കെ വി കെ എം എം യു പി എസ് ദേവർകോവിൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ
ഫസ്റ്റ് സ്റ്റെപ്പ് 2024 പാരൻ്റിംഗ് ക്ലാസ് ശ്രദ്ധേയമായ കാൽവെപ്പ് 2024
കെ.വി. കെ. എം. എം.യു.പി സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പാരൻ്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ശിശുരോഗ വിദഗ്ദനും വിദ്യാഭ്യാസ ഗവേഷകനുമായ ഡോ. സച്ചിത്ത് ക്ലാസിന് നേതൃത്വം നൽകി. കുട്ടികൾക്ക് പുതിയ പഠനാനുഭവങ്ങൾക്കൊപ്പം മികച്ച മാനസികാരോഗ്യവും ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യവും ഈ കാര്യത്തിൽ രക്ഷിതാക്കൾക്ക് നിർവ്വഹിക്കാനുള്ള വലിയ പങ്ക് തിരിച്ചറിയാനും ഈ കൂടിയിരിപ്പ് സഹായകരമായി. പാരൻറിംഗ് ക്ലാസിന് തുടർച്ചയായി ഈ വർഷാവസാനം വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനപദ്ധതിയുടെ രൂപരേഖയും യോഗത്തിൽ ചർച്ച ചെയ്യു. മാനേജർ കെ.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങിന് PTA പ്രസിഡണ്ട് ജംഷീർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ വി.നാസർ സ്വാഗതവും എം.കെ. അൻവർ നന്ദിയും രേഖപ്പെടുത്തി.
പ്രവേശനോത്സവം
ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവമൊരുക്കി കെ.വി. കെ. എം. എം യു . പി. സ്കൂളിൽ അക്ഷരത്തുടക്കം. കുന്നുമ്മൽ ഉപജില്ലയിൽ ഒന്നാം ക്ലാസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം തേടിയ കെ.വി. കെ. എം. എം. യു.പി സ്കൂളിൽ വർണ്ണനിറവിൽ കൗതുക കാഴ്ചകളൊരുക്കി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഈ വർഷം പുതുതായി വിദ്യാലയത്തിലെത്തിയ 350 ലേറെ വരുന്ന വിദ്യാർത്ഥികളെ ബാൻ്റ് ഡ് മേളത്തിൻ്റെ അകമ്പടിയോടെ മാനേജ്മെൻ്റും, രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചാനയിച്ചു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നവാഗതരുടെ വർണ്ണാഭമായ റാലി നടത്തി. പ്രവേശനോത്സവ ചടങ്ങിന് ഹെഡ്മാസ്റ്റർ വി.നാസർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ.പി. കുഞ്ഞമ്മദിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.കെ.അഷ്റഫ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഡോ. സച്ചിത്ത് മുഖ്യാതിഥിയായി. ഒന്നാം ക്ലാസിലെ 170 ഓളം വിദ്യാർത്ഥികൾക്കൊരുക്കിയ അക്ഷരക്കിറ്റിൻ്റെ വിതരണോദ്ഘാടനം പി.ടി.എ വൈസ് പ്രസിഡണ്ടുമാരായ വാജിദ്, ഒ രവീന്ദ്രൻ മാസ്റ്റർ എന്നിവർ ചേർന്ന് നടത്തി. പി.കെ. നവാസ് മാസ്റ്റർ, ടി എച്ച് അഹമ്മദ് മാസ്റ്റർ, കുമ്പളം കണ്ടി അഹമ്മദ്, കെ.കെ. ഹാരിസ്, കെ. രാജൻ മാസ്റ്റർ, പി.വി. രാജേന്ദ്രൻ, ആർ രാജീവൻ,ഡൊമനിക് സി.കളത്തൂർ, സൂപ്പി കക്കട്ടിൽ, ലീന കെടി, പി. റംല ,പി.കെ സണ്ണി എന്നിവർ സംസാരിച്ചു. രക്ഷിതാക്കളുടെ വൻ പങ്കാളിത്തം ചടങ്ങിനെ ശ്രദ്ധേയമാക്കി. പ്രവേശനോത്സവ മധുരം പങ്കിട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസ വിതരണവും നടന്നു.
പരിസ്ഥിതി ദിനാഘോഷം
ജൈവജീവിത പാഠത്തിൻ്റെ നേരനുഭവം പങ്കിട്ട് പച്ചിലക്കൂട് - പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. ദേവർകോവിൽ കെ.വി. കെ. എം. എം. യു.പി. സ്കൂളിൽ പച്ചിലക്കൂട് എന്ന പേരിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. റിട്ടയർഡ് അധ്യാപകനും പ്രകൃതി സ്നേഹിയുമായ ജൈവ ഫലവൃക്ഷ കർഷകനുമായ സിറിയക് ചെറിയാൻ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.തൻ്റെ ഫലവൃക്ഷ കൃഷിയിടത്തിൽ വിജയകരമായി സ്വീകരിച്ചു വരുന്ന ജൈവജീവിത രീതികൾ കുട്ടികളുമായി അദ്ദേഹം പങ്കിട്ടത് വേറിട്ട അനുഭവമായി. പ്രകൃതി സംരക്ഷണത്തിൻ്റെ ഉത്തരവാദിത്തം ഓരോരുത്തരും നിറവേറ്റുമ്പോഴാണ് പരിസ്ഥിതി ദിനാഘോഷങ്ങൾ പ്രസക്തമാവുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ വീട്ടുവളപ്പിൽ പരിപാലിച്ചു പോരുന്ന വൈവിധ്യമാർന്ന ജൈവ ഫലവൃക്ഷത്തോട്ടത്തിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തപ്പോൾ കുട്ടികൾ ഹർഷാരവം മുഴക്കി ക്ഷണം സ്വീകരിച്ചു. ഹെഡ്മാസ്റ്റർ വി.നാസർ സിറിയക് ചെറിയാനെ പൊന്നാടയണിയിച്ച് ആദരിച്ചു.ചാത്തങ്കോട്ടുനട പള്ളി വികാരി ഫാദർ സിജോ എടക്കരോട്ട് പരിസ്ഥിതി ദിന സന്ദേശം കൈമാറി. കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു. തുടർന്ന് സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈ നട്ടു.റീൽസ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം, പതിപ്പ് തയ്യാറാക്കൽ, ക്വിസ് എന്നിവ ദിനാഘോഷത്തിൻ്റെ ഭാഗമായി ക്ലാസുകളിൽ ഒരുക്കി. കെ.കെ. സൈനബ യു.ടി നിഷ ,പി.കെ സണ്ണി. പി. റംല, പി.വി നൗഷാദ്, കെ.പി മുഹമ്മദ് ശംസീർ, പി.ഷിജിത്ത്,മുഹമ്മദ് ഫാസിൽ എന്നിവർ സംബന്ധിച്ചു.
പെരുന്നാളാഘോഷം-അൽഹദിയ മെഗാ ഒപ്പനയുടെ താള വിസ്മയത്തിൽ പെരുന്നാളാഘോഷം പെയ്തിറങ്ങി. വർണ്ണാഭമായ പരിപാടികളൊരുക്കി കെ.വി.കെ എം. എം.യു .പി സ്കൂൾ പെരുന്നാളാഘോഷം-അൽഹദിയ സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ 4,5,6,7 ക്ലാസുകളിലെ വിദ്യാർത്ഥിനികൾ അണിനിരന്ന മെഗാ ഒപ്പന പെരുന്നാളാഘോഷത്തിൻ്റെ കൗതുക കാഴ്ചയായി. ഈ താളവിസ്മയത്തിന് അകമ്പടിയായി ദഫ് മുട്ട്, കോൽക്കളി എന്നീ സംഘങ്ങളും ചേർന്നത് തുല്യതയില്ലാത്ത ഈ ആഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി. മൈലാഞ്ചിമൊഞ്ചിൻ്റെ വൈവിധ്യ കാഴ്ചയായി മാറിയ മെഹന്തി മത്സരത്തിലും നൂറുകണക്കിന് വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കാളികളായി ഈദ് മുബാറക് ആശംസകളോടെ 1, 2 ക്ലാസുകളിലെ കുരുന്നുകൾ തയ്യാറാക്കിയ ആശംസാ കാർഡുകളുടെ പ്രദർശനം ശ്രദ്ധേയമായി.
വായന ദിനവാരാചരണം - നല്ലക്ഷരങ്ങൾ വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദേവർകോവിൽ കെ.വി. കെ. എം. എം. യു.പി. സ്കൂളിൽ ജൂൺ 19 ബുധനാഴ്ച മുതൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന വായന വാരാചരണം ആരഭിച്ചു. ക്ലാസ് ലൈബ്രറി പ്രവർത്തനോദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ശ്രീ ചന്ദ്രൻ പൂക്കാട് നിർവ്വഹിച്ചു. പ്രശസ്ത സാഹിത്യകാരി ശ്രീമതി കെ.ആർ മീര വായനാദിനസന്ദേശം നൽകി.സ്കൂൾ മാനേജർ കെ.പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ പൂക്കാടിനെ ചടങ്ങിൽ ആദരിച്ചു.ഹെഡ്മാസ്റ്റർ വി.നാസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ ഉപാധ്യക്ഷൻ ഒ.രവീന്ദ്രൻ, എം.പി.ടി.എ ചെയർപേഴ്സൺ ലീന കെ.ടി, കെ.കെ. സൈനബ, പി.കെ. സണ്ണി, കെ.കെ. ഹാരിസ്, യു.ടി. നിഷ , പി . റംല,എം.കെ അൻവർ, മുഹമ്മദ് ശംസീർ, പി.ഷിജിത്ത് , കെ.പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു വായനാദിന സന്ദേശം, പ്രതിജ്ഞ,
പുസ്തക പ്രദർശനം,
അക്ഷരചില്ല, പി എൻ പണിക്കർ അനുസ്മരണം, കാവ്യാലാപനം, സാഹിത്യക്വിസ് ചുമർ പത്രികാ നിർമ്മാണം, കവിതാരചന , കഥാരചന, പുസ്തകാസ്വാദനം രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സാഹിത്യ ക്വിസ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് വായന വാരാചരണത്തിൻ്റെ ഭാഗമായി വരുന്ന ഏഴു ദിവസങ്ങളിൽ സ്കൂളിൽ ഒരുക്കുന്നത്.
വെളിച്ചത്തിന് എന്ത് വെളിച്ചം - ബഷീർ ദിനാചരണം
മലയാള സാഹിത്യലോകത്തിന് വേറിട്ട കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും വാക് പ്രയോഗങ്ങളും സംഭാവന നൽകിയ കഥകളുടെ ഇമ്മിണി ബല്യ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമവാർഷികദിനം കെ.വി. കെ. എം എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണം, കഥാപാത്രാവിഷ്കാരം, ബഷീർ പുസ്തക പ്രദർശനം, ക്വിസ്, ബഷീർ കഥാസന്ദർഭങ്ങളുടെ ജലഛായ ചിത്രരചന തുടങ്ങിയ പ്രവർത്തനങ്ങൾ ദിനാചരണത്തിറെ ഭാഗമായി വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരുക്കി.
പാരൻ്റിഗ് & കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ് ഒന്നാം ക്ലാസ് രക്ഷിതാക്കൾക്കുള്ള പാരൻ്റിഗ് & കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ് നടത്തി. ഡോ. സച്ചിത്ത്, മോഹനൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ നയിച്ചു. ഹെഡ്മാസ്റ്റർ വി.നാസർ,PTA പ്രസിഡണ്ട് ജംഷീർ കെ.പി.MPTA ചെയർപേഴ്സൺ ചാന്ദ്നി എന്നിവർ സംബന്ധിച്ചു.