കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കണി

Schoolwiki സംരംഭത്തിൽ നിന്ന്
കണി


"കണികാണുന്നേരം കമല നേത്രന്റെ....... "സതീശൻ ചേട്ടൻ ഈണത്തിൽ നീട്ടി പാടി. ബാബുക്കുട്ടൻ കയ്യിലിരുന്ന ഓട്ട് കിണ്ണത്തിൽ താളം പിടിക്കുന്നു. മോനി ചാണ്ണന്റെ കയ്യിലിരുന്ന പുട്ടുകുടത്തിന്റെ മൂട്ടിൽ പരുക്കൻ താളം. നേരം പാതിരയോടടുത്തുകാണണം. പരന്നു കിടന്ന കായലിനക്കരെനിന്നും ആകാശത്തു വെളുത്ത ചെമ്മരിയാടുകളെ മേച്ചുകൊണ്ട് നിലാവുദിക്കുന്നതേയുണ്ടായിരുന്നുള്ളു.

എല്ലാം മോനിച്ചൻ അണ്ണന്റെ പണിയാണ്."ഇത്തവണ നമുക്കും കണിയും കൊണ്ടിറങ്ങണം. "മൂന്ന് കുടമിഠായിയാണ് എനിക്ക് വാഗ്ദാനം. ഹരിപ്പാട്ടുനിന്നും അച്ഛൻ വരുമ്പോൾ കൊണ്ടുവരാറുണ്ടായിരുന്ന കാലൻ കുടയുടെ രൂപത്തിലുള്ള വർണ്ണക്കടലാസുകൊണ്ടു പൊതിഞ്ഞ ചോക്ലേറ്റ് അന്നും ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ആ പ്ര ലോഭനത്തിൽ ഞാൻ വീണു.ആവശ്യങ്ങൾ അത്ര നിസ്സാരങ്ങൾ ആയിരുന്നില്ല.

ഉമ്മറത്തു കിടക്കുന്ന അപ്പൂപ്പന്റെ ചാരുകസേര, കുഞ്ഞിപ്പത്തായത്തിനുള്ളിൽ അമ്മുമ്മ മടക്കി വച്ചിരിക്കുന്ന മഞ്ഞ തുണി, കഴിഞ്ഞ കൊല്ലം ഗുരുവായൂരു പോയപ്പോൾ അമ്മ വാങ്ങിയ നീലകൃഷ്ണൻ. ഇറങ്ങാൻ നേരം ആട്ടിൻ തൊഴുത്തിൽ നിന്നും അമ്മിണിയുടെ കഴുത്തിൽ കിടന്ന വെള്ളിമണി പൊട്ടിച്ചെടുത്തുകൊണ്ട് മോനിച്ചാണ്ണൻ എന്നോട് പറഞ്ഞു "ഇത് മാധവന്റെ കൈയിൽ ഇരിക്കട്ടെ".ആ മാണിയാണ് ഇപ്പോൾ എന്റെ കൈയിലിരുന്നു വിറക്കുന്നത്. ബാബുക്കുട്ടനാണ് പറഞ്ഞത് തുടക്കം വൈദ്യരമ്മാവന്റെ വീട്ടിൽ നിന്ന് തന്നെ ആകാമെന്ന്.അമ്മാവന്റെ വീടിനോട്‌ ചേർന്നുള്ള തെക്കുവശത്തെ പുളിമര ച്ചുവട്ടിൽ നിൽക്കുമ്പോൾ കായലിന്റെ വെള്ളി വെളിച്ചം കണ്ടൽക്കാടുകളുടെ രാക്ഷസ രൂപങ്ങൾ ഞങ്ങൾക്ക് ചുറ്റും കനത്ത നിഴൽ വിരിച്ചിരുന്നു.

കൂട്ടത്തിൽ ഏറ്റവും ഇളയവൻ ഞാൻ ആയിരുന്നത് കൊണ്ട് ഉള്ളിലെ ഭയം കൈയിലെ മണിയുടെ നാവിനു വേഗം കൂട്ടി. ബാബുക്കുട്ടൻ എന്നെ മുന്നോട്ടു തള്ളി അടക്കത്തിൽ പറഞ്ഞു "ആരെങ്കിലും വന്നോ എന്ന് നോക്കു ".സതീശൻ ചേട്ടൻ പല്ലവി ആവർത്തിക്കുന്നു ആദ്യത്തെ രണ്ടു വരിയെ ചേട്ടൻ പഠിച്ചുവച്ചിട്ടുള്ളു. എല്ലാവരും താളം ഒന്നുകൂടി മുറുക്കി. വീടിനു മുൻഭാഗത്തു കായലിൽ നിന്നുള്ള നേരിയ വെളിച്ചത്തിൽ അപ്പൂപ്പന്റെ ചാരുകസേരയിൽ മഞ്ഞ തുണിയിൽ ചാരി നീലകൃഷ്ണൻ നിൽക്കുന്നു. കസേരക്ക് മുമ്പിൽ താഴെ കറുത്ത പുകയൂതി മണ്ണെണ്ണവിളക്കിലെ മഞ്ഞ നാളം ആടി കളിക്കുന്നു. കൃഷ്ണന് മുന്നിൽ തന്നെ ഞങ്ങളുടെയെല്ലാം പ്രതീക്ഷയുടെ വായ തുറന്നതുപോലെ മുഗൾ ഭാഗം കിഴുത്തയിട്ട അമുലിന്റെ ടിന്നും. കറുത്ത പുകയിൽ ഞങ്ങളുടെ നീല കൃഷ്ണൻ കൂടുതൽ സുന്ദരനായതുപോലെ തോന്നി.

ബാബുക്കുട്ടന്റെ മൂന്നാമത്തെ തള്ളിനു ഞാൻ വീടിനു മുൻവശത്തേക്ക് പിന്നിലെ കനത്ത ഇരുട്ടിൽ നിന്നും തെറിച്ചുവന്നു. അമ്മാവനും മറ്റും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.കതകു അടഞ്ഞു തന്നെ കിടക്കുന്നു.അപ്പോഴാണ് മുൻവശത്തെ ഇളം തിണ്ണയുടെ അറ്റത്തെ രണ്ടു ഇരുമ്പ് കൊളുത്തുകൾ കാലിയായിക്കിടക്കുന്നത് നടുക്കത്തോടെ എന്റെ ശ്രദ്ധയിൽ പെട്ടത്. കൃഷ്ണനെ കൊണ്ട് വച്ചപ്പോൾ ആരും അത് ശ്രദ്ധിച്ചില്ലേ. ഭയം എന്റെ കൈവിരലുകളെ മണിയുടെ നാവിൽ പിടിച്ചു അതിനെ നിശബ്‌ദനാക്കി. ജാക്കിയും ചിക്കുവും ..........ആ പേരുകൾ മനസ്സിലേക്ക് ഓടിയെത്തിയതും പിന്നിലെ ഇരുട്ടിൽ നിന്നും ബാബുക്കുട്ടന്റെ അലറൽ ജാക്കിയുടെയും ചിക്കുവിന്റെയും കുരയുടെ ശബ്ദത്തിനു മുകളിൽ നിന്നു. "മാധവാ ഓടിക്കോ..... "

എന്റെ വീടിന്റെ അടുക്കളയുടെ പിന്നിലുള്ള മൂവാണ്ടൻമാവിൽ ചാരിയിരുന്ന് കിതക്കുമ്പോഴും അകലെ ഇരുട്ടിൽ കുരയുടെ ശബ്ദം നിലച്ചിട്ടുണ്ടായിരുന്നില്ല.വീട്ടുകാർ അറിയാതെയുള്ള കുഴപ്പങ്ങളാണ് ഒപ്പിച്ചുവച്ചിരിക്കുന്നത്. ഓർത്തപ്പോൾ എന്റെ കണ്ണുകളിൽ ഇരുട്ട് കയറി. ആ ഇരുട്ടിൽ കറുത്ത പുകയിൽ മുങ്ങി നിൽക്കുന്ന എന്റെ നീല കൃഷ്ണനും അപ്പൂപ്പന്റെ ചാരുകസേരയും.

ശുഭം...




Aparna Sethunath
9 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ