കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി/അക്ഷരവൃക്ഷം/പാതി അടഞ്ഞ സ്വപ്ന കവാടം

Schoolwiki സംരംഭത്തിൽ നിന്ന്
പാതി അടഞ്ഞ സ്വപ്ന കവാടം

മനസ്സിന്റെ ഇരുളടഞ്ഞ സ്വപ്നത്തിൽ നിന്ന് അവർ ഞെട്ടി ഉണർന്നു . "ഇക്ക........" തന്റെ ചുറ്റും ആരും തന്നെ ഇല്ല .അവൾ അലറി കരയുവാൻ തുടങ്ങി. ഹൃദയം ആരോ കീറിമുറിക്കുന്നതു പോലെ. അവൾ ഒരു നിമിഷം കണ്ണുകൾ അടച്ചു. മനസ്സിൽ വന്നത് ആ മുഖം. അവൾ തന്റെ അർദ്ധ ഗർഭം ധരിച്ച വയറിൽ പിടിച്ചു കൊണ്ട് വിതുമ്പി. പതിയെ അവൾ എഴുനേറ്റു. നടുമുറിയിൽ ഉപ്പ ന്യൂസ് വെച്ചിരിക്കുകയാണ്. ആ മുഖത്തു വല്ലാതെയുള്ളൊരു വേവലാതി. കണ്ണുകൾ ടി വി യുടെ പല പല എഴുത്തു കുറിപ്പുകളിൽ കണ്ണിമ ചിമ്മാതെ പരതുന്നു. ഒടുവിൽ ഒരു വാർത്ത "ദുബായ് രാജ്യം കൊറോണയുടെ പിടിയിൽ. ലോകത്തെ ആകമാനം കിടിലം കൊള്ളിച്ച കൊറോണ എന്ന മഹാമാരി ലോകം ആകെ പടരുന്നു. മനുഷ്യർ അതീവ ജാഗ്രത പുലർത്തണം "ആ ഉപ്പയുടെ കണ്ണുകൾ ചുവന്നു. കണ്ണുനീർ ധാരയായി ഒഴുകി . ആയിഷു ഒന്ന് നടുങ്ങി ."എന്റെ അള്ളാ ".... കിഴക്കേ ചക്രവാളത്തിൽ ഉദയസൂര്യൻ ഉദിച്ചുയരുന്നു ....

അന്ന് എല്ലാം എത്ര നല്ലതായിരുന്നു. എല്ലായ്പ്പോഴും സന്തോഷം പൂത്തുലഞ്ഞിരുന്നു. ആയിഷു തന്റെ ജീവിതത്തിൽ വന്നതിനു പിന്നെ തന്റെ ലോകം തന്നെ അവളായിരുന്നു അവളുടെ ആ പരിചരണം കണ്ടാൽ ആർക്കായാലും കുശുമ്പ് തോന്നാതിരിക്കില്ല. ഒരേ സമയം അവൾ തന്റെ ഉമ്മയും ഭാര്യയും സഹോദരിയും സുഹൃത്തും ആയിരുന്നു. അവളുടെ സ്നേഹം തനിക്കു മാത്രം കിട്ടാൻ വാശിയും, കുറുമ്പും കാണിച്ച നാളുകൾ, അവളുടെ മടിയിൽ കിടന്നു കൊണ്ട് കണ്ട ഒരുപാട് സ്വപ്നങ്ങൾ .....അവളുടെ മടിത്തട്ട് തന്റെ സ്വപ്ന കൂടാരമായിരുന്നു. ഓരോ സ്വപ്നങ്ങൾ കാണുമ്പോൾ അപ്പോൾ തന്നെ അവളോട് പറയും. അപ്പൊ തന്നെ അവൾ പൊട്ടിച്ചിരിക്കും. ആ ചിരിയിൽ താൻ ഒരു ലോകം തന്നെ കണ്ടിരുന്നു. തന്റെ ലോകം. തന്റെ മാത്രം ലോകം. 35 ദിവസത്തെ ലീവ് കഴിഞ്ഞു നാട്ടിൽ നിന്ന് ദുബായിൽ തിരിച്ചെത്തിയപ്പോൾ ആയിരുന്നു ആയിഷു ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പിന്നീട് പുതിയ ആളെ കുറിച്ചുള്ള സ്വപ്നമായിരുന്നു. തങ്ങളുടെ ഇരു കൈകളിലും വളരണം. അവന്റെ ഇഷ്ടത്തിന് തന്നെ അവനെ വലിയ ആളാക്കണം. ഒരു പാട് കളിപ്പാട്ടങ്ങൾ വാങ്ങി അവനെ ലാളിക്കണം .ആയിഷുവിന്റെ പോലെ സ്നേഹവും , പുഞ്ചിരിയും തന്നെ പോലെ കുഞ്ഞു കുഞ്ഞു വാശിയും കുറുമ്പുമുള്ള ഒരു കുഞ്ഞു അതായിരുന്നു സ്വപ്നം. പിന്നെ പിന്നെ അവനെ കാണുവാൻ വേണ്ടി മാസങ്ങൾ എണ്ണി നീക്കുകയായിരുന്നു. ആയിഷുവിനെ വിളിക്കുമ്പോൾ കൂടുതലും അവനെ കുറിച്ച് ചോദിച്ചിരുന്നു. അവൻ വന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട് തനിക്കെന്ന് പറയുമ്പോൾ അവൾ എന്നത്തേയും പോലെ ചിരിക്കും. തന്റെ മനസ്സിൽ നെയ്തുകൂട്ടിയ ഒരായിരം സ്വപ്നങ്ങളും.

അടുത്ത മാസം നാട്ടിലേക്ക് പോവുകയാണ് . അത് ആലോചിക്കുമ്പോൾ മനസ്സ് വല്ലാതങ്ങ് തുള്ളിച്ചാടുകയാണ്. വീട്ടിൽ അറിയിച്ചിട്ടുണ്ട്. ഉപ്പയും ആയിഷുവും തന്നെ കാത്തിരിക്കുകയാണ് തനിക്കറിയാം. ആയിഷുവിനു ഇപ്പോൾ തന്റെ സാന്നിദ്ധ്യം ആണ് ഏറ്റവും ആദ്യം വേണ്ടത് .വഅത് അവൾക്കും എനിക്കും നന്നായിട്ടറിയാവുന്നതാണ് അവൾ തന്റെ വരവും കാത്തിരിക്കുകയാണ്. നാട്ടിലേക്കു വരികയാണെന്നവാർത്ത അറിയിച്ചപ്പോൾ അവളുടെ ആഹ്ലാദം കാണണമായിരുന്നു . സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞുപോയി .....ഇപ്പോൾ ഉപ്പക്കും ആയിഷുവിനും കുഞ്ഞിനുംവേണ്ടി ഒരുപാട് സാധനങ്ങൾ വാങ്ങിച്ചുവെച്ചിട്ടുണ്ട് . എല്ലാവർക്കും പുതിയ ഡ്രെസ്സുകൾ വാങ്ങിച്ചു. ആണാണ് ഉണ്ടാവുന്നത് എന്ന് മനസ്സ് എപ്പോഴും പറയുന്നുണ്ട് . അതുകൊണ്ട് കുഞ്ഞി കുഞ്ഞി കുപ്പായങ്ങൾ വാങ്ങിച്ചു വെച്ചു. ആയിഷുവിന് പുതിയ കുറെ ചുരിദാറുകൾ , ഉപ്പയ്ക്ക് മുണ്ടും ഷർട്ടുകളും. പിന്നെ കുറെ അത്തറുകൾ . പിന്നെ തന്റെ മോന് കുറെ കളിപ്പാട്ടങ്ങൾ . ഒരു കുഞ്ഞു സൈക്കിൾ . അത്രമാത്രം .

പെട്ടന്നാണ് ഒരു വാർത്ത. "ഇന്ത്യയിൽ ആകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . മനുഷ്യരക്ഷ മാനിച്ചതിനെ തുടർന്നാണ് ലോക്ക് ഡൗൺ പദ്ധതിയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു . ഇതിനെ തുടർന്ന് എല്ലാ സ്ഥാപനങ്ങളും , വിമാന താവളങ്ങളും അടച്ചിടുന്നതായിരിക്കും . മനുഷ്യർ 21 ദിവസം വീടിന്റെ ലക്ഷ്മണ രേഖ വിട്ട് പുറത്തുപോകരുത് " ..............കാലിൽ നിന്നും ഒരു തരിപ്പ് തലയിലേക്ക് കയറി. അയാൾ വിയർക്കുവാൻ തുടങ്ങി. ചുറ്റും ഇരുട്ട് പടർന്നു പിടിക്കുന്നത് പോലെ ഒരു തോന്നൽ . "അള്ളാ ...."അയാൾ കരയുവാൻ തുടങ്ങി. കണ്ട കിനാവുകൾ എല്ലാം നഷ്ടപ്പെട്ടു . തന്റെ കുഞ്ഞ് , ആയിഷു , ഉപ്പ, എല്ലാം മാഞ്ഞു പോയി . കണ്ടുതീർന്ന കിനാവുകൾ ഒരു നിമിഷം നിലത്തുവീണ് ചിന്നി ചിതറി . മനുഷ്യ നന്മക്കുവേണ്ടി ചിലതെല്ലാം സഹിച്ചേ തീരു . അയാൾ ഒന്ന് നെടുവീർപ്പിട്ടു . കുറച്ചുനാളുകൾ കഴിഞ്ഞ് പോകാമല്ലോ എന്നാശ്വസിച്ചുകൊണ്ട് തന്റെ കട്ടിലിൽ കിടന്നു. തന്റെയും ആയിഷുവിന്റെയും പഴയനാളുകൾ ഓർത്തു. എല്ലാം നല്ലത് ..എന്നാൽ ഇന്ന് ...ഈ .....നിമിഷം. രണ്ടു ദിവസം മുന്നാണ് ദുബായിൽ നിന്ന് ഒരു വിളി വന്നത് . വിളിച്ചത് ജമാലിന്റ റൂമിലുള്ള ആളാണ് . ആയിഷു ഫോൺ എടുത്തു. കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ ഫോൺ അറിയാതെ നിലത്തു വീണു അവൾ വിറക്കുവാൻ തുടങ്ങി.... കൈകാലുകൾ നിശ്ശ്ചലമായി ............

എന്റെ ആയിഷു ......ജമാൽ തന്റെ കണ്ണുകൾ പെട്ടെന്ന് തുറന്നു . കണ്ണുകൾ തുറന്നതും രണ്ട് ഡോക്ടർമാരും ഒരു നേഴ്സ് ഉം മുന്നിൽ. അവർ വ്യത്യസ്തമായാ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് . സ്വയം രക്ഷക്ക് ഉള്ള വസ്ത്രങ്ങൾ. അയാൾ കരയുവാൻ തുടങ്ങി . "കരയരുത് ഡോക്ടർ പറഞ്ഞു. ദൈവത്തിന്നെ മുറുക്കിപിടിച്ചുകൊണ്ട് ജമാൽ വിളിച്ചുപറഞ്ഞു "ന്റെ അള്ളാ .........."കത്തിജ്വലിക്കുന്ന സൂര്യൻ ജ്വലിച്ചു കൊണ്ടെയിരുന്നു . അതിന്റെ കിരണങ്ങൾ ലോകമാകെ പടർന്നുകൊണ്ടിരുന്നുവീട്ടിലേക്ക് വിളി വന്നു . "ജമാലിന് സീരിയസ് ആണ് " അയാളുടെ ബീവിയും , ഉപ്പയും, ആ പുതിയ ആളും അയാളെ പ്രതീക്ഷിച്ചിരിക്കുന്നു. പ്രതീക്ഷകൾ വെറും ഒരു സ്വപ്നം മാത്രം . ലോകത്തെയാകെ ഭീതിയുടെ പിടിയിൽ പിടിച്ചു കെട്ടിയ വെറുമൊരു രോഗം. കണ്ണിൽ പോലും കണാത്ത ഒരു ചെറിയ വൈറസിനു മുന്നിൽ ലോകം തലകുനിച്ചപ്പോൾ നഷ്ടമായത് ഒരുപാട് മനുഷ്യജീവനുകൾ. മനുഷ്യവർഗത്തെ പിടിച്ചുകുലുക്കിയ മഹാമാരി തുടർന്ന് തുടർന്ന്പടർന്നുകൊണ്ടേയിരിക്കുന്നു..ലക്ഷോപലക്ഷം മനസ്സുകളെ ഭീതിയുടെ മുൾമുനയിൽ എത്തിച്ചുകൊണ്ട് അത് കത്തി ജ്വലിക്കുന്നു ഒരു സൂര്യനെ പോലെ ജമാൽ തന്റെ കണ്ണുകൾ പതിയെ അടച്ചു. സൂര്യ ജ്വലനത്തിൽ നഷ്ടമായത് പ്രതീക്ഷകളും സ്വപ്നങ്ങളും നെയ്തുകൂട്ടിയ ഒരു ജീവനായിരുന്നു . തന്റെ ഉള്ളം മനസ്സിൽ പണിതെടുത്ത ഒരു സുന്ദരലോകം. തന്റെ ഭാര്യയും കുഞ്ഞും. അവർക്കുവേണ്ടി സമ്പാദിച്ചുണ്ടാക്കിയത് ഇനി എന്തിനാണ് . പറഞ്ഞാൽ തീരാത്ത പ്രതീക്ഷകളും, സ്വപ്നങ്ങളും മാത്രം ബാക്കി വച്ച് ഒരു ചെറിയ വൈറസിനു മുമ്പിൽ അയാൾക്ക് തോറ്റുകൊടുക്കേണ്ടിവന്നു. സ്വപ്നങ്ങളുടെ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമിച്ചു. ഒരു പിടി സ്വപ്നങ്ങൾ മാത്രം ബാക്കി വെച്ച് കൊണ്ട്.... ആ സൂര്യൻ കടലിൽ താഴ്വാരത്തിലേക്ക് ആഴ്ന്നിറങ്ങി .... സ്വപ്നങ്ങളുടെ ജ്വലനം ഇനിയും മാറാതെ.... ജമാലിന്റെ പോലെ ഒരുപാട് ആളുകൾ അസ്തമിച്ചു കഴിഞ്ഞു. ഒരുപാട് സ്വപ്നങ്ങൾ ഉള്ളിൽ ഒതുക്കികൊണ്ട് അത് സാക്ഷാത്കരിക്കാൻ മറുനാട്ടിൽ കഴിയുന്ന ഓരോ പ്രവാസികളുടെയും കുടുംബം രാവും, പകലും ഭീതിയോടെ ഇരിക്കുമ്പോൾ ഒരേയൊരു പ്രാർത്ഥന ........................"സർവ്വേശ്വരാ ....അങ്ങ് എല്ലാം കാണുന്നുണ്ടല്ലോ "

ശുഭം




ദേവീകൃഷ്ണ എം എസ്
9 A കെ എൻ എം വി എച് എസ് എസ് വാടാനപ്പള്ളി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ