കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ വിധി

Schoolwiki സംരംഭത്തിൽ നിന്ന്
വിധി

പുഴയോരത്തെ തെങ്ങിൻതോപ്പിലുള്ള ഓടുമേഞ്ഞ പഴയ വീട്ടിൽ തന്റെ കുഞ്ഞിനെ തൊട്ടിലാട്ടികൊണ്ടു നിൽക്കുകയാണ് നന്ദന. കുഞ്ഞിന്റെ കളിചിരികൾ നോക്കി നിൽക്കുമ്പോൾ പുറത്ത് നിന്ന്..."ഇവിടാരൂല്ല്യേ... അമ്മിണിയമ്മേ..."എന്ന് വിളിച്ചു ചോദിക്കുന്നു.

"ആരാത്, ആ... മീനാക്ഷിയാണോ? എന്താപ്പോ ഇൗ നേരത്ത്, കുറേ ആയല്ലോ കാണ്ടിട്ട്‌ " എന്ന് അമ്മയുടെ മറുപടിയും കേട്ടു.

"എന്താണ് അമ്മിണിയമ്മെ...പുറത്തിറങ്ങാൻ പറ്റൂല്ല്യാല്ലോ...എല്ലാരോടും വീട്ടിലിരിക്ക്യാൻ പറഞ്ഞിരിക്കല്ല്യേ... എത്ര നാള്ന്നുവെച്ചാ ഇങ്ങനെ ഇരിക്ക്യാ. പിള്ളാര്ടെ അച്ഛൻ പണിക്ക്‌ പോയിട്ട് എത്ര നാളായീന്നറിയ്യോ, കുട്ട്യോള് പട്ടിണ്യാ. ഇവിട്ത്തെ പുറംപണിക്ക് വരുമ്പോ മക്കൾ പട്ട്ണി അറിഞ്ഞേര്ന്നില്ല്യാ... ഇപ്പോ ആർക്കും പണീല്ല. പറമ്പും പാടോം ഒക്കെ ഉള്ളോർക്കാണേ വല്ല ചക്കേം മാങ്ങേം ഒക്കെ ഉണ്ടായേനെ. ഇതീപ്പോ ഞങ്ങളെപ്പോലുള്ള അത്താഴ പഷ്ണിക്കാര് എന്താ ചെയ്യാ."

"നീയ്യ് വെഷ്മിക്കണ്ടാ മീനാക്ഷ്യേ... ഇവിടെന്തേലുണ്ടെങ്കി നിന്റെ കുട്ട്യോള് പട്ടിണികെടക്കില്ല്യാ... നിനക്കെപ്പൊ വേണേലും ഇവിടെ വരാലോ..."

"ന്നാലും അമ്മിണിയമ്മെ ഇതിപ്പോ പണിക്കുപോവാണ്ട് എങ്ങനേ ആൾക്കാര് ജീവിക്ക്യാ".

"ന്റെ മീനാക്ഷ്യേ... ഇതല്ലാണ്ട് ഇൗ അസുഖത്തിന് വേറെ മാർഗ്ഗൊന്നുല്ല്യാ, മറ്റുള്ളാരുമായിട്ട്‌ എടപഴക്യാ അസുഖം വേഗം പടരൂല്ല്യേ...ഗവൺമെന്റ്വായിട്ട് സഹകരിക്കാതെ നമ്മക്ക് വേറെ നിവർത്തിയൊന്നൂല്ല്യാ. നമ്മുടെ നാട്ടിലാ പിന്നേം അസുഖം കൊറവ്‌. ഇവിടെ നന്ദനേടെ ഭർത്താവ് ജോലി ചെയ്യ്ന്നോട്ത്തൊക്കെ വല്ലാത്ത അവസ്ഥയാന്നാ പറയണെ, അവനാച്ച ഡ്യൂട്ടിക്ക് പോവാണ്ടും പറ്റൂല്ല്യാല്ലോ, ഡോക്ടറല്ലേ... മറ്റുള്ളോരെപ്പോലെ റൂമിൽ അടച്ചിരിക്കാൻ പറ്റ്വോ."

"അപ്പോ അമ്മിണിയമ്മേ നന്ദനക്കുട്ടി അവിടെത്തന്ന്യാ... അത്പ്പോ എന്താ ചെയ്യണെ?"

"അപ്പോ നന്ദന നാട്ടീ വന്നതൊന്നും നീയ്യറിഞ്ഞില്ലേ... ആവളിപ്പോ നാല് മാസായി വന്നിട്ട്. കുഞ്ഞിനിപ്പൊ രണ്ട് മാസായി. അവിടെ അസുഖം തൊടങ്ങ്യപ്പോ അവൻ നന്ദനനേ ഇങ്ങ്ട് പറഞ്ഞയച്ചു. അഞ്ചെട്ട് കൊല്ലായിട്ട്‌ നേർചേം കാഴ്ച്ചേയ്യിട്ട് കിട്ട്യേ കുട്ട്യല്ലേ... ചെറ്യേകുട്ട്യോർൾക്കും പ്രായായോർക്കും ഒക്കെ ഇൗ അസുഖം വല്ലാതെ ബാധിക്കും ത്രെ."

"അപ്പോ അമ്മിണിയമ്മേ മരുമോൻ എന്നാങ്ങ്ട് വര്വാ അയാൾക്ക് മോനെ കാണണ്ടെ...?"

"എന്താ ചെയ്യാന്റെ മീനാക്ഷ്യേ...അവളെപ്പോഴും കരച്ചില്ലാ. എല്ലാം ഈശ്വരന് കൊടുക്ക്വല്ലാണ്ട് നമ്മളെന്താ ചെയ്യാ..."

എല്ലാം കേട്ട് ജനാലക്കരികിൽ ഏതോ ലോകത്തെന്നപോലെ നിൽപുണ്ട് നന്ദന. അവളുടെ ഓർമയിൽ മുഴുവൻ മുംബൈയിലെ തങ്ങളുടെ തിരക്കു നിറഞ്ഞ താമസസ്ഥലവും അവിടത്തെ വൃത്തിഹീനമായ അന്തരീക്ഷവുമിണ്. വിവാഹം കഴിഞ്ഞ് ദാസേട്ടന്റെ കൂടെ പോയതുമുതൽ ഒരിക്കലും പൊരുത്തപ്പെടാൻ പറ്റാത്ത സ്ഥലം. മനസിൽ എപ്പോഴും നാട്ടിൻപുറത്തിന്റെ സൗന്ദര്യം നിറഞ്ഞുനിന്നിരുന്നത് കൊണ്ടാവാം മുംബൈയിലെ ആളുകൾ തിങ്ങിനിറഞ്ഞ ആ അന്തരീക്ഷത്തോട് തീരെ ഇണങ്ങിച്ചേരാൻ പറ്റാത്തത്. നാട്ടിലേക്ക് പോരാൻ ഒരുപാട് നിർബന്ധിച്ചിട്ടും ജോലി വിട്ട് പോരാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. ഇപ്പോഴും ആ ജോലി അദ്ദേഹത്തെ കയറില്ലാതെ കെട്ടിയിട്ടു. ഇന്നിപ്പോൾ കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കാണാൻ വരാൻ അദ്ദേഹത്തിനു പറ്റണില്ല.ഹോസ്പിറ്റിലിലെ രോഗികളും ആ വലിയ സിറ്റിയിലെ തിരക്കുകളും അതുമായി അദ്ദേഹം വല്ലാതെ ഇഴുകിച്ചേർന്നിരിക്കുന്നു. തന്റെയും കുഞ്ഞിന്റെയും വിവരമറിയാൻ തന്നെ വിളിച്ചിട്ട് എത്രയോ ദിവസങ്ങളായി. പണ്ടും അങ്ങിനെ തന്നെയായിരുന്നു ഹോസ്പിറ്റലും രോഗികളും മാത്രമായിരുന്നു എന്നും അദ്ദേഹത്തിന്റെ സ്പിരിറ്റ്. നാട്ടിൻ പുറത്തിന്റെ സൗന്ദര്യമോ ഇവിടത്തെ നന്മ നിറഞ്ഞ ജീവിതരീതികളോ ഒന്നും അദ്ദേഹത്തിനറിയില്ല.തിരക്കേറിയ ആ നാട്ടിൽ ജന്നിച്ചുവളർന്ന അദ്ദേഹം അവിടത്തെ ജീവിതരീതികളുമായി ഇന്നങ്ങിച്ചേർന്നിരിക്കുന്നൂ. ഇതിപ്പോൾ ഇത്തരം ഒരു അസുഖം പടർന്നു പിടിച്ചതുകൊണ്ട് മാത്രമാണ് തന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ശുചിത്വവും നന്മയും നിറഞ്ഞ ഇൗ നാട്ടിൻപുറത്ത് മാത്രമേ തന്റെ കുഞ്ഞിന് രക്ഷയുള്ളു എന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും എത്ര തിരക്കായാലും തന്റെ കുഞ്ഞിന്റെ വിവരം അറിയാൻ പോലും ഒന്നു വിളിക്കാതെ അദ്ദേഹത്തിന് ഇരിക്കാൻ പറ്റോ. എന്തോ മനസ്സിന്റെ സമാധാനം മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഉറക്കം പോലും നഷ്ടപ്പെട്ടിട്ട് എത്രയോ ദിവസമായി. സ്ഥിരം അസുഖം ബാധിച്ച ആളുകൾക്കിടയിൽ, അദ്ദേഹത്തിന് എന്തെങ്കിലും സംഭവികോന്ന ഭയം... അത് മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു.

ഇൗ സമയം മുംബൈലെ ഹോസ്പിറ്റലിലെ ഐസലേഷൻ വാർഡിൽ തനിക് അസുഖം ബാധിച്ചതറിഞ്ഞ് ഡോക്ടർ ദാസ്, എല്ലാം തന്റെ വിധിയാണ്. ഇതെല്ലാം ഇൗ ഡ്യൂട്ടിക്ക് കയറുമ്പോൾ പ്രതീക്ഷിച്ചതാണ്. രോഗപ്രതിരോധശേഷിയുള്ളവർക്ക് ഈ അസുഖം വല്ലാതെ ബാധിക്കാതെ ഭേദമാകും.എന്നാൽ തന്നെപ്പോലെ ഹാർട്ടിൻ അസുഖമുള്ളവർക്ക്‌ ഇത് എത്രമാത്രം ബാധിക്കുമെന്ന് പറയാൻ വയ്യ. ഒരു ഡോക്ടറായിരുന്നിട്ട്‌ പോലും തന്റെ ഹാർട്ടിന്റെ അസുഖം താൻ മനസ്സിലാക്കിയില്ല. ഒരിക്കൽ പോലും തന്റെ പൊന്നുമോന്റെ മുഖമൊന്ന് കാണാൻ കഴിഞ്ഞിട്ടില്ല. ആളുകൾ തിങ്ങിനിറഞ്ഞ ശുചിത്വമില്ലാത്ത ഇൗ നാട്ടിൽ നിന്നും നാട്ടിൻപുറത്തെ നന്മകളിലേക് എത്ര തവണ തന്നെ അവൾ വിളിച്ചതാണ്. ഒരിക്കലെങ്കിലും താൻ അനുസരിച്ചിരുന്നെങ്കിൽ.

"എന്താണ് മോന് പറ്റീത്. ഇൗ പാതിരാനേരത്ത് എന്താ കുഞ്ഞിങ്ങനെ കരയണെ, നന്ദനേ നീയവന് പാലുകൊടുത്തില്ല്യേ". കേശവേട്ടന്റെ ചോദ്യത്തിന് നന്ദന മറുപടി പറഞ്ഞു "എന്താന്നറീല്ല്യ അച്ഛാ. അവൻ എവിടേലും വേദനിക്ക്ണ്ണ്ടോ ആവോ?"

"ആരാ ഇൗ നേരത്ത് ഫോണില് " കേശവേട്ടൻ ഫോൺ എടുത്തു."ഹലോ... ആരാത്?"

"നന്ദനേ... ഇതെന്താ അച്ഛന് പറ്റ്യേ. ഫോണെടുത്തിട്ടെന്താ ഇങ്ങനെ നിക്കണെ, ആരാ വിളിച്ചെ?"

തൊട്ടിലിനരികിൽ വന്നുനിന്ന് കേശവേട്ടൻ കുഞ്ഞിനെ നോക്കി, "ന്റെ മോനെ നിന്നെക്കാണാൻപോലും അവൻ പറ്റീല്ലാല്ലോ . എല്ലാം അവസാനിച്ചില്ലേ.

മെഹ്റിൻ. എൻ. ജമാൽ
9 A കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ