ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ കൊറോണ; പ്രകൃതിയുടെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ; പ്രകൃതിയുടെ അതിജീവനം      

മനുഷ്യനും, പക്ഷിമൃഗാദികളും, മറ്റു ജന്തുജാലങ്ങളും ഉൾപ്പെടുന്ന ഒരു മഹാത്ഭുതമാണ് പ്രകൃതി. നമ്മുക്കെന്തെല്ലാമാണ് പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്നത് !നമ്മളിന്നനുഭവിക്കുന്ന ഈ സൗഭാഗ്യങ്ങളെല്ലാം പ്രകൃതിയുടെ വരദാനമാണ്. ജീവൻെറ ഓരോ കണികയിലും പ്രകൃതി തീർത്ത അത്ഭുതങ്ങൾ ഇന്നും മനുഷ്യൻ അപഗ്രഥിച്ചുകൊണ്ടിരിക്കുന്നു. അതിസൂക്ഷ്മ ജീവികളായ വൈറസുകൾ മുതൽ ബാക്ടീരിയ, അമീബ, ഫംഗസുകൾ തുടങ്ങി അതിസങ്കീർണമായ ജൈവഘടനയുള്ള മനുഷ്യൻ വരെ എല്ലാം പ്രകൃതിയുടെ കരവിരുത്. എന്നാൽ വിശ്വവിജയി എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യൻ ഈ അതിസൂക്ഷ്മ ജീവിക്കു മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. മനുഷ്യരാശിയുടെ സഹസ്രാബ്ദങ്ങളുടെ യത്നത്തെ അനിശ്ചിതത്വത്തിലാക്കികൊണ്ട് ലോകത്തിൻെറ അതിർത്തികളെയൊന്നാകെ അവഗണിച്ചുകൊണ്ട് അതങ്ങനെ ആളിപടരുകയാണ്. കോവിഡ് -19! ഈ അതിസൂക്ഷ്മ ജീവി പ്രകൃതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉരുവാക്കിയിരിക്കുന്നതു?

പ്രതിവർഷം 7 ദശലക്ഷം പേരുടെ ജീവൻ അപഹരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് വായുമലിനീകരണം. ലോകമൊട്ടാകെ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ഗണ്യമായി കുറയുകയും ഫാക്ടറികൾ പ്രവർത്തനരഹിതവുമായതോടെ വായുമലിനീകരണതോതിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടുണ്ട്. സംസ്ഥാന മലിനീകരണ ബോർഡിൻെറ കണക്കുകളനുസരിച്ചു ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ 16-ആം തീയതികൾ തമ്മിൽ താരതമ്യം ചെയ്തപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മലിനീകരണ തോത് കാര്യമായി കുറഞ്ഞതായി കണ്ടു. ആഗോള ഹരിതഗൃഹവാതകങ്ങളുടെ 7% -ത്തോളം സംഭാവന ചെയ്യുന്ന വിമാനങ്ങളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചതോടെ അതിലും കുറവ് വന്നിരിക്കുന്നു.

വാഹനങ്ങൾ കുറഞ്ഞതുകൊണ്ടുതന്നെ മറ്റു ജന്തുക്കൾ യഥേഷ്ടം നിരത്തുകളിലൂടെ സഞ്ചരിക്കുന്നു. ജീവജാലങ്ങളുടെ നിലനിൽപിന് തന്നെ ഭീഷണിയായ ആഗോള വന്യജീവി വ്യാപാരം വാസ്തവത്തിൽ സ്തംഭിച്ചിരിക്കുന്നു. ജലപാതകളിലും സമുദ്രങ്ങളിലും കപ്പലുകളും ബോട്ടുകളും നിലച്ചതോടെ തിമിംഗലങ്ങൾക്കും മറ്റു ജലജീവികൾക്കും സ്വസ്ഥമായ ദേശാടനം സാധ്യമാകുന്നു. കോവിഡ് മൂലം പ്രകൃതിക്കു ഗുണങ്ങൾ മാത്രമല്ല. രോഗം പടർന്നുപിടിച്ചതുകൊണ്ട് പ്രതിരോധത്തിൻെറ ഭാഗമായി ഉപയോഗിച്ചു വലിച്ചെറിയുന്ന ഡിസ്പോസിബിൾ ഗ്ലൗസുകൾ, മാസ്കുകൾ, PPE കിറ്റുകൾ തുടങ്ങിയ മെഡിക്കൽ വേസ്റ്റുകളും പാക്കേജ്ഡ് ഭക്ഷണത്തിന്റെ ഭാഗമായി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും നിരന്തരം പുറന്തള്ളപ്പെടുന്നു. ഇത് പ്രകൃതിക്ക് വരുത്തുന്ന ദോഷം ചെറുതല്ല.

മേല്പറഞ്ഞ കാര്യങ്ങളൊക്കെയും മീറ്ററിൻെറ പത്തു ലക്ഷത്തിലൊരംശം (0.12 മൈക്രോൺസ് )മാത്രമുള്ള ഒരു അതിസൂക്ഷ്മജീവി മൂലമുളവായതാണെന്നോർക്കുമ്പോൾ പ്രകൃതിയുടെ ശക്തി നമുക്കൂഹിക്കാം. ഇനിയും മനുഷ്യരെ ഒട്ടേറെ പാഠങ്ങൾ പഠിപ്പിക്കാനുള്ള കെൽപ് പ്രകൃതിക്കുണ്ടെന്നറിഞ്ഞാൽ നന്ന്. ഈ സഹസ്രാബ്ദത്തിലെ ആദ്യ പകർച്ചവ്യാധി(Pandemic)യെ നമുക്ക് അതിരുകളില്ലാതെ ഒറ്റക്കെട്ടായി നിന്ന് ചെറുത്തുതോല്പിക്കാം.

പ്രണവ് ചന്ദ്രബോസ്
8D ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം