കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


27/06/2024-പുതിയ ജൂനിയർ എസ്.പി.സി ബാച്ചിന്റെ പ്രവർത്തന ഉദ്ഘാടനം

കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതിയ ജൂനിയർ എസ്.പി.സി ബാച്ചിന്റെ പ്രവർത്തന ഉദ്ഘാടനവും പ്രഥമ രക്ഷാകർതൃ യോഗവും വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2:30 ന് സ്കൂളിലെ യു.പി ഹാളിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡൻറ് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ജോസ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻറ് എം സീന, ഡ്രിൽ ഇൻസ്ട്രക്ടർമാരായ തോമാച്ചൻ, മിനി, എസ്.പി.സി യുടെ ചുമതല വഹിക്കുന്ന വിമൽ വർഗ്ഗീസ് എന്നിവർ എസ്.പി.സി പദ്ധതിയെപ്പറ്റി വിശദീകരിച്ചു. എസ്.എം.സി ചെയർമാൻ വി.ബി ഷാലി, എസ്.പി.സി മുൻ പി.ടി.എ പ്രസിഡണ്ട് അനിൽകുമാർ, പി.ടി.എ പ്രതിനിധി ജിൻസി സമീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് പുതിയ എസ്.പി.സി പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രതീഷ് പി.കെ എസ്.പി.സി (പി.ടി.എ) പ്രസിഡണ്ടായും രമ്യ അജേഷ് എസ്.പി.സി (പി.ടി.എ) വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. രക്ഷിതാക്കളായ സജിത്ത് ടി എ, ചിന്ത ഇ.എസ്, ലതാറാണി ഇ.പി, സരിത കണ്ണൻ, അനിൽകുമാർ എന്നിവരെ എസ്. പി.സി (പി.ടി.എ) എക്സ്ക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. തുടർന്ന് എസ്.പി.സി യുടെ ചുമതല വഹിക്കുന്ന ജിയ സെബാസ്റ്റ്യൻ എവർക്കും നന്ദി പറഞ്ഞു.


25/06/2024-സാഹിത്യലോകത്തെ പ്രതിഭകളെ തിരിച്ചറിയാൻ ബഡ്ഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം

വായനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം എഴുത്തുകാരെക്കൂടി കൂടുതൽ അറിയാൻ സഹായിക്കുന്ന പുതുമയുള്ള പ്രവർത്തനമാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. ഓരോ ദിവസവും ഒരു സാഹിത്യ പ്രതിഭയുടെ ഫോട്ടോ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. പ്രതിഭ ആരാണെന്ന് തിരിച്ചറിയുകയും അവരുടെ ലഘു ജീവചരിത്രകുറിപ്പ് തയ്യാറാകുകയും അത് നിർദ്ദിഷ്ട ബോക്സിൻ അന്നേദിവസം 4 മണിക്ക് മുമ്പായി നിക്ഷേപിക്കുകയും വേണം. ഓരോ ദിവസത്തേയും മത്സര വിജയിയുടെ പേര് അടുത്ത ദിവസം നോട്ടിസ് ബോർഡിൻ പ്രദർശിപ്പിക്കും. ജൂലായ് 5 ബഷീർ ദിനത്തിൽ മത്സരവിജയികൾക്കുള്ള സമ്മാനദാനം നടത്തും.

25/06/2024- മീഡിയ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

2024-25 അധ്യയന വർഷത്തിലെ സ്കൂൾ മീഡിയ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ വാർത്താ ചാനലായ വാർത്താപ്പെട്ടിയിലേക്കുള്ള വായനക്കാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി വാർത്തവായനാ ഒഡിഷൻ നടത്തി. കെ ടി എം മീഡിയയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് വാർത്താപ്പെട്ടി. അനേകം കുട്ടികൾ ഒഡിഷനിൽ പങ്കെടുത്തു. മീഡിയാ റൂമിൽ വച്ച് നടന്ന ചടങ്ങിൽ പിടി എ പ്രസിഡൻ്റ, പ്രധാനാധ്യാപിക, മിഡിയ ക്ലബ് കൺവീനർ അരുൺ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു

25/06/2024-കൃഷിസ്ഥലത്തേക്ക് ഒരു യാത്ര

പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കെ. കെ ടി.എം.ജി.ജി. എച്ച്. എസ്സിലെ കുട്ടികൾ കൃഷി തോട്ടം സന്ദർശിച്ചു. ഉഴുവത്ത് കടവിലുള്ള ഷാജഹാൻ ഇക്കയുടെ ഫാം പ്ലാൻ എന്ന കൃഷി സ്ഥലമാണ് സന്ദർശിച്ചത്. യുപി വിഭാഗം അദ്ധ്യാപകനായ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് 95 കുട്ടികൾ അടങ്ങിയ ടീം യാത്ര നടത്തിയത്. രേഖ ടീച്ചർ, ബിന്ദു ടീച്ചർ, ഡയാന ടീച്ചർ, ശ്രീജ ടീച്ചർ ഇവരും യാത്രയിൽ പങ്കു ചേർന്നു. മഞ്ഞൾ കൃഷി, ചീര, പപ്പായ, കുരുമുളക്, ചാമ്പ, സപ്പോട്ട, വാഴ, ഇഞ്ചി തുടങ്ങിയ ഒട്ടേറെ കൃഷികൾ കുട്ടികളെ ആകർഷിച്ചു. കൂടാതെ പശുവളർത്തൽ, മീൻ വളർത്തൽ, അലങ്കാര പക്ഷികൾ ഇവ കുട്ടികൾക്ക് കൗതുകമായി. കുട്ടികൾ കൃഷി രീതികളെ കുറിച്ചും വളപ്രയോഗ രീതിയെക്കുറിയും വിളവ് ലഭിക്കുന്നതിനെക്കുറിച്ചും ധാരാളം ചോദ്യങ്ങൾ ചോദിച്ചു. വളരെ ലളിതമായി വിശദമായി ഷാജഹാൻ ചേട്ടൻ കുട്ടികൾക്ക് ഉത്തരം നൽകി. ജൈവ വളം മാത്രമാണ് പ്രയോഗിക്കുന്നതെന്നും ജോലികൾക്കായി തൊട്ടടുത്തുള്ള ആളുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും കൂടുതൽ വിളവ് എല്ലാ ഇനത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു ഇത്. ആദ്യമായാണ് ഇത്തരത്തിൽ കർഷകനിൽ നിന്നും നേരിട്ട് അനുഭവങ്ങൾ അറിയുന്നതെന്നും തങ്ങളും പറ്റാവുന്ന കൃഷികൾ ചെയ്യുമെന്നുംവീണ്ടും ഒരിക്കൽ കൂടിഫാം സന്ദർശിക്കാമെന്നുംപറഞ്ഞു കൊണ്ട് കുട്ടികൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

24/06/2024-കൈറ്റ്സ് പരീക്ഷയിൽ ലിറ്റിൽ മികച്ച വിജയം

ലിറ്റിൽ കൈറ്റ്സ് പരീക്ഷയിൽ കെ.കെ.ടി.എം. ജി.ജി.എച്ച്.എസ്സ് സ്കൂളിന് ഉജ്വലവിജയം. 2024 - 27 ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനാണ് പരീക്ഷ നടന്നത്. ഓൺലൈൻ പരീക്ഷയിൽ 41 കുട്ടികൾ പരീക്ഷ എഴുതിയിരുന്നു. അതിൽ നിന്ന് 40 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പരീക്ഷയിൽ 25 ശതമാനം മാർക്ക് നേടിയ കുട്ടികൾക്കാണ് അംഗത്വം ലഭിച്ചത്. പുതിയ ബാച്ചി ലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ പ്രധാന അദ്ധ്യാപിക ഷൈനി ജോസ്, അദ്ധ്യാപകരായ അരുൺ് പീറ്റർ, കെ.എസ്. ചിത്ര എന്നിവർ അഭിനന്ദിച്ചു.

21/06/2024-സർഗവേള ഉത്സവമാക്കി ഏഴാം ക്ലാസ്സ് വിദ്യാർഥികൾ

കെ.കെ.ടി.എം. ജി.ജി എച്ച്. എസ്സിലെ ഏഴാംക്ലാസ്സ് വിദ്യാർഥികൾ വായനാ ദിനവുമായി ബന്ധപ്പെടുത്തി നടത്തിയ സർഗവേള വൈവിധ്യമാർന്ന പരിപാടികളാൽ മികവുറ്റതായി. ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി ഷൈനി ടീച്ചർ മുഖ്യ അതിഥിയായിരുന്നു. ശ്രീ അനിൽ സാർ സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ശ്രീമതി രേഖ ടീച്ചർ നിർവഹിച്ചു. അധ്യാപകരായ ഡയാന, ബിന്ദു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അനാമിക, നിയുക്ത എന്നീ കുട്ടികൾ പരിപാടിയുടെ അവതാരകരായി. കവിതാലാപനം, ആസ്വാദനക്കുറിപ്പ്, കവിത ദൃശ്യാവിഷ്കാരം, പ്രസംഗം, തുടങ്ങിയ പരിപാടികൾ ആകർഷകവും പുതുമയുള്ളതുമായിരുന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ ശോഭയേകി.

21/06/2024-അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

കെ കെ ടിഎം ഗവ. ഗേൾസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം നടന്നു. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗയുടെ ഗുണങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ആചരിക്കപ്പെടുന്നത്. സ്കൂൾ കൗൺസിലർ പ്രീതിപോൾ യോഗ ദിന സന്ദേശം നൽകി . ഹൈസ്കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച യോഗാ നൃത്തം ,ചുമർപത്രിക പ്രദർശനം, യോഗ പരിശീലനം എന്നിവ ശ്രദ്ധേയമായി. പി ടി എ പ്രസിഡൻറ് നവാസ് പടുവിങ്കൽ, പ്രധാന അധ്യാപിക ഷൈനി ആന്റോ, സീനിയർ അസിസ്റ്റൻറ് സീന എം, ഉദ്ഘാടന കർമ്മം നിർവഹിച്ച ലീന ടീച്ചർ , നൈസിടീച്ചർ, നിമ്മി ടീച്ചർ, നീലിന ടീച്ചർ ,ലിജി ടീച്ചർ ജാക്സൺ സർ ,അരുൺ സർ , ഷൈൻ സർ ,ശരത് സർ എന്നിവരും പങ്കെടുത്തു.

സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ ദിനാചരണ പരിപാടികൾ

19/06/2024-പ്രകൃതി നടത്തം

കെ കെ ടി എം എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റും എക്കോ ക്ലബ്ബും സംയുക്തമായി പ്രകൃതി നടത്തം സംഘടിപ്പിച്ചു. രാവിലെ 11:00 മണിക്ക് പ്രധാനാധ്യപിക ഷൈനി ജോസ് പ്രകൃതി നടത്തത്തിന് ആശംസകൾ നേർന്നു. സ്കൂളിൽ നിന്ന് കൊടുങ്ങല്ലൂരിൻ്റെ സമീപ പ്രദേശമായ ഉഴുവത്തു കടവിലേക്കായിരുന്നു അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘം യാത്ര തിരിച്ചത്. പരിസ്ഥിതിയെ അറിഞ്ഞും മനസ്സിലാക്കിയും നടത്തിയ യാത്രയിൽ കണ്ടൽ കാടിനെ കുറിച്ചും പുഴയെ കുറിച്ചും ധാരാളം അറിവ് കുട്ടികൾക്ക് ലഭിച്ചു. അധ്യാപകരായ ബിൻസി, ശ്രീജ, ബിന്ദ്യ എന്നിവർ യാത്രയിൽ പങ്കെടുത്തു.

ഗൈഡ്സ് യൂണിറ്റും എക്കോ ക്ലബ്ബും സംയുക്തമായി
സംഘടിപ്പിച്ച പ്രകൃതി നടത്തത്തിലെ ഒരു ദൃശ്യം

19/06/2024-വായന ദിനത്തിൽ ലൈബ്രറി സന്ദർശനം

കൊടുങ്ങല്ലൂർ മുനിസിപ്പൽ ലൈബ്രറി സന്ദർശിച്ച് വായനദിനം സമ്പുഷ്ടമാക്കി കൊച്ചു വായനക്കാർ. മുനിസിപ്പൽ ലൈബ്രറിയിൽ നടന്ന വായന പക്ഷാചരണത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണപ്രകാരമാണ് കുട്ടികൾ ലൈബ്രറിയിൽ എത്തിയത്. വിശിഷ്ടാതിഥിയായ പ്രശസ്ത എഴുത്തുകാരൻ ടി.കെ ഗംഗാധരൻ്റെ വായനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കുട്ടികൾക്ക് പ്രചോദനമേകുന്നതായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീതയുടെ നേതൃത്വത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലി. നഗരസഭയുടെ കീഴിലുള്ള ഈ ലൈബ്രറിയിൽ നിന്നും കുട്ടികൾക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ അവസരം ഒരുക്കിത്തരണമെന്ന് ഭാരവാഹികളോട് ദേവിക ജവഹർ അഭ്യർത്ഥിച്ചു. മികച്ച വായനക്കാരായ 25 കുട്ടികളാണ് നിലീന ടീച്ചറുടെയും നിമ്മി ടീച്ചറുടെയും നേതൃത്വത്തിൽ ലൈബ്രറി സന്ദർശിച്ചത്.

വായന ദിനത്തിൽ ലൈബ്രറി സന്ദർശനം

15/06/2024-ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/24 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ഒരു സെർവർ കമ്പ്യൂട്ടറിലും 20 ക്ലൈന്റ് കമ്പ്യൂട്ടറുകളിലുമായാണ് പരീക്ഷ നടന്നത്. അഭിരുചി പരീക്ഷയിൽ ലോജിക്കൽ - ഗണിതം, പ്രോഗ്രാമിംഗ് ; 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. ഒരു വിദ്യാർത്ഥിക്ക് ലോജിക്കൽ - ഗണിതം വിഭാഗത്തിൽനിന്ന് ആറും പ്രോഗ്രാമിംഗ് വിഭാഗത്തിൽനിന്ന് നാലും ഐടി പാഠപുസ്തകം ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് 5 വീതവും ചോദ്യങ്ങളാണ് ലഭിച്ചത്. രജിസ്റ്റർ ചെയ്ത 51 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ ചെയ്തു. പൂർണ്ണമായും സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്ത പരീക്ഷ അരമണിക്കൂർ ആണ് ഉണ്ടായത്. ഓരോ കുട്ടിക്കും 20 ചോദ്യങ്ങൾ വീതമാണ് ലഭിച്ചത്. ഈ പരീക്ഷയുടെ മൂല്യനിർണ്ണയം കൈറ്റ് ആണ് നടത്തുന്നത്. 25% മാർക്ക് നേടുന്ന എല്ലാ കുട്ടികളേയും ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെടും. അംഗങ്ങളാക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ അടിസ്ഥാനമായ നൂതന മേഖലകളിൽ പരിശീലനങ്ങൾ ലഭിക്കും.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

15/06/2024-ബക്രീദിനോടനുബന്ധിച്ച് മൈലാഞ്ചിമൊഞ്ച്

കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവൺമെൻ്റ് ഗേൾസ് സ്കൂളിൽ മൈലാഞ്ചിയിടൽ നടന്നു. നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബക്രീദിന് മുന്നോടിയായി ജൂൺ 15-ാം തിയതി ശനിയാഴ്ചയാണ് മയിലാഞ്ചി മൊഞ്ച് നടത്തിയത്. പ്രധാനാധ്യാപിക ശ്രീമതി ഷൈനി ജോസിന്റെ കൈകളിൽ മൈലാഞ്ചിയിട്ടുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഓർമ്മിപ്പിക്കുന്ന പെരുന്നാൾ ദിനത്തിന് മുന്നോടിയായി നടത്തിയ മൈലാഞ്ചിമൊഞ്ചിൽ പങ്കെടുക്കാൻ ആവേശത്തോടെയാണ് കുട്ടികൾ എത്തിയത്. അധ്യാപകർക്കും സഹപാഠികൾക്കും കുട്ടികൾ മൈലാഞ്ചി അണിയിച്ച് സ്നേഹം പങ്കുവെച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. നവാസ് പടുവിങ്ങൽ, മാതൃ സംഗമം പ്രസിഡണ്ട് ശ്രീമതി ജിൻസി സമീർ.സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. എം. സീന , നല്ല പാഠം കോർഡിനേറ്റർമാരായ ശ്രീമതി നിമ്മി മേപ്പുറത്ത്, എസ് .നിലീന , അധ്യാപകരായ അരുൺ പീറ്റർ, ഒ എസ് ഷൈൻ, ടി.കെ സുജാത, ആരിഫ , ശ്രീജ, സി.ബി സുധ എന്നിവരും കുട്ടികളുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.

നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ബക്രീദിനോടനുബന്ധിച്ച് മൈലാഞ്ചിമൊഞ്ച്

14/06/2024-വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു. ഓരോ ക്ലാസിൽ നിന്നും 2 കൺവീനർമാരെ തെരഞ്ഞെടുക്കുകയും അവരിൽ നിന്നും സ്കൂൾ കൺവീനറെ നിശ്ചയിക്കുകയും ചെയ്തു. 14/6/2024 വെള്ളിയാഴ്ച നടന്ന രൂപീകരണയോഗം പ്രധാനാധ്യാപിക ശ്രീമതി ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അധ്യാപിക ശ്രീമതി എം. സീന സംസാരിച്ചു. ശ്രീമതി വിമല തോമസ് കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ആശംസ നേരുകയും ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വൈവിധ്യമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്നും നിരന്തര വായനയെ പ്രോത്സാഹിപ്പിക്കാൻ ക്ലാസിൽ ലൈബ്രറി ഒരുക്കണമെന്നും ലൈബ്രറി ചുമതല വഹിക്കുന്ന എസ് നിലീന കുട്ടികളെ അറിയിച്ചു. കോഡിനേറ്റർ ശ്രീമതി സി ബി സുധ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂളിലെ മികച്ച വായനക്കാരിൽ ഒരാളായ കുമാരി ബാലവർമ്മ നന്ദി അറിയിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

12/06/2024-ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു

കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവൺമെൻ്റ് ഗേൾസ് സ്കൂളിൽ ജൂൺ 12ന് ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു. അഞ്ചു വയസ്സു മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് സാധാരണ ബാല്യം ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനും ബാലവേലയ്ക്കെതിരായ അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു . സ്കൂൾ അസംബ്ലിയിൽ വച്ച് സ്കൂൾ കൗൺസിലർ ശ്രീമതി പ്രീതി പോൾ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി . തുടർന്ന് 5 c ക്ലാസിലെ കുമാരി ദേവി കൃഷ്ണ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി എം.സീന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ ശ്രീമതി ലിജി കെ എം , ശ്രീമതി സാബിറ എം എസ് ,ശ്രീമതി വിമല തോമസ്, ശ്രീമതി ബിസീന, ശ്രീമതി എസ് നിലീന ,ശ്രീ ജാക്സൺ യു ജി ,ശ്രീ ഒ എസ് ഷൈൻ എന്നിവരും പങ്കെടുത്തു.

ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു

12/06/2024-എസ്.പി.സി സെലക്ഷൻ പരീക്ഷ

2024-25 അധ്യായന വർഷത്തെക്കുള്ള സ്റ്റു‍ഡന്റ് പോലിസ് കേഡറ്റിൽ‍ ചേരുന്നതിനു വേണ്ടിയുള്ള മുഖ്യ എഴുത്ത് പരീക്ഷ 12ആം തീയതി ബുധനാഴ്ച രാവിലെ 10:30ന് നടന്നു. 90 കുട്ടികളാണ് എസ്പിസിയിലേക്ക് ചേരുന്നതിനു വേണ്ടിയുള്ള പരീക്ഷ എഴുതിയത്. സിപിഒ എം സീന, എസിപിഒ വിമൽ വർഗീസ്, അധ്യാപകരായ ജിയ സെബാസ്റ്റ്യൻ, ഒ എഫ് ഫിലിപ്പ് എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ തോമാച്ചൻ സാർ പരീക്ഷ കേന്ദ്രം സന്ദർശിച്ചു. എഴുത്തു പരീക്ഷയിൽ 100 മാർക്കിന്റെ 50 ഒബ്ജറ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള എഴുത്തു പരീക്ഷ രാവിലെ 10:30 ന് ആരംഭിച്ച് കൃത്യം 11:30 ന് അവസാനിക്കുകയും ചെയ്തു. എഴുത്ത് പരീക്ഷയെ തുടർന്ന് പതിനാലാം തീയതി കോട്ടപ്പുറം ചേരമാൻ പെരുമാൾ മൈതാനത്ത് വച്ച് കായിക ക്ഷമത പരീക്ഷ നടത്തി. എസ് പി സി എൽ ചേരാൻ അപേക്ഷ നൽകിയ എല്ലാ വിദ്യാർത്ഥിനികളും രാവിലെ 10 മണിക്ക് ഗ്രൗണ്ടിൽ എത്തിച്ചേർന്നു. എല്ലാ കുട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

കോട്ടപ്പുറം ചേരമാൻ പെരുമാൾ മൈതാനത്ത് വച്ച്
കായിക ക്ഷമത പരീക്ഷ നടത്തി

07/06/2024-സ്കൂൾ ലൈബ്രറി‍ പരിപാലിക്കാൻ ക്ലാസ് ലൈബ്രേറിയന്മാർ

സ്കൂൾ ലൈബ്രറിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ക്ലാസ് ലൈബ്രേറിയന്മാരെ തിരഞ്ഞെടുത്തു. 20000ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി‍ പരിപാലിക്കാൻ ക്ലാസ് ലൈബ്രേറിയന്മാരുടെ സഹായം അത്യാവശ്യമാണ്. ഓരോ ക്ലാസിലെയും മികച്ച വായനക്കാരായ രണ്ടു വിദ്യാർത്ഥികളെയാണ് ലൈബ്രേറിയന്മാരായി തെരഞ്ഞെടുത്തത്. വീട്ടിൽ വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ഉപയോഗിച്ച് ഓരോ ക്ലാസിലും ലൈബ്രറി സജ്ജമാക്കി. നിരന്തര വായന ലക്ഷ്യം വച്ചു കൊണ്ടാണ് ക്ലാസ് ലൈബ്രറി സജ്ജമാക്കിയത്. സ്കൂളിലെ എല്ലാ കുട്ടികളും വായനയുടെ ലോകത്തിലൂടെ സഞ്ചരിക്കണം എന്ന ലക്ഷ്യമാണ് ഇത്തരം പ്രവർത്തനത്തിന് കാരണമായതെന്ന് ലൈബ്രറി ചാർജ് വഹിക്കുന്ന നിലീന ടീച്ചർ പറഞ്ഞു. ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ക്ലാസ് ലൈബ്രേറിയന്മാരുടെ ചുമതലയാണെന്നും ടീച്ചർ കൂട്ടിച്ചേർത്തു.

സ്കൂൾ ലൈബ്രറിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി
ക്ലാസ് ലൈബ്രേറിയന്മാരെ തിരഞ്ഞെടുത്തു

07/06/2024-ലൈബ്രറി കാർഡ് വിതരണം ചെയ്തു

വായനയെ പരിപോഷിപ്പിക്കുന്നതിനും അഭിരുചിക്കനുസരിച്ച് ഓരോ കുട്ടിക്കും പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും വേണ്ടി കുട്ടികൾക്ക് ലൈബ്രറി കാർഡ് വിതരണം ചെയ്തു. ക്ലാസിലേയ്ക്ക് പുസ്തകങ്ങൾ നൽകിയിരുന്നപ്പോൾ പല കുട്ടികൾക്കും ലൈബ്രറി കാണാനുള്ള അവസരം കിട്ടിയിരുന്നില്ല. മാത്രമല്ല കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകം തെരഞ്ഞെടുക്കാനുള്ള അവസരവും കുറവായിരുന്നു. എല്ലാ കുട്ടികളെയും ലൈബ്രറിയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ലൈബ്രറി കാർഡ് നൽകിയത്. കഴിഞ്ഞവർഷത്തെ മികച്ച വായനക്കാരായ മിടുക്കികൾക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ. നവാസ് പടുവിങ്ങൽ ലൈബ്രറി കാർഡ് നൽകി തുടക്കം കുറിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ഷൈനി ജോസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി എം. സീന,ലൈബ്രറി ചുമതല വഹിക്കുന്ന ശ്രീമതി. എസ്. നിലീന , സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിമ്മി മേപ്പുറത്ത്, അധ്യാപകരായ ലിജി സോജൻ , വിമല തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വായനയെ പരിപോഷിപ്പിക്കുന്നതിനും അഭിരുചിക്കനുസരിച്ച്
ഓരോ കുട്ടിക്കും പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും വേണ്ടി
കുട്ടികൾക്ക് ലൈബ്രറി കാർഡ്.

06/06/2024-നല്ല പാഠം പെൻബോക്സ്

ഉപയോഗശൂന്യമായ പേനകൾ ഇനി പെൻബോക്സിലേയ്ക്ക്. പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പരിപാടികളിൽ ഒന്നാണ് പെൻബോക്സ് പദ്ധതി. ഉപയോഗശൂന്യമായ പേനകൾ ചുറ്റുപാടിലേയ്ക്ക് വലിച്ചെറിയാതെ പെൻബോക്സിൽ നിക്ഷേപിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും ഉപയോഗശൂന്യമായ പേനകൾ നല്ല പാഠം അംഗങ്ങൾ ശേഖരിക്കുകയും അത് പെൻബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതിന് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ഷൈനി ജോസ് പി ടി എ പ്രസിഡണ്ട് ശ്രീ നവാസ് പടുവിങ്ങൽ നല്ലപാഠം കോർഡിനേറ്റർമാരായ നിമ്മി മേപ്പുറത്ത് ,എസ് നിലീന പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ.പി.ബി. രഘു എന്നിവർ പങ്കെടുത്തു. തുടർന്ന് നല്ലപാഠം അംഗങ്ങളായ കുട്ടികൾ ക്ലാസുകൾ തോറും കയറി ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ചു.

നല്ല പാഠം പെൻബോക്സ്

05/06/2024-പ്രഥമ ക്ലാസ് പിടിഎ യോഗം

2024-25 അധ്യായന വർഷത്തിലെ പ്രഥമ ക്ലാസ് പിടിഎ യോഗം സ്കൂൾ ഹാളായ കൈലാസത്തിൽ വച്ച് നടന്നു. എല്ലാ ക്ലാസ്സുകളുടെയും പ്രഥമ യോഗം ആയതിനാൽ രണ്ടു ദിവസമായിട്ടാണ് ക്ലാസ് പിടിഎ നടത്തിയത്. ജൂൺ 5ന് രാവിലെ 10.30 ന് എട്ടാം ക്ലാസ്,11.45ന് ഒമ്പതാം ക്ലാസ്, ഉച്ചയ്ക്ക് 2.30ന് പത്താം ക്ലാസ് എന്നീ സമയക്രമത്തിലാണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ക്ലാസ് പിടിഎ യോഗം നടന്നത്. ജൂൺ 6ന് രാവിലെ 10.30 നും 11.45നുമായി യഥാക്രമം 5, 6, 7 ക്ലാസുകളിലെ ക്ലാസ് പിടിഎ മീറ്റിങ്ങും നടന്നു. ഓരോ വിഭാഗത്തിലെയും എല്ലാ ഡിവിഷനിലെയും ക്ലാസ് അധ്യാപകരെ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി. പ്രധാന അധ്യാപിക ശ്രീമതി ഷൈനി ജോസ് യോഗങ്ങളിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് സ്കൂൾ സംബന്ധമായ പ്രാഥമിക നിർദേശങ്ങൾ നൽകി. രക്ഷിതാക്കൾ ക്ലാസ് പി ടി രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തി. പ്രസ്തുത മീറ്റിങ്ങിൽ വച്ച് ക്ലാസ് പിടിഎ പ്രതിനിധികളെ തെരഞ്ഞെടുത്തു. അധ്യായന വർഷം മുഴുവൻ രക്ഷിതാക്കളും വിദ്യാർത്ഥികളും പാലിക്കേണ്ടതും തുടരേണ്ടതുമായ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓരോ ക്ലാസ് അധ്യാപകരും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.

2024-25 അധ്യായന വർഷത്തിലെ പ്രഥമ ക്ലാസ് പിടിഎ യോഗം

05/06/2024-പരിസ്ഥിതി ദിനാഘോഷം നടന്നു

കൊടുങ്ങല്ലൂർ ഗേൾസ് സ്കൂളിൽ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് എൻറെ മരം പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി സ്കൂളിലെ വിവിധ ക്ലബ്ബുകൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സീഡ് ക്ലബ്, എസ് പി സി, ജെ ആർ സി, ഗൈഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്രീമതി ഷെറിൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി പ്ലാനിംഗ്ബോർഡ് വൈസ് ചെയർമാൻ ശ്രീ കെ എം ബേബി പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികളെ ഉൾപ്പെടുത്തി ക്വിസ്, ചുവർ പത്രിക നിർമ്മാണം, ചിത്രരചന, കവിത രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. യുപി, എച്ച്എസ് വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കൊണ്ടുവന്ന് പ്രദർശിപ്പിച്ചു.

എന്റെ മരം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിവിധ ക്ലബ്ബുകൾ
സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

04/06/2024-വായന വളർത്താൻ വായന കളരി

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗേൾസ് സ്കൂളിൽ വായന കളരി പദ്ധതി ആരംഭിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ നവാസ് പടുവിങ്കൽ മലയാള മനോരമ ദിനപത്രം വിദ്യാർഥിനികൾക്ക് നൽകിക്കൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മോഡേൺ ആശുപത്രിയാണ് സ്കൂളിലേക്ക് 10 പത്രം സംഭാവനം ചെയ്തത്. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക സ്വാഗതം പറഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ നിമ്മി മേപ്പുറത്ത്, എസ് നെലീന, സ്കൂൾ കൗൺസിലർ പ്രീതിപോൾ, മലയാള മനോരമ ഏജൻറ് കെ പി സുനിൽകുമാർ, പിടിഎ വൈസ് പ്രസിഡണ്ട് പി ബി രഘു എന്നിവർ പങ്കെടുത്തു.

വായന വളർത്താൻ വായന കളരി

03/06/2024-പ്രവേശനോത്സവം -2024

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൊടുങ്ങല്ലൂരിലെ അനുഗ്രഹിത ശിൽപി ശ്രീ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കൈലാസം ഹാളിൽ വച്ചാണ് ചടങ്ങ് നടന്നത്. ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി എത്തി. തീവ്രമായ ആഗ്രഹം ഉണ്ടെങ്കിൽ നേടാൻ പറ്റാത്തതായി ഒന്നുമില്ല എന്ന സന്ദേശം സ്വന്തം അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പകർന്നുനൽകിയ അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു. നൂപുരധ്വനി നൃത്ത ക്ലബ് അവതരിപ്പിച്ച നൃത്ത ശില്പം ശ്രദ്ധേയമായി. പി.ടി എ പ്രസിഡണ്ട് ശ്രീ നവാസ് പടുവിങ്ങലിൻ്റെ അധ്യക്ഷതയിയിൽ ആരംഭിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി. ഷൈനി ജോസ് സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ് ദിനൽ വിശിഷ്ടാതിഥിയായിരുന്നു. പാഠ പുസ്തക വിതരണം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീല പണിക്കശ്ശേരി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ശ്രീ.സി.എസ് സുമേഷ്, എസ്.എം.സി ചെയർമാൻ ശ്രീ. വി. ബി ഷാലി പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. പി. ബി രഘു, മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ജിൻസി സമീർ, എസ്.പി.സി പ്രതിനിധി കുമാരി പാർവ്വതി. വി. ചന്ദ്ര, ജെ. ആർ സി. പ്രതിനിധി കുമാരി മറിയം തസ്മിൻ,ഗൈഡ്സ് പ്രതിനിധി കുമാരി ഷമീമ നസ്റിൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. നവാഗതരെ പൂക്കൾ നൽകി സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി. നിമ്മി മേപ്പുറത്ത് നന്ദി പ്രകാശിപ്പിച്ചു.

ശ്രീ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു