കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/ഭൂമിയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ നൊമ്പരം


പ്രശാന്തസുന്ദരമായ നീലാകാശം, കളകളമൊഴുകുന്ന നദി ,ചുറ്റിലും കിളികളുടെ കളകളാരവം, എങ്ങും പച്ച നിറഞ്ഞ സുന്ദര സുരഭിലമായ പ്രദേശം ഇതെല്ലാം ഏതെങ്കിലും ഒരു കഥാകാരന്റെയോ, സാഹിത്യകാരന്റേയോ തൂലികത്തുമ്പിൽ നിന്ന് വരുന്ന വാക്യങ്ങളായേ നിങ്ങൾക്ക് ഇപ്പോൾ തോന്നൂ' എന്നാൽ ഇത് അതല്ല. നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യൻ എന്ന അഹങ്കാര ജീവി അവന്റെ ബുദ്ധി ഉപയോഗിച്ച്‌ പ്രപഞ്ചത്തിന് നാശമുണ്ടാക്കുന്ന കണ്ടുപിടുത്തങ്ങൾ ഉണ്ടാക്കുന്നതിന് എത്രയോ മുൻപ് ഞാൻ അനുഭവിച്ചിരുന്ന ഒരു ആത്മനിർവൃതിയാണിത്. ഇങ്ങനെയുള്ള എന്നെക്കുറിച്ച് കേട്ടറിവുകളുടേയോ അനുഭവങ്ങളുടേയോ പശ്ചാത്തലത്തിലാവാം പണ്ടൊരു കവി ഇങ്ങനെ പാടിയത് " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.... മനുഷ്യൻ കൂടുതൽ പുരോഗമനത്തിനു വേണ്ടി കണ്ടുപിടുത്തങ്ങൾ നടത്തുകയും മറ്റും ചെയ്തപ്പോൾ മലിനമായത് എന്റെ ആകാശം നദികളും ചുറ്റുപാടുകളുമാണ്. ആ കാശത്തിനും നദികൾക്കുമെല്ലാം എന്നും എന്നോട് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഫാക്ടറി എന്നൊരു കെട്ടിടത്തിൽ നിന്ന് വരുന്ന പുക ആകാശത്തിന് ശ്വാസം മുട്ടലുണ്ടാക്കുന്നു. നദിയ്ക്കാണെങ്കിൽ ഇതിൽ നിന്നു വരുന്ന മലിനജലം മൂലം ശരിയായ രീതിയിൽ ഒഴുകാൻ സാധിക്കുന്നില്ല. ചെറുകിളികൾ, തുമ്പികൾ എന്നിവ റേഡിയേഷൻ എന്ന മാരക പ്രവർത്തനo മൂലം എന്നിൽ നിന്ന് പാടേ മാഞ്ഞു പോയിരിക്കുന്നു. സുന്ദരമായ ആകാശത്ത് യാതൊരു ഭയമോ, വിഷമമോ കൂടാതെ പറന്നു നടക്കുന്ന പക്ഷികളെ കാണുമ്പോൾ, സുന്ദരമായ കണ്ണിനഴകാർന്ന രീതിയിലുള്ള പച്ചയും, സ്വർണ്ണ നിറത്തിലും കാണപ്പെടുന്ന പാടങ്ങൾ കാണുമ്പോൾ ,തട്ടും തടസ്സവുമില്ലാതെ ഒഴുകുന്ന നദികളെ കാണുമ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിൽ കരുതിയിട്ടുണ്ട്. ഓണക്കാലം, വിഷുക്കാലം എന്നിങ്ങനെ ആഘോഷങ്ങളുടെ കാലങ്ങളിൽ എങ്ങും പൂത്ത നിൽക്കുന്ന മരങ്ങളും വിവിധ ഫലങ്ങൾ നിറഞ്ഞ വൃക്ഷങ്ങളും തണുത്ത കാറ്റേറ്റ് വീഴുന്ന പൂക്കളും കായ്കനികളും. ഇലകളുമെല്ലാം എന്റെ മനസ്സിന് എന്തൊരു കുളിർമയാണെന്നോ നൽകിയിരുന്നത്. അവധിക്കാലങ്ങളിൽ കുട്ടികൾ മരത്തിൽ കയറുന്നതും, ഊഞ്ഞാലാടുന്നതും, ,കുളത്തിൽ നീന്തുന്നതുമെല്ലാം എന്തു കൗതുകത്തോടു കൂടിയാണ് ഞാൻ നോക്കിയിട്ടുള്ളതെന്നു അറിയുമോ. അപ്പോഴൊക്കെ ഞാൻ ആശ്വസിക്കും" വരും എനിക്കും ഒരു നല്ല കാലം" മനുഷ്യൻ നന്നാവും' ആയിരം കൊല്ലം കൂടുമ്പോൾ അവതാരങ്ങൾ ജന്മമെടുക്കും എന്ന് അവൻ തന്നെ പറയാറുണ്ടല്ലോ. ചിലപ്പോൾ അതുപോലെയുള്ള അവതാരങ്ങളിൽ ഒന്നാവാം "കൊറോണ " .... എന്റെ കഷ്ടപ്പാടുകൾക്ക് ഒരു 'അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്തവൻ ഇന്ന് മനുഷ്യർ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നപ്പോൾ സ്വസ്ഥമായത് എന്റെ മനസ്സാണ്., ആകാശമാണ്, നദിയാണ്, എന്നിൽ ജീവിക്കുന്ന മറ്റു ജീവജാലങ്ങളാണ്. ഈ കാലത്തിൽ നിന്നുള്ള പാഠംങ്ങൾ ഉൾക്കൊണ്ട് ഇനിയും എന്നെ ദ്രോഹിക്കുവാൻ അവർ മുതിരില്ല എന്ന് പ്രതീക്ഷിച്ചു കൊണ്ട് പടിഞ്ഞാറേ ചക്രവാള സീമയിലേയ്ക്കു പോകുന്ന സൂര്യനെ നോക്കി ഞാൻ നെടുവീർപ്പിട്ടു..

ദേവൻ ആർ നായർ
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം