ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നെടുവേലി സർക്കാർ വിദ്യാലയം മുപ്പത്തിരണ്ടാം വയസ്സിലേക്ക് (2008-ൽ പ്രസിദ്ധീകരിച്ച സ്കൂൾ മാഗസിൻ 'സാഹിതിയിൽ' സ്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനും മുൻ നെടുമങ്ങാട് എം.എൽ.എ യുമായിരുന്ന കെ.ജി കുഞ്ഞുകൃഷ്ണപിള്ള എഴുതിയ ലേഖനത്തിൽ നിന്ന്)

ഞാൻ ജനിച്ചതും വളർന്നതും നെടുവേലിയിലാണ്.സ്കൂളിന്റെ തൊട്ടടുത്താണ് താമസിക്കുന്നത് . ദുർഘടമായ വഴികൾ താണ്ടി 1940, 45, 50 കാലഘട്ടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ഇരുപതോളം കിലോമീറ്റർ നടന്ന് നെടുമങ്ങാട്ടും മുപ്പതോളം കിലോമീറ്റർ നടന്ന് തിരുവനന്തപുരത്തും പോയി വന്നുകൊണ്ടിരുന്ന എനിക്ക് അതൊരു വേദനാജനകമായ പൂർവ്വകാല സ്മരണയാണ്. അത്തരം ഒരു ദുർഗതി ഇന്നാട്ടിൽ ജനിച്ചുവളരുന്ന ഒരു കുട്ടിക്കും ഉണ്ടാകരുത് എന്ന് ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു.

1965 ൽവെമ്പായം പഞ്ചായത്ത് പ്രസിഡണ്ടായി വന്നപ്പോൾ തന്നെ ഇവിടെ ഒരു സമുന്നതമായ വിദ്യാഭ്യാസ കേന്ദ്രം വേണം ഞാൻ നിശ്ചയിച്ചുറപ്പിച്ചു. 1967 ൽ ഇവിടം ഉൾപ്പെടുന്ന നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആ ആഗ്രഹം പൂർണ്ണമായും പൂവണിഞ്ഞു. ഒരു സർക്കാർ ഹൈസ്കൂൾ സ്ഥാപിക്കുക അത് ഒരു ഉൾ പ്രദേശത്ത് . അത് സർക്കാരിന്റെ നിബന്ധനകളുടെ നാലതിരുകൾക്കകത്തുനിന്നു മാത്രം. നോക്കൂ ഈ പാവങ്ങളും പട്ടികജാതിക്കാരും തിങ്ങിനിറഞ്ഞ് കഴിയുന്ന ഒരു സ്ഥലത്ത് ഈ 'ഹെർക്കുലീയസ് ടാസ്ക് ' ഏറ്റെടുത്തു.അത് എന്നെ വല്ലാത്തൊരു പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചു. ഇരുപത്തി അയ്യായിരം രൂപ സർക്കാരിൽ കെട്ടിവയ്ക്കണം. മൂന്നേക്കർ ഫ്രീസർ ഭൂമി ശരിപ്പെടുത്തി കൊടുക്കണം. 120 അടി നീളം 20 അടി വീതിയിൽഒരു കെട്ടിടവും കൊടുക്കണം.

അന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി സരള ഗോപാലൻ ഐഎഎസ് , നെടുമങ്ങാട് തഹസീൽദാർ ശ്രീ രവീന്ദ്രൻ തമ്പി , നെടുമങ്ങാട് PWD എഞ്ചിനീയർ ശ്രീ.രാമനാഥപിള്ള, PWD കോൺട്രാക്റ്റർ ശ്രീ. ബാബു തുടങ്ങിയവർ വസ്തു സമ്പാദനത്തിനും രൂപ സമാഹരിക്കുന്നതിനും ചെയ്തു തന്ന സേവനങ്ങളെ ഇവിടെ ബഹുമാനപൂർവ്വം അനുസ്മരിക്കുന്നു. ഇതിലേക്കായി സഹായസഹകരണങ്ങൾ നേടിയ നാട്ടുകാരായ നല്ല ജനങ്ങളെയും എന്നോടൊപ്പം പരിപൂർണ്ണമായും സഹകരിച്ചു പ്രവർത്തിച്ച കമുകറക്കോണത്ത് ശ്രീ. പി. ചന്ദ്രശേഖരപിള്ളയെയും ഇവിടെ പ്രത്യേകം ഓർക്കുകയാണ്.

എട്ടാം ക്ലാസ് ആരംഭിക്കുന്നത് പിരപ്പൻകോട് ശിവൻ പിള്ള സാറിനെയും കൊച്ചാലുംമൂട് ശ്രീമതി. ശ്രീകുമാരി അമ്മയെയും എന്റെ ഭാര്യയായിരുന്ന ദിവംഗതനായ വി. തങ്കമ്മയെയും അയിരൂപ്പാറയിലെ ഗോപാലൻ സാറിനെയും കന്യാകുളങ്ങര ശ്രീ അബ്ദുൽസലാം സാറിനെയും കൂട്ടി കൊണ്ടുവന്നാണ് .പിന്നീട് ഇവിടെ പ്രിൻസിപ്പാൾ ആയിരുന്ന ഈ സ്കൂളിനെ യൗവനയുക്തയായി വളർത്തിയെടുക്കാൻ ശ്രമിച്ച ശ്രീകുമാരി അമ്മയെ ഞാൻ അഭിനന്ദിക്കുകയാണ്. അവരുടെ സ്വന്തം ശ്രമഫലമായി ഒരു കെട്ടിടം നിർമിച്ച് അതിൽ ലൈബ്രറിസ്ഥാപിക്കുകയുണ്ടായി.

1976 ജൂൺ ഒന്നാം തീയതി ഈ സ്കൂളിന്റെ പ്രവർത്തന ഉദ്ഘാടനത്തിന് തിരികൊളുത്തിയത് തിരുവനന്തപുരം ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ ഓഫീസർ ആയിരുന്ന ശ്രീ ഷേണായി ആണ് . യോഗത്തിൽ വച്ച് അദ്ദേഹം എന്നോട് ചോദിച്ചു, ഈ സ്കൂളിന്റെ ഭാവി എങ്ങനെയായിരിക്കും എന്നാണ് എംഎൽഎ ചിന്തിച്ചു വെച്ചിരിക്കുന്നത്. യോഗത്തിൽ വച്ച് ഞാൻ ഉറക്കെ പ്രഖ്യാപിച്ചു ഇതൊരു കോളേജിന്റെ തുടക്കമാണ്. അതെ അതൊരു കോളേജിന്റെ തുടക്കമായിരുന്നു. വളരെ വിഷമസന്ധികളിലൂടെയാണ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചെടുത്തത്. ഇന്നത്തെ നിലയിൽ ഹയർസെക്കൻഡറി സ്കൂളിന് വിവിധ ബാച്ചുകൾ കോർത്തിണക്കാൻ പല ആളുകളുടെയും മുമ്പിൽ എനിക്ക് തല കുമ്പിടേണ്ടി വന്നിട്ടുണ്ട് .


തിരുവനന്തപുരം ജില്ലയിലെ തലയെടുപ്പുള്ള ഒരു ഹയർ സെക്കൻഡറി സ്കൂളാണ് ഇതെന്ന് ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ നാനാഭാഗങ്ങളിൽനിന്നുമായി കിലോമീറ്റർ താണ്ടി കുട്ടികൾ ഇവിടെ വന്നു ചേരുന്നു എന്നുള്ളത് വളരെ സന്തോഷകരമായ കാര്യമാണ്.