കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/സാമൂഹിക അകലം

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹിക അകലം

"പച്ചക്കറിയൊക്കെ തീർന്നു. നാളത്തേക്കൊന്നുമില്ല." ഭാര്യ അടുക്കളയിൽ നിന്ന് വിളിച്ചുപറയുന്നത് കേട്ടുകൊണ്ടാണയാൾ മുകളിൽ നിന്നും ഇറങ്ങിവന്നത്. അയാൾക്ക് ദേഷ്യമാണ് ആദ്യം തോന്നിയത്. രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. കാലു വല്ലാതെ കഴക്കുന്നുണ്ടായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നും എഴുന്നേറ്റിരുന്നു തിരുമ്മിയും ഒക്കെയാണ് നേരം വെളുപ്പിച്ചത്. താൻ മധ്യവയസ്സു കഴിഞ്ഞെന്നു അയാൾ ഓർത്തു. പാരമ്പര്യമായിത്തന്നെ വാതത്തിന്റെ ശല്യം കിട്ടിയിട്ടുണ്ട്.

പതിവുപോലെ ഇടിയപ്പവും കടലക്കറിയും തയ്യാറാക്കി മേശപ്പുറത്തുവച്ചിരിക്കുന്നു. ഒരിക്കൽ ഇടിയപ്പം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമായിരുന്നു. അയാൾ ഓർത്തു. മകൻ ഭക്ഷണങ്ങൾ വേർതിരിച്ചറിയാനുള്ള പ്രായമായപ്പോൾ മുതൽ അവനും ഇടിയപ്പം ഇഷ്ടമായി. ക്രമേണ അതല്ലാതെ മറ്റൊന്നും കഴിക്കില്ലെന്ന അവസ്ഥയായി. വീട്ടിൽ ഇടിയപ്പം മാത്രമായി, എല്ലാ ദിവസവും. ഒരിക്കലും ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ലെന്ന് വിചാരിച്ചിരുന്ന ആ സാധനം കാണുമ്പോൾ തന്നെ മടുപ്പായി. ഒടുവിൽ പരാതി പറഞ്ഞുപറഞ്ഞു അവസാനം തനിക്കു മാത്രം പുട്ടുണ്ടാക്കാൻ തുടങ്ങി. പുട്ടും കടലയും.

വല്ലവിധേനയും കഴിച്ചെന്നു വരുത്തി, സഞ്ചിയുമായി അയാൾ ബൈക്കിൽ പച്ചക്കറിക്കടയിലേക്കിറങ്ങി. മാസ്ക് വക്കാനും മറന്നില്ല. കടയിൽപ്പോകുമ്പോഴെല്ലാം ഒരു സമ്മതപത്രം പൂരിപ്പിച്ചെടുക്കുമായിരുന്നു. പോലീസ് വാങ്ങി നോക്കാത്തതിനാൽ അവ വീട്ടിൽ തിരിച്ചുകൊണ്ടുവരും. ഒടുവിൽ സമ്മതപത്രങ്ങൾ വീട്ടിൽ പറന്നു നടക്കാൻ തുടങ്ങിയപ്പോൾ അയാൾ മറ്റൊരുപായം സ്വീകരിച്ചു. പേരും അഡ്രസ്സും മാത്രമെഴുതി ബാക്കി പൂരിപ്പിക്കാതെ ഒരെണ്ണം എടുത്തു ബൈക്കിൽ സ്ഥിരമായി സൂക്ഷിക്കുക. പോലീസ് ചോദിക്കുമ്പോ പെട്ടെന്ന് ബാക്കി എഴുതിക്കൊടുക്കാമല്ലോ.

പച്ചക്കറിക്കടയിൽ നല്ല തിരക്ക്. കോവിഡ് എന്നത് ബാധിക്കില്ല എന്നുതോന്നും അവരുടെയൊക്കെ ഭാവം കണ്ടാൽ. എങ്കിലും സാമൂഹിക അകലം പാലിക്കണം. അയാളുറപ്പിച്ചു. ഒന്നര മീറ്ററോളം പുറകോട്ടു മാറി അയാൾ നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ രണ്ടുപേർ കൂടെ വന്നു. അയാളെ ആശ്ചര്യത്തോടെ നോക്കി, അയാൾക്ക്‌ മുന്നിലേക്ക് കയറി. അയാൾ വീണ്ടും സാമൂഹിക അകലം പാലിച്ചു. അല്പംകൂടി പുറകിലേക്ക് നീങ്ങി. പിന്നെയും പലരും വന്നു തിക്കിയും തിരക്കിയും സാധനങ്ങൾ വാങ്ങിപ്പോയി.

ഒടുവിൽ, ആളൊഴിഞ്ഞ, ധാരാളം പച്ചക്കറികൾ കിട്ടുന്ന കടയന്വേഷിച്ച് അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

ആദിത്യലാൽ
11 B കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ