കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ചരിത്രം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കാമ്പിശ്ശേരി കരുണാകരൻ
![](/images/thumb/1/12/%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%95%E0%B4%B0%E0%B5%81%E0%B4%A3%E0%B4%BE%E0%B4%95%E0%B4%B0%E0%B5%BB.jpg/300px-%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%95%E0%B4%B0%E0%B5%81%E0%B4%A3%E0%B4%BE%E0%B4%95%E0%B4%B0%E0%B5%BB.jpg)
പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു കാമ്പിശ്ശേരി കരുണാകരൻ
(3 മാർച്ച് 1922 – 27 ജൂലൈ 1977). ദീർഘകാലം ജനയുഗം വാരികയുടെയും പത്രത്തിന്റെയും സിനിരമയുടെയും മുഖ്യ പത്രാധിപരായിരുന്നു. മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽപ്പെട്ട വള്ളിക്കുന്നം എന്ന ഗ്രാമത്തിലെ സമ്പന്നമായ കാമ്പിശ്ശേരി തറവാട്ടിൽ കാമ്പിശ്ശേരി കൊച്ചിക്കാ ചാന്നാരുടെ മകനായി 1922 മാർച്ച് മൂന്നാം തീയതിയാണ് പി എൻ കരുണാകരൻ എന്ന കാമ്പിശ്ശേരി കരുണാകരൻ ജനിച്ചത്. ഭാര്യ പ്രേമവല്ലി.
1948 വരെ കോണ്ഗ്രസ്സിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സിന്റെ നയങ്ങളെ ചോദ്യം ചെയ്തു വള്ളി കുന്നത്ത് നിയമലംഘനം നടത്തി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു.തിരുകൊച്ചി നിയമസഭയിൽ അംഗമായിരിക്കുമ്പോഴാണ് നാടകവേദിയിൽ കാമ്പശ്ശേരി തിരക്കുള്ള നടനായി തിളങ്ങിയത്.കാമ്പിശ്ശേരി തന്റെ എട്ടാമത്തെ വയസിൽ 'ഹരിശ്ചന്ദ്ര ചരിതം' നാടകത്തിലെ രോഹിതാശ്വന്റെ വേഷമിട്ട് അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചു. പിന്നീട് കെ.പി.എ.സിയുടെ രൂപവത്‌കരണം മുതൽ ഒപ്പം നിന്നുകൊണ്ട് അതിന്റെ പ്രധാന ചുമതല വഹിച്ചു. കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ പരമു പിള്ളയെ അവതരിപ്പിച്ചിരുന്നത് കാമ്പിശ്ശേരിയായിരുന്നു. അഞ്ഞൂറിൽപ്പരം വേദികളിൽ കാമ്പിശ്ശേരി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു.1977 വരെ ജനയുഗം പത്രാധിപരായിരുന്നു.
അവസാനകാലത്ത് രോഗബാധിതനായിരുന്ന അദ്ദേഹം തന്റെ മരണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. " ഞാൻ മരിച്ചാൽ, മരിക്കുന്ന സ്ഥലത്തു നിന്നും ആറു മണിക്കൂറിനുള്ളിൽ എന്നെ എന്റെ നാട്ടിലോ ഏതെങ്കിലും പൊതുശ്മശാനത്തിലോ കൊണ്ടുപോയി സംസ്‌കരിക്കണം. മതപരമായ യാതൊരുവിധ ചടങ്ങുകളും പാടില്ല. എന്റെ മൃതദേഹം ദഹിപ്പിക്കരുത്. റീത്ത് സമർപ്പണവും ഫോട്ടോ എടുപ്പും വേണ്ട.അനുശോചനയോഗം കൂടരുത്. ഫണ്ട് പിരിക്കുകയോ സ്മാരകം ഉണ്ടാക്കുകയോ ചെയ്യരുത്. മൃതദേഹം വള്ളികുന്നത്തു കൊണ്ടുപോവുകയാണെങ്കിൽ എന്റെ അച്ഛനെ കുഴിച്ചിട്ടിരിക്കുന്നതിന് സമീപത്തായി എന്നെയും കുഴിച്ചിടണം. അവിടെയുള്ള കൂവളത്തിനു വളമാകട്ടെ".
തന്റെ അൻപത്തഞ്ചാമത്തെ വയസ്സിൽ 1977 ജൂലൈ 27-ന് വൈകീട്ട് നാലരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കാമ്പിശ്ശേരി അന്തരിച്ചു. മൃതദേഹം വള്ളിക്കുന്നത്തെ വീട്ടുവളപ്പിൽ മതാചാരങ്ങളില്ലാതെ സംസ്കരിച്ചു.
ഈ സാമൂഹ്യ പരിഷ്കർത്താവിന്റെ പേരിലാണ് വള്ളികുന്നത്തെ ഈ സർക്കാർ വിദ്യാലയം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവണ്മെന്റ് വോക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂൾ എന്ന് അറിയപ്പെടുന്നത്.