ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/ഉദയകിരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉദയകിരണങ്ങൾ

ഉണ്ണിക്കുട്ടനും അപ്പുവും ഉറ്റചങ്ങാതിമാരായിരുന്നു. രണ്ടു പേരുടെയും വീടുകളുംഅടുത്ത ടുത്ത്.ഒരേ സ്കൂളിലും ഒരേ ക്ലാസിലും.ഒന്നാം | ക്ലാസിൽ കൊണ്ടുചേർത്തപ്പോൾ രണ്ടു ഡിവിഷനിലായിപ്പോയതിന് രാവിലെ മുതൽ വൈകുന്നേരം വരെ കരഞ്ഞു രണ്ടു പേരും.നിലവിളിക്ക് മുന്നിൽ അധ്യാപകർ തോറ്റു.രണ്ടുപേരേയും ഒരു ക്ലാസിൽ തന്നെയിരുത്തി ഉണ്ണിക്കുട്ടനേയും അപ്പുക്കട്ടനേയും സന്തോഷിപ്പിച്ചു ഇന്ദു ടീച്ചർ.അന്നു മുതൽ ഇന്ദു ടീച്ചർ രണ്ടു പേർക്കും അമ്മ കൂടിയായി. വീട്ടിൽ നിന്ന് നടന്നു പോകാമെന്നതുകൊണ്ട് രണ്ടു പേരേയും അമ്മമാർ സ്കൂളിൽ കൊണ്ടാക്കും. മക്കൾ മാത്രമല്ല അമ്മമാരും ടീച്ചേഴ്സിന് പ്രിയപ്പെട്ടവരായി. സ്ക്കൂളിലെ പരിപാടികൾക്കെല്ലാം അമ്മമാരും മുന്നിലുണ്ടാകും. ദിവസങ്ങളും വർഷങ്ങളും കഴിഞ്ഞു.ഉണ്ണിക്കുട്ടനും അപ്പുവും നാലാം ക്ലാസിലാണിപ്പോൾ.ഒന്നാം ക്ലാസ് മുതൽ ഓരോ ക്ലാസ്കഴിയുമ്പോഴും ഇന്ദു ടീച്ചറും കൂടെയുണ്ട് ക്ലാസ് ടീച്ചറായി.മാർച്ചുമാസമെത്തി. ഇനി ഒരു മാസം കൂടി കഴിഞ്ഞാൽ, നാലുവർഷമായി തന്റെ കൂടെയുണ്ടായിരുന്ന മക്കളെല്ലാം മറ്റൊരു സ്കൂളിലേക്ക് പോകുമെന്നോർത്തപ്പോൾ തന്നെ ടീച്ചർക്ക് വിഷമം വന്നു.പക്ഷെ അവരെ സന്തോഷത്തോടെ യാത്രയയക്കണം, സമ്മാനങ്ങളും നൽകി.

അടുത്ത ദിവസം ടീച്ചർക്ലാസിലെത്തി.ഹാജ രെടുത്ത ശേഷം കുട്ടികളോടായി പറഞ്ഞു "നിങ്ങൾക്ക് വിഷമവും ഒപ്പംസന്തോഷവും നൽകുന്ന കാര്യമാണ് ടീച്ചർ പറയുന്നത്.ഇത് മാർച്ചുമാസമാണല്ലോ. ഇനി ഏതാനും ദിവസങ്ങൾ കൂടിയേ നിങ്ങൾ ഈ സ്കൂളിൽ ഉള്ളൂ. ശരിയല്ലേ ?" കുട്ടികൾക്കെല്ലാം വിഷമമായി.ഉണ്ണിക്കുട്ടനും അപ്പുവും മുഖത്തോടു മുഖം നോക്കി. ഇന്ദു ടീച്ചറില്ലാത്ത സ്കൂൾ, ക്ലാസുകൾ..... ടീച്ചറെന്നതിനേക്കാൾ അമ്മയുടെ സ്നേഹവും വാത്സല്യവും തങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട ടീച്ചർ..... ടീച്ചർ പെട്ടെന്ന് വിഷയം മാറ്റി. "അതിനെന്താ..... വലിയ ക്ലാസിലൊക്കെ പഠിച്ച് മിടുക്കരാകേണ്ടേ..... എന്റെ എല്ലാ മക്കൾക്കും ഇവിടേക്ക് എപ്പോഴും വരാമല്ലോ..... എല്ലാവർക്കും കൈനിറയെ സമ്മാനങ്ങളും നൽകിയേ ടീച്ചർ നിങ്ങളെ ഇവിടെ നിന്നും വിടുകയുള്ളൂ." അല്പം മുമ്പ് വന്ന സങ്കടമെല്ലാം മാറി കുട്ടികൾ പുഞ്ചിരിച്ചു. ടീച്ചർ തുടർന്നു,"നമുക്കൊരു മത്സരം സംഘടിപ്പിക്കാം"പ്രകൃതി എത്ര സുന്ദരം" എന്ന വിഷയത്തിൽനിങ്ങളുടെ ഗ്രാമത്തെഅടിസ്ഥാനമാക്കി ചിത്രം വരയക്കാം, കഥ എഴുതാം,കവിതയെഴുതാം, വർണ്ണനയെഴുതാം, ലഘുചരിത്രം തയാറാക്കാം......." അതിനുശേഷം ടീച്ചർകുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഒരേ ഗ്രാമത്തിൽ നിന്ന് വരുന്നവരെല്ലാം ഒരു ഗ്രൂപ്പ് എന്ന രീതിയിൽ. അതിനു ശേഷം ടീച്ചർ പറഞ്ഞു " തിങ്കളാഴ്ച വരുമ്പോൾ ഓരോ ഗ്രൂപ്പും നിങ്ങളുടെ രചനകൾ നൽകണം. സമ്മാനങ്ങൾ ടീച്ചറിന്റെ വക." വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷം ഉണ്ണിക്കുട്ടനും അപ്പുവും ടീച്ചർ നൽകിയ പ്രവർത്തനം തയാറാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. " ഉണ്ണിക്കുട്ടാ.... സമ്മാനമെല്ലാം നമുക്ക് തന്നെ വാങ്ങണം. എന്ത് ഭംഗിയാണ് നമ്മുടെ ഗ്രാമം.... നീ നന്നായി വരയ്ക്കുമല്ലോ.... ആമ്പൽക്കുളവും നെല്പാടങ്ങളും ആറും തോടും കൃഷിയും പ്രഭാതക്കാഴ്ചകളും അസ്തമയ വർണ്ണങ്ങളും.... " പിന്നെന്താ അപ്പൂ ഇപ്പഴേ എന്റെ മനസിൽ നിറഞ്ഞു കഴിഞ്ഞൂ.... ആ കാഴ്ച ക ളൊക്കെ... നീ എഴുതുകയും ചെയ്യുമല്ലോ കവിതയും കഥയും വർണ്ണനയും ഒക്കെ.... അച്ഛനോട് ചോദിച്ച് നമ്മുടെ നാടിന്റെ ച രിത്രവും തയാറാക്കാം.. "അവർ നടന്നുനടന്ന് വീടെത്തി. അമ്മമാരോട് വിശേഷങ്ങളൊക്കെ പങ്കുവെച്ച് കുളിച്ച് ആഹാരം കഴിച്ച് ഉത്സാഹത്തോടെ ഗ്രാമഭംഗി വരകളിലും വരികളിലുമാക്കുന്ന തിരക്കിലായി. അയൽപക്കമായതിനാൽ പരസ്പരം രചനകൾ കാണാനുമായി .ഉണ്ണിക്കുട്ടന്റെയും അപ്പുവിൻെറയും മനസ് നിറഞ്ഞു.രണ്ടു പേരും അച്ഛനോട് ചോദിച്ച് ഗ്രാമത്തിന്റെ ചരിത്രവും മനസിലാക്കി. നിറമനസ്സോടെ നിദ്രയിലാണ്ടു. "അച്ഛനെന്തിനാണാവോ രാവിലെ ടിവി വെച്ചത് ഇത്ര ഉച്ചത്തിൽ. ഇത് പതിവില്ലാത്തതാണല്ലോ... അവധി ദിവസമായിട്ട് ഉറങ്ങാനും പറ്റില്ല."ഉണ്ണിക്കുട്ടൻ ഓർത്തു. എങ്കിലും അവൻ വാർത്തയ്ക്ക് കാതോർത്തു. സ്കൂളുകളും കോളേജുകളും അടച്ചു,പരീക്ഷകൾ മാറ്റി, ജനങ്ങൾ കൂട്ടം കൂടരുത്...... ഉണ്ണിക്കുട്ടൻ ചാടിയെഴുന്നേറ്റു.ടി വി ക്ക് മുന്നിലെത്തിയപ്പോഴും വാർത്ത തുടരുന്നു. "രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ.............." അവൻ അപ്പുവിന്റെ വീട്ടിലേക്കോടി.അപ്പു അവനെ കണ്ടതേ കരയാൻ തുടങ്ങി. " ഉണ്ണീ നമ്മളിനി എന്തു ചെയ്യും? കൂട്ടുകാരെ എങ്ങനെ കാണും? നമ്മുടെ ഇന്ദു ടീച്ചറെ കാണുന്നതെങ്ങനെ? നമ്മൾ ചെയ്ത പ്രവർത്തനങ്ങൾ എങ്ങനെ എത്തിക്കും?" അപ്പുവിന്റെ അച്ഛനുമമ്മയും അവരെ സമാധാനിപ്പിച്ചു.അമ്മ ടീച്ചറിനെ വിളിക്കാമെന്ന് ഉറപ്പുകൊടുത്തു.ഏറെ നേരം കഴിഞ്ഞില്ല ഇന്ദു ടീച്ചർ രണ്ടു പേരുടേയും വീട്ടിലേക്ക് വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കി. സമാധാനിപ്പിച്ചു. ഇപ്പോൾ നമുക്ക് വേണ്ടത് ഭയമല്ല, സങ്കടമല്ല, ജാഗ്രതയാണ്. അതിനാൽ വീടുകളിൽ തന്നെ കഴിയണമെന്നും ഉപദേശിച്ചു. നിങ്ങളുടെയൊക്കെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുമെന്ന് ഉറപ്പും കൊടുത്തു.ഉണ്ണിക്കുട്ടനും അപ്പുവിനും ടീച്ചറിന്റെ വാക്കുകൾ ആശ്വാസമായി. ഒരാഴ്ച കഴിഞ്ഞപ്പോൾ ടീച്ചറിന്റെ കോൾ എത്തി.സ്കൂളിന്റെതായി ഒരു ഓൺലൈൻ ഗ്രൂപ്പ് തുടങ്ങിയെന്നും അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ കൂട്ടുകാരുടെയും കഴിവുകൾ തെളിയിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും. അപ്പോഴും ടീച്ചർ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു " പ്രിയപ്പെട്ട കുട്ടികളേ.. വീട്ടിലിരിക്കൂ..... സുരക്ഷിതരാകൂ.... ". പിറ്റേന്ന് മുതൽഉണ്ണിക്കുട്ടനും അപ്പുവും അവരുടെ കൂട്ടുകാരും തങ്ങളുടെ കഴിവുകൾ തെളിയിച്ചു കൊണ്ട് സന്തോഷമായി...സജീവമായി... പുതിയ അറിവുകൾ നേടി..... ഗ്രൂപ്പിൽ നിറഞ്ഞു നിന്നു.അപ്പോഴും ടി വി യും പത്രവുമൊക്കെ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും നമ്മുടെ കൊച്ചു കേരളം ഉയർത്തെഴുനേൽക്കുന്ന കാഴ്ച അവരെ സന്തോ ഷിപ്പിച്ചു, ആശ്വാസം നൽകി. ലോക ജനത ഈ മഹാമാരിയെ അതിജീവിക്കും എന്ന പ്രതീക്ഷയോടെ..... സ്കൂൾ തുറക്കാനായി കാത്തിരിക്കുകയാണ് ഉണ്ണിക്കുട്ടനും അപ്പുവും കൂട്ടുകാരും എന്തിനാണെന്നോ...... ഇന്ദു ടീച്ചറിന്റെ കൈയിൽ നിന്ന് സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനങ്ങളേറ്റുവാങ്ങാൻ....


ആമിന AR
7A1 ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ