ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/മാറുന്ന ലോകം, മാറാത്ത രോഗം

മാറുന്ന ലോകം, മാറാത്ത രോഗം

ഇന്ന് നമ്മുടെയിടയിൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായിരിക്കുന്നതും ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നതുമായ ഒന്നാണ് കൊറോണ അഥവാ കോവിഡ്-19.ചൈനയിലെ വുഹാനിൽ ജനിച്ച് ഇന്ന് ഈ ലോകം മുഴുവൻ കീഴടക്കിയിരിക്കുകയാണ് ഈ മഹാമാരി. ഇന്ന് സമൂഹമാധ്യമങ്ങളിൽ വളരെയേറെ പ്രസക്തി നേടിയിരിക്കുകയാണ് ഈ മഹാരോഗം.മരുന്ന് കണ്ട് പിടിച്ചിട്ടില്ലാത്ത ഈ രോഗം ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുകയും ലക്ഷങ്ങൾ മരിക്കുകയും ചെയ്തിരിക്കുന്നു. എന്തിനേറെ പറയുന്നു, മനുഷ്യരെയെല്ലാം വീടുകളിൽ അടക്കിയിരുത്താൻ വരെ ഈ രോഗത്തിന് സാധിച്ചു.പക്ഷെ അതിനെയെല്ലാം അവഗണിച്ച് വരുന്നത് വരട്ടെ എന്ന് കരുതി കൊണ്ട് പുറത്തിറങ്ങുന്നവരും ചില്ലറക്കാരല്ല.അത്യാവശ്യത്തിന് പുറത്തിറങ്ങിയാൽ പോലും ചിരിക്കുന്ന ഒരു മുഖം പോലും നമുക്കിന്ന് കാണാൻ സാധിക്കുന്നില്ല.കാരണം, ആ മുഖങ്ങൾ ഇന്ന് മാസ്കുകൾ കൊണ്ട് മറഞ്ഞിരിക്കുന്നു.എന്നാൽ വീട്ടിലുള്ളവരോടൊപ്പം കുറച്ചു സമയമെങ്കിലും ചിലവഴിക്കാതെ സമയമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവർ ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു.ഈ രോഗം വന്നതോടെ കൈ കഴുകുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.മാത്രമല്ല, ഇന്ന് മിക്ക ആളുകളും ശുചിത്വം പാലിക്കാൻ പഠിച്ചിരിക്കുന്നു. ഒരു മീറ്റർ അകലം പാലിക്കാൻ പറഞ്ഞപ്പോൾ അത് കളിയാക്കിക്കൊണ്ട് ട്രോളുകൾ ഇറക്കിയവരും കുറവല്ല.ഒന്ന് ചുമച്ചാൽ പോലും നമ്മളത് വളരെ ഭയത്തോടെ കാണുന്നു.ഇന്ന് പലരും ആശുപത്രികളിൽ പോകാൻ പോലും ഭയക്കുന്നു.സിനിമാ തിയേറ്ററുകളിലും ഷോപ്പിങ് മാളുകളിലും ജീവിതം ചിലവഴിച്ചിരുന്നവർ ഇന്ന് അവരുടെ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടുകയാണ്. വാടകവീടുകളിൽ കഴിയുന്നവരോട് സഹകരിച്ചു കൊടുക്കുന്ന മനുഷ്യത്തമുള്ള ഒരുപാട് വീട്ടുടമകളെയും നമുക്ക് കാണാൻ സാധിക്കുന്നു.കൂലിക്കു ജോലി ചെയ്യുന്നവരോട് ജോലി ചെയ്യാതെ തന്നെ ശമ്പളം കൊടുക്കുന്ന നല്ല മനസ്സുള്ള മുതലാളിമാരെയും നമ്മുക്ക് കാണാൻ സാധിക്കുന്നു.പക്ഷെ നമുക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യവും ഇതിന്റെയൊക്കെ ഇടയിലുണ്ട്.എന്നാണ് ഈ കൊറോണ നമ്മളെ വിട്ട് പോവുക? ഒരുപാട് പ്രതിസന്ധികളെ നേരിട്ട നമ്മുടെ ലോകം ഇതിനെയും മറികടക്കുമെന്ന് നമുക്ക് വിശ്വസിക്കാം.

അൽ ആമീൻ.എൻ
9B ജി.എച്ച്.എസ്.എസ് കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം