ങൾ നിർമ്മിച്ചു കൃഷിയെ പ്രോത്സാഹിപ്പിക്കുക. ജനങ്ങൾ വ്യക്തി ശുചിത്വത്തെ കുറിച്ചും പരിസര ശുചിത്വത്തെ കുറിച്ചും മാലിന്യ സംസ്കരണത്തെകുറിച്ചും അവബോധവാന്മാരാകണം. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ ജീവിതശൈലി രോഗങ്ങളെയും സാംക്രമിക രോഗങ്ങളെയും പാന്റമിക്കുകളെയും ഒരു പരിധി വരെ ഒഴിവാക്കാം. കൈകൾ ശുദ്ധിയാകുന്നത് കോവിഡിനെ പോലും അകറ്റും. പൊതുസ്ഥല സമ്പർക്കത്തിനു ശേഷം കൈ സോപ്പിട്ട് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. നാം കാരണം മറ്റുള്ളവർക്ക് രോഗം പകരാതെ സൂക്ഷിക്കണം. വായ, കണ്ണ്,മൂക്ക് എന്നിവ എപ്പോഴും തൊടാതിരിക്കുക. രോഗം അല്ലെങ്കിൽ രോഗലക്ഷണം ഉള്ളവർ പൊതു ഇടങ്ങളിൽ പോകരുത്. പൊതുസ്ഥലങ്ങളിൽ തുപ്പുകയും ചെയ്യരുത്. ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്താൽ നമുക്ക് തന്നെ സ്വയം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. ശരിയായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും നമ്മുടെ ആരോഗ്യത്തെ കൂടുതൽ ദൃഢം ആക്കുന്നു. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. അതിനാൽ തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുക. മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കുക. അങ്ങനെ ഉത്തമനായ, ആരോഗ്യവാനായ ഒരു സമൂഹജീവിയായി നമുക്ക് മാറാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം