കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


ലോക്ക് ഡൗൺ കാലത്തിന്റെ ഇടയ്ക്ക് പെയ്ത മഴ ആസ്വദിക്കുമ്പോൾ ‍‍ഞാനോർത്തു, എന്തിനീ മഴ ഇപ്പോൾ പെയ്യുന്നു.വൈകാതെ അതിന്റെ ഉത്തരം എനിക്ക് കിട്ടി, പ്രകൃതിയിൽനിന്നുതന്നെ. അവൾ സന്തോഷവതിയാണ്. അവൾ ശക്തിയോടെ പെയ്യാൻ തുടങ്ങി. ഇടിമുഴക്കങ്ങൾ അവളുടെ അട്ടഹാസമായി തോന്നി. മിന്നൽപാളികൾ അവളുടെ മുഖത്തെ സന്തോഷത്തിന്റെ വെട്ടമായി എനിക്ക് തോന്നി.മഴയായി പെയ്യുന്ന ഓരോ തുള്ളിയിലൂടെ അവൾ നമുക്ക് ഒരു സന്ദേശം നൽകുന്നു.പ്രകൃതി സന്തോഷവതിയാണ്. അവൾ സംസാരിച്ചുതുടങ്ങിയിരിക്കുന്നു. "കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ അനുഭവിക്കുന്ന സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. കൊറോണക്കാലത്തിനുമുൻപ് ഞാൻ അനുഭവിച്ച വേദന..." പെട്ടെന്ന് ഒരു മിന്നലും ഇടിമുഴക്കവും. "എന്നാൽ ഇപ്പോൾ ആരും ഉപദ്രവിക്കാൻ ഇല്ലാതെ ഏകയായി ഞാൻ ഈ ലോകത്തെ വീക്ഷിക്കുന്നു. തങ്ങൾ ചെയ്ത തെറ്റുകളുടെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന തിരിച്ചറിവ് മനുഷ്യർക്കുണ്ടായി." തന്നോടുചെയ്ത ക്രൂരതകൾക്ക് അവൾ പ്രതികാരം ചെയ്യുന്നു. മരങ്ങൾ വെട്ടി നശിപ്പിച്ചിരുന്ന അതേ വേഗത്തിൽ കൊറോണ പടരുന്നു, ഒരുപക്ഷേ അതിലും വേഗത്തിൽ. മാലിന്യങ്ങൾ കുമിഞ്ഞു കൂടി അവ മണ്ണിൽ ലയിക്കാതെ പ്രകൃതിയെ ശ്വാസം മുട്ടിച്ചിരുന്നു. ഇന്ന് മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്നു, അവ മണ്ണിലേക്ക് ലയിക്കുന്നു. എന്നാൽ അത് അവളെ ശ്വാസം മുട്ടിക്കുന്നില്ല. 21 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഈ ദിവസങ്ങളിൽ പ്രകൃതി സന്തോഷിക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് ഞാൻ ആലോചിച്ചു. അത് മനുഷ്യനോടുള്ള പക മൂലമാണോ? ഒരിക്കലുമല്ല. ആളുകൾ വീടിനുള്ളിലാണെങ്കിൽ പ്രകൃതിയ്ക്ക് ഒരുതരത്തലുമുള്ള ബുദ്ധിമുട്ടുമില്ല. വാഹനങ്ങൾ നിരത്തിലില്ലാത്തതിനാൽ മലിനീകരണം കുറഞ്ഞു. കുമിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾക്ക് ഒരു അറുതിവന്നു. ഫാക്ടറികളിൽനിന്നുള്ള മാലിന്യങ്ങളില്ല, വിഷപ്പുകയില്ല. മരങ്ങൾ നശിപ്പിക്കപ്പെടുന്നില്ല. എല്ലാംകൊണ്ടും അവൾ സുരക്ഷിത. ഇപ്പോൾ ലോകജനത ഈ ദുരന്തം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഇത് ഒരിക്കലും അവസാനിക്കരുത് എന്നാഗ്രഹിക്കുന്ന ഒരാൾ; പ്രകൃതി. തന്നെ ഇനി ഒരിക്കലും ഉപദ്രവിക്കരുത് എന്ന താക്കീത് അവൾ ലോകജനതയ്ക്ക് നൽകുന്നു, കൊറോണയിലൂടെ.

അമ്പാടിമോൾ എ
10 സി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം