കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഈ കാലവും കടന്ന് പോകും
ഈ കാലവും കടന്ന് പോകും
കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ വിഴുങ്ങാൻ തുടങ്ങിയിട്ട് ഏകദേശം അഞ്ചു മാസത്തോളമായിരിക്കുന്നു .ഉറവിട നഗരമായ ചൈനയിൽ തുടങ്ങി ഇങ്ങു നമ്മുടെ കൊച്ചു കേരളം വരെ ... ആഴ്ചകളോരോന്നും നമുക്ക് നിർണായകമായിരുന്നു , അല്ല നിർണായകമാണ്.വർദ്ധിച്ചു വരുന്ന പരിശോധനാഫലങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് അതാണ്. " ഇക്കാലവും കടന്നു പോകും " , എന്ന ചിന്താശകലത്തിനപ്പുറം , ഇക്കാലത്തേയും നമ്മൾ നേരിടും ...അതിജീവിക്കും ...അതിനായി ഒരു ആരോഗ്യസംസ്കാരം നാം വളർത്തിയെടുക്കും എന്ന രീതിയിലേക്ക് ദൃഢതയുള്ള ഒരു ചിന്താശക്തി നമ്മൾ രൂപപ്പെടുത്തും.. പാസ്പോർട്ടോ, വിസയോ വേണ്ടാതെ ഏതു നിമിഷവും കടന്നു വരാവുന്ന ക്ഷണിക്കാത്ത അതിഥിയായി അവൻ മാറിക്കഴിഞ്ഞു.വികസിതമെന്ന് ഊറ്റം കൊണ്ടിരുന്ന പല വമ്പൻ ശക്തികൾ പോലും തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.വലിയവനെന്നോ ചെറിയവനെന്നോ , രാജാവെന്നോ പ്രജയെന്നോ , ഉടമയെന്നോ അടിമയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇരകളായിത്തീരുന്നത് വോക്കിനിൽക്കാനേ നമുക്ക് കഴിയുന്നുള്ളൂ ." എല്ലാ ജീവജാലങ്ങളും ഭൂമിയുടെ യഥാർത്ഥ അവകാശികളാണെന്ന " ബേപ്പൂർ സുൽത്താൻ്റെ സത്യം അതിൻ്റെ പരമമായ അർത്ഥത്തിൽ മനസ്സിലാക്കിയോയെന്ന് ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു. റൂട്ടുമാപ്പുകളോ അതിർത്തികൾ അടച്ചിടലോ അല്ല നമുക്കാവശ്യം , മറിച്ച് , അതിരുകളില്ലാത്ത മാനവികതയുടെ കരുതലാണ് നമ്മിലുളവാകേണ്ടത്' കൊറോണ ' , എന്നാൽ പ്രകാശ വലയമെന്നാണർത്ഥം.മനുഷ്യൻ്റെയുള്ളിലെ പലവിധമായ അന്ധകാരത്തെ മാറ്റി മന: പ്രകാശത്തിൻ്റെ ഒരു വലയമാണ് വ്യാപരിക്കേണ്ടത്.. ഈ കോവിഡ്കാലം നമ്മുടെ പദസമ്പാദ്യത്തിലേക്ക് പരിചിതമല്ലാത്ത കുറെയേറെ പദങ്ങൾ സംഭാവന ചെയ്തു കഴിഞ്ഞിരിക്കുന്നു..ക്വാറൻ്റൈൻ , ലോക്ക് ഡൗൺ , സാമൂഹിക അകലം , വിവര ശുചിത്വം , വർക്ക് ഫ്രം ഹോം , അതിർത്തി അടക്കൽ ...എന്നിങ്ങനെ നിരവധി വാക്കുകൾ.. സാമൂഹിക അകലം ശീലമാക്കാൻ പറയുന്നതിൽ സാമൂഹ്യ ബന്ധം ഇല്ലാതാക്കണമെന്നല്ല അർത്ഥമാക്കുന്നത്..സാമൂഹിക ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ ശാരീരിക അകലം പാലിക്കാൻ നമുക്കു കഴിയണം..ശാരീരിക അകലത്തിൽ വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ വിവര ശുചിത്വം പാലിക്കുവാനും നാം ബാധ്യസ്ഥരാണ്. കൈകഴുകി രക്ഷപെടാവുന്ന വൈറസിനേക്കാൾ, ഉത്തരവാദിത്തങ്ങളിൽ നിന്ന് കൈകഴുകി മാറാതെ , ഒറ്റക്കെട്ടായി നമുക്ക് ഈ കോവിഡ് കാലവും അതിജീവിക്കണം ..അതാകട്ടെ ഈ പുതുവർഷത്തെ നമ്മുടെ പ്രതിജ്ഞ ..
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |