ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൊലിഞ്ഞ സ്വപ്നം
പൊലിഞ്ഞ സ്വപ്നം
2020 ജനുവരി പുതുവർഷം പിറന്നപ്പോൾ എന്റെ മനസിലൊരു ലഡു പൊട്ടി. എണ്ണിക്കൊണ്ട് മൂന്നു മാസം കഴിഞ്ഞാൽ എനിക്ക് നാട്ടിൽ പോകാം. ഓരോ ദിവസവും എണ്ണിക്കൊണ്ട് കടന്നുപോയി. അതിനിടയ്ക്ക് ചൈനയിൽ ഒരു വൈറസ് വന്നെന്നോ പനി പിടിപ്പിച്ചെന്നോ അതു കാട്ടുതീ പോലെ പടരുന്നെന്നോ ആരൊക്കെയോ മരിച്ചെന്നോ ഒക്കെയുള്ള വാർത്തകൾ കേൾക്കാൻ തുടങ്ങി. അത് അങ്ങ് ചൈനയിലല്ലേ. നമുക്ക് എന്ത് ചേതം. ചൈനയിൽ കൊറോണ വന്നാൽ നമുക്ക് എന്താ. ഞാൻ വീണ്ടും കാത്തിരിപ്പ് തുടർന്നു. മാർച്ചായി പരീക്ഷ തുടങ്ങി. ഓരോ പരീക്ഷകളായി കടന്നു പൊയ്ക്കൊണ്ടിരിക്കെ അതാ കേരളത്തിലും കൊറോണ. ചൈനയിൽ നിന്നും വന്ന മൂന്നുപേർക്ക്. നമ്മുടെ ടീച്ചറമ്മ മൂന്നുകോവിഡുകളെയും പൊക്കി അകത്താക്കി. ഹാവൂ സമാധാനമായി. നാളെ ഫിസിക്സ് പരീക്ഷയല്ലേ. നന്നായി പഠിക്കാം. ഫുൾ മാർക്ക് വാങ്ങിക്കണം. ഇനി രണ്ട് പരീക്ഷകൾ കൂടി കഴിഞ്ഞാൽ ഞാൻ തകഴിയിൽ ആനന്ദലബ്ധിക്കിനിയെന്തുവേണം.മനുഷ്യൻ ആഗ്രഹങ്ങളെക്കൊണ്ട് ആകാശക്കോട്ടകൾ കെട്ടുന്നു. ദൈവത്തിന്റെ കല്പിതം ആർക്കറിയാം?എന്റെ സ്വപ്നങ്ങൾക്ക് പാര പണിതുകൊണ്ട് ഇറ്റലിയിൽ നിന്ന് അതാ ഒരു കുടുംബം കേരളത്തിലേക്ക് കോവിഡുമായി എത്തിയിരിക്കുന്നു. അവർ എവിടെയൊക്കെയോ പോയി. ആരെയൊക്കെയോ കണ്ടു. കല്യാണം കൂടി, കുർബാന കൂടി, പാലുകാച്ചിനും പങ്കെടുത്തു. അവർ ആർക്കൊക്കെ കോവിഡ് പകർന്നു നൽകി എന്ന് ആർക്കറിയാം. മലയാളികൾ പരിഭ്രാന്തരായി. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്. പക്ഷേ മലയാളികൾ തോൽക്കുമോ? നിപയെ പിടിച്ചു കെട്ടിയ ഒരു സർക്കാരും ആരോഗ്യ വകുപ്പുമല്ലേ നമുക്കുള്ളത്. ഇറ്റലിക്കാർ പോയ വഴികൾ കണ്ടുപിടിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. അവരുടെ നിഴൽ വീണവരെ പോലും വെറുതെ വിട്ടില്ല. എല്ലാവരെയും പിടിച്ച് ക്വാറന്റൈൻ ചെയ്തു. അപ്പോഴതാ തിരുവനന്തപുരത്തൊരു ഡോക്ടർ. സ്പെയിനിൽ നിന്ന് വന്നതാണത്രേ.ഡോക്ടറാണെന്ന ചിന്ത പോലുമില്ലാതെ പുള്ളിക്ക് ആവുന്ന വിധം കറങ്ങി. കാസർകോഡുകാരൻ ഒരുപ്രവാസി. കോടീശ്വരൻ. നാട്ടിലെത്തിയ ആഹ്ലാദത്തിൽ കേരളം മുഴുവനൊന്നു കറങ്ങി. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടാൻ തുടങ്ങി. കേരളത്തിൽ മാത്രമായിട്ടെന്തിനാ കൊറോണ. ഇരിക്കട്ടെ രാജ്യം മുഴുവൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ വന്നു തുടങ്ങി. നമ്മുടെ സർക്കാർ, ആരോഗ്യവകുപ്പ് മരണമാസാണ്. അതോടൊപ്പം പോലീസിന്റെ സേവനവും.കോവിഡ് ലക്ഷണങ്ങൾ പനിയും ചുമയും ശ്വാസതടസവും കണ്ടവരെയെല്ലാം പിടിച്ച് ആശുപത്രിയിലാക്കി. സമ്പർക്കത്തിൽ വന്നവരെയെല്ലാം വീടുകളിൽ നിരീക്ഷണത്തിലാക്കി. അപ്പോഴും പരീക്ഷകൾ നടന്നുകൊണ്ടിരിന്നു. പ്രധാനമന്ത്രി മാർച്ച് 22 ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. ഇതൊരു ട്രയലാണെന്നും ഇതിനെത്തുടർന്ന് ലോക്ക് ഡൗൺ ഉണ്ടാകുമെന്നുമുളള വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ആളുകൾ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ആ ശനിയാഴ്ച ഉപയോഗപ്പെടുത്തി. എന്നാൽ ഞാൻ പരീക്ഷ തീരുന്നതും തകഴിയിൽ പോകുന്നതും കൂട്ടുകാരോടൊപ്പം കളിച്ചു തിമിർക്കുന്നതും മറ്റും സ്വപ്നം കണ്ടുകൊണ്ടേയിരുന്നു. എന്റെ സ്വപ്നങ്ങളെ തച്ചുടയ്ക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഇറ്റലിക്കാരുമായി സമ്പർക്കത്തിൽ വന്നവരും മറ്റുമായി ആറ് പേർക്ക് ഒറ്റ ദിവസം കൊണ്ട് കോവിഡ് ബാധ സ്ഥിരീകരിച്ചു. പരീക്ഷകൾ നിർത്തിവച്ചു. പ്രധാനമന്ത്രി 21 ദിവസത്തേക്ക് രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എയർപോർട്ടുകൾ അടച്ചു, ട്രെയിനുകൾ നിശ്ചലമായി, റോഡ് ഗതാഗതം നിർത്തി വച്ചു, ജനജീവിതം നിശ്ചലമായി.സംസ്ഥാന അതിർത്തികൾ മണ്ണിട്ട് അടക്കുന്നു, ചെക്ക് പോസ്റ്റുകളിൽ അതിർത്തി കടന്ന് വരുന്നതിന്റെയും പോകുന്നതിന്റെയും വഴക്കുകൾ. ആരും വീടിന് വെളിയിലിറങ്ങരുത്, വാതിലടച്ച് വീടിനുള്ളിൽ കഴിയണം, സോഷ്യൽ ഡിസ്റ്റൻസിംഗ് ആണ് കൊറോണയെ തുരത്താനുള്ള ഏകമാർഗം. കൈ സോപ്പിട്ട് ഇടയ്ക്കിടെ കഴുകണം. 20 സെക്കന്റ് നേരം കഴുകണം. നവമാധ്യമങ്ങളിലൂടെ യുള്ള അറിയിപ്പുകൾ, ഫോണിൽ, ടി വിയിൽ, പത്രത്തിൽ അങ്ങനെ എങ്ങും കൊറോണ മാത്രം. എല്ലാവരും കൊറോണയെക്കുറിച്ച് പറയുന്നു. കൊറോണയുടെ അപദാനങ്ങൾ പാടുന്നു. കൊറോണയെ കെട്ടുകെട്ടിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. മാസങ്ങളായി ഞാൻ കണ്ടുകൊണ്ടിരുന്ന ആ സ്വപ്നം ഒരു ചീട്ടുകൊട്ടാരം പോലെ അതാ തകർന്നടിഞ്ഞുകിടക്കുന്നു. ഞാനിപ്പോൾ വീടിനുള്ളിൽ അടച്ചിരുന്ന് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നു. ഇപ്പോൾ ഞാനൊരു പുതിയ സ്വപ്നം കാണുന്നു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം