ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/അങ്ങനെ ഒരു ലോക്ക്ഡൗൺ കാലം

അങ്ങനെ ഒരു ലോക്ക്ഡൗൺ കാലം

സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിച്ചു രസിച്ചു നടന്നിരുന്ന ദിവസങ്ങൾ. വെള്ളിയാഴ്ച്ച വീട്ടിൽ എത്തുമ്പോൾ തിങ്കളാഴ്ച്ച കൂട്ടുകാരെ കാണാം എന്ന പ്രതീക്ഷയാണ് മനസ്സിൽ, എന്നാൽ ആ പ്രതീക്ഷക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല ഞായറാഴ്ച്ച വൈകിട്ട് വാർത്താ ചാനൽ കണ്ടുകൊണ്ടിരുന്ന അച്ഛൻ വിളിച്ചു പറഞ്ഞു "നാളെ അവധിയാണെന്ന് ". കാരണം എന്തെന്ന് തിരക്കിയ എനിക്ക് ആദ്യമൊന്നും വക്തമായി മനസിലായില്ല. പിന്നീടാണ് മനസിലായത് നമ്മുടെ നാടിനെയും രാജ്യത്തെയും ലോകത്തെയും വിഴുങ്ങാനായി ഒരു മഹാവ്യാധി എത്തിയിരിക്കുവെന്ന്. കൊറോണ എന്ന പഴയ പേരിൽ പരിഷ്‌കാരം വരുത്തി കോവിഡ് - 19 എന്ന് ആയിരിക്കുന്നു. വ്യക്തി ശുചിത്വവും സാമൂഹിക അകലവും മാസ്കിന്റെ ഉപയോഗവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയുമല്ലാതെ ഇതിനെ പ്രതിരോധിക്കാൻ മറ്റ് വഴികൾ ഇല്ലായെന്ന് അച്ഛൻ പറഞ്ഞ് തന്നു. എല്ലാവരും വീടിനുള്ളിൽ കഴിയുന്നതിനായാണ് ഈ അവധിയത്രേ. ഈ അവസ്ഥകൾ പെട്ടന്ന് മാറി സ്കൂളിലേക്ക് പോകാൻ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. അങ്ങനെ ഏകദേശം 2 ആഴ്ച്ചയോളം കാത്തിരുന്നു, അപ്പോളതാ മറ്റൊരു വാർത്ത 21 ദിവസത്തേക്ക് രാജ്യം പൂട്ടിയത്രേ. അതിനെ ലോക്ക് ഡൗൺ എന്നാണ് പറയുന്നതെന്ന്. അങ്ങനെ കൂട്ടുകാരെ കാണമെന്നും കളിക്കാമെന്നുമുള്ള പ്രതീക്ഷ നഷ്ടമായി. വീട്ടിൽ അനിയനും അമ്മയും അച്ഛനും മുത്തശ്ശിക്കുമൊപ്പം കളികളിൽ ഏർപ്പെടുകയല്ലാതെ വേറെ വഴിയില്ലാന്നു മനസിലായി. ദിവസങ്ങൾ കടന്നു പോയി.... അച്ഛൻ കൃഷിയിലേക്ക് ചുവടു വെച്ചു, ആദ്യമായാണ്... എങ്കിലും ഞങ്ങളും ഒപ്പം കൂടി. ചക്ക, മാങ്ങാ, കപ്പളങ്ങ, ചീര, കോവക്ക, ചേന, ചേമ്പ്, മുരിങ്ങയില, ചക്കക്കുരു എന്നിവർ അടുക്കളയിലെ നിത്യ സന്ദർശകരായി മാറി. അമ്മയുടെ വക സ്പെഷ്യൽ ചക്കക്കുരു ഷേക്ക്‌ അടിപൊളിയായിരുന്നു... എന്തൊരു സ്വാദ്. പല പല ലോക്ക് ഡൗൺ വിഭവങ്ങൾ അമ്മ തയ്യാറാക്കികൊണ്ടിരുന്നു. അമ്മയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു ഇത്. അങ്ങനെ 21 ദിവസങ്ങൾ പിന്നിടാറായപ്പോൾ പിന്നെയും ഒരു വാർത്ത... വീണ്ടും 19 ദിവസത്തേക്ക് ലോക്ക് ഡൗൺ... എന്തുചെയ്യാൻ...? ഈ മഹാവ്യാധിയെ തുരത്താനായി നമ്മുക്കും ഒപ്പം കൂടാമെന്നു ചിന്തിച്ച്, മനസിനെ അതിനായി പാകപ്പെടുത്തി. സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരെ കാണാമല്ലോ.... ഈ ഭീകരനെ തുരത്തിയാലല്ലേ കളിക്കാൻ പറ്റു... അതുകൊണ്ട് തന്നെ വീട്ടിലിരുന്ന് നമ്മുടെ പിണറായി മാമനും ഷൈലജ ടീച്ചറും പറയുന്നതൊക്കെ അനുസരിക്കാൻ ഞാനും തീരുമാനിച്ചു....

അഭിനവ് ഗിരീഷ്
4 B ഗവ.യു.പി സ്കൂൾ വെള്ളൂത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം