ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ ഗ്രാമം/ജനജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജനജീവിതംഭാഷ

ഭാഷയെന്നത് ജനജീവിതത്തിന്റെ ഏറ്റവും മർമ്മപ്രധാനമായ വസ്തുതയാണ്.ഓരോ പ്രദേശത്തിനും അതിന്റെതായ ഭാഷാപ്രയോഗങ്ങളും രീതികളുമുണ്ട്.കാട്ടാക്കട താലൂക്കും വ്യത്യസ്തമല്ല.തെക്കൻ തിരുവിതാംകൂറിന്റെ ഭാഷാപ്രയോഗം തന്നെയാണ് നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്നത്.തമിഴ്‍നാട്ടിന്റെ അടുത്തുള്ള ഭാഗമെന്ന നിലയിൽ തമിഴ് സ്വാധീനവും ബ്രാഹ്മണരുടെ കുടിയേറ്റം ഈ പ്രദേശത്ത് വൻതോതിലുണ്ടായതിനാൽ സംസ്കൃത സ്വാധീനവും കാട്ടാക്കട താലൂക്കിലുൾപ്പെട്ട വീരണകാവിന്റെ ജനജീവിതത്തിൽ നിഴലിക്കുന്നുണ്ട്.തനത് വാക്കുകളും മറ്റു ഭാഷകളുടെ സ്വാധീനത്താൽ ഉളവായ വാക്കുകളും ഇവിടെ നിലനിന്നിരുന്നു.ഇന്ന് ഏറെക്കുറെ അച്ചടിഭാഷയിലേയ്ക്കും മറ്റ് പ്രദേശങ്ങളുടെ സ്വാധീനത്താൽ മലബാർ മധ്യതിരുവിതാംകൂർ ഭാഷാപ്രയോഗങ്ങളും ഉച്ചാരണരീതികളും സാധാരണക്കാരുടെയിടയിലും പ്രചരിച്ചിട്ടുണ്ട്.തനതായ ഭാഷാപ്രയോഗങ്ങൾ ഗ്രാമീണമേഖലകളിലെ പ്രായമായവരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്,പൊതുവെ തെക്കൻ തിരുവിതാംകൂറിന്റെ വാക്കുകളുപയോഗിക്കുമ്പോഴുള്ള നീട്ടൽ പലപ്രദേശങ്ങളിലും ഇന്നും നിലനിൽക്കുന്നുണ്ട്.കുട്ടികളുടെ ഇടയിൽ പോലും ഇത്തരത്തിലുള്ള തെക്കൻഭാഷാപ്രയോഗങ്ങളും നീട്ടിയുള്ള സംസാരരീതിയും നിലനിൽക്കുന്നുണ്ട്.ഒരു പ്രദേശത്തിന്റെ തനതായ പ്രയോഗങ്ങളെന്നത് ആ പ്രദേശത്തിന്റെ ആത്മാവു തന്നെയാണ്.മറ്റു പ്രദേശങ്ങളുടെ ഭാഷാപ്രയോഗങ്ങൾ പോലെ തന്നെ ഈ പ്രദേശത്തിന്റെയും ഭാഷാപ്രയോഗങ്ങൾ തനതാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നതുമുള്ള അവബോധം പുതുതലമുറയ്ക്കെങ്കിലും ഉണ്ടാകണം.

വേഷം

സാരിയും ബ്ലൗസും സ്ത്രീകളും മുണ്ടും തോർത്തും പുരുഷന്മാരും നിക്കറും ഉടുപ്പും ആൺകുട്ടികളും പാവാടയും ബ്ലൗസും പെൺകുട്ടികളും മുണ്ടും നേര്യതും റൗക്കയും പ്രായമായ സ്ത്രീകളും ധരിച്ചിരുന്ന കാലത്തിൽ നിന്നും ആധുനിക ഫാഷൻ രീതികളിലേയ്ക്കുള്ള ചുവടുമാറ്റം മറ്റേതൊരു പ്രദേശത്തുമെന്ന പോലെ വീരണകാവിലും ദർശിക്കാനാകും.ഇന്ന് സാധാരണക്കാരായ സ്ത്രീകൾ പുറത്തുപോകുമ്പോൾ സാരിയും ബ്ലൗസും ചുരിദാരും മറ്റും ധരിക്കുമ്പോൾ പുരുഷന്മാർ മുണ്ടോ പാന്റോ ഷർട്ടിനോടൊപ്പം ധരിക്കുന്നു.സ്ത്രീകൾ വീടുകളിൽ നൈറ്റി ധരിക്കുമ്പോൾ പുരുഷന്മാർ കൈലി ധരിക്കുന്നു.കുട്ടികൾ സാധാരണക്കാരായാലും പരിഷ്ക്കാരികളായാലും എല്ലാത്തരം വസ്ത്രങ്ങളും പരീക്ഷിക്കുന്നു.

ഭക്ഷണം

ചോറും മീൻകറിയും ഉണ്ടെങ്കിൽ കാട്ടാക്കടക്കാർക്കെന്നല്ല ഏകദേശം എല്ലാ വിഭാഗം കേരളീയർക്കും തൃപ്തിയാണ്.വീരണകാവുകാരും വ്യത്യസ്തരല്ല.പൊതുവെ ചോറും മീൻകറിയും കപ്പയും ഇഷ്ടപ്പെടുന്നവരാണെങ്കിലും തികച്ചും സസ്യഭുക്കുകളായ ആളുകളും ഈ പ്രദേശത്തുണ്ട്.ചോറ്,ഒഴിച്ചുകറി,തോരൻ,അച്ചാർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.അവിയൽ,സാമ്പാർ തുടങ്ങിയവ പോഷകസമൃദ്ധമായ സമീകൃതആഹാരമാണ്.രാവിലെ ദോശ,ഇഡ്ഢലി,പുട്ട് തുടങ്ങിയവയും വൈകിട്ട് ചായ ചെറുപലഹാരങ്ങൾ എന്നിവയും അത്യാവശ്യഘടകങ്ങളാണ്.രാത്രി പൊതുവെ ചോറു കഴിച്ചിരുന്നവരാണെങ്കിലും ഇന്ന് ജീവിതജന്യ രോഗങ്ങളുടെ ബാഹുല്യം കാരണം പലരും ചോറു ഉപേക്ഷിച്ച് ചപ്പാത്തിപോലുള്ള ഭക്ഷരീതികളിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്.

തൊഴിൽ

പണ്ട് ഈ പ്രദേശത്തുള്ളവർ എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്നവരാണ്.എന്നാൽ ഇന്ന് കൃഷി നശിക്കുകയും കാർഷികവൃത്തി ലാഭകരമല്ലാതാകുകയും ചെയ്തവേളയിൽ പലതരം തൊഴിലുകളെ ആശ്രയിക്കേണ്ട അവസ്ഥ വരുകയും ആളുകൾ വലിയ തോതിൽ മറ്റു ജോലികളിലേയ്ക്ക് തിരിയുകയും ചെയ്തു.എന്നിരുന്നാലും പുതുതലമുറ കൃഷിയിലേക്ക് തിരിയുന്ന കാഴ്ചയും ഇവിടെ അന്യമല്ല.സ‍ർക്കാർ ജീവനക്കാരും സ്വകാര്യ മേഖലാജീവനക്കാരും അസംഘടിതമേഖലയിലെ ജോലിക്കാരുമെല്ലാമിവിടെയുണ്ട്.