ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/കോവിഡ് 19: ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19: ഭയമല്ല ജാഗ്രതയാണ് വേണ്ടത്

കോവിഡ് 19 എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ വ്യാപിച്ച് കൊണ്ടിരിക്കുകയാണല്ലോ . കൊറോണ എന്ന കുഞ്ഞുവൈറസാണ് ഈ രോഗം ഇത്തരത്തിൽ പടരാൻ കാരണമാകുന്നത്. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കെഴുത്താണ് "കോവിഡ് 19". കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ശ്വസന വ്യവസ്ഥയെയാണ് പ്രധാനമായും തകരാറിലാക്കുന്നത്. രോഗ പ്രതിരോധശേഷി കുറഞ്ഞവർക്ക് മരണം സംഭവിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നിത് വരെ ഈ അസുഖത്തിന് പ്രതിരോധ മരുന്നുകളോ ഫലപ്രദമായ വാക്സിനുകളോ കണ്ടു പിടിച്ചിട്ടില്ല എന്നതാണ് ഈ മഹാമാരിയെ ഇത്രയും ഭീകരമാക്കുന്നത്.

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ഇത് അതിവേഗം മറ്റുള്ളവരിലേയ്ക്ക് പകരുകയായിരുന്നു. ചൈനയിൽ നാലായിരത്തിൽപ്പരം മരണം സംഭവിക്കുകയുണ്ടായി എന്നാണ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ള കണക്ക്.

ചൈനയിലെ രോഗ വ്യാപനത്തെത്തുടർന്ന് ഇറ്റലി, ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് ഈ രോഗം വ്യാപിക്കുകയും പതിനായിരങ്ങൾ ഇവിടെയെല്ലാം മരണപ്പെടുകയുമുണ്ടായി. തുടർന്ന് അമേരിക്ക ഉൾപ്പെടെ മറ്റ് ഒട്ടുമിക്ക രാജ്യങ്ങളിലേയ്ക്കും രോഗം വ്യാപിക്കുകയും ലോകത്തെ ഒന്നാമത്തെ ശക്തികേന്ദ്രമായ അമേരിക്കയെ വിറപ്പിച്ച് കൊണ്ട് നാൽപ്പതിനായിരത്തോളം ജീവനുകളാണ് ഇതുവരെ അവിടെ നഷ്ടമായത്. വൻ ശക്തികളിൽ ഒന്നാമനായ അമേരിക്ക നിസ്സഹായനായി വിറങ്ങലിച്ച് നിൽക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. അമേരിക്കയിൽ ലക്ഷക്കണക്കിന് ആളുകളിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ട്. നിലവിലെ അവരുടെ പ്രതിരോധ സംവിധാനങ്ങളുടെ പോരായ്മ കാരണം അവിടെ ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ നഷ്ടമാകാനിടയുണ്ട്. അതുപോലെ ചൈനയിലെ വുഹാനിൽ അടുത്ത ദിവസങ്ങളിലായി ഉണ്ടായ രണ്ടാം ഘട്ട രോഗവ്യാപനം ലോകം വളരെ ആശങ്കയോടെയാണ് നോക്കികാണുന്നത്.

ഇതിനോടകം ഇന്ത്യയിലും പതിനയ്യായിരത്തിൽപ്പരം ആളുകൾക്ക് ഈ രോഗം പകരുകയും അഞ്ഞൂറിലധികം മരണം സംഭവിക്കുകയുമുണ്ടായി. ഇന്ത്യയുൾപ്പെടുന്ന ലോകരാജ്യങ്ങൾ ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിലേയ്ക്ക് ലോക് ഡൗൺ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ച് വരുന്നു. സമൂഹ വ്യാപനം തടയുന്നതിന് ലോക് ഡൗൺ ഒരു പരിധി വരെ സഹായകമാകുന്നുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം ഈ രോഗം വ്യാപിച്ചിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ മരണനിരക്ക് കുറവാണ്. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ കോവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലായിരുന്നെങ്കിലും കേരളത്തിന്റെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം ഇതിനെ നിയന്ത്രിച്ച് നിർത്തുവാനും കൂടുതൽ രോഗ വ്യാപനമുണ്ടാകാതിരിക്കാനും കഴിഞ്ഞിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്.

പ്രധാനമായും രോഗിയുമായുള്ള സമ്പർക്കം മുഖേനയാണ് ഈ രോഗം പകരുന്നത്. അതു കൊണ്ട് ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ പ്രധാനം സാമൂഹിക അകലം പാലിക്കുക എന്നതാണ്. കൂടാതെ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, പരിസര ശുചിത്വം പാലിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ട് പൊത്തിപ്പിടിക്കുക, പനി ചുമ ജലദോഷം മുതലായവ ഉള്ളവരുമായി കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. ഇത്തരത്തിൽ നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം.

ഒരു മഹാ ദുരന്തം ഒഴിവാക്കുന്നതിനായി നമുക്ക് സർക്കാരിന്റെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കാം.

നല്ലൊരു നാളേയ്ക്ക് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം.

ഭയമല്ല ജാഗ്രതയാണ് വേണ്ടത്.


ഭവ്യ ആർ
8 F, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം