ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
പ്രമുഖരുടെ ഓർമക്കുറിപ്പുകൾ
ഹിന്ദിയുടെ രചനകൾ-ശ്രീലത,ഹെഡ്‍മിസ്ട്രസ്,ഗവൺമെന്റ് ഹൈസ്കൂൾ,കീഴാറൂർ
എന്റെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളിൽ നറുംനിലാവായ ഭാഷയാണ് ഹിന്ദി.മാതൃഭാഷ കഴിഞ്ഞാൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഭാഷയാണ് ഹിന്ദി.വീരണകാവ് സ്കൂളിന്റെ കൽചുവരുകൾക്ക് എന്റെ ഹിന്ദി ഭാഷാസ്നേഹവുമായി അഭേദ്യമായ ബന്ധമാണുള്ളത്.അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്.ഒറ്റശേഖരമംഗലം സ്കൂളിൽ എന്റെ പഠനം പുരോഗമിക്കുന്ന അവസരത്തിലാണ് എന്റെ ഹിന്ദി അധ്യാപിക പ്രഥമ പരീക്ഷയെ കുറിച്ച് ക്ലാസിൽ പറഞ്ഞത്.എന്താണെന്നറിയില്ല എനിക്ക് ആ പരീക്ഷ എഴുതണമെന്ന ആഗ്രഹം കലശലായി ഉണ്ടായി.ഒരു പക്ഷേ ടീച്ചറോടുള്ള ആദരവും സ്നേഹവുമാകാം എന്നെ അതിന് പ്രേരിപ്പിച്ചത്.ആ ഒരാഗ്രഹം എന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല.എന്റെ ജീവിതത്തിൽ കുറെയേറെ വിജയങ്ങൾ ഉണ്ടായതിൽ ഹിന്ദി ഭാഷയ്ക്കും സ്വാധീനമുണ്ട്.
അങ്ങനെ ടീച്ചറിന്റെ സഹായത്തോടെ പ്രഥമ പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.അന്ന് പരീക്ഷാസെന്റർ ദൂരെ സ്ഥലങ്ങളിലായിരിക്കും.എനിക്ക് വീരണകാവ് സ്കൂളാണ് പരീക്ഷാസെന്ററായി ലഭിച്ചത്.വീരണകാവ് സ്കൂളിനെകുറിച്ച് എനിക്കറിയാമായിരുന്നു.കാരണം എന്റെ കുടുംബവീട് അവിടെയാണ്.പക്ഷേ സ്കൂളിലേയ്ക്ക് ഞാൻ പരീക്ഷയ്ക്കായി പോകുന്നത് അന്നാദ്യമായിട്ടായിരുന്നു.വല്ലപ്പോഴും വരുന്ന ബസിൽ കയറി ഞാൻ വീരണകാവിലിറങ്ങി.ആനാകോട് റോഡിലേയ്ക്ക് തിരിഞ്ഞ് സ്കൂളിന്റെ വലതുവശത്തെ ഓടിട്ട കരിങ്കൽകെട്ടിടത്തിലേയ്ക്ക് കയറി.മുറ്റത്തിന്റെ ഒരറ്റത്ത് ചുവന്ന ചെമ്പരത്തി പൂവിട്ട് നിറഞ്ഞ് നിൽക്കുന്നുണ്ട്.അതിന്റെ ഗ്രാമീണഭംഗി എന്നെ വല്ലാതാകർഷിച്ചു.കുറച്ചു നേരം ആ കാഴ്ച കണ്ടശേഷം പരീക്ഷയ്ക്കായി ക്ലാസ് മുറിയിലേയ്ക്ക് ഞാൻ കയറി.ചെറിയ ഒരു പരിഭ്രമം തോന്നിയെങ്കിലും പരീക്ഷാഡ്യൂട്ടിയ്ക്ക് വന്ന അധ്യാപികയുടെ സ്നേഹം ചാലിച്ച നോട്ടം എന്നിൽ ആത്മവിശ്വാസം വളർത്തി.ഞാൻ ചോദ്യപേപ്പർ സൂക്ഷമായി വായിച്ച് ഉത്തരങ്ങളോരോന്നായി എഴുതിത്തുടങ്ങി.
ഹിന്ദിയിൽ തുടർന്നുണ്ടായ എല്ലാ ബിരുദങ്ങളുടെ ആരംഭം വീരണകാവ് സ്കൂളിൽ ഞാനെഴുതിയ ആ പരീക്ഷയാണ്.അതുകൊണ്ട് തന്നെ വിരണകാവ് സ്കൂൾ എനിക്ക് ഹിന്ദിയുടെ മധുരിക്കുന്ന ഓർമയാണ്.
കുട്ടിക്കാലം-ബിജു,അധ്യാപകൻ,വീരണകാവ് സ്കൂൾ
എന്റെ കുടുംബം തന്നെയാണ് എനിക്ക് ഈ വീരണകാവ് സ്കൂൾ. ഈ സ്കൂളിന്റെ ഓരോ സ്പന്ദനത്തിലും എന്റെ ജീവനും അലിഞ്ഞുചേർന്നിരിക്കുന്നതായി പലപ്പോഴും പല അധ്യാപകരും എന്നെ കളിയാക്കി പറയാറുണ്ട്.അത് ഒരുപക്ഷേ ശരിയായിരിക്കാം.കുഞ്ഞുനാൾ മുതൽ ഞാൻ ഈ സ്കൂൾ കാണാൻ തുടങ്ങിയതാണ്.അച്ഛന്റെ കൈപിടിച്ച് പിച്ച വച്ച നാൾ മുതൽ സ്കൂളും പരിസരവും എന്റെ ഓർമകളിൽ നല്ല ചൂടു ചായയുടെയും എണ്ണയിൽ വറുത്തുകോരിയ പഴംപൊരിയുടെയും സുഗന്ധവും രുചിയും നിറച്ചു.അച്ഛൻ മെല്ലെ ഊതിതണുപ്പിച്ചു തന്ന ചായയ്ക്ക് അച്ഛന്റെ സ്നേഹത്തിന്റെ മധുരമായിരുന്നു.പിന്നീട് പ്രൈമറി ക്ലാസ് മുതൽ വി എച്ച് എസ് ഇ വരെ അച്ഛന്റെ കൺവെട്ടത്ത് തന്നെയായിരുന്നു ഞാൻ.അച്ഛന് സ്വന്തം കടയിലിരുന്നാൽ സ്കൂൾ കാണാം.എന്റെ ഓരോ ചലനവും മാറ്റങ്ങളും അച്ഛൻ ഭൂതക്കണ്ണാടി വച്ചെന്ന പോലെ തിരിച്ചറിഞ്ഞിരുന്നു.ആ സംരക്ഷണം ഇന്നും ഈ കലാലയത്തിൽ അധ്യാപകനായി തുടരുമ്പോൾ എനിക്ക് അനുഭവപ്പെടുന്നുണ്ട്.ഇന്ന് അച്ഛൻ കട നടത്തുന്നില്ലെങ്കിലും ആ സ്ഥലത്തെത്തുപ്പോൾ എനിക്ക് പഴയ കുട്ടിക്കാലം ഓർമവരും.