ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/രക്ഷ - പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം

രക്ഷ

ഇന്ന് പെൺകുട്ടികൾക്ക് അത്യാവശ്യം വേണ്ട ഒരു കാര്യമെന്നത് സ്വയരക്ഷയ്ക്കായുള്ള അറിവാണ്. സമൂഹത്തിലും കുടുംബത്തിലും പെൺകുട്ടികൾ അനവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്.മാത്രമല്ല ചില സന്ദർഭങ്ങളിലെങ്കിലും പ്രതിരോധിക്കാനുള്ള ഭയം കാരണം കുട്ടികൾ ഇരകളായി മാറുന്നതും നാം കാണുന്നുണ്ട് . മാത്രമല്ല രക്ഷപ്പെടാനാകില്ല എന്ന മിഥ്യാധാരണയിൽ സ്വയം ശിക്ഷിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണവും വർധിക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് എന്നും പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന കേരളസർക്കാറിന്റെ പുതിയ പദ്ധതി നടപ്പിലാക്കാനായി പൂവച്ചൽ ഗ്രാമപഞ്ചായത്ത് മുന്നിലോട്ട് വരുന്നത്.രക്ഷ എന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടി പേരു സൂചിപ്പിക്കുന്ന പോലെ തന്നെ പെൺകുട്ടികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതിയാണ്.ശാരീരികമായി ക്ഷമതയുള്ളവരാക്കി പെൺകുട്ടികളെ മാറ്റാനും അതുവഴി അവർക്ക് അവർ തന്നെ സംരക്ഷകരാകുനുമുള്ള ബലം നൽകുകയാണ് പ്രസ്തുത പരിപാടിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ആയോധനകലകൾ അഭ്യസിപ്പിക്കാനും അങ്ങനെ സ്വയരക്ഷയ്ക്കുള്ള കോട്ടയൊരുക്കാനായി കുട്ടികളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള പദ്ധതിയുടെ ആരംഭമായി കരാട്ടെ പരിശീലനം നൽകാനായി പഞ്ചായത്ത് മുന്നിട്ടിറങ്ങുകയും വീരണകാവ് സ്കൂൾ ഈ പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് പെൺകുട്ടികളുടെ സുരക്ഷയൊരുക്കുകയെന്നത് തങ്ങളുടെ പ്രാഥമിക കർത്തവ്യമാണെന്ന തിരിച്ചറിവോടെ കരാട്ടെ ക്ലാസുകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.

രക്ഷ സ്കൂൾതല ഉദ്ഘാടനം

2022 ഫെബ്രുവരി 8 നാണ് രക്ഷയുടെ സ്കൂൾ തല ഉദ്ഘാടനം സംഘടിപ്പിച്ചത്.സ്കൂളിൽ ബഹു.എച്ച്.എം ശ്രീമതി സന്ധ്യടീച്ചറിന്റെ നിർദ്ദേശാനുസരണം പി.ടി സാറായ ശ്രീ.ജോർജ്ജ് വിൽസന്റെ നേതൃത്വത്തിൽ രക്ഷയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ നടത്തി.പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സനൽകുമാറാണ് ഉദ്ഘാടനം നടത്തിയത്.പെൺകുട്ടികളുടെ ജീവിതത്തിൽ അവർ നേരിടാവുന്ന വെല്ലുവിളികളെ കുറിച്ചും അതിൽ കായികമായി നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുണ്ടാകുകയാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും തന്മയത്വത്തോടെ അദ്ദേഹം വിവരിച്ചു.തുടർന്ന് കുട്ടികൾ കരാട്ടെ പ്രകടനം നടത്തി.ക്ലാസുകൾ ആരംഭിച്ചു.വൈകുന്നേരം സ്കൂൾ ഗ്ലൗണ്ടിലായിരിക്കും ക്ലാസുകൾ നടക്കുകയെന്ന അറിയിപ്പ് കുട്ടികൾക്ക് നഷകി.