കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമ്മുടെ ശരീരം തികച്ചും അത്ഭുതങ്ങൾ നിറഞ്ഞ ഒന്നു തന്നെയാണ്. കുറേയേധികം പ്രവർത്തനങ്ങളാണ് ഒരേ സമയം അകത്തും പുറത്തുമായി നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ശരീരത്തിലെ Lymphocyte എന്ന ശ്വേതരക്താണുക്കളാണ് പ്രതിരോധശേഷി നമ്മിൽ നീലനിർത്തുന്നത്.

നമ്മുടെ ശരീരത്തിലേക്ക് രോഗാണു പ്രവേശിക്കുമ്പോൾ അതിനെ തടയാനായി ശരീരം പല മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. ശ്വേതരക്താണുക്കളാണ് പ്രധാനമായും പ്രതിരോധ പ്രവർത്തിയിൽ പങ്കെടുക്കുക. ഇവ രോഗാണുക്കൾക്കെതിരെ രാസവസ്തുക്കളും ആന്റിബോഡികളും നിർമ്മിക്കുകയും അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയുമുള്ള രോഗാണു പ്രവേശം തടയുന്നതിനും നശിപ്പിക്കുന്നതിനും വിവിധങ്ങളായ ശരീര ശ്രവങ്ങൾ ഒരു പരിധി വരെ സഹായിക്കുന്നു.

പനി ഒരു അസുഖമാണോ ? അല്ല. നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ചില രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും അത് നമ്മുടെ പ്രതിരോധ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഈ രാസവസ്തുക്കൾക്കെതിരെ ശ്വേതരക്താണുക്കൾ പ്രവർത്തിക്കുകയും മറ്റു ചില രാസവസതുക്കൾക്കൊണ്ട് അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനത്തിന്റെ ഫലമായി ശരീര താപനില കൂടുന്നു. ഇത് 'Phagocyte' എന്ന പ്രതിരോധപ്രവർത്തനത്തെ ശക്തമാക്കുകയും അണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. 37 °C (98.6F) ആണ് ശരീരത്തിന്റെ ശരാശരി താപനില. ഇതിൽ നിന്നും താപനില ഉയരുമ്പോഴാണ് പനി എന്ന അവസ്ഥ സംജാതമാകുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ചൂട് അധികമായാൽ നാം തീർച്ചയായും മരുന്നിനെ ആശ്രയിക്കണം എന്നതാണ്. കാരണം അധികതാപനില നമ്മുടെ തലച്ചോറിനേയും മറ്റ് അവയവങ്ങളേയും ബാധിക്കും. നമ്മുടെ ശരീരം നമുക്കുള്ളിൽ കടക്കുന്ന രോഗാണുക്കൾക്കെതിരെ ആന്റിബോഡികൾ ഉണ്ടാക്കി പ്രതിരോധിക്കുന്നു.

എന്നാൽ മറ്റൊരു കാര്യം, നമ്മുടെ ശരീരത്തിലെ ഈ പ്രവർത്തനങ്ങൾക്കൊണ്ട് മാത്രം ചില അസുഖങ്ങളെ പ്രതിരോധിക്കാനാവില്ല എന്നതാണ്. നാം കൂടി സഹകരിച്ചാൽ മാത്രമേ ചില രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാൻ സാധിക്കൂ. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം; എപ്പോഴും വ്യക്തിശുചിത്വം പാലിക്കുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, ദിവസം ഒരു നേരമെങ്കിലും കുളിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുക അതിലൂടെ പ്രതിരോധശേഷി വർധിപ്പിക്കുക. കൊതുകുപോലൂള്ള രോഗവാഹികളുടെ വളർച്ചയെ തടയുക. പക്ഷെ ഇന്നത്തെ കാലത്ത് ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണം കഴിച്ച് നാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയാണ്. വ്യായാമം ചെയ്യാതെ ഗുണമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങിക്കഴിച്ച് രോഗങ്ങളെ നാം ക്ഷണിച്ചു വരുത്തുകയാണ്. കൂടാതെ ചിലർ വ്യക്തിശുചിത്വമോ സാമൂഹ്യശുചിത്വമോ പാലിക്കാതെ പെരുമാറുന്നു. ഈ കാരണങ്ങൾക്കൊണ്ട് നാം രോഗികളായി മാറുന്നു. നമ്മൾ ചില ചിട്ടകൾ പാലിച്ചാൽ മാത്രമേ രോഗത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും സാധിക്കൂ.

ഇന്ന് കൊറോണ എന്ന ചെറിയ വലിയ ഭീകരൻ ലോകം മുഴുവൻ ഭീതിപരത്തുകയാണ്. കാട്ടുതീ പോലെ അത് ലോകമാകെ പടരുന്നു. ആളുകൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് എത്തുന്ന വൈറസിലൂടെ പകരുന്ന രോഗമായതിനാൽ ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മുടെ മുമ്പിലുള്ളത്; ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാലയോ ടിഷ്യൂവോ ഉപയോഗിച്ച് മൂക്കും വായും പൊത്തുക, സാമൂഹിക അകലം പാലിക്കുക, വ്യക്തിശുചിത്വം പാലിക്കുക, കൈകൾ എല്ലായ്പ്പോഴും അണുവിമുക്തമാക്കി വയ്ക്കുക എന്നിവ മാത്രമാണ്. ഈ കൊറോണ കാലത്ത് വീട്ടിലിരിക്കാൻ നാം നിർബന്ധിതരാകണം. എപ്പോഴും വീട്ടുകാരുമൊത്ത് ചിലവഴിക്കാൻ സമയം കിട്ടുന്നില്ല എന്ന പരാതിയാണ് നമ്മളിൽ പലർക്കും. എന്നാൽ ഇപ്പോൾ അതിനായുള്ള അവസരമാണ്.പോഷക സമൃദ്ധമായ ആഹാരം കഴിച്ച് നമുക്ക് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം. അതിനായി ഈ കൊറോണക്കാലം നമുക്കൊരു മികച്ച കർഷകനാകാം.

മുമ്പും പല കാലങ്ങളിലായി മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയ പ്ലേഗ്, വസൂരി, മലേറിയ, പോളിയോ , സാർസ്സ് , നിപ്പ എന്നിവയെ ശരിയായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ നാം അതിജീവിച്ചിട്ടുണ്ട്. അതുപോലെ ലക്ഷങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന COVID 19 എന്ന കൊറോണ ഭീകരനേയും നാം അതിജീവിക്കും.

ഓരോ മഹാവ്യാധിയും, ദുരന്തവും സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ മനുഷ്യന്റെ നിസ്സഹായതയേയും നിസ്സാരതയേയും അവനെ ഓർമ്മിപ്പിക്കുന്നു.

സീജ വിജയ്
10 എ കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം