കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ആർജിക്കാം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ആർജിക്കാം രോഗപ്രതിരോധം
                  മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം . ചെറുപ്പം മുതലേ ശ്രദ്ധിച്ചും ക്രമമായി പരിപോഷിപ്പിച്ചും വളർത്തിയെടുക്കുന്ന ആരോഗ്യം തെറ്റായ പ്രവർത്തിയിൽ കൂടി എപ്പോൾ വേണമെങ്കിലും നമ്മളിൽ നിന്നും അപ്രത്യക്ഷമാകും. ഗുണമേന്മയും ശുചിത്വമുള്ള ആഹാരമാണ് ആണ് ഇതിൽ പ്രധാനം. കുടിക്കുന്ന ജലവും, ശ്വസിക്കുന്ന വായുവും, വസിക്കുന്ന വീടും, ജീവിക്കുന്ന പരിസരവും, ഇടപഴകുന്ന ആൾക്കാരും എല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നമുക്ക് ഉണ്ടാകുന്ന അധിക രോഗങ്ങൾക്കും കാരണം സൂക്ഷ്മാണുക്കൾ ആണ് . നമ്മുടെ ശരീരത്തിൽ ഏതെങ്കിലും രോഗാണു പ്രവേശിച്ചുകഴിഞ്ഞാൽ പിന്നീട് പെരുകിപ്പെരുകി അവ ശരീരത്തെ ആക്രമിച്ച് പ്രതിരോധകോശങ്ങളെ തോൽപ്പിച്ചാണ് നമുക്ക് രോഗം ഉണ്ടാകുന്നത് .അത് ഒരു കോശം മാത്രമുള്ള ബാക്ടീരിയകൾ മുതൽ അതിലും ചെറുതായ കോശഘടകമായ RNA യോ DNA യോ മാത്രമുള്ള വൈറസ് വരെയുള്ള ഉള്ള അതിസൂക്ഷ്മാണുക്കളാണ് ഏതാണ്ട് മിക്ക പകർച്ചവ്യാധികൾക്കും കാരണം. ബാക്ടീരിയ വൈറസ് തുടങ്ങിയ രോഗാണുക്കൾക്ക് പുറമേ ഫംഗസ് അണുബാധകളും, പരാദങ്ങളായ വിവിധ വിരകൾ ഉണ്ടാക്കുന്ന രോഗങ്ങളും സാധാരണമാണ്. ഓരോ രോഗാണുവിനും നമ്മൾ ധരിക്കുന്ന യൂണിഫോം വസ്ത്രം പോലെ, ശരീരത്തിൽ പ്രത്യേക ആന്റിജനുകൾ ഉണ്ടായിരിക്കും. നമ്മുടെ ശരീരത്തിലെ സൈനിക ജോലി ചെയ്യുന്ന പ്രതിരോധ കോശങ്ങൾ ഈ പ്രത്യേക ‘യൂണിഫോം’ നോക്കിയാണ് ഓരോ രോഗാണുവിനെയും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ആയുധങ്ങൾ ആയ ആന്റി ബോഡി ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ഓരോ രോഗാണുവിനും ‘ആന്റിജൻ’ സ്വഭാവമനുസരിച്ച് സമയാ സമയങ്ങളിൽ വേണ്ടത്ര അളവിൽ ‘ആന്റിബോഡികൾ’ ശരീരത്തിൽ ഉൽപ്പാദിപ്പിച്ച് രോഗാണുക്കളെ കീഴ്പ്പെടുത്താൻ പറ്റിയില്ലെങ്കിൽ, വ്യകതി രോഗത്തിന് കീഴടങ്ങും.

ഓരോ വാക്സിനും നമ്മുടെ ശത്രുക്കളായ പ്രത്യേക രോഗങ്ങളുടെ വ്യാജ ആന്റിജന്റെ കുപ്പായമണിഞ്ഞ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് പ്രതിരോധ കോശങ്ങളെ ഉദ്ദീവിപ്പിച്ച് ആയുധങ്ങളുടെ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന ‘മിത്ര’ ങ്ങളാണ്. ഇങനെ രോഗത്തിനെതിരെ ഉണ്ടാക്കുന്ന ആന്റിബോഡികൾ ശരീരത്തിന്റെ വിവിധ കോശങ്ങളിൽ ഓർമകളായി സൂക്ഷിച്ചു വെക്കുകയും പിന്നീട് എപ്പോഴെങ്കിലും യഥാർത്ഥ രോഗാണു ശരീരത്തിലെത്തിയാൽ പെട്ടെന്ന് തന്നെ രോഗാണുക്കളെ ആക്രമിച്ച് കീഴടക്കാൻ ശരീരത്തെ തയ്യാറാക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെ സുസ്ഥിതി ബാഹ്യ പരിസരത്തിന്റെ സുസ്ഥിതിയേയും ആശ്രയിച്ചിരിക്കുന്നു ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ സുസജ്ജമായി പ്രവർത്തിക്കുന്നത് പോലെ പരിസരത്തെ രോഗഗ്രസ്തമാക്കുന്ന ഘടകങ്ങൾക്കെതിരായ പ്രതിരോധവും സൃഷ്ടിക്കാൻ നാം ബാധ്യസ്ഥരാണ്.

ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും, ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെതുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ . മനുഷ്യൻ ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങളിലും പുറത്തും ഭൂമിയിൽ എല്ലായിടത്തും എല്ലാ കാലാവസ്ഥകളിലും കാണുന്ന ഏകകോശ ജീവിയാണ് ബാക്ക്ടീരിയകൾ . ബാക്റ്റീരിയകളിൽ ഭൂരിഭാഗവും നമുക്ക് ഉപകാരപ്രദമായവയാണ്. വളരെ കുറച്ച് ബാക്ക്ടീരിയകൾ മാത്രമാണ് രോഗകാരികളായി മാറുന്നത്. രോഗകാരിയായ ബാക്ക്ടീരിയ ശരീരത്തിലെ ഏതു ഭാഗത്തെ ഏത് ആന്തരികാവയവത്തെ ബാധിക്കുന്നു എന്നതിനനുസരിച്ചായിരിക്കും ലക്ഷണങ്ങൾ കാണുക. പൊതുവേ പനി ഒരു ലക്ഷണമായി കാണാം. സാധാരണ ജലദോഷം മുതൽ നിപയും, കൊറോണയുമെല്ലാം വൈറസുകളുടെ വികൃതിയാണ്. വൈറസുകൾ നിഗൂഢ രീതിയിൽ അപ്രത്യക്ഷരാവും. അമ്പരപ്പിച്ച് കൊണ്ട് വേഷം മാറി വീണ്ടും പ്രത്യക്ഷപ്പെടും. വിചിത്രമാണ് വൈറസുകളുടെ രീതികൾ . അതീവ വേഗത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ വൈറസുകൾക്ക് സാധിക്കും. വായു, മലിന ജലം, മലിനമായ ഭക്ഷണം, സുരക്ഷിതമല്ലാത്ത ലൈഗിംക ബന്ധം തുടങ്ങി വിവിധ മാർഗങ്ങളിലൂടെ രോഗം പകരാം. ഒരു കാലത്ത് രോഗാണുക്കളും അവയുണ്ടാക്കുന്ന രോഗങ്ങളുമാണ് നമ്മളെ അലട്ടിയിരുന്നത്. പ്രതിരോധ കുത്തിവെയ്പ്പും, ശുചിത്വശീലങ്ങളും തക്ക സമയത്തുള്ള ആധുനിക ചികിത്സയും കൂടിയായപ്പോൾ അത്തരം അണുബാധ രോഗങ്ങൾ വലിയൊരളവോളം തടയാൻ നമുക്ക് കഴിഞ്ഞു. അത്തരം രോഗങ്ങൾ വരുത്തുന്ന മരണ നിരക്കും ഗണ്യമായി കുറഞ്ഞു. എന്നാൽ ഇപ്പോൾ കേരളീയരെ അലട്ടുന്നത് സമ്പന്നരുടെ രോഗങ്ങൾ എന്നറിയപ്പെട്ടിരുന്ന ജീവിത ശൈലീ രോഗങ്ങളാണ്. പ്രമേഹം മുതൽ ഹൃദ്രോഗം വരെയുള്ള അത്തരം രോഗങ്ങൾ നിയന്ത്രണാതീതമായി കേരളത്തിൽ വർധിക്കുന്നു. തെറ്റായ ഭക്ഷണ ശീലങ്ങൾ, വ്യായായ്മ കുറവ്, മാനസിക പിരിമുറുക്കം തുടങ്ങിയ ജീവിത ശൈലി പ്രശ്നങ്ങളുടെ ഫലമാണ് ഇത്തരം രോഗങ്ങൾ . ഒപ്പം ജനിതകപരമായ ചില സ്വാധീനങ്ങളും ജീവിത ശൈലി രോഗങ്ങൾ കൂടാൻ കാരണമാകുന്നു. പ്രമേഹം, ഹൃദയാഘാതം, സ്ട്രോക്ക്, എയ്ഡ്സ് തുടങ്ങിയവയാണ് ഈ രോഗങ്ങൾ. ഗ്യാസ്ട്രോ എൻ ട്രൈറ്റിസ്, ടൈഫോയിഡ് , മഴക്കാലത്ത് കേരളത്തിൽ വ്യാപകമാകുന്ന പകർച്ചവ്യാധികളായ കോളറ, മഞ്ഞപ്പിത്തം, തുടങ്ങിയ ജലജന്യ രോഗങ്ങൾ സാധാരണക്കാരായ അനവധി പേരുടെ ആരോഗ്യമാണ് നിത്യേന താറുമാറാക്കുന്നത്. ഇപ്പോൾ ധാരാളം പേരിൽ കണ്ടുവരുന്ന ആസ്മ, ശ്വാസകോശരോഗങ്ങൾ, ത്വക് രോഗങ്ങൾ, പലതരം അലർജി പ്രശ്നങ്ങൾ എന്നിവയുടെ മുഖ്യ കാരണം അന്തരീക്ഷ മലിനീകരണമാണ്. പരിസര ശുചിത്വം വ്യാപകമായി നഷ്ടപെട്ടതോടെ കൊതുക് ശല്യം അസഹനീയമായ തോതിൽ കൂടിൽ തൊട്ട് കൊട്ടാരം വരെ വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. ഇവ പരത്തുന്ന ചിക്കൻ ഗുനിയ, ഡെങ്കിപനി, മലേറിയ, മെനിഞ്ചൈറ്റിസ് എന്നിവ സാധരണ ജനങ്ങളുടെ ആരോഗ്യത്തിന് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. രോഗങ്ങൾ ഒന്നിന്ന് പിന്നാലെ ഒന്നായി ഓരോ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ഇവ വൈറൽ രോഗങ്ങളാണെന്നതാണ് ആദ്യത്തെ പ്രത്യേകത. ഈ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്നൊന്നും കണ്ടുപിടിക്കപെട്ടിട്ടില്ല എന്നതാണ് ഭയാനകമായ രണ്ടാമത്തെ പ്രത്യേകത.

നിപയ്ക്ക് പിന്നാലെ എത്തിയ ‘കൊറോണ വൈറസ് ഡിസീസ് - 2019’ എന്ന കോവിഡ് - 19 ന്റെ ഭീതിയിലാണ് കേരളം. അണുക്കളായി ശരീരത്തിൽ പ്രവേശിക്കുന്ന 20% പേരെങ്കിലും മരണ കാരിയായേക്കാവുന്ന രോഗമാണ് കൊറോണയെന്ന് ആശ്വസിക്കുന്നതിൽ അർഥമില്ല. പൊതുവെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും , ചെറിയ കുട്ടികളിലും, പ്രായമായവരിലും. മറ്റു രോഗങ്ങളുള്ളവരിലും മാരകമായേക്കാവുന്ന അതി ഭീകരനാണ് കൊറോണ എങ്കിലും കൊറോണയെ പോലുള്ള രോഗങ്ങളെ വരുതിയിലാക്കാൻ രോഗ പ്രതിരോധ ശേഷി കൂട്ടുകയാണ് മാർഗം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാലതാമസം സംഭവിച്ചാൽ രോഗാണുക്കൾ പെരുകുകയും വ്യാപിക്കുകയും ചെയ്യുന്നു. രോഗാണുവിന്റെ ആക്രമണം മുന്നിൽ കണ്ട് പ്രതിരോധ കേശങ്ങളെ സജ്ജമാക്കി വെക്കാനുള്ള കൃതിമ മാർഗ്ഗമാണ് പ്രതിരോധവൽക്കരണം. കൃതിമ പ്രതിരോധവൽക്കരണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് വാക്സിനുകൾ. ഇവ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ആന്റിജനുകളായി പ്രവർത്തിക്കുന്നു. ഇവയ്ക്കെതിരെ ശരീരത്തിൽ ആന്റിബോഡികൾ നിർമിക്കപെടുന്നു. ഈ ആന്റിബോഡികൾ നിലനിൽക്കുകയും ഭാവിയിൽ ഇതേ രോഗത്തിന് കാരണമായ രോഗാണുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റിബയോട്ടിക്കുകൾ ഫലപ്രദമായ ഔഷധങ്ങളാണെങ്കിലും അവയുടെ സ്ഥിരമായ ഉപയോഗം പല പാർശ്വ ഫലങ്ങളും സൃഷ്ടിക്കുന്നുണ്ട്. സ്ഥിരമായ ഉപയോഗം രോഗാണുക്കൾക്ക് ആന്റിബയോട്ടിക്കുകൾക്കെതിരായ പ്രതിരോധ ശേഷി ഉണ്ടാക്കുന്നു. ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ശരീരത്തിലെ ചില വിറ്റാമിനുകളുടെ അളവ് കുറയ്ക്കുന്നു. മനുഷ്യരാശിയെ കൊന്നൊടുക്കിയിരുന്ന പല മാരക രോഗങ്ങളും ഇപ്പോൾ ഭൂമിയിൽ നിന്ന് തന്നെ തീർത്തും അപ്രതൃക്ഷമാക്കുകയോ അവയുടെ വ്യാപ്തി കുറഞ്ഞ് വരികയോ , വിരളമായി തീരുകയോ ചെയ്തിട്ടുണ്ട്. വസൂരി രോഗം ഇപ്പോൾ ലോകത്തെ വിടെയും ഇല്ല. കുട്ടികൾക്കിടയിൽ പരിശോധിച്ചാൽ പിള്ളവാതം (പോളിയോ) മൂലം അംഗവൈകല്യം വന്ന ഒരാളെയും കണ്ടെത്താൻ കഴിയില്ല.

നിപ എന്ന മാരകമായ പകർച്ചവ്യാധിയെ ഫലപ്രദമായി നേരിട്ട് വിജയിച്ച കേരളം കൊറോണയെ നേരുടുന്നതിലും തുടക്കത്തിലെ വിജയിച്ചു. രോഗവ്യാപനത്തിന്റെ ഗ്രാഫ് കുത്തനെ താഴ്ത്തിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. നമ്മുടെ ആരോഗ്യ സംവിധാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തവും ചിട്ടയോടെയും സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലും പ്രവർത്തിക്കുന്നതാണ്. കേരളത്തിന് വലിയ ഒരു സാമൂഹിക മുലധനവുമുണ്ട്. ഒപ്പം വൈദഗ്ധ്യത്തിന്റെ മൂലധനവും.

ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ തന്നെ അമ്മയിൽ നിന്ന് തുടങ്ങണം രോഗപ്രതിരോധത്തിന്റെ ആദ്യ ഘട്ടം. ജനനം മുതൽ വളർച്ചയുടെ ഘട്ടങ്ങളിൽ നൽകുന്ന വാക്സിനുകൾ രോഗപ്രതിരോധശേഷി നൽകുന്നു. വൈറ്റമിൻ സി യും പ്രോട്ടീനും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ദിപ്പിക്കുന്നു. വ്യായാമം ചെയ്യുകയും, ധാരാളം വെള്ളം കുടിക്കലും നമ്മുടെ ദിനചര്യയുടെ ഭാഗമാക്കണം. ദഹനപ്രക്രിയ ശരിയാക്കി വെക്കുന്നതിലൂടെ രോഗപ്രതിരോധം പൂർണ്ണമാക്കാം. വ്യക്തി ശുചിത്വവും , പരിസര ശുചിത്വവും കുട്ടികളെ ശീലിപ്പിക്കുന്നതിലൂടെ നല്ലൊരു തലമുറയെ ഉണ്ടാക്കാൻ സാധിക്കുന്നു.

വൈറസ് രോഗങ്ങൾ കൂടുതൽ പിടി മുറുക്കുമ്പോൾ നാം ഇതിനെ നേരിടാൻ കൂടുതൽ സജ്ജരാകണം. ഗവേഷണ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കണം. ആരോഗ്യ മേഖലയെ സംരക്ഷിക്കുന്നതിന് സമഗ്രമായ ഒരു ആരോഗ്യ നയം വേണം. മനുഷ്യന്റെ തളരാത്ത പ്രതിരോധ പ്രവർത്തനങ്ങൾ ഒടുവിൽ ശാസ്ത്രത്തെ ആശ്രയിച്ച് കൊണ്ട് മാത്രം സാധ്യമാകുന്ന അതിജീവനത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ലോകം. പുതു തലമുറ ചിന്താശേഷിയുള്ളവരാണ്. ശാസ്ത്രീയ അടിത്തറയുള്ള പുതു മാനവ സമൂഹത്തിന് ഗാസ്ത്ര സാങ്കേതിക വിദ്യയിൽ ഇനിയും മുന്നോട്ട് പോകാനുണ്ട്.

ദിയ ദീപക്
8 E കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം