കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ/*ഒരു കോവിഡ് 19 വേനലവധി*

Schoolwiki സംരംഭത്തിൽ നിന്ന്
*ഒരു കോവിഡ് 19 വേനലവധി*

ഉണ്ണി കിടക്കയിലേക്ക് തല ചായിച്ചു. ഹോ! ലോക് ഡൗൺ കാരണം വീട്ടിൽ തന്നെയാണ് .ഈ പകൽ സമയത്ത് എങ്ങനെ ഉറങ്ങാനാ ? അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അച്ഛൻ ടിവി കാണുന്നുണ്ട് അങ്ങോട്ടു ചെല്ലാം, വല്ല നല്ല സിനിമയാണെങ്കിൽ കാണാല്ലോ. അവൻ സ്വീകരണമുറിയിലേക്ക് നടന്നു. വാതിൽക്കൽ എത്തിയപ്പോഴേ കേൾക്കാം കരച്ചിൽ ,വാളു കൾ ഉരയുന്നു ,എന്തൊക്കയോ വീഴുന്ന ശബ്ദം. അവൻ എത്തി നോക്കി ,പേടിച്ച് ഒരു ഞെട്ടലോടെ പിന്നോക്കം ചാടി .ഹൊ! അച്ഛൻ ഈ യുദ്ധമുള്ള സിനിമയൊക്കെ എങ്ങനെയാ കണ്ടിരിക്കുന്നേ ? അപാര ധൈര്യം തന്നെ. എന്നാ ചിന്നുന്റ കൂടെ കൂടാം ,ഉണ്ണിയുടെ അനിയത്തി കുറെ പാവകളെ കൊണ്ട് കളിക്കുകയാണ് .അവനെ കണ്ടതും അവൾ ഒരു കളിപ്പാട്ട ഗ്ലാസുമായി വന്നു .അതിൽ വെള്ളമുണ്ടെന്ന ഭാവത്തിൽ അവന്റെ കയ്യിൽ കൊടുത്തു .ഉണ്ണിക്ക് ദേഷ്യം വന്നെങ്കിലും വെള്ളം കുടിക്കുന്നതായി ഭാവിച്ചു .ഉടനെ അവൾ ഒരു ടോയ് കാർ അവന് കൊടുത്തു .അവൻ കാർ രണ്ടു വട്ടം നിലത്തിട്ട് ഉരച്ചു.കൂട്ടുകാരുണ്ടായിരുന്നെങ്കിൽ മുറ്റത്തെങ്കിലും കളിക്കാരുന്നു എന്നവൻ വിചാരിച്ചു. ങാ അമ്മയുടെ അടുത്ത് പോകാം ,അവൻ അടുക്കളയിലേക്ക് നീങ്ങി .അവനെ കണ്ടപ്പോഴേ പാചകം ചെയ്തു കൊണ്ടിരുന്ന അമ്മ അവന് ഒരുമ്മ കൊടുത്തു .അത്രേയുള്ളു പിന്നെ അവനോട് ഒന്നും സംസാരിച്ചില്ല. ഉണ്ണി അമ്മ പണികൾ ചെയ്യുന്നതൊക്കെ ശ്രദ്ധിച്ച് അമ്മയുടെ പിന്നാലെ നടക്കാൻ തുടങ്ങി .അവൻ വീടു മുഴുവൻ ചുറ്റികറങ്ങിക്കൊണ്ടിരുന്നു .ഹോ ! അമ്മ ഒരോ സെക്കന്റിലും വീടിനെ ചുറ്റിക്കൊണ്ടിരിക്കുകയാണല്ലോ .ഇതിലും ഭേദം വെറുതെ ഇരിക്കുന്നതാ .കുറേ നേരം തിണ്ണയിൽ പോയി വെറുതേയിരുന്നു . ഭക്ഷണം കഴിക്കാം ,അച്ഛൻ ഉണ്ണിയെ വിളിച്ചു. ഉച്ചയൂണിന് നല്ല കറികളായിരുന്നു മാമ്പഴപ്പുളിശ്ശേരിയും ഉണ്ടായിരുന്നു,പക്ഷേ ഒരു രസവും തോന്നുന്നില്ല. അച്ഛനും അമ്മയും ഉണ്ണിയുടെ മുഖത്തെ വല്ലായ്മ ശ്രദ്ധിച്ചു.
ഊണ് കഴിഞ്ഞ് ഉണ്ണി പിന്നെയും തിണ്ണയിൽ പോയിരുന്നു. ഭിത്തിയിൽ ചാരി വച്ചിരുന്ന ബാറ്റ് കണ്ടപ്പോൾ സങ്കടം വന്നു. ഈ അവധിക്കാലം നാല് ചുവരുകൾക്കുള്ളിലായല്ലോ എന്ന്ഉണ്ണി പിറുപിറുത്തു . അവന്റെ സങ്കടം കണ്ട് അച്ഛനമ്മമാർ ഈ അവധിക്കാലം കുട്ടികൾക്ക് സന്തോഷകരമാക്കണമെന്ന് തീരുമാനിച്ചു. അച്ഛൻ കുട്ടികളെ നോക്കി .ങും' അവൾക്ക് പ്രശ്നമില്ല ,ചിന്നു തനിയെ പാവകളോട് വർത്താനം പറഞ്ഞ് കളിക്കുകയാണ്. ഇവനാണ് പ്രശ്നം .ഉണ്ണിയെ നോക്കി തൊണ്ട ശരിയാക്കി അച്ഛൻ പറഞ്ഞു "ടീച്ചർ വന്നത് കണ്ടില്ലേ ,നമസ്തേ പറയൂ " അതിന് ടീച്ചറെവിടെ ? ഉണ്ണി ചോദിച്ചു .ഞാൻ തന്നെയാണ് ടീച്ചർ ,അച്ഛൻ രണ്ട് കസേര എടുത്ത് കുട്ടികളെ ഇരുത്തി .ഞാനൊരു കഥ പറയാൻ പോകുന്നു എന്ന് അച്ഛൻ പറഞ്ഞു .കുട്ടികൾ കൈയ്യടിച്ചു. ഇതൊരു വലിയ കഥയാണ് .നിങ്ങൾക്കറിയാമോ ചൈന എന്നൊരു മഹാരാജ്യമുണ്ട് .അനിയത്തി വായും പൊളിച്ചിരുന്നു .ഉണ്ണിക്ക് ഒരു കൂസലുമില്ല.ഹും ,ചൈനയെ ആർക്കാ അറിയാൻ മേലാത്തത് മാസ്കും വച്ച് നടക്കുന്ന എത്രയോ ചൈ നക്കാരെ ഞാൻ ടി വി യിൽ കണ്ടിരിക്കുന്നു. ചൈനയിലെ ഏതോ ഒരു വന്യ ജീവി മാർക്കറ്റിൽ നിന്നു ചാടി വന്ന റംബൂട്ടാൻ പോലിരിക്കുന്ന വൈറസിനെക്കുറിച്ച് ഇത് എത്രാമത്തെ തവണയാ അച്ഛൻ കഥ പറയുന്നത് .എന്തായാലും അവൻ റംബൂട്ടാൻ പോലെ നല്ലതല്ല ഭയങ്കരനാ ഒരു കുട്ടി ഭീകരൻ തന്നെയാ. അതാ മുറ്റത്തൊരു കാലൊച്ച .ആഹാ വല്യച്ഛൻ വന്നിരിക്കുന്നു .എന്തൊക്കയോ കൊണ്ടു വന്നിട്ടുണ്ട് വാഴത്തൈകളും ചെറിയ പായ്ക്കറ്റുമുണ്ട്.തൽക്കാലം അച്ഛന്റെ കഥയിൽ നിന്ന് രക്ഷപ്പെട്ടു. വല്യച്ഛൻ വാഴ നടാൻ പോകുകയാണ് .ഞങ്ങളും വല്യച്ഛന്റെ കൂടെ വാഴനടാൻ പോകുവാ ,കുട്ടികൾ വല്യച്ഛന്റ കൂടെ കൂടി .രണ്ടു പേരും പൊയ്ക്കോ പക്ഷേ വാഴത്തൈ നശിപ്പിക്കരുത് പ്രത്യേകിച്ച് നീ ,അമ്മ അനിയത്തിയെ ചൂണ്ടി കൊണ്ട് പറഞ്ഞു .അനിയത്തി ഒരു കുസൃതി ചിരി ചിരിച്ചു. ഇല്ലമ്മേ ഞാൻ ഇവളെ നോക്കിക്കോളാം ഉണ്ണി പറഞ്ഞു. വല്യച്ഛൻ വന്നതോടെ കുട്ടികൾ ഉഷാറായി .വല്യച്ഛൻ വാഴത്തൈകളെടുത്ത് വീടിന് പുറകിലെ പറമ്പിലേക്കിറങ്ങി ,പച്ചക്കറിവിത്തു പായ്ക്കറ്റുകളുമായി ഉണ്ണിയും കൂടെ അച്ഛനും അമ്മയും.അനിയത്തി വല്യച്ഛന്റെ തൂമ്പ യെടുക്കാൻ ശ്രമിച്ചു.തൂമ്പയുംഅവളും വീഴുമെന്നു കരുതി അമ്മ വേഗം അവളെ പിടിച്ചു.അച്ചൻ തൂമ്പ മേടിച്ച് വാഴക്കുഴിയെടുക്കാൻ തുടങ്ങി .അമ്മ വാക്കത്തികൊണ്ട് പുല്ലുവെട്ടിക്കളയാനും തുടങ്ങി .തൂമ്പ കിട്ടാത്തതിനാൽ ചിന്നു വേഗം ചെന്ന് കളിപ്പാട്ടകത്തിയെടുത്ത് അമ്മയുടെ കൂടെ കൂടി . നീ ഇങ്ങോട്ടു വാ വാഴത്തൈ നടാം നല്ല രസാ എന്നത് കേട്ട് ചിന്നു വേഗം ഉണ്ണിയുടെ അടുത്തെത്തി .വല്യച്ഛൻ വാഴയെല്ലാം നട്ടു തണലും നാട്ടി കുട്ടികളെ നടുന്ന രീതിയെല്ലാം കാട്ടികൊടുത്തു .കുട്ടികൾ സന്തോഷത്തോടെ ഓടി നടന്നു .
അവർ തിരികെ വീട്ടിലെത്തി .പെട്ടെന്നാണ് കുട്ടികൾ അത് കണ്ടത് വല്യച്ഛൻ വെറുതേ വെള്ളമൊഴിച്ച് കൈ കഴുകുന്നു .വല്യച്ഛാ അനിയത്തി ചാടി വന്നു, ദേ ഈസോപ്പുകൊണ്ട് കഴുകണം .വല്യച്ഛാ കൈകഴുകുന്ന രീതി ഞാൻ കാണിച്ചു തരാം ഉണ്ണി പറഞ്ഞു .ദാ ഇങ്ങനെ ചെയ്യണം ഉണ്ണി പറഞ്ഞു. വല്യച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു വല്യച്ഛന്റെ പീക്കിരികൾ മിടുക്കരാണല്ലോ . ചായ കുടിക്കാമച്ഛാ അമ്മ ചായകൊണ്ടുവന്നു കൂടെ ചക്ക വറുത്തതും.വല്യച്ഛനും കൂട്ടികളും വന്ന് ചായ കുടിച്ചു. പീക്കിരികൾ കുറച്ച് വിശ്രമിക്ക് ,പോ പോയുറങ്ങ് കുറച്ചു നേരം വല്യച്ഛൻ പറഞ്ഞു.ഉണ്ണിയും ചിന്നുവും കിടക്കയിലേക്ക് പാഞ്ഞു . ചിന്നു വേഗം ഉറക്കമായി .ഉണ്ണി കണ്ണ് തുറന്ന് കിടക്കുകയാണ്. അവൻ അന്നു നട്ട വാഴ വലുതാകുന്നതും വാഴക്കുല ഉണ്ടാകുന്നതുമെല്ലാം സ്വപ്നം കണ്ടു കിടന്നു. വല്യച്ഛൻ വന്നപ്പോ എത്ര പെട്ടെന്നാണ് ബോറടിയൊക്കെ മാറിയത് ഇപ്പോ പറമ്പിൽ വാഴയൊക്കെ നിൽക്കുന്ന കാണാൻ എന്തു രസമാണ് .നാളെ വല്യച്ഛൻ വാഴ നനക്കുമ്പോൾ കൂടെ പോകണം .ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട് .ഹായ് സ്കൂൾ തുറക്കുമ്പോൾ വാഴക്കുലയും ഉണ്ടാകും. കൂട്ടുകാരൊട് പറയാൻ ഒത്തിരി കാര്യങ്ങളുമായി .ഉണ്ണി മെല്ലെ ഉറക്കമായി പ്രതീക്ഷയുടെ നല്ല നാളെ കള്ള സ്വപ്നം കണ്ടുകൊണ്ട്.

ഗൗരിപാർവ്വതി .എം.ജി
6 B എസ് എസ് വി യു പി സ്കൂൾ കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ