Schoolwiki സംരംഭത്തിൽ നിന്ന്
കരുമാടി ഹൈസ്കൂളിന്റെ ചരിത്രം
സ്വാതന്ത്ര്യ സമരഭൂമിയിൽ വിരിമാറു കാണിച്ച് ബ്രിട്ടീഷ് മേധാവിത്വത്തെ കടപുഴക്കിയെറിഞ്ഞ ധീരസമര നായകർ നിറഞ്ഞു നിൽക്കുന്ന നാടാണ് കരുമാടി. കരുമാടിക്കുട്ടൻ ചരിത്ര സ്മാരകവും ഗാന്ധിജിയുടെ പാദസ്പർശമേറ്റ മുസോവരി ബംഗ്ലാവും തകഴി സ്മാരകവും ഈ പ്രദേശത്താണ് നിലകൊള്ളുന്നത്. വിശാലമായ പാടശേഖരങ്ങളും തോടുകളും ഉൾക്കൊള്ളുന്ന ഈ പ്രദേശം ചേരാൻചെങ്കുട്ടവന്റേയും ചെമ്പകശ്ശേരി ദേവനാരായണൻമാരുടേയും മാർത്താണ്ഡവർമ്മയുടേയും ഭരണത്തിലിരുന്നിട്ടുണ്ട്.
കർഷകത്തൊഴിലാളികളും പാവപ്പെട്ടവരും തിങ്ങിപ്പാർക്കുന്ന കരുമാടി ഗ്രാമത്തിലെ അക്ഷര സ്നേഹികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായി 1905ലാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്ന് 15 സെന്റ് സ്ഥലം സംഭാവനയായും വിലനൽകിയും സ്വീകരിച്ച് എൽ.പി. സ്കൂൾ തുടങ്ങുകയുണ്ടായി. സ്കൂളിന്റെ തുടക്കം ബുദ്ധിമുട്ടായപ്പോൾ 1915ൽ സ്ഥലവും കെട്ടിടവും സർക്കാരിന് കൈമാറി. 1968 ലാണ് യു .പി സ്കൂളായി ഉയർത്തിയത്. 44 സെന്റ് സ്ഥലം നാട്ടുകാരും പി.ടി.എ.യും ചേർന്ന് വിലക്ക് വാങ്ങി. അതിനു ശേഷം മുൻ എം.എൽ.എ. കെ.കെ. കുമാരപിള്ളയുടേയും മുൻ ഗ്രാമ പഞ്ചായത്ത് അംഗം മീനാക്ഷിയമ്മയുടേയും ശ്രമഫലമായി ഒരേക്കർ ആറ് സെന്റ് സ്ഥലം കൂടി വാങ്ങി. തുടർന്ന് 1980 ൽ യു.പി. സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തി. ഇതിന് ശേഷം കിഴക്കുഭാഗത്ത് 17.5 സെന്റ് സ്ഥലവും പടിഞ്ഞാറ് ഭാഗത്ത് 82.5 സെന്റ് നിലവും വിലയ്ക്ക് വാങ്ങി സർക്കാരിലേക്ക് നൽകി. ഇതാണ് കരുമാടി സ്കൂളിന്റെ ചരിത്രം. പ്രീ പ്രൈമറി മുതൽ 10-ാം ക്ലാസുവരെ 533 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളാണിത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|