ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണത്തിൽ വനങ്ങൾക്കുള്ള പങ്ക് - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണത്തിൽ വനങ്ങൾക്കുള്ള പങ്ക്
        പ്രകൃതി സംരക്ഷണത്തിൽ വനങ്ങൾക്കുള്ള പങ്ക് ഏറെ വലുതാണ് എന്ന സത്യം നാം മനസ്സിലാക്കുന്നില്ല. നമുക്ക് നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരുന്ന പ്രകൃതിയുടെ ഒരു ഭാഗമാണ് വനങ്ങൾ. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും കാലാവസ്ഥ നിയന്ത്രണത്തിലും വനങ്ങൾക്കുള്ള പങ്ക് നിർണായകമാണ്. 
        ആധുനിക യുഗത്തിൽ നമ്മുടെ ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആഗോളതാപനം. എന്താണിതിനു കാരണം? എന്ന ചോദ്യത്തിനുത്തരം വൻതോതിൽ നടക്കുന്ന വനനശീകരണമാണെന്ന്  നിസംശയം പറയാം. ആഗോളതാപനം തടയാനുള്ള ഒരേയൊരു മാർഗം വനവൽക്കരണം ആണ്. ഇതിനുപകരം അവയെല്ലാം വെട്ടി നശിപ്പിക്കുകയാണ് ആധുനിക മനുഷ്യർ. വനനശീകരണം മൂലം വൃക്ഷങ്ങളുടെ എണ്ണം കുറയുകയും അതിന്റെ ഫലമായി കാർബൺഡൈഓക്സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഇതാണ് ആഗോളതാപനത്തിന് കാരണമാകുന്നത്. വൃക്ഷങ്ങൾ പ്രകാശസംശ്ലേഷണം ചെയ്യുമ്പോൾ കാർബൺഡൈഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. ഇത് വൃക്ഷങ്ങളുടെ മാത്രം പ്രത്യേകതയാണ്. 
        വനം മാത്രമല്ല നമ്മുടെ പ്രകൃതിയിലെ മറ്റു വിഭവങ്ങളും ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. പലവിധത്തിലുള്ള മലിനീകരണങ്ങളിലൂടെ ടെയും പ്രകൃതിവിഭവങ്ങളുടെ അമിതഉപയോഗത്തിലൂടെയും നമ്മുടെ പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായുള്ള പ്രകൃതിയുടെ പകരം വീട്ടലാണ് പ്രകൃതിക്ഷോഭങ്ങൾ. 
        വൃക്ഷങ്ങൾ,  ചെടികൾ എന്നിവ ആഹാരശൃഖലയിൽ ആദ്യകണ്ണികളാണ്. ഇവ നശിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. ഇവയുടെ നാശം നമ്മുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും പ്രകൃതിയുടെ നാശത്തിന് കാരണമാവുകയും ചെയ്യും. 
        മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം പ്രകൃതി നമുക്ക് നൽകുന്നുണ്ട്. പക്ഷെ മനുഷ്യന്റെ അത്യാഗ്രഹം ആണ് പ്രകൃതിയെ  ചൂഷണം ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ചവിട്ടിയിരിക്കുന്ന മണ്ണിനെതന്നെയാണ് താൻ നശിപ്പിക്കുന്നതെന്ന് ഓർക്കുന്നില്ല. വനവൽക്കരണത്തിന്റെ ആവശ്യകത അറിയാമെങ്കിലും അതിനു വേണ്ട പ്രാധാന്യം നൽകുന്നില്ല 
         അവശേഷിക്കുന്ന വനമെങ്കിലും നശിപ്പിക്കാതിരിക്കൂ…… വനവൽക്കരണത്തിലൂടെ പ്രകൃതിയേയും ഭാവിതലമുറയെയും സംരക്ഷിക്കൂ…. 
ഗൗതമി S
6 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം