കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/എന്റെ ഗ്രാമം
കല്യാശ്ശേരി
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയ്ക്കരികിലെ ഒരു ഗ്രാമപ്രദേശമാണ് കല്യാശ്ശേരി.
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലുക്കിലെ കല്യാശ്ശേരി ബ്ളോക്ക് പരിധിയിൽ കല്ല്യാശ്ശേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്. 15.37 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിലെ അതിരുകൾ വടക്ക് ആന്തൂർ നഗരസഭ, കണ്ണപുരം പഞ്ചായത്ത്, തെക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത്, കിഴക്ക് ആന്തൂർ നഗരസഭ, തെക്ക്-കിഴക്ക് അരോളിഗ്രാമം, പടിഞ്ഞാറ് ഇരിണാവ് പുഴ, മാട്ടൂൽ, അഴീക്കോട് പഞ്ചായത്തുകൾ എന്നിവയാണ്. 1954-ലാണ് കല്ല്യാശ്ശേരി പഞ്ചായത്ത് രൂപീകൃതമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മോഡൽ പോളി ടെക്‌നിക്ക്,കല്ല്യാശ്ശേരി
- കെ.പി.ആർ ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ,കല്ല്യാശ്ശേരി
- കല്ല്യാശ്ശേരി ഗവ. എൽ.പി സ്കൂൾ
- കല്യാശ്ശേരി കണ്ണപുരം ഹിന്ദു എൽ.പി സ്കൂൾ
- കല്യാശ്ശേരി കണ്ണപുരം ദാറുൽ ഈമാൻ മുസ്ലിം എൽ.പി സ്കൂൾ
- കല്യാശ്ശേരി സൗത്ത് യു. പി സ്കൂൾ
- കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂൾ
- ഇരിണാവ് ഹിന്ദു എൽ.പി സ്കൂൾ
- ഇരിണാവ് യു .പി സ്കൂൾ
- ഇരിണാവ് മുസ്ലിം യു.പി സ്കൂൾ
- മാങ്ങാട് എൽ.പി സ്കൂൾ
- മാങ്ങാട് ഈസ്ററ് എൽ.പി സ്കൂൾ
ചരിത്രം
1930-ൽ കെ.കേളപ്പൻ്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ഒരു വലിയ ജാഥ കല്ല്യാശ്ശേരി, മൊറാഴ വഴി കടന്നുപോയി. സ്വാതന്ത്ര്യസമരം, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യൻ ജനതയുടെ ദാരിദ്ര്യാവസ്ഥ, ഫ്യൂഡൽ ആധിപത്യം തുടച്ചുനീക്കേണ്ടതിൻ്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രകടനക്കാരെ സ്വാഗതം ചെയ്യാൻ കല്ല്യാശ്ശേരിയിൽ നടന്ന സമ്മേളനത്തിലെ പ്രസംഗങ്ങൾ.
കല്ല്യാശ്ശേരി പട്ടണവും അയൽപക്കവും അതിൻ്റെ ദേശീയ തീവ്രതയിലും രാഷ്ട്രീയ ബോധത്തിലും മാതൃകാപരമാണ്. 1930 കളിലും 1940 കളിലും മുത്തപ്പൻ ക്ഷേത്രം ബ്രിട്ടീഷുകാർക്കെതിരായ ഒളിച്ചോട്ടത്തിൽ ദേശീയവാദികൾക്ക് അഭയം നൽകി. 1946ൽ ബ്രിട്ടീഷുകാർക്കെതിരെ പാപ്പിനേശേരിയിലെ ടെക്‌സ്‌റ്റൈൽ മിൽ 100 ദിവസം സമരം നടത്തി. അതേ കാലയളവിൽ, കേരളത്തിലെ ഈ ഗ്രാമത്തിൽ നിന്നുള്ള ആളുകൾ ബോംബെയിലെ റോയൽ ഇന്ത്യൻ നേവിയുടെ കലാപത്തോട് അനുഭാവം പുലർത്തി.
1920-കളിൽ മലബാർ മേഖലയിലെ കർഷകപ്രസ്ഥാനം ഒരു വർഗ പ്രസ്ഥാനമായിരുന്നെങ്കിലും അത് ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.
വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു കെ.പി.ആർ ഗോപാലൻ. ഒന്നാം കേരള നിയമസഭയിൽ മാടായി നിയോജകമണ്ഡലത്തെ (സി.പി.ഐ.) ഇദ്ദേഹം നിയമ സഭയിൽ പ്രതിനിധീകരിച്ചു. മൂന്നാം കേരള നിയമസഭയിൽ തലശ്ശേരിയിൽ നിന്നാണ് സി.പി.എം. പ്രതിനിധിയായി ഗോപാലൻ കേരള നിയമസഭയിലേക്കെത്തിയത്.
കെ.പി.ആർ. ഗോപാലൻ
കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ പഠിക്കാൻ വന്ന ഒരു ഹരിജൻ ബാലനെ സവർണ്ണർ ചേർന്ന് തല്ലിയോടിച്ചു. ഈ ബാലനെ തിരികെ സ്കൂളിൽ പ്രവേശിപ്പിക്കുവാൻ വേണ്ടി വലിയൊരു പ്രക്ഷോഭം തന്നെ നടക്കുകയുണ്ടായി. ഗോപാലൻ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ടാണ്. ഗാന്ധിജിയുടെ മലബാർ സന്ദർശനവും, പയ്യന്നൂരിൽ നടന്ന കോൺഗ്രസ്സിന്റെ സമ്മേളനവും ഗോപാലനെ ദേശീയപ്രസ്ഥാനത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.
കോൺഗ്രസ്സിന്റെ ലഖ്നൗ സമ്മേളനപ്രകാരം സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കപ്പെട്ട 1930 ജനുവരി 26ന് കല്യാശ്ശേരിയിൽ ഗോപാലന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയുണ്ടായി. കല്യാശ്ശേരിയിൽ പോലീസിന്റെ നിരോധനഉത്തരവു ലംഘിച്ച് പൊതുസമ്മേളനം നടത്തി അറസ്റ്റിലായി. ജയിലിൽ നിന്നും പുറത്തു വന്ന ഉടനെ കോഴിക്കോട്ട് എത്തി നിയമലംഘനപ്രസ്ഥാനത്തിൽ ചേർന്നു. വീണ്ടും ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നു. ജയിലിൽവെച്ചു പരിചയപ്പെട്ട ദേശീയവിപ്ലവകാരികളുമായുള്ള സഹവാസം സ്വാതന്ത്ര്യ ലബ്ധിക്കായി കോൺഗ്രസ്സ് പിന്തുടരുന്നതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു മാർഗ്ഗത്തെക്കുറിച്ച് മറ്റു പലരേയും പോലെ ഗോപാലനും ചിന്തിക്കാൻ തുടങ്ങി.
കേരളത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്നപ്പോൾ അതിൽ അംഗമായി ചേർന്നു. അതിനു മുമ്പ് സമാനചിന്താഗതി വച്ചു പുലർത്തിയിരുന്നു ഒന്നു രണ്ട് സംഘടനകളിലും ഗോപാലൻ പ്രവർത്തിച്ചിരുന്നു. എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ മദിരാശിയിലേക്കു പോയ പട്ടിണിജാഥയുടെ സംഘാടകരിൽ പ്രമുഖനായിരുന്നു കെ.പി.ആർ.ഗോപാലൻ. ബക്കളത്ത് നടന്ന പത്താം രാഷ്ട്രീയസമ്മേളനത്തിന്റെ ആദ്യാവസനാക്കരനായിരുന്നു ഗോപാലൻ. ഇതിനു മുമ്പ് കർഷകരെ ജന്മിമാരുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കാനായി രൂപംകൊണ്ട കൊളച്ചേരി കർഷകസംഘത്തിന്റെ പ്രവർത്തകനായിരുന്നു. കൊളച്ചേരി കർഷകസംഘം പിന്നീട് അഖില മലബാർ സംഘമായി വളർന്നപ്പോഴും അതിന്റെ മുൻ നിരയിൽ ഗോപാലനുണ്ടായിരുന്നു.