ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരിയും പ്രതിരോധവും

ലോകമാകെ ഭയന്നു വിറയ്ക്കുമ്പോൾ മാനവരാശിയുടെ പതനം പൂർണ്ണം. ജന്മജന്മാന്തരങ്ങളോളം മാനവൻ സുഖിച്ചു വാണ ഈ ഉലകിൽ ഇന്ന് കേവലം ഒരു വൈറസ് സിംഹാസനവും അവകാശങ്ങളും അപഹരിക്കുമ്പോൾ കാഴ്ചക്കാർ ഒട്ടേറെ. ചാറ്റൽ മഴയെന്നു കരുതി തള്ളികളഞ്ഞ ഈ മഹാമാരി കൊടുംവർഷമായി പെയ്തിറങ്ങിയപ്പോൾ തടുക്കാനോ എതിർക്കാനോ മനുഷ്യനായില്ല. സ്വന്തം സഞ്ചാരപാതയിൽ തടസ്സമായി വന്ന സകല വർഗ്ഗത്തേയും അനുനിമിഷം കൊണ്ട് തുടച്ചുമാറ്റിയ മാനവകുലം പകച്ചു നിൽക്കുമ്പോൾ ആര് എന്ത് നേടി എന്ന ചോദ്യവും ബാക്കി.
കോവിഡ് 19, കൊറോണ വൈറസ് ഇന്ന് ലോകമൊമ്പാടും വ്യാപിച്ച് മനുഷ്യസമൂഹത്തേയും സാമ്പത്തിക അടിത്തറയേയും പിടിച്ചുലയ്ക്കുന്നു. സമൃദ്ധിയും മേൽത്തട്ടും അവകാശപ്പെട്ടിരുന്ന പല രാജ്യങ്ങളും കോവിഡിന് മുന്നിൽ മുട്ടുകുത്തികഴിഞ്ഞു. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും പൊട്ടിപുറപ്പെട്ട് ഇന്ന് ഏകദേശം ഇരുന്നൂറിലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിയുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളും ഊർജ്ജിതം. സാമൂഹിക പ്രതിബദ്ധതയും സാമുദായിക ഐക്യവും വാഴ്ത്തിപാടുന്ന മനുഷ്യന് ഇതൊക്കെ വെറും പുല്ലാണെന്ന് സമർത്ഥിച്ച് ഹസ്തദാനങ്ങളും കൂട്ടായ്മകളും പ്രോത്സാഹിപ്പിച്ച് മുന്നിട്ടിറങ്ങുന്നവരും ഒട്ടേറെയാണ്. കൊറോണ എന്ന വിശ്വമാരിയെ തടയാൻ യുഗയുഗാന്തരങ്ങൾ പരിശുദ്ധിയോടെ കരുതി വച്ച ഭാരത സംസ്കാരത്തിന്റെ അലയൊലികൾ ധാരാളം. വീടിന് പുറത്ത് പോയി വന്നാൽ ദേഹശുദ്ധിക്ക് ശേഷം മാത്രമേ ഗൃഹത്തിൽ പ്രവേശിക്കുക, ശവദാഹം കഴിഞ്ഞാൽ ശരീര ശുചിത്വ നടപടികൾ സ്വീകരിക്കുക തുടങ്ങി നമ്മുടെ പൂർവ്വികർ അവലംബിച്ച പല സമീപനങ്ങളും ഉചിതമായിരുന്നുവെന്ന് സമകാലിക സംഭവങ്ങൾ സമർത്ഥിക്കുന്നു.
ഇന്ത്യയിൽ കേരളക്കരയിൽ ആദ്യമായി സ്ഥിതീകരിച്ച് ഇന്ന് 28 സംസ്ഥാനങ്ങളിലും അനുബന്ധ കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിക്കുമ്പോേൾ ഭാരതീയരും ആശങ്കയിൽ തന്നെയാണ് . 21 ദിവസത്തെ നീണ്ട കാലഅടച്ചിടൽ പ്രഖ്യാപിയ്ക്കും വഴി ഒരു പരിധിവരെ തടയാൻ സാധിച്ചൂവെങ്കിലും സാമൂഹികവ്യാപനത്തിന്റെ സാധ്യതകൾ വിദൂരമല്ല. സർക്കാരും സമൂഹവും ഒരുമയോടും ഐക്യത്തോടും പോരാടുമ്പോഴും വിരളമായി ചിലരെങ്കിലും എല്ലാ മുൻകരുതലും ലംഘിച്ച് സ്വന്തം ഇഷ്ടാനുസരണം സഞ്ചരിക്കുന്നുണ്ട്.
ഇങ്ങ് കൊച്ച് കേരളത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്യുന്നത് . ക്രിയാത്മകമായ മുന്നൊരുക്കങ്ങളും, ചിട്ടയായ ആരോഗ്യ പ്രവർത്തനങ്ങളും, കരുത്താർ ന്ന കരുതലും രോഗബാധിതരുടെ എണ്ണത്തെ ആദ്യമാദ്യം സ്വാധീനിച്ചില്ല. തുടർ പ്രവർത്തനങ്ങളിലൂടെ കേരളപോലീസും, ഡോക്ടർമാരും, നഴ്സുമാരും തുടങ്ങി ഇങ്ങ് താഴേതട്ടിലുള്ള ആശാപ്രവർത്തകർ വരെ കൈകോർത്തപ്പോൾ ഈ കൊച്ച് നാടിന്റെ പ്രതിരോധ മികവ് ആഗോള തലത്തിൽ പോലും ചർ ച്ചയായി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായമേറിയ വൃദ്ധ ദമ്പതികളെ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും രോഗമുക്തരാക്കുമ്പോൾ കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ തലയുയർത്തി നിൽക്കുന്നു.
പ്രതിസന്ധികളെയും, പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിട്ട് അതിജീവനത്തിന്റെ മുഖമുദ്രയോടെ അരങ്ങിലേക്ക് തിരികെ എത്തിയ ചരിത്രങ്ങൾ മലയാളമണ്ണിന് സ്വന്തമാണ് . ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തന്നെ വിദ്യാഭ്യാസ മികവുകൊണ്ടും, സാമൂഹിക സുരക്ഷകൊണ്ടും അഭിമാനത്തിന്റെ മേൽകൊടികൾ ചുബിക്കാൻ മലയാളിക്ക് എന്നെന്നും സാധിച്ചിട്ടുണ്ട്. ഇന്നിതാ ഇത്തരമൊരു അവസ്ഥയിൽ പോലും മറ്റുള്ളവന്റെ വിശപ്പടക്കാൻ അവൻ കാണിക്കുന്ന പ്രവർത്തനസുതാര്യതയും ആഗോള ഐക്യത്തിന് മുന്നിൽ വാഴ്ത്തപ്പെടേണ്ട വസ്തുതകൾ തന്നെ. ഇന്റർനെറ്റിന്റെയും, മൊബൈൽ ഫോണിന്റെയും ചതികുഴികളിലേക്ക് അറിയാതെയെങ്കിലും കാലിടറി വീണ യുവതലമുറ വിമർശന പേമാരിയിൽ വെന്തുരുകി നിന്നിട്ടുണ്ട്. ആ യുവത്വം തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ കൈമെയ്യ് മറന്ന് ചങ്കൂറ്റത്തോടെ മുന്നിട്ടുറങ്ങുന്നത് . കർമ്മ ചാരുതകൊണ്ടും, സഹനശക്തി കൊണ്ടും, കഠിനാധ്വാനം കൊണ്ടും മലയാളികൾ ‍ സ്വായത്തമാക്കിയ ലോകോത്തര മികവിന് ആരാധകരേറെ. ഇത്തരമൊരു കൊറോണകാലത്ത് ലോകമാസകലം പകച്ചു നിൽക്കുമ്പോൾ കേരള ജനത ഒന്നിച്ചുറപ്പിച്ച മനശക്തിയോടെ പോരാടുകയാണ് . കൊറോണയെന്ന അദൃശ്യ കൊലയാളിയുടെ ഭീതിയകറ്റാൻ പല കർമ്മ പദ്ധതിയും കേരള സർക്കാർ ആവിഷ്ക്കരിക്കുയുണ്ടായി. അതിൽ 'ബ്രേക്ക് ദ ചെയിൻ' എന്ന ആശയം ലോക രാജ്യങ്ങളിൽ പോലും ചർച്ച ചെയ്യപ്പെടുകയും മലയാളികൾ അതിനെ സ്നേഹാദരങ്ങളോടെ സ്വീകരികരിക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകി അപകടത്തിന്റെ കണ്ണികൾ ഭേദിച്ച് നമുക്ക് മുന്നേറാം അങ്ങനെ മാനവരാശിയുടെ ജീവിത നൗക സുരക്ഷിതമാക്കുകയും ചെയ്യാം.
മേഘാന്തരങ്ങളിൽ ദേശാടനത്തിന്റെ മാറിലേക്ക് ചേക്കേറുന്ന ചിറകടികൾക്ക് ഒരു പക്ഷേ ഇതൊരു കവചമാകാം. വായു മലിനീകരണത്തിലെ കുറവും ഇതിനെ സാധൂകരിക്കുന്നു.
ജീവന്റെ മാലാഖമാർ സ്പന്ദനങ്ങൾക്കായി പൊരുതുമ്പോൾ പ്രതീക്ഷയോടെ നമുക്കീ ഉലകിൽ വസിക്കാം. ആധുനികയുഗം പോയകാലത്തിന്റെ പേയടയാളങ്ങൾ എന്ന് എഴുതി തള്ളിയ ചരിത്രങ്ങളിൽ പലതിനും പെറ്റമ്മയുടെ അമ്മി‍ഞ്ഞയോളം പരിശുദ്ധിയുണ്ടെന്ന് വിട്ടുപോയതാകാം. ഒാർമ്മകൾ തെന്നി മാറുന്ന ജയാരവങ്ങളുടെ ഈ കൗമുദിയിൽ പരാജയങ്ങൾ ഏറ്റുവാങ്ങാൻ ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. ഇരുട്ടിന്റെ മേനിയിൽ വെള്ളികുലുസായി നക്ഷത്രജനുസ്സുകൾ വിരാളിച്ചിരുന്നുവെങ്കിലും ഇന്ന്, അന്ധതയിലെ തരിവെട്ടം പോലും നൊന്തു നീറുന്ന ഓർമ്മകളാണ്. ഇത്തരമൊരു വേളയിൽ വയോധികരെ നാം ഒറ്റപ്പെടുത്തരുത് . വാർദ്ധക്യത്തിന് യൗവ്വനത്തിന്റെ സ്നേഹവും പരിരക്ഷയും അത്യാന്താപേക്ഷിതമാണ് . അവർ പ്രത്യേക പരിഗണന അർഹിക്കുന്നു.
ചരിത്രങ്ങൾ യുദ്ധകെടുതികളുടെയും ഭരണവാഴ്ചയുടെയും, അടിമത്വത്തിന്റെയും രാജകുടുംബങ്ങളുടെയും കഥ മാത്രമല്ല. അത് മുറി‍‍ഞ്ഞ് കീറി രക്തം ചീന്തുന്ന മേനിയിൽ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തുന്നികെട്ടുകൾ നെയ്യുന്ന മാലാഖമാരുടെ കൂടിയാണ് . ചെറ്റകുടിലിൽ മുണ്ട് മുറുക്കി കെട്ടി പട്ടിണി മാറ്റാൻ ധനികന്റെ കാൽ കഴുകുന്ന സാധാരണക്കരന്റെ കഥയാണ്, തെരുവോരങ്ങളിലെ അനാഥത്വത്തിന് ഒരുവറ്റ് ചോറായി പെയ്തിറങ്ങുന്ന നന്മയുടെയും കാരുണ്യത്തിന്റെയും കൂടി കഥയാണ് , പ്രതിരോധത്തിന്റെ കഥയാണ് . വെയിലേറ്റ് വാടുന്ന വേരുകൾ മണ്ണിലുറയ്ക്കാതെ പാറി നടക്കും. നാം വെയിലേറ്റ് വാടുന്നവരല്ലല്ലോ! ഒരുമയുടെയും കാഴ്ചപ്പാടുകളുടെയും തീർത്ഥഭൂമിയിൽ ഓർമ്മകളുടെ സ‍‍ ഞ്ചാരപാതയിൽ നമുക്ക് യാത്ര ചെയ്യാം. വിധിനിർണ്ണയങ്ങൾക്കുള്ള നേരം എത്തിയിട്ടില്ല. അത് ഇനിയും ഒത്തിരി അകലെയാണ്.
സോദരങ്ങളേ, നമുക്ക് പോരാടാം ഒരുമയോടും ഐക്യത്തോടും ഒറ്റകെട്ടായി..... മനുഷ്യന്റെ നിലനിൽപിനായി, ഈ അശ്വമേഥത്തിനായി.

ആദിത്യദത്ത്
9 J ഗവൺമെൻറ്, എച്ച്.എസ്.എസ് .കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം