കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരുമാടിക്കുട്ടൻ

പ്രൗഢമായ സംസ്കാരത്തിന്റെ അവശേഷിപ്പുകളായി , ഓർമ്മപ്പെടു ത്തലുകളായി നിലകൊള്ളുന്ന ചരിത്രാവശിഷ്ടങ്ങൾ .

ഒരു പാട് കഥകളുറങ്ങുന്ന നാടാണ് കുട്ടനാട് . മണ്ണിന്റെ മണമുള്ള കുട്ടനാടൻ ജീവിതങ്ങളെ ഇതിഹാസകാരൻ തകഴി ചേട്ടൻ നമുക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. കുട്ടനാടിന്റെ കഥകൾ അവിടെ അവസാനിക്കുന്നില്ല. പ്രകൃതി തന്നെയാണ് കുട്ടനാട്ടിലെ പ്രധാന കഥാപാത്രം. കഥകളാകട്ടെ കേരളോത്പത്തിയോളം വ്യാപിച്ചു കിടക്കുന്നു. ഇവിടെ കുട്ടനാടിനോളം വളർന്ന കഥാപാത്രമാണ് കരുമാടിക്കുട്ടൻ.

ചരിത്രവും മിത്തും ഇടകലർന്ന ഒരുപാട് കഥകൾ കരുമാടിക്കുട്ടൻ നമുക്ക് സമ്മാനിക്കുന്നു. മലയാള സാഹിത്യത്തിൽ നിഷ്കളങ്കമായ വികൃതിയുടെ പര്യായമാണ് കരുമാടിക്കുട്ടൻ. കറുപ്പിന്റേയും കരുത്തിന്റേയും പ്രതീകം. ഇന്ന് കുട്ടന്റെ നാടായി ആണ് കുട്ടനാട് അറിയപ്പെടുന്നത്. കരുമാടി എന്ന കൊച്ചു ഗ്രാമത്തിൽ കടന്നു പോയ കാലങ്ങൾ കണ്ട്, കാഴ്ചകൾ കണ്ട്, കറുപ്പിന്റെ അഴകുമായി , നഷ്ടമായ കരവുമായി,ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായി അവനിരിക്കുന്നു .....

കാലത്തിന്റെ കരുത്തിൽ ഏകനായ് ........

ശ്രീമൂലവാസം

കേരള ചരിത്രത്തിന്റെ ഇന്നലെകളിൽ ഇവിടെ വേരുറപ്പിച്ചിരുന്ന ബുദ്ധമതത്തെക്കുറിച്ച് നമുക്ക് അറിയാം. ഇപ്പോഴത്തെ ആലപ്പുഴ കൊല്ലം ജില്ലകളായിരുന്നു ബുദ്ധമതത്തിന്റെ പ്രധാന ശക്തി കേന്ദ്രം. അക്കാലത്ത് ഏറ്റവും പ്രശസ്തമായ ബുദ്ധവിഹാരമായിരുന്നു "ശ്രീമൂലവാസം" . ശ്രീമൂലവാസത്തിന്റെ ചരിത്ര അവശേഷിപ്പുകളിൽ ഒന്നാണ് പ്രാചീന ശില്പ രചനയുടെ മാതൃകയായ കരുമാടി കുട്ടൻ എന്ന പേരിൽ പ്രശസ്തമായ ഈ ശ്രീ ബുദ്ധവിഗ്രഹം.

ബി സി മൂന്നാം നൂറ്റാണ്ടിൽ ശ്രീലങ്കയിലെ താമ്രപത്രിണിയിൽ നിന്നുമെത്തിയ രക്ഷിത ധീരന്റേയും അനുചന്മാരുടേയും ശ്രമം കൊണ്ട് കേരളത്തിൽ അഞ്ഞൂറോളം ബുദ്ധ വിഹാരങ്ങൾ സ്ഥാപിച്ചതായി പറയുന്നു. പിൽക്കാലത്ത് പ്രധാന തീർത്ഥാടന കേന്ദ്രമായി മാറിയ പ്രശസ്ത ബുദ്ധ വിഹാരമായിരുന്നു ശ്രീമൂലവാസം.

ശ്രീമൂലവാസത്തിന്റെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായ ധാരണ ചരിത്രകാരന്മാർക്ക് ഇല്ല. എങ്കിലും തിരുമൂലർ ബുദ്ധമതം സ്വീകരിച്ച ശേഷം അദ്ദേഹം സ്ഥാപിച്ചതാണ് ശ്രീമൂലവാസം എന്ന് അനുമാനിക്കുന്നവർ ഉണ്ട്. തിരുമൂല പാദമാണ് പിന്നീട് ശ്രീമൂലവാസമായത് എന്ന് കരുതുന്നു. AD ഏഴാം നൂറ്റാണ്ടിനു മുൻപാണ് ഇത് സ്ഥാപിച്ചത് എന്ന് കണക്കാക്കപ്പെടുന്നു.

AD 885 - 925 കാലഘട്ടത്തിൽ ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്റെ കാലത്ത് ശ്രീമൂലവാസമെന്ന പേരിൽ ലോകാരാധ്യമായി വിളങ്ങിയിരുന്ന ബുദ്ധവിഹാരമുണ്ടായിരുന്നതായി പുരാതന കേരളീയ രേഖകളായ പാലിയം ശാസനവും അതുലകവിയുടെ മൂഷിക വംശം മഹാ കാവ്യവും (AD 11 നൂറ്റാണ്ട് ) തെളിവ് നൽകുന്നു.

വിക്രമാദിത്യ വരഗുണന്റെ കാലത്ത് ശ്രീമൂലവാസത്തെ ബുദ്ധ ക്ഷേത്രത്തിന് ഒട്ടേറെ ഭൂമി ദാനം നൽകിയതായി പാലിയം ചേപ്പേടിൽ കാണുന്നു.

മൂഷിക വംശം മഹാകാവ്യത്തിന്റെ രണ്ട് സർഗ്ഗങ്ങളിൽ ശ്രീമൂലവാസത്തെ കുറിച്ച് പരാമർശിക്കുന്നു. വിക്രമ രാമൻ എന്ന മൂഷികരാജാവ് വിഹാരത്തെ കടൽചിറ കെട്ടി സമുദ്രാ ക്രമണത്തിൽ നിന്ന് സംരക്ഷിച്ചു എന്ന് 12ാം സർഗ്ഗത്തിലും . ആ ശതകത്തിന്റെ അന്ത്യത്തിൽ അന്നത്തെ മൂഷികരാജാവിന്റെ ഭാഗിനേയനായ വല്ലഭൻ ചോളരു മായുള്ള യുദ്ധത്തിൽ കേരള രാജാവിനെ സഹായിക്കാൻ ദക്ഷിണ കേരളത്തിൽ പോയപ്പോൾ യാത്രാമധ്യേ ശ്രീമൂലവാസം ക്ഷേത്രത്തിൽ കയറി അനുഗ്രഹ ആശ്ശിസ്സുകൾ വാങ്ങി എന്ന് 14ാം സർഗ്ഗത്തിലും കാണുന്നു.

AD ഏഴാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയിൽ ശ്രീമൂലവാസമെന്ന പേരിൽ ഒരു വിഹാരമുണ്ടായിരുന്നതായി കേരളപ്പെരുമയിൽ പറയുന്നു.

എം ഫൗച്ചർ ( ഫൂ ഷെ) ഗാന്ധാര ദേശത്ത് (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) നിന്ന് കണ്ടെടുത്ത ലോകേശ്വര വിഗ്രഹത്തിൽ കാണുന്ന "ദക്ഷിണ പഥേ ശ്രീമൂലവാസ ലോക നാഥ " എന്ന ലിഖിതം ബുദ്ധമത തീർത്ഥാടനകേന്ദ്രം എന്ന നിലയിൽ ശ്രീമൂലവാസത്തിനുണ്ടായിരുന്ന പ്രശസ്തിക്ക് ഉദാഹരണമാണ്.

ശ്രീമൂലവാസ ലോക നാഥ വിഗ്രഹത്തിന്റെ മാതൃകയിലാണ് ഫൗച്ചർ അഫ്ഗാനിസ്ഥാനിൽ നിന്ന് കണ്ടെടുത്ത വിഗ്രഹവും നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഇത് തെളിയിക്കുന്നത്.

ശ്രീമൂലവാസത്തിന്റെ പ്രശസ്തി ഇന്ത്യയുടെ വടക്കുപടിഞ്ഞാറെ അറ്റം വരെ പരന്നിരുന്നു. താന്ത്രിക ബുദ്ധമതത്തിന്റെ ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രം ശ്രീമൂലവാസമാണ് എന്ന് വിശ്വസിക്കുന്നു. താന്ത്രിക ബുദ്ധമതത്തിന്റെ പ്രാമാണിക ഗ്രന്ഥമായ മഞ്ജുശ്രീ കല്പം ലഭിച്ചത് തിരുവിതാം കൂറിൽ നിന്ന് ആണ്.

ശ്രീമൂലവാസത്തിന്റെ സ്ഥാനം ഇന്നത്തെ അമ്പലപ്പുഴക്കും തൃക്കുന്നപ്പുഴക്കും ഇടയിലാണന്ന് പാലിയം ശാസനം കണ്ടെത്തിയ പ്രമുഖ പുരാവസ്തു ഗവേഷകനായ ഗോപിനാഥ റാവു അഭി പ്രായപ്പെടുന്നു. ഫൊഫ. ഇളം കുളവും ഇതേ അഭിപ്രായം പുലർത്തുന്നു. അതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നത് കരുമാടിയിലും മാവേലിക്കരയിലും ഇന്ന് കാണുന്ന വിഗ്രഹങ്ങൾ ആണ്.

മധ്യ തിരുവിതാംകൂറിൽ നിന്ന് ഇന്ന് കണ്ടെടുത്ത ബുദ്ധവിഗ്രഹങ്ങളിൽ ഏറ്റവും പ്രധാനമായത് കരുമാടിക്കുട്ടൻ തന്നെയാണ്. പ്രാചീന ശില്പ രചനയുടെ മാതൃകയാണ് ഈ വിഗ്രഹം.

ബുദ്ധവിഗ്രഹ ലക്ഷണമായ ധ്യാന ഭാവം , ഉഷ്ണീയം, ഉത്തരീയം, മടിയിൽ ഒന്നിനു മേൽ ഒന്നായി വെച്ചിട്ടുള്ള ഹസ്ത തലം, ജ്ഞാനമുദ്ര തുടങ്ങി ലക്ഷണമൊത്ത ഒന്നാണ് കരുമാടിയിലെ ബുദ്ധവിഗ്രഹം എന്നും , ഇതിന് അനുരാധാപുരത്തെ ബുദ്ധവിഗ്രഹവുമായി നല്ല സാമ്യമുണ്ടന്നും എന്നാൽ നിർമ്മാണത്തിൽ അതിനേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നതിനാൽ ഇത് എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നിർമ്മിച്ചതാകാം എന്നും കരുതപ്പെടുന്നു.


കാമപുരം ക്ഷേത്രം

ടിപ്പുവിനെതിരെയും വൈദേശിക ശക്തികൾക്കെതിരെയും പടപൊരുതിയ ധീര ദേശാഭിമാനിയും പോരാളിയുമായിരുന്ന വൈക്കത്ത് പത്മനാഭപിള്ളയെ കുടിയിരുത്തി ആരാധിക്കുന്നത് കരുമാടി കാമപുരം ക്ഷേത്രത്തിലുള്ള വലിയ പനമരത്തറയിലാണ്. അവിടെ സർവ്വാധികാര്യക്കാർ എന്നെഴുതിയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ആരാണ് സർവ്വാധികാര്യക്കാർ എന്നും ചരിത്രത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം എന്തെന്നും അറിയുന്നത് കൗതുകകരമാണ്. എത്ര കർമ ധീരരായിരുന്നു നമ്മുടെ മുൻ തലമുറ എന്നത് നമുക്ക് അഭിമാനം പകരുന്നതാണ്. എന്നാൽ ഇത്തരം പോരാളികളെ ചരിത്രത്തിൽ വേണ്ട വിധം അടയാളപ്പെടുത്താതെ പോകുന്നു എന്നതാണ് വാസ്തവം. അത്തരമൊരു കഥയാണ് വൈക്കത്ത് പത്മനാഭപിള്ളക്കും പറയാനുള്ളത്. ടിപ്പുവിന്റെ പടയോട്ടത്തിന്റേയും അക്രമത്തിൽ തകർക്കപ്പെട്ടതിന്റേയും പലായനം ചെയ്യപ്പെട്ടതിന്റേയുമൊക്കെ പല കഥകളും നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ നേർക്ക് നേർ ഏറ്റുമുട്ടി ടിപ്പുവിനെ പരാജയപ്പെടുത്തിയ ധീരനെ നമ്മൾ ഓർക്കാറില്ല എന്നതാണ് സത്യം.

ആ ധീര ദേശാഭിമാനിയെ യോഗീശ്വര സങ്കല്പത്തിൽ കരുമാടിയിൽ കൂടിയിരുത്തി ആരാധിക്കുന്നു.

തെരളിയും, വറത്തു പൊടിയുമാണ് പ്രധാന നിവേദ്യം. വിശേഷ ദിവസങ്ങളിൽ പ്രത്യേക പൂജകളോടെ ആരാധിക്കുന്നു.

പത്താമുദയം ആണ് പ്രധാനം. അന്നേ ദിവസം പനത്തറയിൽ വിശേഷാൽ പൂജകളോടെ ആദരിക്കുന്നു . ഇതിൽ അദ്ദേഹത്തിന്റെ വൈക്കത്ത് ഉള്ള കുടുംബത്തിലെ പിൻമുറക്കാരും പങ്ക്‌ ചേരുന്നു .

210 വർഷങ്ങൾക്ക് മുൻപ് തൂക്കിലേറ്റപ്പെട്ട ആ പോരാളിയെ കുടിയിരുത്താനായി തിരഞ്ഞെടുത്തതിലൂടെ കാമപുരം ക്ഷേത്രത്തിന് അക്കാലത്തുണ്ടായ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം .


തകഴി ശിവശങ്കരപ്പിള്ള

നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു.

ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.


മുസാവരി ബംഗ്ലാവ്

രാഷ്ട്രപിതാവ് മഹാത്മജിയുടെ പാദസ്പർശത്തിൽ ധന്യമാണ് കരുമാടിയിലെ മുസാവരി ബംഗ്ലാവ് .

വൈക്കത്തേയ്ക്കുള്ള യാത്രാമധ്യേ അമ്പലപ്പുഴയിലെത്തിയ മഹാത്മജി ഒരു രാത്രിയുറങ്ങിയത് മുസാവരി ബംഗ്ലാവിലാണ്. വൈക്കത്തുനിന്ന് ബോട്ടുമാർഗമെത്തിയ ഗാന്ധിജി ഇറങ്ങിയത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഇറക്കുടി കളിത്തട്ടിന് സമീപത്തെ ജെട്ടിയിലാണ്.

കളിത്തട്ടിന് തെക്കുവശമുള്ള ആൽച്ചുവട്ടിൽ വച്ചാണ് അദ്ദേഹം പ്രവർത്തകരെ കണ്ടത്. അമ്പലപ്പുഴയിൽ വിശ്രമിക്കാൻ സൗകര്യം ഇല്ലാതിരുന്നതിനെത്തുടർന്നാണ് മുസാവരി ബംഗ്ലാവിൽ ഇതിനുള്ള സൗകര്യം ഒരുക്കിയത്. അമ്പലപ്പുഴയിൽനിന്ന് ബോട്ടുമാർഗം അദ്ദേഹം കരുമാടിയിലേക്ക് പോയി.

കൊല്ലം ആലപ്പുഴ ദേശീയ ജലപാതയോരത്തെ കരുമാടി പാലത്തിന് സമീപത്തെ ജെട്ടിയിലിറങ്ങി അദ്ദേഹം ബംഗ്ലാവിലെത്തി.

പുല്ലുവെട്ടിത്തെളിച്ച് പ്രവർത്തകർ ബംഗ്ലാവിലേക്ക് വഴിയൊരുക്കി. ബംഗ്ലാവിന്റെ തെക്കുവടക്കായുള്ള ഹാളിലാണ് അദ്ദേഹം വിശ്രമിച്ചത്.

അടുത്ത ദിവസം രാവിലെ തകഴി വഴിയായിരുന്നു മടങ്ങിപ്പോയത്. മഹാത്മജിയുടെ സന്ദർശനത്തിന് സാക്ഷ്യം വഹിച്ചവരിൽ ഒട്ടുമിക്കവരും കാലയവനികക്കുള്ളിൽ മറഞ്ഞു.

മഹാത്മജിയുടെ സന്ദർശനത്തിന്റെ ഓർമയുമായി ഇന്നും മുസാവരി ബംഗ്ലാവ് തലയുയർത്തി നിൽക്കുന്നു.