ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/ദേശാടനകിളികൾക്ക് പറയാനുള്ളത് (കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
ദേശാടനകിളികൾക്ക് പറയാനുള്ളത്


"കൂട്ടുകാരെ അകലെ ഹിമവാന്റെ വെള്ളത്തല കാണാൻ തുടങ്ങുന്നു. നമ്മൾ ഇന്ത്യ എത്താറായി ... " ദൂരെ മങ്ങിയ മലനിരകൾക്കുമുകളിൽ കൂട്ടം കൂടി പറന്നു വരുകയാണ് ദേശാടനപക്ഷികൾ. ഹിമവാന്റെ മടിത്തട്ടിൽ നൂണു കിടക്കുന്ന കാശ്മീർ താഴ്വരയുടെ മേലെ പറക്കുമ്പോൾ പക്ഷിക്കൂട്ടം ഉച്ചത്തിൽ കലപില കൂട്ടുന്നുണ്ടായിരുന്നു.

ഹിമാലയത്തിൽ നിന്നുള്ള തണുത്ത കാറ്റ് ഇന്ത്യയെ വിളിച്ചറിയിക്കുന്നതാണ്. സൂര്യന്റെ വെയിലേറ്റ് സ്വർണ്ണ വർണത്തിൽ തനിതങ്കം പോലെ തോന്നിപ്പിക്കുന്ന മഞ്ഞുപാളികൾക്ക് മുകളിലൂടെ അവർ പറന്നു വരുന്നു. തൂവെള്ള നിറമുള്ള സ്നേഹത്തിന്റെ പ്രതീകമായ താജ്മഹലും യമുനനദിയും ഒത്തിണങ്ങിയ ഡൽഹി ഇത്തവണ അവരെ അതിശയിപ്പിച്ചു. കിഞ്ഞിക്കിളി അമ്മയോട് ചോദിച്ചു ഡൽഹിക്ക് എന്തുപറ്റി. അമ്മ പറഞ്ഞു. ശരിയാ മനുഷ്യരുടെ പാപം കഴുകി കഴുകി കറുത്തുപോയ യമുന ഇതെന്താ തെളിഞ്ഞൊഴുകുന്നത്. വണ്ടികളുടെ കീ... കീ... ശബ്ദം എവിടെ? മുമ്പത്തേക്കാൾ താജ്മഹൽ വെളുത്തിട്ടുമുണ്ട്. ഇവിടുള്ള കോടിക്കണക്കിന് മനുഷ്യരൊക്കെ ദേശാടനത്തിന് പോയോ അമ്മക്കിളിയുടെ കണ്ണുകൾ വിടർന്നു.

തെളിഞ്ഞ ആകാശത്തുകൂടി പച്ചപുതച്ച തെക്ക് ദിക്കിനെ ലക്ഷ്യമാക്കി അവർ പറന്നു. ശൂന്യമായ നഗരങ്ങളും കൂടുതൽ സുന്ദരിയായ പുഴകളും സ്വച്ഛന്ദമായ പ്രകൃതിയേയും നുകർന്ന് അവർ കേരളത്തിലെത്തി. ഒഴിഞ്ഞ റോഡുകളും വണ്ടികളും കണ്ടപ്പോൾ കുഞ്ഞിക്കിളിയ്ക്ക് വീണ്ടും സംശയമാണ്. "ഇവരെല്ലാം എവിടെപ്പോയി”. അവർ ചിന്തിച്ചു. പെട്ടെന്ന് താഴെ ഒരേ പോലുള്ള മനുഷ്യരെ അവർ കണ്ടു. കുഞ്ഞിക്കിളി വീണ്ടും അമ്മയോട് ചോദിച്ചു. "അമ്മേ, എന്തിനാ മനുഷ്യ‍ർ ഒരേ വേഷത്തിൽ നിൽക്കുന്നത്?” അത് നിയമം നോക്കുന്ന പോലീസുകാരാണെന്ന് പാവം കിളികൾക്ക് അറിയില്ലല്ലോ. ചോദ്യങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു പിന്നെ ദേശാടനക്കിളികളുടെ മനസ്സിൽ.

പെട്ടെന്ന് ബൂം...ബൂം .... എന്ന മൂളലോടെ പറന്നു വരുന്ന പക്ഷിയെ കണ്ട് അവർ ഞെട്ടി വിറച്ചു. കുഞ്ഞിക്കിളി ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു "അമ്മേ 4 ചിറകുള്ള ഭീമൻ പക്ഷി". അവർ പേടിച്ചു പോയി. അവർക്ക് ഡ്രോണിനെ മനസ്സിലായില്ല. അവർ പരസ്പരം ആശ്വസിപ്പിച്ചു. ഇതെന്താ ഇങ്ങനെ?ഒടുവിൽ വയസ്സൻ കാക്കയാണ് പറഞ്ഞത്. ഇതാണ് കൊറോണ. അതിനെ പേടിച്ച് മനുഷ്യൻ മുറിക്കുള്ളിൽ അടച്ചിരിപ്പാണ്. ഇവിടെ ലോക്ക്ഡൗണാണ്.

സത്യത്തിൽ ദേശാടനക്കിളികൾക്ക് ഒന്നും മനസ്സിലായില്ല. അമ്മക്കിളി ഇത്രമാത്രം പറഞ്ഞു എന്നും കൊറോണയാണെങ്കിൽ എത്ര നന്നായിരുന്നു.





കാർത്തിക് എസ്
8 ബി ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ