കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/അന്തരീക്ഷ താപനില

Schoolwiki സംരംഭത്തിൽ നിന്ന്
അന്തരീക്ഷ താപനില മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളും നാം എടുക്കേണ്ട മുൻകരുതലുകളും

കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെവരും. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. ഇതിനെത്തുടർന്ന് ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെ ആണ് സൂര്യാഘാതം അല്ലെങ്കിൽ ഹീറ്റ് സ്ട്രോക്ക് എന്ന് പറയുന്നത്.

■വളരെ ഉയർന്ന ശരീര താപം ■വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം ■നേർത്ത വേഗതയിലുള്ള നാഡീ മിടിപ്പ് ■ശക്തിയായ തല വേദന ■ തല കറക്കം ■മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം.

ആരോഗ്യ പ്രശ്നങ്ങൾ കഠിനമായ ചൂടിൽ പേശികളിലെ പ്രോട്ടീനുകൾ വിഘടിക്കുകയും വൃക്ക സ്തംഭനം ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യാം. തലച്ചോറിനേയും സൂര്യാഘാതം ബാധിക്കും. അസ്വഭാവികമായ പെരുമാറ്റങ്ങളും അപസ്മാരബാധ പോലുള്ള ലക്ഷണങ്ങളും ഇതിനെത്തുടർന്നുണ്ടാകാം. തീവ്രമായ അബോധാവസ്ഥക്കും (കോമ) സൂര്യാഘാതം ഇടയാക്കാം.സൂര്യാഘാതം മാരകമാകാൻ സാധ്യത ഉള്ളതിനാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.

സൂര്യാഘാതത്തെക്കാൾ കുറച്ച് കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം അഥവാ ഹീറ്റ് എക്സ്ഹോഷൻ. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും, ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ചൂട് കാലാവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും , രക്ത സമ്മർദ്ദം ഉൾപ്പടെയുള്ള മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ട് വരുന്നത്.

■താപ ശരീര ശോഷണത്തിൻറെ ( ഹീറ്റ് എക്സ്ഹോഷൻ) പ്രാരംഭ ലക്ഷണങ്ങൾ ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശീ വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തല വേദന, ഛർദ്ദി, ബോധംകെട്ട് വീഴുക എന്നിവയാണ്. ശരീരം തണുത്ത അവസ്ഥയിലും, നാഡീ മിടിപ്പ് ശക്തി കുറഞ്ഞു വേഗത്തിലുള്ളതും, ശ്വസന നിരക്ക് വർദ്ധിച്ച തോതിലും ആയിരിക്കും. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപ ശരീര ശോഷണം സൂര്യാഘാതത്തിൻറെ അവസ്ഥയിലേക്ക് മാറിയേക്കാം.

■സൂര്യാഘാതത്തിൻറെയും, താപശരീര ശോഷണത്തിൻറെയും ലക്ഷണങ്ങൾ തോന്നിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്; -ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക. -തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, വീശുക, ഫാൻ, എ സി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക -ധാരാളം വെള്ളം കുടിക്കുക -കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി , കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക -കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക

■സൂര്യാഘാതം/ശരീര ശോഷണം എന്നിവ വരാതിരിക്കുന്നതിൻ ചെയ്യേണ്ട കാര്യങ്ങൾ -വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിക്കുക,ദാഹം തോന്നിയില്ലെങ്കിൽ പോലും ഓരോ മണിക്കൂർ കൂടുമ്പോഴും 2 – 4 ഗ്ലാസ്സ്‌ വെള്ളം കുടിക്കുക. -ധാരാളം വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞി വെള്ളവും, ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക. -വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ജോലി സമയം ക്രമീകരിക്കുക.ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ച കഴിഞ്ഞു 3 മണി വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും , വൈകീട്ടും കൂടുതൽ സമയം ജോലി ചെയ്യുക -ധാരാളം വെള്ളം കുടിക്കുക -പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത് -ഡോക്ടറെ കണ്ട് ചികിത്സ തേടുക

ഇത് കൂടാതെ അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ കൂടുതലായി ശരീരം വിയർത്ത് ജലവും, ലവണങ്ങളും നഷ്ടപ്പെടുന്നത് മൂലം പേശീ വലിവ് അഥവാ ഹീറ്റ് ക്രാംപ്സ് ഉണ്ടാകാം. വെയിലത്ത് പണിയെടുക്കുന്നത് നിർത്തി തണുപ്പുള്ള സ്ഥലത്തേക്ക് മാറുക, വെള്ളം പ്രത്യേകിച്ച്, ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം,കരിക്കിൻ വെള്ളം എന്നിവ ധാരാളം കുടിക്കുക എന്നിവയാണ് ഇതിനെ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ. കൂടാതെ ചൂടുകാലത്ത് പ്രത്യേകിച്ച് കുട്ടികളിൽ വിയർപ്പ് മൂലം ശരീരം ചൊറിഞ്ഞു തിണർക്കുന്നതു കാണാറുണ്ട്. ഇതിനെ ‘ഹീറ്റ് റാഷ്’ എന്ന് പറയുന്നു. കുട്ടികളിൽ ആണ് ഇത് കൂടുതൽ കാണപ്പെടുന്നത്. കുട്ടികളിൽ കഴുത്തിലും നെഞ്ചിന് മുകളിലും ആണ് ഇത് കൂടുതൽ കാണുന്നത്. ചിലർക്ക് കാലിൻറെ ഒടിയിലും കക്ഷത്തിലും കാണാറുണ്ട്. സ്ത്രീകളിൽ മാറിടത്തിന് താഴെയും ഇതുണ്ടാകാറുണ്ട്. അധികം വെയിൽ ഏൽക്കാതെ നോക്കുക, തിണർപ്പ് ബാധിച്ച ശരീര ഭാഗങ്ങൾ എപ്പോഴും ഉണങ്ങിയ അവസ്ഥയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക എന്നിവയാണ് എടുക്കേണ്ട മുൻകരുതലുകൾ

ഭാഗ്യലക്ഷ്മി
9 A കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം